ശങ്കറിന്റെ സ്വാതന്ത്ര്യ സമരം
ശങ്കർ ഒരാനയാണ്. ഇന്ത്യനല്ല. ആഫ്രിക്കൻ ആന. അതു തന്നെയാണു വർഷങ്ങളായി ഇന്ത്യയിലുള്ള ശങ്കറിന്റെ പ്രശ്നവും. മുൻ രാഷ്ട്രപതി ശങ്കർ ദയാൽ ശർമയുടെ പേരിൽ ഇന്ത്യയിലെത്തിയ ‘ശങ്കറിന്’ ഇന്ത്യയിൽ ഇപ്പോൾ ആരുമില്ല. ശങ്കറിന്റെ ശബ്ദമായി മാറിയ നികിത ധവാനെന്ന സ്കൂൾ കുട്ടിയിലൂടെയാണ് അവന്റെ ദൈന്യത ലോകം കേൾക്കുന്നത്.
ശങ്കർ ഒരാനയാണ്. ഇന്ത്യനല്ല. ആഫ്രിക്കൻ ആന. അതു തന്നെയാണു വർഷങ്ങളായി ഇന്ത്യയിലുള്ള ശങ്കറിന്റെ പ്രശ്നവും. മുൻ രാഷ്ട്രപതി ശങ്കർ ദയാൽ ശർമയുടെ പേരിൽ ഇന്ത്യയിലെത്തിയ ‘ശങ്കറിന്’ ഇന്ത്യയിൽ ഇപ്പോൾ ആരുമില്ല. ശങ്കറിന്റെ ശബ്ദമായി മാറിയ നികിത ധവാനെന്ന സ്കൂൾ കുട്ടിയിലൂടെയാണ് അവന്റെ ദൈന്യത ലോകം കേൾക്കുന്നത്.
ശങ്കർ ഒരാനയാണ്. ഇന്ത്യനല്ല. ആഫ്രിക്കൻ ആന. അതു തന്നെയാണു വർഷങ്ങളായി ഇന്ത്യയിലുള്ള ശങ്കറിന്റെ പ്രശ്നവും. മുൻ രാഷ്ട്രപതി ശങ്കർ ദയാൽ ശർമയുടെ പേരിൽ ഇന്ത്യയിലെത്തിയ ‘ശങ്കറിന്’ ഇന്ത്യയിൽ ഇപ്പോൾ ആരുമില്ല. ശങ്കറിന്റെ ശബ്ദമായി മാറിയ നികിത ധവാനെന്ന സ്കൂൾ കുട്ടിയിലൂടെയാണ് അവന്റെ ദൈന്യത ലോകം കേൾക്കുന്നത്.
ശങ്കർ ഒരാനയാണ്. ഇന്ത്യനല്ല. ആഫ്രിക്കൻ ആന. അതു തന്നെയാണു വർഷങ്ങളായി ഇന്ത്യയിലുള്ള ശങ്കറിന്റെ പ്രശ്നവും. മുൻ രാഷ്ട്രപതി ശങ്കർ ദയാൽ ശർമയുടെ പേരിൽ ഇന്ത്യയിലെത്തിയ ‘ശങ്കറിന്’ ഇന്ത്യയിൽ ഇപ്പോൾ ആരുമില്ല. ശങ്കറിന്റെ ശബ്ദമായി മാറിയ നികിത ധവാനെന്ന സ്കൂൾ കുട്ടിയിലൂടെയാണ് അവന്റെ ദൈന്യത ലോകം കേൾക്കുന്നത്. കീഴ്മേൽ മറിഞ്ഞുപോയ ശങ്കറിന്റെ ജീവിതവും അവനു ആശ്വാസമേകാൻ നികിത നടത്തുന്ന പോരാട്ടവും സമാനതകളില്ലാത്തതാണ്.
