കുംഭമാസത്തിലെ തെളിഞ്ഞ പകലായിരുന്നു അത്. രാഹുകാലം ഒഴിവാക്കി ആദ്യത്തെ ചാലിനുള്ള മുഹൂർത്തം കുറിച്ചിരുന്നു. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ പ്രത്യേകമായി പൂജ ചെയ്ത വലിയ മാല ബസിനു മുന്നിൽ അണിയിച്ചു. ഇ.ജി.സാൾട്ടർ സായ്പിനു ശകുനങ്ങളിലൊന്നും വിശ്വാസമുണ്ടായിരുന്നില്ല. മുന്നിലെ | KSRTC | ksrtc bus service | Sunday Special | Kerala State Road Transport Corporation | Manorama Online

കുംഭമാസത്തിലെ തെളിഞ്ഞ പകലായിരുന്നു അത്. രാഹുകാലം ഒഴിവാക്കി ആദ്യത്തെ ചാലിനുള്ള മുഹൂർത്തം കുറിച്ചിരുന്നു. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ പ്രത്യേകമായി പൂജ ചെയ്ത വലിയ മാല ബസിനു മുന്നിൽ അണിയിച്ചു. ഇ.ജി.സാൾട്ടർ സായ്പിനു ശകുനങ്ങളിലൊന്നും വിശ്വാസമുണ്ടായിരുന്നില്ല. മുന്നിലെ | KSRTC | ksrtc bus service | Sunday Special | Kerala State Road Transport Corporation | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുംഭമാസത്തിലെ തെളിഞ്ഞ പകലായിരുന്നു അത്. രാഹുകാലം ഒഴിവാക്കി ആദ്യത്തെ ചാലിനുള്ള മുഹൂർത്തം കുറിച്ചിരുന്നു. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ പ്രത്യേകമായി പൂജ ചെയ്ത വലിയ മാല ബസിനു മുന്നിൽ അണിയിച്ചു. ഇ.ജി.സാൾട്ടർ സായ്പിനു ശകുനങ്ങളിലൊന്നും വിശ്വാസമുണ്ടായിരുന്നില്ല. മുന്നിലെ | KSRTC | ksrtc bus service | Sunday Special | Kerala State Road Transport Corporation | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തു പൊതുമേഖലയിൽ ആദ്യം ബസ് സർവീസ് ആരംഭിച്ചത് തിരുവിതാംകൂറിലാണ്. 1938 ൽ തുടങ്ങിയ ആ ഡബിൾബെൽ 84 വർഷങ്ങൾക്കു ശേഷവും മുഴങ്ങിക്കേൾക്കുകയാണ്, കെഎസ്ആർടിസിയുടെ ഈ പ്രതിസന്ധികാലത്തും.

കുംഭമാസത്തിലെ തെളിഞ്ഞ പകലായിരുന്നു അത്. രാഹുകാലം ഒഴിവാക്കി ആദ്യത്തെ ചാലിനുള്ള മുഹൂർത്തം കുറിച്ചിരുന്നു. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ പ്രത്യേകമായി പൂജ ചെയ്ത വലിയ മാല ബസിനു മുന്നിൽ അണിയിച്ചു. ഇ.ജി.സാൾട്ടർ സായ്പിനു ശകുനങ്ങളിലൊന്നും വിശ്വാസമുണ്ടായിരുന്നില്ല. മുന്നിലെ ചക്രങ്ങൾക്കു താഴെ ഒരു ജീവനക്കാരൻ നല്ലതുപോലെ വിളഞ്ഞ രണ്ടു നാരങ്ങകൾ വച്ചപ്പോൾ എന്തിനാണെന്ന ആകാംക്ഷയോടെ അദ്ദേഹം ദിവാൻ സി.പി. രാമസ്വാമി അയ്യരെ നോക്കി.

