ചരിത്രത്തിന്റെ തിരുമുമ്പിൽ; ടി.എസ്. തിരുമുമ്പ് പാർട്ടിയെ ഒറ്റിയോ?!
കമ്യൂണിസ്റ്റ് പാർട്ടിയെ ഒറ്റിയ ആൾക്ക്, പാർട്ടി പ്രവർത്തകരോടു കൊലച്ചതി ചെയ്ത ആൾക്കു പാർട്ടി നേതൃത്വത്തിലുള്ള സർക്കാർ തന്നെ സ്മാരകമൊരുക്കുമോ? ആദ്യ കാല കമ്യൂണിസ്റ്റ് നേതാവ് ടി.എസ്. തിരുമുമ്പിന്റെ പേരിൽ കാസർകോട് TS Thirumump, Communist, Manorama News
കമ്യൂണിസ്റ്റ് പാർട്ടിയെ ഒറ്റിയ ആൾക്ക്, പാർട്ടി പ്രവർത്തകരോടു കൊലച്ചതി ചെയ്ത ആൾക്കു പാർട്ടി നേതൃത്വത്തിലുള്ള സർക്കാർ തന്നെ സ്മാരകമൊരുക്കുമോ? ആദ്യ കാല കമ്യൂണിസ്റ്റ് നേതാവ് ടി.എസ്. തിരുമുമ്പിന്റെ പേരിൽ കാസർകോട് TS Thirumump, Communist, Manorama News
കമ്യൂണിസ്റ്റ് പാർട്ടിയെ ഒറ്റിയ ആൾക്ക്, പാർട്ടി പ്രവർത്തകരോടു കൊലച്ചതി ചെയ്ത ആൾക്കു പാർട്ടി നേതൃത്വത്തിലുള്ള സർക്കാർ തന്നെ സ്മാരകമൊരുക്കുമോ? ആദ്യ കാല കമ്യൂണിസ്റ്റ് നേതാവ് ടി.എസ്. തിരുമുമ്പിന്റെ പേരിൽ കാസർകോട് TS Thirumump, Communist, Manorama News
ടി.എസ്.തിരുമുമ്പ് പാർട്ടിയെ ഒറ്റിയ ആളെന്ന് കമ്യൂണിസ്റ്റ് നേതാവായിരുന്ന കെ.മാധവന്റെ മകൻ. കെ.മാധവൻ ജീവിച്ചിരിക്കുമ്പോൾ പോലും പറയാത്ത ആരോപണമെന്ന് തിരുമുമ്പിന്റെ കുടുംബം
കമ്യൂണിസ്റ്റ് പാർട്ടിയെ ഒറ്റിയ ആൾക്ക്, പാർട്ടി പ്രവർത്തകരോടു കൊലച്ചതി ചെയ്ത ആൾക്കു പാർട്ടി നേതൃത്വത്തിലുള്ള സർക്കാർ തന്നെ സ്മാരകമൊരുക്കുമോ? ആദ്യ കാല കമ്യൂണിസ്റ്റ് നേതാവ് ടി.എസ്. തിരുമുമ്പിന്റെ പേരിൽ കാസർകോട് ജില്ലയിൽ 50 കോടിയോളം മുടക്കി നിർമിക്കുന്ന സംസ്കാരിക സമുച്ചയം ‘ഒറ്റുകാരനുള്ള സ്മാരക’മെന്ന് മറ്റൊരു മുതിർന്ന കമ്യൂണിസ്റ്റ് നേതാവായിരുന്ന കെ.മാധവന്റെ മകൻ അജയകുമാർ കോടോത്ത് ആരോപണമുന്നയിച്ചതോടെ ചർച്ചയാവുന്നത് 7 പതിറ്റാണ്ടു പഴയ ചരിത്രം.
ചതി നടന്നുവോ?
