പാട്ടിന്റെ ‘ഇഷ്ട’മിച്ചിറ
തൃശൂർ–ചാലക്കുടി പാതയിൽ മുരിങ്ങൂരിൽ നിന്നു നാലോ അഞ്ചോ ഉമ്പായിപ്പാട്ടിന്റെ ദൂരമേയുള്ളൂ മേലൂർ പൂലാനിയിലെ ‘കൃഷ്ണ’ എന്ന വീട്ടിലേക്ക്. അവിടെയാണ്, ഉമ്പായി പാടിപ്പൊലിപ്പിച്ച ഒട്ടേറെ ഗസലുകളുടെ രചയിതാവ്; 78–ാം വയസ്സിലും ഉള്ളാകെ പ്രണയാക്ഷരങ്ങൾ നിറച്ച കവി, പ്രദീപ് അഷ്ടമിച്ചിറ. ഗസലുകളും മലയാളം, ഇംഗ്ലിഷ് കവിതകളും സിനിമാ
തൃശൂർ–ചാലക്കുടി പാതയിൽ മുരിങ്ങൂരിൽ നിന്നു നാലോ അഞ്ചോ ഉമ്പായിപ്പാട്ടിന്റെ ദൂരമേയുള്ളൂ മേലൂർ പൂലാനിയിലെ ‘കൃഷ്ണ’ എന്ന വീട്ടിലേക്ക്. അവിടെയാണ്, ഉമ്പായി പാടിപ്പൊലിപ്പിച്ച ഒട്ടേറെ ഗസലുകളുടെ രചയിതാവ്; 78–ാം വയസ്സിലും ഉള്ളാകെ പ്രണയാക്ഷരങ്ങൾ നിറച്ച കവി, പ്രദീപ് അഷ്ടമിച്ചിറ. ഗസലുകളും മലയാളം, ഇംഗ്ലിഷ് കവിതകളും സിനിമാ
തൃശൂർ–ചാലക്കുടി പാതയിൽ മുരിങ്ങൂരിൽ നിന്നു നാലോ അഞ്ചോ ഉമ്പായിപ്പാട്ടിന്റെ ദൂരമേയുള്ളൂ മേലൂർ പൂലാനിയിലെ ‘കൃഷ്ണ’ എന്ന വീട്ടിലേക്ക്. അവിടെയാണ്, ഉമ്പായി പാടിപ്പൊലിപ്പിച്ച ഒട്ടേറെ ഗസലുകളുടെ രചയിതാവ്; 78–ാം വയസ്സിലും ഉള്ളാകെ പ്രണയാക്ഷരങ്ങൾ നിറച്ച കവി, പ്രദീപ് അഷ്ടമിച്ചിറ. ഗസലുകളും മലയാളം, ഇംഗ്ലിഷ് കവിതകളും സിനിമാ
ഗസലുകളിലൂടെ സംഗീതാസ്വാദകരുടെ മനം കവർന്ന പ്രദീപ് അഷ്ടമിച്ചിറ പാട്ടെഴുത്തിൽ വീണ്ടും സജീവമാകുന്നു
തൃശൂർ–ചാലക്കുടി പാതയിൽ മുരിങ്ങൂരിൽ നിന്നു നാലോ അഞ്ചോ ഉമ്പായിപ്പാട്ടിന്റെ ദൂരമേയുള്ളൂ മേലൂർ പൂലാനിയിലെ ‘കൃഷ്ണ’ എന്ന വീട്ടിലേക്ക്. അവിടെയാണ്, ഉമ്പായി പാടിപ്പൊലിപ്പിച്ച ഒട്ടേറെ ഗസലുകളുടെ രചയിതാവ്; 78–ാം വയസ്സിലും ഉള്ളാകെ പ്രണയാക്ഷരങ്ങൾ നിറച്ച കവി, പ്രദീപ് അഷ്ടമിച്ചിറ. ഗസലുകളും മലയാളം, ഇംഗ്ലിഷ് കവിതകളും സിനിമാ ഗാനങ്ങളുമടക്കം മനസ്സു തൊടുന്ന വരികളെഴുതിയ പ്രദീപ് തന്റെ ജീവിതത്തെപ്പറ്റി, വരികളെപ്പറ്റി, വന്ന വഴികളെപ്പറ്റി പറയുമ്പോൾ ഹൃദയത്തോടു ചേർത്തുനിർത്താൻ തോന്നുന്നൊരിഷ്ടത്തിന്റെ താളമുണ്ട് ഓരോ വാക്കിലും.