ADVERTISEMENT

‘ശുഭകാര്യത്തിനുള്ള തുടക്കമാണ്. തടസങ്ങൾ ഒഴിയണം. കല്ലിലും മുള്ളിലുമൊന്നും കയറി യാത്രാവിഘ്നമുണ്ടാകരുത്. സംരംഭത്തിനു ഫലസിദ്ധിയുണ്ടാകണം. അതിനാണ് ഒരു ‘ഫലം’ തന്നെ ചക്രത്തിനടിയിൽ വയ്ക്കുന്നത്..’ ! അദ്ദേഹം ഇംഗ്ലിഷിൽ വിശദീകരിച്ചു.

ശംഖും ആനയും പതിച്ച രാജമുദ്രയിൽ ചന്ദനം ചാർത്തി. സാൾട്ടർ ഡ്രൈവിങ് സീറ്റിലേക്കു കടന്നിരുന്നു. പതിയെ ഹോൺ മുഴക്കി. ക്ലച്ചും ഗിയറും ബ്രേക്കും ഭദ്രമെന്ന് ഉറപ്പുവരുത്തി പിന്നിലേക്കു തിരിഞ്ഞു പ്രധാന യാത്രക്കാരനെ നോക്കി. ശ്രീചിത്തിര തിരുനാൾ ബാലരാമവർമ മഹാരാജാവായിരുന്നു അത്. അദ്ദേഹം മൃദുവായി ചിരിച്ച് വലതു കൈയിലെ തള്ളവിരൽ ഉയർത്തിക്കാട്ടി. സാൾട്ടർ ആദ്യ ഗിയറിട്ടു. ബസ് പതിയെ മുന്നോട്ടുരുണ്ടു. 84 വർഷം മുൻപ് 1938 ഫെബ്രുവരി 20ന് ചരിത്രത്തിലേക്ക് ഓട്ടം കുറിച്ച തിരുവിതാംകൂറിലെ ആദ്യത്തെ സർക്കാർ ബസ് സർവീസിന്റെ തുടക്കം ഇതായിരുന്നു. മഹാരാജാവിനു പുറമേ അമ്മത്തമ്പുരാട്ടിയും ഇളയരാജാവ് ഉത്രാടം തിരുനാൾ മാർത്താണ്ഡവർമയും ബന്ധു ഗോദവർമരാജയും ദിവാനും രാജപ്രമുഖരും കയറിയ ബസ് തിരുവന്തപുരം തമ്പാനൂരിൽ നിന്നു കവടിയാൽ സ്ക്വയറിലേക്കാണു സഞ്ചരിച്ചത്. മറ്റു 33 ബസുകൾ അകമ്പടി സേവിച്ചു.

കുരുത്തോലകളും കസവു നേരിയതുകളും കെട്ടി പാത അലങ്കരിച്ചിരുന്നു. ഇരുവശത്തും ബസുകളെ സ്വാഗതം ചെയ്തു നാട്ടുകാരും നാട്ടുപ്രമാണിമാരും കൈവീശിക്കാട്ടി. ചിത്തിര തിരുനാൾ അവരെ പ്രത്യഭിവാദ്യം ചെയ്തു.

യാത്ര അവസാനിച്ചപ്പോൾ കൊട്ടാരത്തിൽ സാൾട്ടറിനും ഉയർന്ന ഉദ്യോഗസ്ഥർക്കും ബസ് ജീവനക്കാർക്കും സൽക്കാരം. പിറ്റേന്നു പുലർച്ചെ മുതൽ ജനങ്ങൾക്കു വേണ്ടിയുള്ള സർവീസുകൾ തുടങ്ങി.

ADVERTISEMENT

തിരുവിതാംകൂറിൽ ഓടിക്കുന്നതിനായി 60 ബസുകളുടെ ഷാസികളാണു ലണ്ടനിൽ നിന്നു കപ്പലിൽ തിരുവനന്തപുരത്തെത്തിച്ചത്. ബോഡി നിർമാണം ഇവിടെ നടത്താനായിരുന്നു സാൾട്ടറിന്റെ തീരുമാനം.

1913 മുതൽ തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും ബസുകൾ ഉണ്ടായിരുന്നുവെങ്കിലും അതെല്ലാം സ്വകാര്യ ഉടമസ്ഥതയിലുള്ളതായിരുന്നു. ഏറെയും കരിവണ്ടികൾ. തിരുവനന്തപുരത്തു ശ്രീവിലാസ് മോട്ടോഴ്സും കോട്ടയത്തു മീനച്ചിൽ മോട്ടർ അസോസിയേറ്റ്സും മലബാറിൽ കല്യാടും കീർത്തി കേട്ടിരുന്നു. 

