സഹനത്തിന്റെ സുന്ദരഗാനം; ഈണമാകുന്ന ജീവിതം
പൂജയുടെയും മാതാപിതാക്കളുടെയും ‘ജീവിതപുസ്തകം’ ഒന്നു മറിച്ചു നോക്കി. ഇല്ല, അശ്രുപൂജ എന്നൊരു വാക്ക് അതിലില്ല. കണ്ണീരല്ല, പാട്ടുപൂജയാണ് ഇവരുടെ കൊച്ചു ജീവിതം.ഒരു കച്ചേരി പാടുമ്പോൾ അതേതു വേദിയാണെന്നോ, ഏതു പാട്ടാണെന്നോ പൂജയ്ക്ക് അറിയില്ല. പാട്ടിനിടയ്ക്ക് സ്റ്റേജിൽ കിടക്കുന്നൊരു വസ്തു എടുത്തെന്നു
പൂജയുടെയും മാതാപിതാക്കളുടെയും ‘ജീവിതപുസ്തകം’ ഒന്നു മറിച്ചു നോക്കി. ഇല്ല, അശ്രുപൂജ എന്നൊരു വാക്ക് അതിലില്ല. കണ്ണീരല്ല, പാട്ടുപൂജയാണ് ഇവരുടെ കൊച്ചു ജീവിതം.ഒരു കച്ചേരി പാടുമ്പോൾ അതേതു വേദിയാണെന്നോ, ഏതു പാട്ടാണെന്നോ പൂജയ്ക്ക് അറിയില്ല. പാട്ടിനിടയ്ക്ക് സ്റ്റേജിൽ കിടക്കുന്നൊരു വസ്തു എടുത്തെന്നു
പൂജയുടെയും മാതാപിതാക്കളുടെയും ‘ജീവിതപുസ്തകം’ ഒന്നു മറിച്ചു നോക്കി. ഇല്ല, അശ്രുപൂജ എന്നൊരു വാക്ക് അതിലില്ല. കണ്ണീരല്ല, പാട്ടുപൂജയാണ് ഇവരുടെ കൊച്ചു ജീവിതം.ഒരു കച്ചേരി പാടുമ്പോൾ അതേതു വേദിയാണെന്നോ, ഏതു പാട്ടാണെന്നോ പൂജയ്ക്ക് അറിയില്ല. പാട്ടിനിടയ്ക്ക് സ്റ്റേജിൽ കിടക്കുന്നൊരു വസ്തു എടുത്തെന്നു
പൂജയുടെയും മാതാപിതാക്കളുടെയും ‘ജീവിതപുസ്തകം’ ഒന്നു മറിച്ചു നോക്കി. ഇല്ല, അശ്രുപൂജ എന്നൊരു വാക്ക് അതിലില്ല. കണ്ണീരല്ല, പാട്ടുപൂജയാണ് ഇവരുടെ കൊച്ചു ജീവിതം.
ഒരു കച്ചേരി പാടുമ്പോൾ അതേതു വേദിയാണെന്നോ, ഏതു പാട്ടാണെന്നോ പൂജയ്ക്ക് അറിയില്ല. പാട്ടിനിടയ്ക്ക് സ്റ്റേജിൽ കിടക്കുന്നൊരു വസ്തു എടുത്തെന്നു വരും. ചിലപ്പോൾ വസ്ത്രത്തിന്റെ അരികിൽ ഒരു കെട്ട് ഇടുകയും അഴിക്കുകയും ചെയ്തെന്നു വരും. പക്ഷേ, പാട്ടിന്റെ കാലത്തിലും താളത്തിലും അടുത്തവരി കൃത്യം വീണിരിക്കും. അതിനെ നമുക്കു പൂജയുടെ പാട്ടിസം എന്നു വിളിക്കാം.
പാട്ടു നന്നായി മോളേ, എന്നു പറയുന്നവരോട് ഒരു നന്ദിവാക്ക് പൂജ പറയാറില്ല. അതിനുള്ള സംസാരശേഷി പൂജയ്ക്കില്ല.