മലയാളികളുടെ ഹരമാണ് ഉമ്പായി സംഗീതം നൽകി പാടിയ ഗസലുകൾ. മലയാളത്തിൽ ജനപ്രിയമല്ലാതിരുന്ന ഗസൽ ഗാനശാഖയെ പ്രിയങ്കരമാക്കിയതിനു പിന്നിൽ ഉമ്പായിയുടെ സ്വരവും പ്രദീപ് അഷ്ടമിച്ചിറയുടെ വരികളും വഹിച്ച പങ്ക് വളരെ വലുതാണ്. ഉമ്പായിയുടെ മരണത്തോടെ ഗസലിൽ നിശ്ശബ്ദനായ പ്രദീപ് വീണ്ടും എഴുത്തിന്റെ വഴികളിലേക്കു തിരിച്ചെത്തുകയാണ്. ഉമ്പായി മരിച്ചതിനു ശേഷമുള്ള രണ്ടു വർഷക്കാലം പ്രദീപിന് അടക്കാനാകാത്ത വേദനയുടെ ദിനങ്ങളായിരുന്നു. എപ്പോഴും കൂടെയുണ്ടായിരുന്നൊരാൾ യാത്ര പറഞ്ഞത് ഉൾക്കൊള്ളാനായില്ല. അതുകൊണ്ടുതന്നെ മരിച്ചു കിടക്കുന്ന ഉമ്പായിയെ കാണാൻ പോയതേയില്ല. ‘ഉള്ളിലുള്ളത് ആ ചിരിക്കുന്ന മുഖവും ഗംഭീര ശബ്ദവും സ്നേഹപൂർണമായ ഇടപഴകലുമാണ്. അതുമതി’ – പ്രദീപിന്റെ വാക്കിലുണ്ട് ആ വിയോഗത്തിന്റെ വിങ്ങൽ. ചെറിയ തോതിൽ മറവിരോഗവും ബാധിച്ചുതുടങ്ങിയതോടെ എഴുത്തിന്റെ വഴികൾ മങ്ങിയെങ്കിലും വായനയിലൂടെയും സൗഹൃദങ്ങളിലൂടെയും സിദ്ധികളെല്ലാം തിരിച്ചുപിടിച്ച പ്രദീപ് ആ സ്നേഹബന്ധങ്ങളുടെ തുടർച്ച പോലെ ഉമ്പായിയുടെ ഒരു ബന്ധുവിനായി വരികളെഴുതുകയാണിപ്പോൾ.
ഒരു നിളാതീരത്ത്, നാളേറെയായി നടയടച്ചിട്ടൊരീ, ഇവിടെയീ വാർതിങ്കളും ഞാനുമുറങ്ങാതെ, നിറകണ്ണുമായെന്റെ വാതിൽക്കലെത്തിയ, പിരിയുവാൻ നേരത്ത് കാണുമെന്നാശിച്ച, ഒരു പൂ വിടർന്ന പോലെ, വിഷു കഴിഞ്ഞെങ്കിലും വിഷുപ്പക്ഷി പാടാത്ത... തുടങ്ങി എത്രയെത്ര ഗസലുകളാണ് പ്രദീപിന്റെ വിരൽതുമ്പിൽനിന്ന് ശലഭങ്ങളായിപ്പറന്നത്. ഉമ്പായിയുമായി ചേർന്നു ചെയ്ത ഒരു മുഖം മാത്രം, ഇതുവരെ സഖീ നിന്നെ കാത്തിരുന്നു എന്നിവയടക്കമുള്ള ആൽബങ്ങളിലെ ഗസലുകളെല്ലാം പ്രണയികളുടെ സുവിശേഷങ്ങളായിരുന്നു. ഈസ്റ്റ് കോസ്റ്റ് വിജയനൊപ്പം ചെയ്ത രണ്ട് ആൽബങ്ങളും ഒരുപാട് ആസ്വാദകരെ നേടി. അർച്ചനപ്പൂക്കൾ, ഭാരതീനഗർ മേയ് 9, സുന്ദരിക്കാക്ക, ഇരിക്കൂ എംഡി അകത്തുണ്ട് എന്നീ സിനിമകളിലെ ഗാനങ്ങളും ഒട്ടേറെ ഭക്തിഗാനങ്ങളും എഴുതിയിട്ടുണ്ട് പ്രദീപ്. മൂന്ന് ഇംഗ്ലിഷ് സമാഹാരങ്ങൾ ഉൾപ്പെടെ 9 പുസ്തകങ്ങളുടെ രചയിതാവുമാണ്.