ശങ്കർ വന്ന വഴി
നേരത്തെ സൂചിപ്പിച്ചതു പോലെ ശങ്കർ ദയാൽ ശർമയുടെ വിദേശ സന്ദർശനത്തിനിടെ സിംബാബ്‍വെയിൽ നിന്നു കിട്ടിയ നയതന്ത്ര സമ്മാനമായിരുന്നു ഈ ആഫ്രിക്കൻ ആന. അന്നവൻ നവജാത ആനയായിരുന്നു! ആഫ്രിക്കൻ സാഹചര്യങ്ങളിൽ രണ്ടുവർഷത്തോളം ജീവിച്ച ശേഷം 1998ലായിരുന്നു ഇന്ത്യയിലേക്കുള്ള വരവെന്നു വിവരാവകാശരേഖകൾ വ്യക്തമാക്കുന്നു. 26 മാസം പ്രായമുള്ളപ്പോൾ ഇന്ത്യയിലെത്തിയ ശങ്കറിനൊപ്പം ഏതാണ്ട് അത്ര തന്നെ പ്രായക്കാരിയായ ഒരു പിടിയാനയുമുണ്ടായിരുന്നു. ഇന്ത്യയിലെത്തുമ്പോൾ രണ്ടാൾക്കും പേരുണ്ടായിരുന്നില്ല. കൊമ്പന്, ശങ്കർ ദയാൽ ശർമയുടെ തന്നെ പേരു കിട്ടി. പിടിയാനയ്ക്ക് അന്നത്തെ സിംബാബ്‌വെ അംബാസഡറുടെ ഭാര്യയുടെ പേര് ലഭിച്ചു–ബൊംബൈ! രാഷ്ട്രപതി ഭവൻ രണ്ടാളെയും കൈമാറിയതു ഡൽഹി നാഷനൽ സുവോളജിക്കൽ പാർക്കിലേക്കായിരുന്നു.
ശങ്കർ തനിച്ചാകുന്നു
ശങ്കറിനൊപ്പം ഇന്ത്യയിലേക്കു വന്ന, അവന്റെ ബാല്യകാലസഖിയായി ഒപ്പം നിന്ന ബൊംബൈയെന്ന പിടിയാന ചരിഞ്ഞതോടെ ശങ്കറിന്റെ ജീവിതം കീഴ്മേൽമറിഞ്ഞു. ബൊംബൈ ചരിഞ്ഞത് എന്നാണെന്നതിൽ വ്യക്തമായ മറുപടി നൽകാൻ ഡൽഹി മൃഗശാലയുടെ അധികൃതർക്കു കഴിയുന്നില്ല. 2002–2005 കാലത്തു രോഗബാധിതയായി മരിച്ചുവെന്നാണു പ്രതികരണം. മരണത്തിന്റെ വിശദ വിവരങ്ങളും ലഭ്യമല്ല. ഏതായാലും 2005 മുതൽ ശങ്കർ ഇവിടെ തനിച്ചാണ്.
അതു ചിരിയായിരുന്നില്ല !
ഡൽഹി മൃഗശാല സന്ദർശിച്ചിട്ടുള്ളവർ ഒരുപക്ഷേ, ശങ്കറിനെ കണ്ടിട്ടുണ്ടാകും. അവനെ പാർപ്പിച്ചിരിക്കുന്നതിനു കുറച്ചപ്പുറത്ത്, ആരെയും കൂസാതെ തലയുർത്തി നിൽക്കുന്ന രണ്ട് ഇന്ത്യൻ ആനകളുണ്ട്; രാജലക്ഷ്മിയും ഹിരയും. കാഴ്ചക്കാർ എത്ര ഒച്ചയെടുത്താലും കുലുക്കമില്ലാതെ അവർ നിൽക്കും. എന്നാൽ, ശങ്കർ അങ്ങനെയല്ല. ഇടയ്ക്കവൻ പിണക്കം അറിയിക്കാനെന്ന മട്ടിൽ പുറംതിരിഞ്ഞുനിൽക്കും. ചിലപ്പോൾ തിരിഞ്ഞൊരൊറ്റ നടത്തമാണ്. അതേ വേഗത്തിൽ തിരികെ വന്നെന്നും വരും. ശങ്കറിനായി പണികഴിപ്പിച്ചിട്ടുള്ള മൂന്നുമുറി താവളത്തിൽ ചുമരിൽ തുമ്പിക്കൈയും മുഖവും ഉരസി നിൽക്കും, കാലിട്ടിളക്കും. അസാധാരണമായി ചെവിയിളക്കും. കണ്ടു നിൽക്കുന്നവർ ശങ്കർ നൃത്തം ചവിട്ടുന്നുവെന്നു വിളിച്ചു പറയും.
