അഹന്തയെന്ന ആത്മീയരോഗം
ശാരീരിക രോഗങ്ങളെപ്പറ്റി നാം വേഗത്തിൽ അവബോധമുള്ളവരായി മാറി. പ്രതിവിധിക്കായി വേഗത്തിൽ പരിശ്രമിക്കുകയും ചെയ്യുന്നു. ഇന്ന് ഓരോ രോഗത്തിനും ചികിത്സ നൽകുന്ന സ്പെഷ്യലിസ്റ്റുകളുമുണ്ട്. അഭിനന്ദനീയമായ കാര്യംതന്നെ. എന്നാൽ ചില ആത്മീയരോഗങ്ങൾ ദീർഘകാലമായി | innathe chintha vishayam | sunday special | Manorama Online
ശാരീരിക രോഗങ്ങളെപ്പറ്റി നാം വേഗത്തിൽ അവബോധമുള്ളവരായി മാറി. പ്രതിവിധിക്കായി വേഗത്തിൽ പരിശ്രമിക്കുകയും ചെയ്യുന്നു. ഇന്ന് ഓരോ രോഗത്തിനും ചികിത്സ നൽകുന്ന സ്പെഷ്യലിസ്റ്റുകളുമുണ്ട്. അഭിനന്ദനീയമായ കാര്യംതന്നെ. എന്നാൽ ചില ആത്മീയരോഗങ്ങൾ ദീർഘകാലമായി | innathe chintha vishayam | sunday special | Manorama Online
ശാരീരിക രോഗങ്ങളെപ്പറ്റി നാം വേഗത്തിൽ അവബോധമുള്ളവരായി മാറി. പ്രതിവിധിക്കായി വേഗത്തിൽ പരിശ്രമിക്കുകയും ചെയ്യുന്നു. ഇന്ന് ഓരോ രോഗത്തിനും ചികിത്സ നൽകുന്ന സ്പെഷ്യലിസ്റ്റുകളുമുണ്ട്. അഭിനന്ദനീയമായ കാര്യംതന്നെ. എന്നാൽ ചില ആത്മീയരോഗങ്ങൾ ദീർഘകാലമായി | innathe chintha vishayam | sunday special | Manorama Online
ശാരീരിക രോഗങ്ങളെപ്പറ്റി നാം വേഗത്തിൽ അവബോധമുള്ളവരായി മാറി. പ്രതിവിധിക്കായി വേഗത്തിൽ പരിശ്രമിക്കുകയും ചെയ്യുന്നു. ഇന്ന് ഓരോ രോഗത്തിനും ചികിത്സ നൽകുന്ന സ്പെഷ്യലിസ്റ്റുകളുമുണ്ട്. അഭിനന്ദനീയമായ കാര്യംതന്നെ. എന്നാൽ ചില ആത്മീയരോഗങ്ങൾ ദീർഘകാലമായി നമ്മെ ബാധിച്ചിട്ടുണ്ടെങ്കിലും നാമതു തിരിച്ചറിയാറില്ല. എന്നാൽ മറ്റുള്ളവർക്കതു ബോധ്യമാവുകയും ചെയ്യും. അങ്ങനെയുള്ള ആത്മീയരോഗങ്ങളിൽ പ്രബലമായ ഒന്നാണ് അഹന്ത.
ആത്മാഭിമാനം (Self respect) ഏതൊരാൾക്കും വേണ്ട ഒന്നാണ്. അതുള്ളവർക്കു ജീവിതത്തിൽ നേട്ടങ്ങൾ വരിക്കാൻ കഴിയും. സ്വന്തം കഴിവുകളെപ്പറ്റി ബോധ്യവും മതിപ്പുമുള്ളവർക്കു പ്രവർത്തിക്കാൻ ഊർജവും ഉത്സാഹവും ഉണ്ടാകും. ഒരുരംഗത്തും അവർ അറച്ചുമാറി നിൽക്കില്ല.