ഈണമില്ലാത്ത ജനനം
തൃശൂർ പാലസ് റോഡ് വൃന്ദാവൻ പാലസ് അപ്പാർട്മെന്റിലെ രമേശന്റെയും സുജാതയുടെയും മകൾ പൂജ 22 വർഷം മുൻപു ജനിച്ചു വീണപ്പോൾ ഒരു സാധാരണ കുട്ടി. ഒന്നര വയസ്സുവരെ എല്ലാവരെയും സന്തോഷിപ്പിച്ചവൾ. കടുത്തൊരു പനി വന്നു. പിന്നാലെ വാശി വന്നു, ഒറ്റയ്ക്കു മാറിയിരിക്കുന്ന സ്വഭാവം വന്നു, ഉറങ്ങാൻ മടി, എന്തെങ്കിലും കിട്ടുന്ന ഒരു വസ്തുവിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അതുവരെ പറഞ്ഞിരുന്ന വാക്കുകൾ പോലും കൈവിട്ടു പോയി. കാരണം കണ്ടെത്താത്ത കരച്ചിലുകളും അസ്വസ്ഥതയും ബാക്കിയായി. എല്ലാ ഓട്ടിസം കുട്ടികളുടെയും യാത്രാവഴിയിലൂടെ പൂജയുടെ മാതാപിതാക്കളുടെയും സഞ്ചാരം: മെഡിക്കൽ കോളജ് ടു നിംഹാൻസ് ബെംഗളൂരു.
അവിടെ അവളെ പരിശോധനകൾക്കു വിധേയമാക്കി. പക്ഷേ, ചികിത്സിച്ചില്ല, പകരം 29 ദിവസം മാതാപിതാക്കൾക്കു പരിശീലനം. ഒടുവിൽ അവരോടു ഡോക്ടർ പറഞ്ഞു: അവൾക്ക് ഓട്ടിസമാണ്. അവളല്ല, നിങ്ങളാണു മാറേണ്ടത്. ആജീവനാന്തകാലം അവൾക്കു നിങ്ങളുടെ സഹനം വേണ്ടിവരും. എന്തെങ്കിലുമൊരു മിടുക്ക്, കഴിവിന്റെ ഒരു തീപ്പൊരി എപ്പോഴെങ്കിലും അവളിൽ കാണും; ആ നിമിഷത്തിനു കാത്തിരിക്കുക.
അമ്മ സഹപാഠി
കുട്ടിയെ സ്പെഷൽ സ്കൂളിൽ വിടരുത്. പൊതുസ്ഥാപനത്തിൽ തന്നെ പഠിപ്പിക്കണം എന്നുകൂടി ഡോക്ടർ പറഞ്ഞു. ഏതെങ്കിലും സ്കൂളുകാർ സമ്മതിച്ചില്ലെങ്കിൽ ഞങ്ങളുടെ നമ്പർ കൊടുക്കൂ; ഞങ്ങൾ ഇടപെടാമെന്നു വാക്ക്. പൂജയിൽ ഈ പ്രശ്നം ആദ്യം കണ്ടെത്തിയ തൃശൂർ മെഡിക്കൽ കോളജിലെ ഡോ.അരുൺ കിഷോറും അതുതന്നെ പറഞ്ഞു.