1948 ഫെബ്രുവരി 28 മുതൽ മാർച്ച് 6 വരെ നടന്ന രണ്ടാം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ കൊൽക്കത്തയിലേക്കു നിയോഗിക്കപ്പെട്ടവരായിരുന്നു കെ.മാധവനും ടി.എസ്. തിരുമുമ്പും. കെ.മാധവനു സായുധ കലാപം എന്ന കൊൽക്കത്ത തീസിസ് നിർദേശത്തോടു പുർണമായും യോജിപ്പുണ്ടായിരുന്നില്ല. എന്നാൽ ടി.എസ്. തിരുമുമ്പാകട്ടെ തുടക്കത്തിൽ പൂർണമായും കൊൽക്കത്ത തീസിസ് അംഗീകരിക്കുകയും ചെയ്തിരുന്നു. പാർട്ടി കോൺഗ്രസ് കഴിഞ്ഞു തിരികെയെത്തിയ തിരുമുമ്പ് ആദൂർ പൊലീസ് ഔട്ട്പോസ്റ്റ് ആക്രമിക്കാനുള്ള പദ്ധതികളും ചർച്ച ചെയ്തിരുന്നു. ഇതിനു തൊട്ടുപിന്നാലെ അദ്ദേഹം 1948 മേയ് 21 ന് ചെറുവത്തൂർ പൊലീസിൽ കീഴടങ്ങി. തെലങ്കാന മോഡലിൽ കെ.എ. കേരളീയനും സി.എച്ച്.കണാരനും ചേർന്നു മലബാറിൽ നടത്താൻ തയാറാക്കിയ സായുധ കലാപത്തിന്റെ വിശദാംശങ്ങളും കാസർകോട് താലൂക്ക് സായുധ കലാപത്തിലൂടെ മോചിപ്പിച്ചു കമ്യൂണിസ്റ്റ് സെൽ ഭരണം നടപ്പാക്കുന്നതിനുള്ള പദ്ധതിയുടെ ‘ബ്ലൂ പ്രിന്റും’ കെ.മാധവന്റെ പക്കലുണ്ടെന്നുമുള്ള വിവരങ്ങൾ തിരുമുമ്പ് പൊലീസിനെ അറിയിച്ചുവെന്നാണു നെഹ്റു കോളജ് മുൻ അധ്യാപകനും ചരിത്രകാരനും ഇടതു സഹയാത്രികനും കെ.മാധവന്റെ മകനുമായ അജയകുമാർ കോടോത്ത് ‘ഗാന്ധിയൻ കമ്യൂണിസ്റ്റിനൊപ്പം അര നൂറ്റാണ്ട്’ എന്ന പുസ്തകത്തിൽ ആരോപിക്കുന്നത്.
തിരുമുമ്പിന്റെ സ്റ്റേറ്റ്മെന്റും പാർട്ടി നിരോധനവും
ഗവേഷണത്തിന്റെ ഭാഗമായുള്ള അന്വേഷണത്തിൽ 2016ലാണു ചെന്നൈ എഗ്‌മോറിലെ തമിഴ്നാട് ആർക്കൈവ്സിൽ നിന്ന് അജയകുമാർ കോടോത്ത് തിരുമുമ്പിന്റെ സറണ്ടർ സ്റ്റേറ്റ്മെന്റ് രേഖകൾ ശേഖരിച്ചത്. ‘പൊലീസിനു മുൻപിൽ കീഴടങ്ങുമ്പോൾ ഒപ്പിട്ടു നൽകിയ ഈ സറണ്ടർ സ്റ്റേറ്റ്മെന്റിന്റെ അടിസ്ഥാനത്തിലാണു പഴയ മദ്രാസ് സംസ്ഥാനത്തു മാത്രമല്ല, ഇന്ത്യയിലുടനീളം കമ്യൂണിസ്റ്റ് പാർട്ടി നിരോധിക്കേണ്ടതാണെന്നു കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് തമിഴ്നാട് ചീഫ് സെക്രട്ടറി ശുപാർശ നൽകിയത്. പിന്നാലെ കമ്യൂണിസ്റ്റ് പാർട്ടിക്കു നിരോധനവും വന്നു. ജീവിച്ചിരിക്കെ ഈ വിവരങ്ങൾ ഞാൻ അച്ഛൻ കെ.മാധവനെ വായിച്ചു കേൾപ്പിച്ചിരുന്നു. ഉള്ളടക്കം ഞെട്ടിച്ചെന്നായിരുന്നു അച്ഛന്റെ പ്രതികരണം.’–അജയകുമാർ കോടോത്ത് പറഞ്ഞു.
സായുധ വിപ്ലവത്തോടു യോജിപ്പില്ലാത്തതിനാൽ 1948ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നു രാജിവച്ച ടി.എസ്. തിരുമുമ്പിനെതിരെ അനാവശ്യ ആരോപണമുന്നയിക്കുന്നതിൽ അഗാധ ദുഃഖമുണ്ടെന്നാണു തിരുമുമ്പിന്റെ കുടുംബം പ്രതികരിക്കുന്നത്.
‘1948നു ശേഷവും തികഞ്ഞ സ്നേഹം പാർട്ടിയോടു നിലനിർത്തിയിരുന്ന തിരുമുമ്പ് പാർട്ടി വിട്ട ശേഷവും പാർട്ടി പരിപാടികൾക്കു മകളായ എന്നെ കൊണ്ടുപോകുമായിരുന്നു. കെ.മാധവൻ അടക്കമുള്ള പാർട്ടി സുഹൃത്തുക്കൾ വീട്ടിലും വരുമായിരുന്നു. അങ്ങനെയുള്ള അച്ഛൻ അണികളെ ഒറ്റു കൊടുത്തു എന്നു പറയുന്നതു നീതികേടാണ്. കെ.മാധവൻ ജീവിച്ചിരിക്കുമ്പോൾ ഇല്ലാത്ത ആരോപണമാണ് ഇപ്പോൾ ഉയരുന്നത്’.– തിരുമുമ്പിന്റെ മകൾ പി.സി.പ്രസന്ന തിരുമുമ്പ് പറയുന്നു.