എന്നാൽ, തുടർച്ചയായി ഇതേ പെരുമാറ്റം തുടരുന്നതു കടുത്ത മാനസിക പിരിമുറുക്കത്തിന്റെയോ ക്ഷീണത്തിന്റെയോ ഒക്കെ ലക്ഷണങ്ങളാകാമെന്നു വിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നു. ദിവസവും 17 മണിക്കൂർ ചങ്ങലയിലാണ്. ശങ്കറിനെ പാർപ്പിച്ചിരിക്കുന്നതിനു അടുത്ത് റെയിൽവേ ട്രാക്കുണ്ട്. അവിടെ നിന്നുള്ള ഒച്ച കേൾക്കുമ്പോഴുള്ള ബുദ്ധിമുട്ട് വേറെ. മൃഗശാലയുടെ കണക്കിൽ ഒരേക്കറിൽ കൂടുതൽ സ്ഥലം ശങ്കറിനുണ്ട്.
നികിത വിളി കേട്ടപ്പോൾ
മൃഗങ്ങളോടുള്ള ഇഷ്ടം മനസ്സിൽ സൂക്ഷിക്കുന്ന നികിത നിലവിൽ അമേരിക്കൻ എംബസി സ്കൂളിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്. പത്താംക്ലാസിൽ പഠിക്കുമ്പോൾ, മൃഗസംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ കഴിയുമോയെന്ന ചോദ്യവുമായി വേൾഡ് അനിമൽ പ്രൊട്ടക്‌ഷന്റെ ഇന്ത്യൻ സംഘത്തെ സമീപിച്ചിരുന്നു. അങ്ങനെ, പഠനത്തിനൊപ്പം മൃഗസംരക്ഷണ പ്രവർത്തനങ്ങളിൽ ഇന്റേൺഷിപ്പ് ചെയ്യുന്ന കാലത്താണ് സുബ്രതോ ഘോഷിനെ പരിചയപ്പെടുന്നത്. ശങ്കറിനെക്കുറിച്ചു ദീർഘകാലം ഗവേഷണം നടത്തിയ സുബ്രതോയിലൂടെയാണു ശങ്കറിന്റെ ജീവിതവും നികിതയ്ക്കു മുന്നിൽ തെളിഞ്ഞത്. നികിത മൃഗസംരക്ഷണത്തിനും അവയുടെ അവകാശത്തിനും വേണ്ടി കൂട്ടുകാരെ കൂട്ടി ‘യൂത്ത് ഫോർ അനിമൽസ്’ എന്ന പ്രചാരണപരിപാടിക്കും വെബ്സൈറ്റിനുമെല്ലാം തുടക്കമിട്ടു. മൃഗങ്ങളെ കൂട്ടിലിടുന്നതിനെതിരെ ശബ്ദമുയർത്തുക ഉൾപ്പെടെ ഇവർ മുന്നോട്ടുവച്ച ഒട്ടേറെ ലക്ഷ്യങ്ങളുണ്ടെങ്കിലും ശങ്കറിനെ മോചിപ്പിക്കണമെന്നതായി യൂത്ത് ഫോർ അനിമൽസ് ഏറ്റെടുത്ത പ്രധാന മുദ്രാവാക്യം.
ശങ്കറിന്റെ ശബ്ദമാകുന്നു
ശങ്കറിന് ആശ്വാസം പകരാൻ കഴിയുമെന്നു തോന്നിച്ചവർക്കെല്ലാം നികിത കത്തുകളെഴുതി. നാഷനൽ സുവോളജിക്കൽ പാർക്കിനു നിവേദനം നൽകി. വിവരാവകാശം വഴി ശേഖരിച്ച വിവരങ്ങളുമായി ആവശ്യം നിരത്തി. ഒരു ഘട്ടത്തിൽ ശങ്കറിനായി ആഫ്രിക്കൻ ഇണയെ തേടുന്നുണ്ടെന്നും അല്ലെങ്കിൽ ശങ്കറിനെ തിരികെ ആഫ്രിക്കയിലേക്കു കൈമാറുമെന്നും മൃഗശാലയുടെ മുൻ ഡയറക്ടർ അറിയിച്ചിരുന്നു. ഡയറക്ടർ മാറിയപ്പോൾ ശങ്കറിന്റെ കാര്യവും അനിശ്ചിതത്വത്തിലായി. നികിത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വനംപരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവിനും നിവേദനം നൽകി. പ്രതീക്ഷിച്ച ഫലമുണ്ടായില്ല. ബന്ധപ്പെട്ടവർക്കു വിഷയം കൈമാറിയെന്നു മാത്രമായിരുന്നു മൃഗക്ഷേമ ബോർഡിൽ നിന്നുള്ള മറുപടി. ഇതിനിടെ, നികിതയുടെ ഇടപെടലുകൾക്ക് രാജ്യാന്തര സംഘടനകളിൽ നിന്നുൾപ്പെടെ പിന്തുണ ലഭിച്ചു. പൊതുതാൽപര്യമുള്ള വിഷയങ്ങൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനുള്ള ‘change.org എന്ന പോർട്ടലിൽ നികിത ശങ്കറിന്റെ വിഷയം അവതരിപ്പിച്ചപ്പോൾ രണ്ടു ലക്ഷത്തോളം പേരാണു പിന്തുണച്ചത്.