വ്യക്തികളും ഏജൻസികളും നടത്തിയ സർവീസുകൾ മത്സരം മൂത്തു പോരടിക്കാൻ തുടങ്ങിയതോടെയാണു മുഖ്യ ട്രങ്ക് റോഡുകളിലും പ്രധാന ഇടങ്ങളിലുമുള്ള ഗതാഗത നിയന്ത്രണം ഏറ്റെടുക്കാൻ ശ്രീചിത്തിര തിരുനാൾ തീരുമാനിച്ചത്. ബസുകൾ ആധുനികമാക്കണമെന്നും സർവീസുകൾ ദേശീയ അടിസ്ഥാനത്തിൽ സംഘടിപ്പിക്കണമെന്നുമുള്ള ഉദ്ദേശ്യത്തോടെ തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് വകുപ്പിനു രൂപം നൽകി.

തിരുവനന്തപുരത്ത് 1938 ൽ ആദ്യ സർവീസിനു തയാറായി നിൽക്കുന്ന ബസുകൾ.

റോഡില്ലെങ്കിലും ബസ് എത്തി

ADVERTISEMENT

ലണ്ടനിൽ പോയ ചിത്തിര തിരുനാൾ സാധാരണക്കാർ കുറഞ്ഞ ചെലവിൽ സഞ്ചരിക്കുന്ന ലണ്ടൻ ട്രാൻസ്പോർട്ട് ബോർഡ് ബസുകളുടെ പ്രവർത്തനം പഠിച്ചു. ആ മാതൃകയിൽ തിരുവിതാംകൂറിൽ സർവീസുകൾ തുടങ്ങാൻ ആഗ്രഹിച്ചു. റോഡുകൾ കുറവായ നാട്ടുരാജ്യത്ത് എങ്ങനെ ബസ് ഓടിക്കുമെന്ന ആശങ്കയുണ്ടായിരുന്നുവെങ്കിലും അതൊന്നും വക വയ്ക്കാതെ സർവീസിന് തുടക്കമിടാൻ തന്നെ തീരുമാനിച്ചു. പാതകൾ അടിയന്തരമായി കോൺക്രീറ്റ് ചെയ്യുകയും കല്ലുകൾ പാകുകയും ചെയ്തു.

തിരു–കൊച്ചി സംസ്ഥാനത്തെ അന്നത്തെ പ്രധാന പാത തിരുവനന്തപുരം മുതൽ അങ്കമാലി വരെ മെയിൻ സെൻട്രൽ റോഡ് ആയിരുന്നു (എംസി റോ‍ഡ്) പാതയിൽ പാലങ്ങൾ വിരളം. വലിയ കടത്തു കടവുകളിൽ ബസുകളെ ചങ്ങാടങ്ങളിൽ അക്കരയിക്കരെ കടത്താനായിരുന്നു തീരുമാനം. പദ്ധതിയുടെ ചുക്കാൻ പിടിച്ചതു ദിവാൻ സിപിയായിരുന്നു.

ബസ് സർവീസിന്റെ തലപ്പത്തേക്കു ലണ്ടൻ ട്രാൻസ്പോർട്ട് ബോർഡ് സൂപ്രണ്ടും മെക്കാനിക്കൽ എൻജിനിയറുമായ ഇ.ജി. സാൾട്ടറെ കൊണ്ടുവരണമെന്ന ദിവാന്റെ തീരുമാനത്തിന് ചിത്തിര തിരുനാൾ പച്ചക്കൊടി കാട്ടി. കേരളത്തിലെ ആധുനിക റോഡ് ഗതാഗതത്തിന് വഴിത്തിരിവുണ്ടാക്കിയ തീരുമാനമായിരുന്നു സാൾട്ടർ എന്ന പ്രഫഷണലിന്റെ വരവ്. 1937 ജൂലൈയിൽ സാൾട്ടർ തിരുവനന്തപുരത്തെത്തി ചുമതലയേറ്റു. എട്ടു വർഷം അദ്ദേഹം തിരുവിതാംകൂർ ട്രാൻസ്പോർട്ട് വകുപ്പിന്റെ തലപ്പത്തിരുന്നു.­