എന്നാൽ ആത്മാഭിമാനം അതിരുകവിഞ്ഞാൽ അഹന്തയാകും. അത് അപകടകാരിയാണ്. വ്യക്തിത്വത്തിന്റെ തകർച്ചയാണ് അതുമൂലമുണ്ടാകുന്നത്. അഹംഭാവിയായ ഒരുവൻ മറ്റുള്ളവരുടെ നന്മയെ കണ്ട് ആദരിക്കാൻ വിമുഖനായിരിക്കും. അവൻ എപ്പോഴും സ്വന്തം നന്മയും മേന്മയായിരിക്കും പിന്തുടരുക. അതിന്റെ ഫലമായി പല സാഹസിക ശ്രമങ്ങളും നടത്തി എന്നുവരും. പക്ഷേ മറ്റുള്ളവരുടെ ദൃഷ്ടിയിൽ അയാൾ പരിഹാസ്യനായിത്തീരും. ‘നിന്റെ നേട്ടങ്ങളെപ്പറ്റി നീ പ്രശംസിക്കരുത്. അതു മറ്റുള്ളവരുടെ വായിൽനിന്നുണ്ടാകട്ടെ’ എന്ന ആപ്തവാക്യം എപ്പോഴും അനുസ്മരിക്കപ്പെടേണ്ടതാണ്.
ധാർമികരെന്നും ആത്മീകരെന്നും കരുതപ്പെടുന്നവരിൽപോലും അഹന്തയുടെ ആധിക്യം അവരുടെ വ്യക്തിത്വത്തിനു മങ്ങൽ വരുത്തുന്നു. ന്യൂസിലാൻഡിലെ ഒരു ഗ്രാമത്തലവന്റെ കഥ ഇവിടെ ഓർമിക്കുന്നു. ഇംഗിംഗാ എന്ന പേരുള്ള അയാൾ മുൻപും ഈ പംക്തിയിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്.
മിഷനറിമാരുടെ പ്രവർത്തനത്താൽ ഇംഗിഗാ ക്രിസ്തീയ വിശ്വാസിയായി. അവരിൽനിന്നുള്ള പിന്തുണയും പ്രോത്സാഹനവും അയാൾക്കു ലഭിച്ചു. മകനെ ബൈബിൾ കോളജിൽ പഠിക്കാൻ പ്രേരിപ്പിച്ചു. രണ്ടാം ലോകയുദ്ധകാലത്തിനു ശേഷം അമേരിക്കൻ സൈന്യം ആ പ്രദേശത്ത് അവശേഷിപ്പിച്ച തടികളും മറ്റു സാധനങ്ങളും ഉപയോഗിച്ച് ഒരു പള്ളി പണിയാൻ ഇംഗിംഗാ തീരുമാനിച്ചു. അക്കാലത്ത് അവിടെ ശുശ്രൂഷ അനുഷ്ഠിച്ചിരുന്ന ഓസ്ട്രേലിയൻ മിഷനറിയെ സമീപിച്ചു പറഞ്ഞു: ‘ഞാൻ ഈ ഗ്രാമത്തിൽ ഒരു പള്ളി പണിയാൻ ആഗ്രഹിക്കുന്നു. അതിൽ വയ്ക്കേണ്ട ഫലകത്തിൽ എന്ത് എഴുതണം?’ മിഷനറി ചോദിച്ചു: ‘‘ആകട്ടെ നിങ്ങൾക്ക് എന്താണു മനസ്സിൽ തോന്നുന്നത്?’ ഇംഗിംഗാ വായിച്ചു: ‘ഈ ൈദവാലയം ഇംഗിംഗാ നിർമിച്ചു!’