മൈസൂരുവിലെ ‘ആഫ്രിക്കൻ’
ശങ്കറിനു വേണ്ടിയുള്ള ഗവേഷണങ്ങൾക്കിടയിലാണു നികിത മൈസൂരു മൃഗശാലയിലെ റാംബോയെക്കുറിച്ചു കേൾക്കുന്നത്. നികിത അച്ഛൻ ഉദയ് ധവാനെയും അമ്മ അപർണയെയും കൂട്ടി നേരെ മൈസൂരു മൃഗശാലയിലേക്കു പോയി. വർഷങ്ങൾക്കു മുൻപ് അവിടെ എത്തിച്ച ആഫ്രിക്കൻ ആന ദമ്പതികളുടെ മകനാണു റാംബോ. 1994–ൽ മൈസൂരു മൃഗശാലയിൽ തന്നെയായിരുന്നു ജനനം. ഇവിടെ ജനിച്ചതും കൊണ്ടും കുട്ടിക്കാലം മുതലേ ഇന്ത്യൻ ആനകളുമായി കൂട്ടായതുകൊണ്ടും ശങ്കറിനെക്കാൾ കൂടുതൽ മെച്ചപ്പെട്ട സ്ഥിതിയിലാണ്.
മൈസൂരുവിൽ ഉള്ള റാംബോയെ ഡൽഹിയിൽ കൊണ്ടുവന്നാൽ ഇരുവർക്കും മിണ്ടാനും പറയാനും ആളാകുമല്ലോയെന്ന ചോദ്യങ്ങൾക്ക് അസാധ്യമെന്ന മറുപടിയാണ് അധികൃതരുടേത്. പ്രായം കൂടുതലായതിനാൽ മൈസൂരുവിൽ നിന്നു ഡൽഹിയിലേക്കുള്ള ദീർഘയാത്ര അവരെ കൂടുതൽ മാനസിക സംഘർഷത്തിലാക്കാനുള്ള സാധ്യതയുണ്ട്. ആഫ്രിക്കൻ ആനകൾ പൊതുവേ ഒറ്റയാൻ ജീവിതം സാധിക്കുന്നവരാണെന്ന ന്യായവും അവർ പറയുമെങ്കിലും അതു ശരിയല്ലെന്നു തെളിയിക്കുന്ന ഗവേഷണ പഠനങ്ങളുമുണ്ട്. ഇതിനിടെ റാംബോയ്ക്കു കൂട്ടുകാരിയെ കൊണ്ടുവരാനുള്ള ശ്രമം നടത്തുന്നതായി മൈസൂരു മൃഗശാല വിവരാവകാശ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
നികിതയും ‘ശങ്കറും’ കോടതിയിൽ
ശങ്കറിന്റെ വിഷയം ഡൽഹി ഹൈക്കോടതിക്കു മുന്നിൽ ഹർജിയായി നികിത അവതരിപ്പിച്ചു. ‘ശങ്കറിനു വേണ്ടി സുഹൃത്തായ നികിത നൽകുന്നത്’ എന്നു തുടങ്ങുന്ന 391 പേജ് ഹർജി, ഈ പെൺകുട്ടി ശങ്കറിനായി നടത്തുന്ന ഇടപെടലുകളുടെ നേർസാക്ഷ്യമാണ്. ശാസ്ത്രീയവും മെഡിക്കോ ലീഗൽ വശങ്ങളും പരിശോധിച്ചുള്ള പഠനം, നികിത അയച്ച കത്തുകൾ, മൃഗാരോഗ്യ വിദഗ്ധനെ ശങ്കറിനരികിൽ എത്തിച്ചു തയാറാക്കിയ പഠനറിപ്പോർട്ട് ഉൾപ്പെടെ ഉള്ളടക്കം ചെയ്ത സമഗ്രമായ ഹർജി. ശരിയായ ശരീരചലനത്തിലുള്ള സ്ഥലംപോലുമില്ലെന്നും മൃഗശാല ശങ്കറിന്റെ നൈസർഗിക ജീവിതം മുരടിപ്പിച്ചുവെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്.