തൃശൂർ മോഡൽ ഗേൾസ് സ്കൂളിൽ സാധാരണ ക്ലാസിൽ പൂജയെ ചേർത്തു. രാവിലെ അമ്മയും മകളും ഒരുമിച്ചാണ് സ്കൂളിൽ പോക്ക്. ഡിഗ്രി പാസായ അമ്മ വീണ്ടും ഒന്നാംക്ലാസിൽ ചേർന്നു!.പൂജയെ ക്ലാസ്മുറിയിലിരുത്തി അമ്മ സുജാത പുറത്തു ജനാലയ്ക്കരികിൽ കാത്തിരിക്കും. ഉച്ചയ്ക്കു ചോറ് നൽകും. ഇടയ്ക്കു കാരണമില്ലാതെ അവൾ കരഞ്ഞു നിലവിളിക്കാൻ തുടങ്ങും. അപ്പോഴൊക്കെ അമ്മ ഓടിയെത്തും. ഒന്നും രണ്ടും ദിവസമല്ല, പത്ത് പാസായി, പിന്നീട് വിഎച്ച്എസ്‌സി പഠനം പൂർത്തിയാകുന്നതുവരെ നീണ്ട 12 വർഷം. ആ ഡോക്ടർ പറഞ്ഞ ‘ നിധി ’ക്കുവേണ്ടി അമ്മയും അച്ഛനും തിരഞ്ഞുകൊണ്ടിരുന്നു. ഒരു മികവിന്റെ തീ. ഇല്ല, എളുപ്പമൊന്നും അതു കണ്ടുകിട്ടിയില്ല.
ആളിയെത്തിയ മൂളൽ
അമ്പലത്തിലെ പാട്ട് റിക്കാർഡ് അവസാനിക്കുമ്പോൾ ഒരു മൂളൽ. ടിവിയിലെ പരസ്യത്തിന്റെ ഒരംശം മൂളൽ... കരച്ചിലിന്റെയും അസ്വസ്ഥതയുടെയുമൊക്കെ ഇടവേളയിൽ പൂജ അതു ചെയ്യുന്നുണ്ടെന്നൊരു തോന്നൽ. പിന്നെ, പലപ്പോഴും ആ മൂളലിന് അച്ഛനും അമ്മയും കാത്തിരുന്നു. എപ്പോഴോ അവർ തിരിച്ചറിഞ്ഞു: ഇതല്ലേ, നിംഹാൻസിലെ ഡോക്ടർ പറഞ്ഞ നിധി. പാട്ട്, മികവിന്റെ തീ. സംസാരശേഷി കൂട്ടാൻ പലതരം ചികിത്സകൾ നടത്തിയിട്ടും ഒരു മാറ്റവുമില്ലാത്ത അവൾ പാട്ടുപാടുമോയെന്ന ചോദ്യത്തീയിൽ ഉത്തരം കരിഞ്ഞു. വയസ്സ് പത്ത്. അവളുടെ മൂളിപ്പാട്ട് പലപ്പോഴും വീടിന്റെ അകത്തളങ്ങളിൽ നിറഞ്ഞു. അതിൽ സംഗീതത്തിന്റെ ചില ഈണങ്ങളുണ്ടെന്ന് സുജാതയും രമേശും ഉറപ്പിച്ചു. പാട്ട് പഠിപ്പിക്കാൻ അധ്യാപകരെ തേടി.
ആ സമ്മതം മൂളൽ
ഏതു നേരവും കരഞ്ഞു നിലവിളിക്കാവുന്ന, അസ്വസ്ഥതകൾ പ്രകടിപ്പിക്കാവുന്ന, ഓട്ടിസം ബാധിതയായ ഒരു കുട്ടിയെ ശിഷ്യരുടെ നിരയിൽ ഇരുത്താൻ ഗുരുക്കന്മാർ ഭയന്നു. ആ വഴി അടയുകയാണെന്ന് അവർ കരുതി. ഒടുവിൽ കേട്ടൂ, പൂങ്കുന്നം ചക്കാമുക്കിൽ സംഗീത ക്ലാസ് നടത്തിയിരുന്ന ഡോ.കൃഷ്ണ ഗോപിനാഥ് എന്ന അധ്യാപികയുടെ സമ്മതം മൂളൽ. ആ മൂളലാണ് ഈ അച്ഛനുമമ്മയും അതുവരെ കേട്ട ഏറ്റവും മനോഹരമായ സംഗീതം. ക്ലാസിൽ ശ്രദ്ധിക്കില്ല, ഉറങ്ങിപ്പോകും. ചിലപ്പോൾ കരയും; വയലന്റാകും. തളരാതെ സുജാതയും അതുപോലുള്ള അമ്മമാരും അധ്യാപികയും കൂടെ ഇരുന്നു പാടും. മകൾ പാട്ടുപഠിക്കുന്നതിനെക്കാൾ തങ്ങൾക്കു സ്വയം കിട്ടുന്ന ആശ്വാസം മാത്രമാണ് ഇതിന്റെ ഗുണം എന്നു സുജാതയ്ക്കു തോന്നിപ്പോയ നിമിഷം. വീട്ടിലെത്തുമ്പോൾ പൂജ ക്ലാസിൽ കേട്ട പാട്ടു മൂളിത്തുടങ്ങി. അതായിരുന്നു പ്രതീക്ഷയുടെ ആദ്യത്തെ തിരിനാളം.