മിഷനറി: ‘നിങ്ങൾ മാത്രമാണോ വേലയെല്ലാം ചെയ്തത്?’’ മറുപടി: ‘‘അല്ല, ഗ്രാമവാസികൾ എല്ലാവരുമുണ്ടായിരുന്നു.’ മിഷനറി: ‘എങ്കിൽ അവരെപ്പറ്റിയും ഓർക്കേണ്ടതല്ലേ?’ ഇംഗിംഗാ; ശരിയാണ്, ശരിയാണ്, ഞാനതു വിട്ടുപോയി. പിറ്റേദിവസം അയാൾ തിരിച്ചുവന്ന് വീണ്ടും വായിച്ചു കേൾപ്പിച്ചു: ‘ഈ ദേവാലയം ഇംഗിംഗായും മറ്റു വിശ്വാസികളും ചേർന്നു നിർമിച്ചു.’ അയാളുടെ പേര് വലിയ അക്ഷരത്തിലായിരുന്നു. മിഷനറി ചോദിച്ചു: ‘ഇതിൽ ദൈവത്തിനെന്നോ, ദൈവാരാധനയ്ക്കു സമർപ്പിക്കുന്നതെന്നോ ഒരു വാക്കുമില്ലല്ലോ. അതു വേണ്ടതല്ലേ? ‘‘ശരിയാണ്, ഇംഗിംഗാ സമ്മതിച്ചു. പിന്നീട് അയാൾ എഴുതിക്കൊണ്ടു വന്നത്, ‘ഈ ദേവാലയം ഇംഗിംഗായും മറ്റുള്ളവരും ചേർന്ന് ദൈവാരാധനയ്ക്കു നിർമിച്ചു. ഈ പ്രാവശ്യം ദൈവാരാധനയ്ക്ക് എന്നുള്ളതു വളരെ ചെറിയ അക്ഷരങ്ങളായിരുന്നു.
ഒരു സൽപ്രവൃത്തിയാണു ചെയ്തതെങ്കിലും അതിലും സ്വന്തം പേര് മുഴുപ്പിച്ചു കാണിക്കാനുള്ള അയാളുടെ വ്യഗ്രത നമ്മുടെ ചിന്തയെ ചൊടിപ്പിക്കുന്നു. അയാളോടു പുച്ഛവും അമർഷവും തോന്നിയേക്കാം. പക്ഷേ, നമ്മിൽ അനേകരും ഇംഗിംഗായുടെ പ്രവണതയ്ക്കു വിധേയരല്ലേ?
ചിലരെ ശ്രദ്ധിക്കുക. അവരുടെ സംസാരത്തിലെ പ്രധാന നായകൻ ‘ഞാൻ’ ആയിരിക്കും. ഉന്നതശീർഷരായ പലരിലും ഈ പ്രവണത കണ്ടെന്നുവരും. സ്വന്തം നേട്ടങ്ങൾ അയവിറക്കിക്കൊണ്ടു സംഭാഷണം തുടരും. ശ്രോതാക്കളിൽ അയാൾ പ്രതീക്ഷിക്കുന്നതിനു നേരെ വിപരീതമായ പ്രതികരണമാണു വരുത്തുന്നതെന്ന് അയാൾ മനസ്സിലാക്കുന്നില്ല. പൊങ്ങച്ചം പറയുന്നതിനുപകരം തന്നെപ്പറ്റിയും സ്വന്തം നേട്ടങ്ങളെപ്പറ്റിയും ഒന്നും പറയാതിരിക്കുന്ന ഒരുവൻ മറ്റുള്ളവരുടെ ബഹുമാനാദരവുകൾക്കു പാത്രമാവും. എന്നാൽ മറ്റുചിലർ തങ്ങൾക്കില്ലാത്ത വിനയം നടിക്കുന്നവരാണ്. പക്ഷേ അത് എളുപ്പത്തിൽ മറ്റുള്ളവർക്കു മനസ്സിലാകും. നല്ല കാര്യങ്ങൾ ചെയ്തിട്ടുള്ള ഒരാൾ താനൊന്നും ചെയ്തിട്ടില്ല എന്നു നടിക്കുന്നതും മറ്റൊരു തരത്തിലുള്ള സ്വയം പ്രകടനമാണ്. നമുക്ക് എന്തെങ്കിലും ചെയ്യുവാനോ, നേടുവാനോ കഴിഞ്ഞുവെങ്കിൽ, നമ്മുടെ പരിശ്രമത്താലും മറ്റുള്ളവരുടെ സഹകരണത്താലും എല്ലാറ്റിലും ഉപരി ദൈവകൃപയുടെ സഹായത്താലുമാണ് എന്ന മനോഭാവമാണ് നമ്മെ ഭരിക്കേണ്ടത്. സ്വയം വിനയാന്വിതരാകാനും എളിമയുള്ളവരാകാനും സന്നദ്ധമാവുക. അഹന്തയെ ഊതി വീർപ്പിക്കാനുള്ള ഏതു പ്രലോഭനത്തെയും വിനയത്തിന്റെ ആത്മാവിനാൽ പരാജയപ്പെടുത്തുക.
English Summary: Innathe Chintha Vishayam