തിരുമുമ്പ് പാർട്ടി വിട്ടത് എന്തിന്?
1906 ജൂൺ 12നു കാസർകോട് ജില്ലയിലെ ചെറുവത്തൂരിനടുത്താണു തിരുമുമ്പിന്റെ ജനനം. 1984 നവംബർ 29നു മരണം. ആദ്യം ദേശീയ പ്രസ്ഥാനത്തിന്റെയും പിന്നീട് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെയും കർഷക സംഘത്തിന്റെയും കമ്യൂണിസ്റ്റ് പാർട്ടിയുടെയും നേതാവായി വളർന്നു. 1939ൽ കമ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കപ്പെട്ടപ്പോൾ കാസർകോട് താലൂക്കിൽ കെ. മാധവൻ സെക്രട്ടറിയും തിരുമുമ്പ് പ്രസിഡന്റുമായിരുന്നു.
ഉപ്പു സത്യഗ്രഹത്തിലും ഗുരുവായൂർ സത്യഗ്രഹത്തിലും ഇരുവരും തോളോടു തോൾ ചേർന്നു പങ്കെടുത്തു. നിയമലംഘന പ്രസ്ഥാനത്തിൽ ഉൾപ്പെട്ട് ജയിലിലായി. ഇതോടെ തിരുമുമ്പിനെ സമുദായത്തിൽ നിന്നു പുറത്താക്കി.
1948ൽ കമ്യൂണിസ്റ്റ് പാർട്ടിയോടു വിട ചൊല്ലി കവിതയെഴുത്തിൽ സജീവമായി. ഇത്ര വലിയൊരു വിപ്ലവകാരിക്കു പാർട്ടി വിടാൻ പറ്റിയ സാഹചര്യമല്ല ഇതെന്നും പാർട്ടി വിട്ടതിനു കാരണം വ്യക്തമല്ലെന്നും വളരെ സങ്കടമെന്നുമാണു കെ.മാധവൻ തന്റെ ‘പയസ്വിനിയുടെ തീരത്ത്’ എന്ന ആത്മകഥയിൽ എഴുതിയത്. പാർട്ടിയിൽ അദ്ദേഹം തുടർന്നിരുന്നുവെങ്കിൽ 1957ലെ മന്ത്രിസഭയിൽ അംഗവും മികച്ച മന്ത്രിയുമാകുമായിരുന്നുവെന്നു പലരും സുചിപ്പിക്കുമായിരുന്നു.
‘സായുധ വിപ്ലവത്തിലൂടെ ഒന്നും നേടാനാവില്ലെന്ന അച്ഛന്റെ തിരിച്ചറിവായിരുന്നു കൊൽക്കത്ത തീസിസി’നു വിരുദ്ധമായ നിലപാടിലേക്കു പിന്നീട് അച്ഛൻ മാറാൻ കാരണം. സായുധ വിപ്ലവത്തിനു സമയമായില്ലെന്ന് അച്ഛൻ ഉറച്ചു വിശ്വസിച്ചിരുന്നു. അതു ശരിയാണെന്നു പിന്നീട് കാലം തെളിയിക്കുകയും ചെയ്തു. ഇപ്പോൾ അനാവശ്യ ആരോപണമാണ് ഉയരുന്നതെന്ന് തിരുമുമ്പിന്റെ മകൾ പ്രസന്ന പറയുന്നു.
രാഹുൽ ഗാന്ധിയെ വിഎസ് പ്രതിരോധിച്ചത് തിരുമുമ്പിന്റെ കവിതയിലൂടെ!
വിഎസ് അച്യുതാനന്ദന്റെ ഒരു പ്രസംഗത്തിലൂടെ ടി.എസ്. തിരുമുമ്പ് എഴുതിയ പഴയ ഒരു കവിത അടുത്ത കാലത്ത് ചർച്ചയായിരുന്നു.