ഒരു ചെറുപുഞ്ചിരി
പാട്ടിന്റെ ബാലപാഠങ്ങൾ പഠിച്ചു തുടങ്ങിയപ്പോൾ പൂജയിൽ വലിയ മാറ്റങ്ങൾ കണ്ടുതുടങ്ങി. അടുത്ത ഘട്ടത്തിലേക്ക് മറ്റൊരു അധ്യാപിക എത്തി. തിരുവമ്പാടി അമ്പലത്തിനു സമീപം താമസിക്കുന്ന കല പരശുരാമൻ പൂജയെ വീട്ടിലെത്തി പഠിപ്പിക്കാൻ തയാറായി. വായ്പാട്ടിനൊപ്പം വീണ വായനയും കല പഠിപ്പിച്ചു തുടങ്ങി. പൂജയുടെ തലച്ചോറിൽ പാട്ടും വീണയും വലിയ മാറ്റങ്ങൾ വരുത്തുന്നത് തിരിച്ചറിഞ്ഞ് സുജാതയും രമേശും പുഞ്ചിരിച്ചു.; ഏറെ നാളുകൾക്കുശേഷം.
ആദ്യത്തെ പാട്ട്
നിംഹാൻസിൽ നിന്ന് ഇതേ ജീവിതരീതി ഡോക്ടറുടെ കുറിപ്പടിയായി കിട്ടിയ കുറെപ്പേരുണ്ടായിരുന്നു നാട്ടിൽ. പക്ഷേ, ഒറ്റയ്ക്കെന്തു ചെയ്യാൻ. ഓട്ടിസം സൊസൈറ്റി 2008ൽ ഇവരിൽ പലരും ചേർന്നു രൂപീകരിച്ചു. ചേർന്നത് വഴിയറിയാതെ നിന്നിരുന്ന 160 മാതാപിതാക്കൾ! നിംഹാൻസിൽ നിന്നു ഡോക്ടർമാരെ കൊണ്ടുവന്നു പരിശീലനം നൽകിത്തുടങ്ങി. വളർകാവിൽ ഒരു ട്രെയിനിങ് സെന്റർ തുടങ്ങി. ജൂബിലി മിഷൻ മെഡിക്കൽ കോളജിന്റെ സ്ഥാപക ഡയറക്ടർ ഫാ.ഡോ. ഫ്രാൻസിസ് ആലപ്പാട്ട് ആയിരുന്നു രക്ഷാധികാരി. അന്നു കണ്ണംകുളങ്ങര പള്ളിയിലെ വികാരി.