ഓടാൻ ചാരായവും

കോട്ടയ്ക്കകത്തെ ഗേൾസ് സ്കൂളായിരുന്നു അന്നത്തെ ആസ്ഥാനം. വർക്ക്‌ഷോപ്പ് ചാക്കയിലും. ബസുകൾ ലാഭകരമായതോടെ സാൾട്ടർ കൂടുതൽ ഷാസികൾ ഇറക്കുമതി ചെയ്തു. എൻജിൻ ഘടിപ്പിച്ച കോമറ്റ് ഷാസികൾ കടൽ കടന്നു വന്നു. ബോഡി ബിൽഡിങ് നടത്താൻ വിദഗ്ധരായ മെക്കാനിക്കുകളെ കണ്ടെത്തി.കോമർ ആൻഡ് പെർക്കിൻസ് കമ്പനിയുടെ ബസുകളെ തുടർന്ന് ഡോഡ്ജ്, ഫാർഗോ, ബെഡ്ഫോഡ്, ഷെവർലെ ഷാസികൾ എത്തി. വൈവിധ്യങ്ങളുടെ പെരുമഴക്കാലമായിരുന്നു അത്.

മുൻഭാഗത്തു മൂക്കു നീണ്ട, വശങ്ങളിൽ തുറസുകളുള്ള കയറിയിറങ്ങാൻ പിന്നിൽ വാതിലുകളുള്ള ബസുകളായിരുന്നു ആദ്യം. വർക്ക്ഷോപ്പിലെ ആലയിലും ലെയ്ത്തിലുമെല്ലാം പണി ചെയ്യാൻ ജീവനക്കാർക്കൊപ്പം സാൾട്ടറും കൂടി. പാന്റുംകോട്ടും മാറ്റി കാക്കിയിട്ട് ബസിനടിയിൽ കിടന്നു പണിയെടുക്കുന്ന സായ്പിനെ ജീവനക്കാർക്കും ഇഷ്ടമായി.

സാങ്കേതിക കാര്യങ്ങളിൽ അദ്ദേഹം ജീവനക്കാർക്കു പരിശീലനം നൽകി. യുദ്ധകാലത്ത് ഇന്ധനത്തിനു ക്ഷാമമുണ്ടായപ്പോൾ മരക്കരി ഉപയോഗിച്ചായിരുന്നു ഓട്ടം. ചാരായം ഉപയോഗിച്ച് പരീക്ഷണ ഓട്ടം നടത്താനും സന്നദ്ധനായി. യുദ്ധസമയത്ത് എണ്ണവിലയും സാധനവിലയും വർധിച്ചിട്ടും യാത്രക്കൂലി കൂട്ടാതെയാണ് സർവീസുകൾ നടത്തിയിരുന്നത്.

ജീവനക്കാർ ബിരുദധാരികൾ

സൈഡ് ബോഡിയിൽ അഴികൾ പിടിപ്പിച്ച ബസുകൾ സാൾട്ടറുടെ രൂപകൽപനയായിരുന്നു. തിരുവിതാംകൂറിലെ സ്വാതന്ത്ര്യസമര സേനാനികളെ കൊണ്ടുപോകുമ്പോൾ ചാടിപ്പോകാതിരിക്കാൻ ഇങ്ങനെയൊരു ഡിസൈൻ വേണമെന്ന് സിപി നിർദേശിച്ചിരുന്നതായും വാദമുണ്ട്. മരം ധാരാളമായി ലഭിച്ചതിനാൽ തേക്കും ഈട്ടിയും ആഞ്ഞിലിയും കൊണ്ടു ഷാസിക്കു മുകളിൽ ബോഡി കെട്ടി. തകിടും ബോൾട്ടുകളും ബോംബെയിൽ നിന്നും ചില്ലുകൾ ഇംഗ്ലണ്ടിൽ നിന്നും വരുത്തി. താമസിയാതെ ചാക്കയിലെ പ്രധാന വാർക്ക്‌ഷോപ്പ് പാപ്പനംകോട്ടേക്കു മാറ്റി. ജീവനക്കാർ അഭ്യസ്തവിദ്യരും പെരുമാറ്റം മികവുറ്റതും ആയിരിക്കണമെന്നു സാൾട്ടർക്കു നിർബന്ധമായിരുന്നു.