വരുമോ, കൂട്ടിനൊരാൾ
ശങ്കറിനു കൂട്ടിനായി ഇതേ പ്രായക്കാരിയായ ഒരു പിടിയാനയെ എത്തിക്കാൻ കഴിയുമോയെന്ന സാധ്യത പരിശോധിക്കാനാണു നികിതയുടെ ഹർജി പരിഗണിച്ച ഡൽഹി ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. വലുപ്പവും മാനസികാവസ്ഥയും പരിഗണിച്ചു ശങ്കറിനെ മടക്കിവിടാൻ കഴിയില്ലെന്നും ശങ്കർ ഇന്ത്യയുടെ സ്വത്താണെന്നും കോടതി വ്യക്തമാക്കി. മൃഗശാലയിലെ അന്തരീക്ഷത്തിൽ നിന്നു വന്യജീവി സങ്കേതത്തിലേക്കോ ദേശീയ പാർക്കിലേക്കോ മാറ്റുന്ന കാര്യവും പരിഗണിക്കും. ഇതിനൊപ്പം ശങ്കറിന്റെ സ്ഥിതി മനസ്സിലാക്കാൻ വിശദ പരിശോധന നടത്തി കോടതിക്കു റിപ്പോർട്ട് നൽകാൻ കേന്ദ്ര മൃഗശാല അതോറിറ്റിക്കും മൃഗസംരക്ഷണ ബോർഡിനും നിർദേശമുണ്ട്. ആഫ്രിക്കൻ ആനകളുടെ കാര്യത്തിൽ വിദഗ്ധനായ ഒരാളെ എത്തിച്ചു വേണം പരിശോധനയെന്ന ആവശ്യമാണ് നികിത മുന്നോട്ടുവയ്ക്കുന്നത്. ഹർജി വീണ്ടും പരിഗണിക്കുന്ന ഓഗസ്റ്റ് 31നു ശങ്കറിന്റെ ഭാവി സംബന്ധിച്ച തീരുമാനമുണ്ടായേക്കാം.
നികിതയുടെ വീടിനു നേരെ മുന്നിലാണു സിംബാബ്‌വെയുടെ ഇന്ത്യൻ നയതന്ത്ര കാര്യാലയം. ആ വാതിലിലും മുട്ടിനോക്കി. എന്നാൽ, ഔദ്യോഗിക വഴികളിലൂടെയല്ലാതെ അതൊന്നും നടപ്പാകില്ലെന്ന തിരിച്ചറിവിൽ നികിതയും ഇതൊന്നുമറിയാതെ അസ്വസ്ഥമായ മനസ്സുമായി ശങ്കറും ഇപ്പോഴും ഡൽഹിയിൽ ഉണ്ട്. സ്വാതന്ത്ര്യത്തിന്റെ ഈ 75–ാം വർഷത്തിലെങ്കിലും ഈ ചങ്ങലക്കെട്ടിനു മോചനമുണ്ടാകുമോ?
മോദി തിരിച്ചു കൊടുത്ത കുതിര; ആ (ന) ‘സമ്മാനം’ ഇനി പറ്റില്ല !
പ്രധാനമന്ത്രിയായി ചുമതലയേറ്റ് ഒരുവർഷം കഴിഞ്ഞ്, മംഗോളിയയിൽ സന്ദർശനത്തിനെത്തിയ നരേന്ദ്ര മോദിയെ അവർ സ്വീകരിച്ചത് തവിട്ടുനിറമുള്ളൊരു കുതിരയെ സമ്മാനിച്ചാണ്. ഗൗതമ ബുദ്ധന്റെ കുതിരയുടെ അതേ പേരുള്ള (കാന്തക) ഒരു കുതിര. പക്ഷേ, മോദിക്ക് ഈ സമ്മാനം തിരിച്ചുകൊടുക്കേണ്ടി വന്നു. മൃഗങ്ങളെ നയതന്ത്ര സമ്മാനമായി നൽകുന്നതും വാങ്ങുന്നതും 2005ൽ ഇന്ത്യ അവസാനിപ്പിച്ചതു മൂലമാണു കുതിരയെ മടക്കേണ്ടി വന്നത്. വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഇടപെടലിനെ തുടർന്നു നയതന്ത്ര യാത്രകളിലെ പ്രോട്ടോക്കോളിൽ മാറ്റം വരുത്തുകയായിരുന്നു. ഇതുപ്രകാരം, മൃഗങ്ങളെ സമ്മാനമായി സ്വീകരിക്കാമെങ്കിലും ഇന്ത്യയിലേക്കു കൊണ്ടുവരാനാകില്ല.