അച്ചൻ ഇടയ്ക്കു പൂജയെ കാണുമ്പോൾ പറയും: ഒരു പാട്ടു മൂളൂ.. കുട്ടീ. ഒരു ക്രിസ്മസ് രാത്രി കണ്ണൻകുളങ്ങര പള്ളിയിൽ വന്ന് അവളെക്കൊണ്ടൊരു പാട്ടുപാടിപ്പിക്കണമെന്ന് അച്ചൻ പറഞ്ഞപ്പോൾ അതൊരു വെല്ലുവിളിയായി ഏറ്റെടുത്തു.‘ ബാവായ്ക്കും പുത്രനും പരിശുദ്ധ റൂഹായ്ക്കും ’ എന്ന പാട്ട് പലതവണ അവൾ കേൾക്കാവുന്ന രീതിയിൽ വീട്ടിൽ ഉച്ചത്തിൽ വച്ചു. പിന്നെ കരോക്കെ കേൾപ്പിച്ചു. അവൾ അറിയാതെ അവളുടെ ഉള്ളിൽ ആ പാട്ട് കയറിക്കൂടി.
ആ ദിനം വന്നു. അവൾ പാടി. ശ്രുതി പലവഴിക്കു പോയെങ്കിലും താളവും വരിയും തെറ്റാതെ. ഒരു വാചകം പൂർണമായി പറയാൻ കഴിയാത്തവൾ ആ പാട്ടുമുഴുവൻ പാടിയതു കണ്ടപ്പോൾ അച്ഛനും അമ്മയും വിതുമ്പലടക്കി. പക്ഷേ, അത് കയ്യടിയിൽ മുങ്ങിപ്പോയി. സദസിൽ നിന്നൊരാൾ വന്നു: ‘ എന്റെ മകളുടെ കല്യാണമാണ്. ആ വേദിയിൽ ഇവൾ വന്ന് ഇതേ പാട്ടൊന്നു പാടണം.’ പൂജയുടെ പാട്ടിസത്തിന് കിട്ടിയ ആദ്യ ബുക്കിങ്!
പാട്ടിന്റെ ചേതന
റസിഡന്റ്സ് അസോസിയേഷനിലും സ്കൂൾ പരിപാടിയിലുമൊക്കെ പാട്ടുകൾ പാടാൻ അവസരം കിട്ടിത്തുടങ്ങി. ഒരു പാട്ടുപഠിപ്പിക്കാൻ ആറുമാസം വേണമെന്നതിനാൽ വർഷത്തിൽ ഒന്നോ രണ്ടോ വേദി. സ്വരത്തിൽ ഒരു വിള്ളൽ ഉണ്ടെന്നു കണ്ടതോടെ ഒരു വോക്കോളജിസ്റ്റിന്റെ സഹായം തേടണമെന്ന ഉപദേശം കിട്ടി. എത്തിയത് തൃശൂർ ചേതന സംഗീത നാടക അക്കാദമിയിൽ. പാടുന്ന പാതിരി എന്നറിയപ്പെടുന്ന, വോക്കോളജിസ്റ്റ് കൂടിയായ ഫാ. പോൾ പൂവത്തിങ്കൽ അവരോടു പറഞ്ഞു: ശരിയാക്കാം, സംഗീതം തന്നെ അവളുടെ വഴി. മദ്രാസ് സർവകലാശാലയിൽ ബി.എ.ഡിഗ്രിക്കു ചേർക്കാം. എന്നാൽ ഞാനും ചേരട്ടേ, എന്നായി അമ്മ സുജാത. കാരണവും പറഞ്ഞു: അവളെ ഇതുവരെ ഒരു ക്ലാസിലും ഒറ്റയ്ക്കിരുത്തിയിട്ടില്ല. അങ്ങനെ അമ്മയും മകളും പാട്ടു ക്ലാസിനു ചേർന്നു. ദേശമംഗലം നാരായണനാണു ഗുരു. രണ്ടുമൂന്നു മാസത്തെ കഠിനശ്രമംകൊണ്ടു കുറച്ചു മെച്ചമുണ്ടായി.