കേച്ചേരി വഴി ഉമ്പായി
ഉമ്പായിയുമായുള്ള കൂട്ടുകെട്ടാണ് എഴുത്തിന്റെ വഴിയിൽ പ്രദീപിനെ നിള പോലൊഴുക്കിയത്. ഉമ്പായി ചെയ്യുന്ന ആൽബത്തിനായി യൂസഫലി കേച്ചേരിയുടെ ഒന്നോ രണ്ടോ പാട്ടുകൾ വാങ്ങാൻ പോയ ഒരു യാത്രയ്ക്കു ശേഷമാണ് താൻ ഗസലെഴുത്തുകാരനായതെന്ന് പ്രദീപ്. ജൂബിലി ഓഡിയോസിന്റെ സ്റ്റാൻലിയാണ് ഉമ്പായിയെ പരിചയപ്പെടുത്തിയത്. 50,000 രൂപ മുടക്കി ആൽബം ചെയ്യാനുള്ള തയാറെടുപ്പോടെ കേച്ചേരിയിലെ വീട്ടിലെത്തിയ ഉമ്പായിയെയും പ്രദീപിനെയും യൂസഫലി സ്വീകരിച്ചിരുത്തി. കത്തിനിൽക്കുകയാണ് യൂസഫലിയും അദ്ദേഹത്തിന്റെ പാട്ടുകളും.
താനൊരു പാട്ടു മാത്രമായി ചെയ്യില്ലെന്നും മുഴുവൻ പാട്ടുകളുമാണെങ്കിൽ നോക്കാമെന്നുമുള്ള മറുപടിയിൽ ഇരുവരും ഹതാശരായി. അന്നത്തെ സാഹചര്യത്തിൽ യൂസഫലിയുടെ മുഴുവൻ പാട്ടുകൾക്കുമുള്ള പ്രതിഫലം അവർക്കു താങ്ങാൻ പറ്റുന്നതായിരുന്നില്ല. കവിത ചെറുപ്പം മുതലേ കയ്യിലുള്ള പ്രദീപ് ഉമ്പായിയോടു പറഞ്ഞു; ഞാനെഴുതിനോക്കാം. ആ ആത്മവിശ്വാസത്തിന്റെ ഫലമായിരുന്നു, ‘ഒരു മുഖം മാത്രം’ എന്ന ആൽബം. ‘ഒരു നിളാതീരത്ത്’ ഉൾപ്പെടെ പാട്ടുകളെല്ലാം ഹിറ്റായി. അക്കാലത്ത് കൊച്ചി താജ് ഹോട്ടലിലെ ഒരു ചടങ്ങിൽ ഗസൽ പ്രേമിയായ ഒരു പെൺകുട്ടി പ്രദീപിനോടു ചോദിച്ചു; എന്താണു പ്രണയമെന്ന്? ലബനീസ് എഴുത്തുകാരൻ ഖലിൽ ജിബ്രാൻ പ്രണയത്തെക്കുറിച്ചെഴുതിയ വാക്കുകളായിരുന്നു മറുപടി.
‘ആകാശത്തെക്കാൾ ഉന്നതമായ, ആഴിയെക്കാൾ അഗാധമായ, ജീവിതത്തെക്കാൾ, കാലത്തെക്കാൾ, മരണത്തെക്കാൾ നിഗൂഢമായ എന്തോ ഉണ്ടെന്നു ഞാനറിയുന്നു. ഇന്നേവരെ അറിയാത്ത പലതും ഞാനിപ്പോൾ അറിയുന്നു. അതാണു പ്രണയം.’– ജിബ്രാൻ ഈ പറഞ്ഞതിനപ്പുറം പ്രണയത്തെ നിർവചിക്കാൻ തനിക്കിപ്പോഴും ആവില്ലെന്നു പ്രദീപ്.
കവിതയെഴുത്തിൽ പ്രിയം ഇംഗ്ലിഷിനോടായിരുന്നു. കവിതകൾ മാധവിക്കുട്ടിക്ക് അയച്ചുനോക്കൂ എന്നു പറഞ്ഞത് സുഹൃത്താണ്. അയച്ചെങ്കിലും മറുപടിയൊന്നും കിട്ടിയില്ല. ആ വാശിയിലാണു ബ്രിട്ടിഷ് പ്രധാനമന്ത്രിയായിരുന്ന മാർഗരറ്റ് താച്ചർക്കു കവിത അയച്ചുകൊടുത്തത്. ഏറെ വൈകാതെ താച്ചറിന്റെ അഭിനന്ദനക്കത്തു കിട്ടിയത് മനസ്സിൽ ചില്ലിട്ടുവച്ചിട്ടുണ്ട് കവി. അതൊരു വലിയ പ്രോത്സാഹനമായിരുന്നു. ഇംഗ്ലിഷിനോടുള്ള ഇഷ്ടം കൊണ്ട് ഇപ്പോഴും കുട്ടികൾക്ക് ഇംഗ്ലിഷ് ക്ലാസ്സുകളെടുക്കാറുമുണ്ട്.