2005നു മുൻപ്, ഇന്ത്യൻ ഭരണാധികാരികളുടെയെല്ലാം യാത്രയിൽ ഇത്തരം സമ്മാനങ്ങൾ പതിവായിരുന്നു. ഇന്ദിരാ ഗാന്ധിക്കും രാജീവ് ഗാന്ധിക്കും ഉൾപ്പെടെ മൃഗങ്ങളെ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്നു ചരിത്രം. പരിസ്ഥിതി മന്ത്രാലയത്തിന്റെ നിരോധനം വരുന്നതിനു ഏതാനും വർഷം മുൻപ് സൗദി അറേബ്യ സന്ദർശിച്ച അന്നത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രി ജസ്വന്ത് സിങ്ങിനു ലഭിച്ചത് രണ്ട് ആൺപെൺ കുതിരക്കുട്ടികളെയായിരുന്നു! ജസ്വന്ത് സിങ് ഈ അറേബ്യൻ കുതിരകളെ കൂടെ കൂട്ടി. മാത്രമല്ല, ഇന്ത്യയിൽ വച്ച് കുതിരകൾക്ക് ഒരു കുഞ്ഞും പിറന്നു. 2014–ൽ ജസ്വന്ത് സിങ് നൽകിയ തിരഞ്ഞെടുപ്പു സത്യവാങ്മൂലത്തിൽ ഈ 3 കുതിരകളെയും കുടുംബസ്വത്തായി ചേർത്തിട്ടുണ്ട്.
ജപ്പാന് ‘ഇന്ദിരയെ’ കൊടുത്ത നെഹ്റു !
ഒരു നാടിന്റെ പാരമ്പര്യവും സംസ്കാരവുമൊക്കെ പ്രതിഫലിപ്പിക്കുന്ന സമ്മാനങ്ങൾ കൈമാറുന്നത് അന്നും ഇന്നും നയതന്ത്ര ബന്ധങ്ങളിൽ പ്രധാനമാണ്. ഇന്ത്യൻ നേതാക്കൾക്കു ലഭിച്ച സമ്മാനങ്ങൾ മാത്രമല്ല, ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവാഹർ ലാൽ നെഹ്റു അങ്ങോട്ടു കൊടുത്ത സമ്മാനങ്ങളും നയതന്ത്ര സമ്മാന ചരിത്രത്തിലുണ്ട്. ‘പ്രിയപ്പെട്ട നെഹ്റു അങ്കിളിനോട്’ ഞങ്ങൾക്ക് ആനയെ നൽകാമോ എന്നു ചോദിച്ച ജപ്പാനിലെ കുട്ടികൾക്ക് കർണാടകയിൽ നിന്ന് ആനയെ കണ്ടെത്തി അയയ്ക്കുക മാത്രമല്ല, ആനയ്ക്ക് മകൾ ഇന്ദിരയുടെ പേരു നൽകുകയും ചെയ്തയാളാണ് നെഹ്റു. പിന്നീടു ജപ്പാൻ സന്ദർശിച്ചപ്പോൾ ടോക്കിയോയിലെ യേനോ മൃഗശാലയിൽ മകൾ ഇന്ദിരയെയും കൂട്ടി പോയി ‘ഇന്ദിരയെന്ന ആനയുടെ’ വിശേഷങ്ങൾ തിരക്കാനും നെഹ്റു ശ്രദ്ധിച്ചു. ഇന്ത്യ–ജപ്പാൻ നയതന്ത്ര ബന്ധത്തിൽ ദീർഘകാല പങ്കുവഹിക്കാൻ ഈ ‘ഇന്ദിരയ്ക്കു’ കഴിഞ്ഞു. ജപ്പാനു മാത്രമല്ല, യുഎസ്, ജർമനി, കാനഡ, തുർക്കി തുടങ്ങി പല രാജ്യങ്ങൾക്കും നെഹ്റു ആനയെ സമ്മാനിച്ചിട്ടുണ്ട്.