പക്ഷേ, സംഗീതത്തിൽ ഡിഗ്രി പാസാകണമെങ്കിൽ സാധാരണ കുട്ടികളുടെ പഠനവേഗത്തിലേക്ക് എത്തണം. അതിനു കഴിയാതെ പൂജ വലഞ്ഞു. അച്ഛൻ രമേശ് ഈ ഘട്ടത്തിൽ ഏറ്റെടുത്തത് വലിയ സഹനമാണ്. സ്വകാര്യ കമ്പനിയിൽ ഉണ്ടായിരുന്ന ജോലിയിൽ നിന്ന് വിആർഎസ് എടുത്തു. ജോലി കഴിഞ്ഞെത്തിയശേഷം വൈകിട്ട് ആറുമണിയോടെ തൃശൂരിൽ നിന്നു പൂജയെ കൂട്ടി പുറപ്പെടും. ഇരുപതു കിലോമീറ്ററോളം അകലെ വടക്കാഞ്ചേരി ഓട്ടുപറയിൽ ഗുരുവിന്റെ വീട്ടിലെത്തി പ്രത്യേകം ക്ലാസ്. രാത്രി തിരിച്ചു വരും. അങ്ങനെ കഠിനമായ പരിശീലനത്തിനൊടുവിൽ 2018ൽ ബിരുദം പാസായി.
ഒറ്റയ്ക്കു പാടുന്ന പൂങ്കുയിൽ
ചേതനയിൽ ഏതു പരിപാടി നടന്നാലും പൂജയുടെ പാട്ട് നിർബന്ധം. ചേതനയുടെ വാർഷികത്തിൽ എസ്പി ബാലസുബ്രഹ്മണ്യം അടക്കമുള്ള മഹാന്മാർ പങ്കെടുത്ത വേദി. ഔസേപ്പച്ചൻ, ജെറി അമൽദേവ് തുടങ്ങി സംഗീതലോകത്തെ പ്രഗത്ഭർ വന്നു. ഔസേപ്പച്ചന്റെ മുന്നിൽ അദ്ദേഹത്തിന്റെ തന്നെ പാട്ട് പാടുമ്പോൾ 5000 പേരായിരുന്നു കാണികൾ.
‘ ഒറ്റയ്ക്കു പാടുന്ന പൂങ്കുയിലേ.. നിന്റെ ...
പട്ടുപോലുള്ളൊരാ പാട്ടിനുള്ളിൽ
എന്തിത്ര സങ്കടം ചൊല്ലാമോ..’
വേദിയിൽ അവളെ ചേർത്തു പിടിച്ച് വാക്കുകളില്ലാതെ നിന്നു ഔസേപ്പച്ചൻ.
കച്ചേരിയിലേക്ക് ഒരു കടൽ ദൂരം
ശാസ്ത്രീയ സംഗീതത്തിൽ ബിരുദം നേടി. പക്ഷേ, ഈ പഠനത്തിന്റെ പ്രയോഗം എങ്ങനെ?...
കച്ചേരി നടത്തണം എന്നായിരുന്നു ഫാ. പോൾ പൂവത്തിങ്കലിന്റെയും ഗുരു ദേശമംഗലം നാരായണന്റെയും നിർദേശം. അഞ്ചുമിനിറ്റു പോലും അടങ്ങിയിരിക്കാതെ അസ്വസ്ഥയാകുകയും കാരണം പറയാനാവാതെ കരയുകയും ചെയ്യുന്ന പൂജ എങ്ങനെ ഒരു മണിക്കൂർ നീളുന്ന കച്ചേരി പാടും. മൂന്നുമാസത്തെ അതികഠിന പരിശീലനം. ഒപ്പം എംഎ പഠനം.മൈക്ക് വച്ചും മൈക്ക് ഒഴിവാക്കിയും നടത്തിയ കച്ചേരികൾ. പലതും പലയിടത്തുവച്ചു മുറിഞ്ഞു.