ഇ.ജി.സാൾട്ടർ

ബിരുദധാരികളെ നേരിട്ട് അഭിമുഖം നടത്തി ജീവനക്കാരായി നിയമിച്ചു. ഹെവി വാഹനം ഓടിക്കുന്നവർ അന്നു കുറവായിരുന്നു. തിരുവനന്തപുരം– കന്യാകുമാരി റൂട്ടിൽ കാറുകൾ ഓടിക്കുന്നവരെ കണ്ടെത്തി പരിശീലനം നൽകി ബസ് ഡ്രൈവർമാരാക്കി മാറ്റി. യൂണിഫോം നിർബന്ധം, ഡ്രൈവർക്കു കാക്കി. കണ്ടക്ടർക്കു കാക്കിക്കു പുറമെ ഒരു വെള്ളത്തൊപ്പി കൂടി. ജീവനക്കാർക്ക് പ്രോവിഡന്റ് ഫണ്ട് ഏർപ്പെടുത്തിയിരുന്നു. ലാഭത്തിന്റെ അഞ്ചുശതമാനം വർഷത്തിലൊരിക്കൽ നൽകും. നിത്യോപയോഗ സാധനങ്ങൾ കുറഞ്ഞ നിരക്കിൽ നൽകുന്നതിനായി കോ–ഓപ്പറേറ്റിവ് സൊസൈറ്റിയും ആരംഭിച്ചു.

ലഗേജിന് ടിക്കറ്റില്ല

മൈലിന് എട്ടു കാശായിരുന്നു ടിക്കറ്റ് നിരക്ക്. ഏറ്റവും കുറഞ്ഞ ചാർജ് ഒരു ചക്രം ! സ്ത്രീകൾക്കു പ്രത്യേകം സീറ്റില്ല. 3 വയസ്സിനു താഴെയുള്ള കുട്ടികൾക്കു സൗജന്യയാത്ര. 14 വയസ്സു വരെയുള്ളവർക്കു പാതി നിരക്ക്. ലഗേജിനു പ്രത്യകം കൂലിയില്ല. ടിക്കറ്റു കൊടുക്കാൻ ആദ്യം ഉപയോഗിച്ചിരുന്നതു ലണ്ടനിൽ നിന്നു കൊണ്ടുവന്ന മെഷീനുകളായിരുന്നു. ബട്ടൺ അമർത്തിയാൽ ടിക്കറ്റു മുറിയും.

ഡ്രൈവറുടെ സീറ്റിനു പിന്നിൽ റബർ കുഷനിട്ട മൃദുവായ 4 ഒന്നാം ക്ലാസ് സീറ്റുകളുണ്ട്. അവിടെ ഇരിക്കണമെങ്കിൽ 50 ശതമാനം പണം കൂടുതൽ നൽകണം. ബാക്കി സീറ്റുകൾ തടി, ചൂരൽ എന്നിവ കൊണ്ടു നിർമിച്ചതായിരുന്നു. കർഷകർക്കും കച്ചവടക്കാർക്കും ചരക്കു കൊണ്ടുപോകാൻ പാഴ്സൽ ബസും ആരംഭിച്ചു.