‘തല നരയ്ക്കുവതല്ലെന്റെ വൃദ്ധത്വം, തല നരക്കാത്തതല്ലെൻ യുവത്വവും’ എന്ന കവിതയായിരുന്നു അത്. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പു കാലത്ത് 87 വയസ്സുള്ള മുഖ്യമന്ത്രി വീണ്ടും മത്സരിക്കുന്നതിനെതിരെ, അദ്ദേഹം മുഖ്യമന്ത്രിയായാൽ 93 വയസുകാരനായ മുഖ്യമന്ത്രിയെയാകും ലഭിക്കുക എന്നായിരുന്നു പ്രചാരണത്തിനു കേരളത്തിലെത്തിയ രാഹുൽ ഗാന്ധിയുടെ ആരോപണം. ഇതിനെ വിഎസ് നേരിട്ടതു തിരുമുമ്പിന്റെ ഈ കവിത ചൊല്ലിയായിരുന്നു. മലബാറിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം രൂപീകരിക്കുന്നതിൽ പ്രമുഖ സ്ഥാനമുള്ള അഭിനവ് ഭാരത് യുവക് എന്ന സംഘത്തിൽ 25 വയസ്സു കഴിഞ്ഞു എന്ന കാരണത്താൽ അംഗത്വം നിഷേധിച്ചപ്പോൾ പ്രതിഷേധിച്ച് തിരുമുമ്പ് എഴുതിയ കവിതയായിരുന്നു ഇത്
∙
സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും സ്ഥാപിക്കുന്ന സാംസ്കാരിക സമുച്ചയങ്ങളിൽ കാസർകോട് ജില്ലയിൽ 50 കോടിയോളം മുതൽ മുടക്കിൽ നിർമിക്കുന്ന സമുച്ചയത്തിനാണ് ടി.എസ്. തിരുമുമ്പ് സാംസ്കാരിക നിലയമെന്ന് സർക്കാർ പേരിട്ടത്. 2018ൽ മടിക്കൈയിലെ സാംസ്‌കാരിക നിലയത്തിന്റെ പണി തുടങ്ങിയപ്പോൾത്തന്നെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു തിരുമുമ്പിന്റെ പേരിടുന്നതിൽ അനീതിയുണ്ടെന്ന് കാട്ടി അജയകുമാർ കോടോത്ത് നിവേദനം നൽകിയിരുന്നു.‘പാർട്ടി ഉരുക്കുകോട്ടയായ മടിക്കൈയിലടക്കം ധാരാളം സഖാക്കൾക്കു തിരുമുമ്പ് പാർട്ടിയെ ഒറ്റുകൊടുത്തതിനെത്തുടർന്ന് 1948–50 കാലയളവിൽ അരങ്ങേറിയ പൊലീസ് തേർവാഴ്ചയുടെ കഥകളറിയാം. ഒറ്റുകാരനു സ്മാരകം പണിയുന്ന സിപിഎമ്മിനു ബിജെപി സർക്കാർ എഴുന്നള്ളിച്ചു നടക്കുന്ന വി.ഡി. സവർക്കരെ ഒറ്റുകാരനെന്നു വിളിക്കാൻ എന്ത് അവകാശമാണുള്ളത്.’ അച്ഛൻ കെ.മാധവനെക്കുറിച്ചെഴുതിയ ‘ഗാന്ധിയൻ കമ്യൂണിസ്റ്റിനൊപ്പം അര നൂറ്റാണ്ട്’ എന്ന പുതിയ പുസ്തകത്തിൽ അജയകുമാർ കോടോത്ത് ചോദിക്കുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല വളർച്ചയുടെ ചാലക ശക്തികളിൽ ഒരാളായ നേതാവാണ് കെ.മാധവൻ. പാർട്ടിയിലായിരുന്നപ്പോൾ പാടുന്ന പടവാൾ എന്ന് ഇഎംഎസ് വിശേഷിപ്പിച്ച നേതാവാണ് ടി.എസ്. തിരുമുമ്പ്. ഇരുവരും ആദ്യകാല കമ്യൂണിസ്റ്റ് നേതാക്കളിൽ മുൻനിരക്കാർ.
ഈ രണ്ടു നേതാക്കളെയും ഉൾപ്പെടുത്തി ആരോപണം ഉയരുമ്പോൾ ടി.എസ്. തിരുമുമ്പിനെതിരായ ആരോപണം തള്ളിക്കളയുകയാണ് സിപിഎം. സിപിഐ ആകട്ടെ, വിവാദത്തിനില്ല എന്ന നിലപാടിലുമാണ്. അച്ഛനെ പാർട്ടി ഏറ്റെടുത്തതാണെന്നും ഇനി ഈ വിവാദത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നുമാണു തിരുമുമ്പിന്റെ കുടുംബം പറയുന്നത്. അതേ സമയം തിരുമുമ്പിനെ അപമാനിക്കുക തന്റെ ലക്ഷ്യമല്ല, പക്ഷേ പാർട്ടി ചെയ്യുന്നതു നീതികേടാണെന്ന വാദത്തിൽ അജയകുമാർ കോടോത്തും ഉറച്ചു നിൽക്കുന്നു.
English Summary: TS Thirumump, Communist leader