പ്രദീപ് എഴുതിത്തുടങ്ങുമ്പോൾ മലയാളികൾക്ക് അത്ര പരിചിതമായ ഒന്നായിരുന്നില്ല ഗസൽ. ഗുലാം അലിയുടെയും മെഹ്ദി ഹസന്റെയും പാട്ടുകൾ കേട്ടാണു തനിക്കു ഗസലിഷ്ടം തുടങ്ങിയതെന്നു പ്രദീപ് പറയുന്നു. ഹിന്ദി വരികളുടെ അർഥം അറിയില്ലായിരുന്നെങ്കിലും ആസ്വദിച്ചു കേട്ടു. ഒഎൻവിയും സച്ചിദാനന്ദനും യൂസഫലിയുമൊക്കെ പരീക്ഷിച്ച ഗസലെഴുത്തിൽ പ്രദീപ് ഇടം നേടിയത് വളരെപ്പെട്ടെന്നാണ്. എന്നിട്ടും സിനിമകളിൽ പാട്ടെഴുത്തുകാരനായി തുടരാൻ കഴിഞ്ഞില്ല. ഏതാനും സിനിമകൾ കൊണ്ടുതന്നെ തന്റെ മേഖല അതല്ലെന്നു മനസ്സിലായി. ഗസലുകളും കവിതകളുമാണ് വഴിയെന്നും അതിലാണു തൃപ്തിയെന്നും തിരിച്ചറിഞ്ഞതോടെ സിനിമകളോടുള്ള ബന്ധം വിട്ടു– പ്രദീപിന്റെ വാക്കുകളിൽ തെല്ലും നഷ്ടബോധമില്ല. ഫാദർ ഡാമിയന്റെയും മദർ തെരേസയുടെയും ജീവിതം ഒരുപാട് പ്രചോദിപ്പിച്ചിട്ടുണ്ട്. മദർ തെരേസ തൃശൂരിലെത്തിയപ്പോൾ നേരിട്ടു കാണാനുള്ള അവസരം ഏറെ പണിപ്പെട്ടാണു നേടിയെടുത്തത്. മദറിനെക്കുറിച്ചെഴുതിയ കവിത സമ്മാനിക്കാനായത് ഇപ്പോഴും സന്തോഷം നിറയ്ക്കുന്നൊരോർമയും.
മാളയ്ക്കടുത്ത് അഷ്ടമിച്ചിറയാണ് പ്രദീപിന്റെ സ്വദേശം; അവിടെനിന്ന് ഏഴു വർഷം മുൻപാണ് പൂലാനിയിലെത്തിയത്. ചേച്ചി ശാരദയായിരുന്നു കുട്ടിക്കാലം മുതലേ മാതൃകാതാരം. കലാഭവൻ മണിയെയൊക്കെ പഠിപ്പിച്ചിട്ടുള്ള അധ്യാപികയാണവർ. ദാരിദ്ര്യത്തിന്റെ രാജാവായിരുന്നു അക്കാലത്തു താനെന്നു പ്രദീപ് ഓർത്തെടുക്കുന്നു. വായനയായിരുന്നു ഏക ആശ്വാസം. അതായിരുന്നു എഴുത്തിലേക്കുള്ള വഴിയായതും. നഴ്സിങ് സൂപ്രണ്ടായി വിരമിച്ച ജീജാഭായിയാണു ഭാര്യ. മക്കളിലൊരാൾ മനോജ് അയർലൻഡിലാണ്; അനൂപ് നാട്ടിലും.
ജിബ്രാന്റെ വലിയ ആരാധകനായ പ്രദീപ്, ജിബ്രാന്റെ പ്രണയത്തെക്കുറിച്ച് ആവർത്തിച്ചു പറയുന്നത് മനസ്സിൽ പ്രണയമുണ്ടെങ്കിലേ അക്ഷരങ്ങളിലും ആ പരിമളം പ്രസരിപ്പിക്കാനാകൂ എന്നോർമിപ്പിക്കാനാണ്. പതിഞ്ഞ ശബ്ദത്തിൽ പ്രദീപ് സ്വയം അടയാളപ്പെടുത്തുന്നു;
നീ വരുമെന്നോർത്തു വാടാതെ സൂക്ഷിച്ച
സ്നേഹോപഹാരങ്ങൾ ആർക്കു ചാർത്താൻ
ഇനി നോവുമീ തന്ത്രികൾ
ആരു കേൾക്കാൻ...
എവിടെയൊക്കെയോ, ആരുടെയൊക്കെയോ മനസ്സുകളിൽ തന്റെ വരികൾ പ്രണയാനുഭൂതി നിറയ്ക്കുന്നുണ്ടെന്ന ആത്മവിശ്വാസത്തോടെ കവി എഴുത്തു തുടരുകയാണ്.
English Summary: About Ghazal Lyricist Pradeep Ashtamichira