2018 ഓഗസ്റ്റ് 11.ചേതനയിലെ വേദി. അരങ്ങേറ്റ കച്ചേരി. വേദിയിൽ സമ്പൂർണ പിന്നണി. നടുവിലിരിക്കുന്ന പൂജ. സദസിൽ പ്രഫ. ജോർജ് എസ്.പോൾ അടക്കം നാനൂറോളം പേർ. പാടിക്കൊണ്ടിരിക്കെ മറ്റെന്തിലേക്കെങ്കിലും ശ്രദ്ധ തിരിയും. നിലത്ത് എന്തെങ്കിലും കിടപ്പുണ്ടെങ്കിൽ അതു പെറുക്കിക്കളയും. കണ്ടാൽ ഒരു ശ്രദ്ധയുമില്ലാതെയുള്ള അലസമായ ഇരിപ്പ്. പക്ഷേ, താളം തെറ്റിക്കാതെ തിരികെ പാട്ടിലേക്കു കൈവീഴും, സ്വരവും.
അവളല്ല, അവളുടെ മനസ്സാണു പാടുന്നത്. നിർത്താതെ, തെറ്റാതെ ഒന്നേകാൽ മണിക്കൂർ നീണ്ട കച്ചേരി.
ആ സമയം, പൂജയ്ക്കല്ല, സദസ്സിലിരുന്ന അമ്മയും അച്ഛനും ഒരുവേള സംസാരം നഷ്ടപ്പെട്ടു പോയി. ഒരായുസുനീണ്ട കാത്തിരിപ്പും അധ്വാനവും പാട്ടായി കാതിലെത്തുമ്പോൾ വാക്കുകൾ നഷ്ടപ്പെടാതിരിക്കുവതെങ്ങനെ?
എംഎ, ഒരു ‘റെക്കോർഡ്’
പാടിക്കഴിഞ്ഞാൽ നാണത്തിൽ കുതിർന്നൊരു പുഞ്ചിരിയിലാണ് പൂജ ആ പാട്ട് അവസാനിപ്പിക്കുക. അതു കാണുമ്പോൾ തുടിക്കുന്ന രണ്ടു മനസുകളാണ് അവളുടെ അമ്മയും അച്ഛനും. ഇപ്പോൾ സിനിമപ്പാട്ടുകളും പാടി പഠിക്കുന്നുണ്ട് പൂജ. ഗുരു പ്രശസ്ത ഗായിക റീന മുരളി.
കച്ചേരിയാത്ര തൃശൂരിലെ പ്രധാന ക്ഷേത്രങ്ങളിലും രാമമംഗലം ഷഡ്കാല ഗോവിന്ദമാരാർ സ്മാരകസമിതിയിലും തിരുവനന്തപുരം മാജിക് പ്ലാനറ്റിലും നടത്തിക്കഴിഞ്ഞു. ഇനി കാത്തിരിക്കുന്നത് സംസ്ഥാനത്തിനു പുറത്തുള്ള ഒരവസരമാണ്. ചെന്നൈയിലെ ‘ മദ്രാസ് മാർഗഴി സംഗീതോത്സവം’.
പാടാമെന്നു വിചാരിച്ചാൽ.. ഒന്നും പാടല്ല. ഇപ്പോഴും ആദ്യം പഠിച്ച പാട്ടുമുതൽ എല്ലാം റിക്കോർഡ് ചെയ്ത് അച്ഛനും അമ്മയും സൂക്ഷിച്ചിട്ടുണ്ട്. അതിന് അവൾ തിരിച്ചു നൽകിയ സമ്മാനമാണ് സംഗീതത്തിൽ എംഎ ബിരുദം. 73% മാർക്കോടെ വൻ വിജയം.
പിന്നണിയിലൊരു ചോദ്യം
20 വർഷം പൂജയുടെയൊപ്പം ക്ലാസുകളിലിരുന്ന് ഒപ്പം പഠിച്ച അമ്മ പാട്ടു പാടുമോ?
ഇല്ല. ഏക മകളുടെ ജീവിതത്തിനു വേണ്ടി ഈ അമ്മയും അച്ഛനും പാടിയ ജീവിതഗാനം, അതല്ലേ, ലോകത്തെ ഏറ്റവും മികച്ച യുഗ്മഗാനം? സന്തോഷത്തിന്റെ പാട്ടിസം!
Content Highlight: Life of Pooja, The autistic musician