‘കൈയും തലയും പുറത്തിടരുത്’ എന്ന അറിയിപ്പു കുറിമാനം അന്നു ബസിൽ പതിച്ചിരുന്നില്ല. പകരം ‘യാത്രയ്ക്കിടയിൽ മുറുക്കിത്തുപ്പരുത്’ എന്നൊന്നുണ്ടായിരുന്നു. ബസ് നിർത്തണമെങ്കിൽ ഒരു കുട കൂടി കരുതണം. വഴിയിൽ നിന്ന് കുട നീട്ടിക്കാണിച്ചാൽ വണ്ടി നിർത്തും. തോളത്തെ രണ്ടാം മുണ്ട് വീശിക്കാണിച്ചാലും നിർത്തുമായിരുന്നു. അക്കാലത്ത് വഴിയോരക്കടകളിൽ ശീലക്കുടകൾ സൂക്ഷിച്ചിരുന്നു. വണ്ടി നിർത്തിയ ശേഷം ആളുകൾ കുട കടയിൽ തിരിച്ചേൽപ്പിക്കും. ബസ് സ്റ്റോപ്പുകളിൽ വണ്ടി വരുന്നതിന്റെയും പോകുന്നതിന്റെയും സമയപട്ടികയും നിരക്കും എഴുതിയ ബോർഡുകൾ പ്രദർശിപ്പിച്ചിരുന്നു. യാത്രക്കാരുടെ പരാതികൾ കേൾക്കാനും അവയ്ക്കു പരിഹാരം കാണുന്നതിനും സംവിധാനമുണ്ടായിരുന്നു.

ലോറികളും ഓടി

കന്യാകുമാരിയും കുളച്ചലും കൊല്ലവും കോട്ടയുവുമൊക്കെ ഉൾപ്പെടെ പ്രതിദിനം 70 മൈൽ ആയിരുന്നു അന്നത്തെ ഓട്ടം. തിരുവനന്തപുരത്തു നിന്നു പറവൂരിലേക്കും ആലുവയിലേക്കും മൂന്നാറിലേക്കും തേക്കടിയിലേക്കും സർവീസ് നീട്ടി. തിരുവിതാംകൂർ –നാഗർകോവിൽ റൂട്ടാണ് കേരളത്തിലാദ്യം ദേശസാൽക്കരിച്ചത്. ഈ റൂട്ടുകളിലൂടെ സ്റ്റേറ്റ് ബസുകൾക്കു പുറമേ സർക്കാർ ലോറികളും ഓടിച്ചു.

തിരുവനന്തപുരം നഗരത്തിലൂടെ ഓടുന്ന ബസ്. (പഴയ ചിത്രം)

മൂന്നാർ കണ്ണൻ ദേവൻ കമ്പനിയിൽ നിന്നു കൊച്ചി തുറമുഖത്തു തേയില എത്തിച്ചതു സർക്കാർ ലോറികളിലായിരുന്നു. പള്ളിവാസൽ പദ്ധതിക്കു സിമന്റ് എത്തിച്ചതും ഗതാഗത വകുപ്പായിരുന്നു. ചാലക്കയം റോഡ് നിർമിച്ചതിനു പിന്നാലെ 1965 ൽ ആദ്യ ശബരിമല സർവീസ് ആരംഭിച്ചു.

തിരുവിതാംകൂർ ട്രാൻസ്പോർട്ട് വകുപ്പിന്റെ നിയന്ത്രണത്തിലായിരുന്ന ബസ് സർവീസ് സ്വാതന്ത്ര്യാനന്തരം തിരു–കൊച്ചി സർക്കാരിന്റേതായി. 1950 ൽ റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ ആക്ട് നിലവിൽ വന്നു. സംസ്ഥാന രൂപീകരണത്തിനുശേഷം 1965 ഏപ്രിൽ ഒന്നിനാണ് കെഎസ്ആർടിസി രൂപീകരിക്കുന്നത്. 1949 ൽ ആദ്യത്തെ പണിമുടക്ക് നടന്നു. ശതാഭിഷേക വർഷത്തിൽ പിന്നിട്ട ദൂരത്തിലേക്കു തിരിഞ്ഞു നോക്കിയാൽ തുടക്കം മോശമായിരുന്നില്ലെന്നു കാണാം. 

പൊതുജനങ്ങളിൽ നിന്നു സ്വീകാര്യതയും അംഗീകാരവും ആദരവും നേടി ഊർജ്വസ്വലമായ മുന്നേറിയ ആ പ്രയാണം സ്ലോ ഗിയറിൽ എൺപത്തിനാലു കടക്കുകയാണ്.

English Summary: About Kerala first Bus Service