സാഞ്ചിമലയിലെ വൈശാഖനിലാവിൽ...
ശ്രീബുദ്ധന്റെ ജന്മദിനമായ ബുദ്ധപൂർണിമ മേയ് 5ന്. മധ്യപ്രദേശിലെ സാഞ്ചിയിലുള്ള ബുദ്ധസ്തൂപങ്ങളുടെ വിസ്മയങ്ങളിലൂടെ... ഇതു സാഞ്ചി. മധ്യേന്ത്യയിൽ വിന്ധ്യാപർവതത്തിന്റെ താഴ്‌വാരത്തെ കൊച്ചുപട്ടണം. സാഞ്ചിമലയുടെ മാനത്തു ബുദ്ധസ്മൃതിയുടെ വൈശാഖനിലാവുമായി അമ്പിളിയുണ്ട്.
ശ്രീബുദ്ധന്റെ ജന്മദിനമായ ബുദ്ധപൂർണിമ മേയ് 5ന്. മധ്യപ്രദേശിലെ സാഞ്ചിയിലുള്ള ബുദ്ധസ്തൂപങ്ങളുടെ വിസ്മയങ്ങളിലൂടെ... ഇതു സാഞ്ചി. മധ്യേന്ത്യയിൽ വിന്ധ്യാപർവതത്തിന്റെ താഴ്‌വാരത്തെ കൊച്ചുപട്ടണം. സാഞ്ചിമലയുടെ മാനത്തു ബുദ്ധസ്മൃതിയുടെ വൈശാഖനിലാവുമായി അമ്പിളിയുണ്ട്.
ശ്രീബുദ്ധന്റെ ജന്മദിനമായ ബുദ്ധപൂർണിമ മേയ് 5ന്. മധ്യപ്രദേശിലെ സാഞ്ചിയിലുള്ള ബുദ്ധസ്തൂപങ്ങളുടെ വിസ്മയങ്ങളിലൂടെ... ഇതു സാഞ്ചി. മധ്യേന്ത്യയിൽ വിന്ധ്യാപർവതത്തിന്റെ താഴ്‌വാരത്തെ കൊച്ചുപട്ടണം. സാഞ്ചിമലയുടെ മാനത്തു ബുദ്ധസ്മൃതിയുടെ വൈശാഖനിലാവുമായി അമ്പിളിയുണ്ട്.
"ദുഃഖം നിന്നിലാണ്. ദുഃഖകാരണവും നിന്നിലാണ്. ദുഃഖത്തിൽനിന്നു സന്തോഷത്തിലേക്കുള്ള വഴിയും നിന്നിൽത്തന്നെ.” - (ശ്രീബുദ്ധൻ)ഇതു സാഞ്ചി. മധ്യേന്ത്യയിൽ വിന്ധ്യാപർവതത്തിന്റെ താഴ്‌വാരത്തെ കൊച്ചുപട്ടണം. സാഞ്ചിമലയുടെ മാനത്തു ബുദ്ധസ്മൃതിയുടെ വൈശാഖനിലാവുമായി അമ്പിളിയുണ്ട്.
സഹസ്രാബ്ദങ്ങൾക്കു മുൻപൊരു വൈശാഖമാസത്തിലെ നറുനിലാവു പൊഴിക്കുന്ന വെളുത്ത വാവു ദിവസമായിരുന്നു സന്തോഷത്തിലേക്കുള്ള വഴി പറഞ്ഞുതന്ന സാക്ഷാൽ ശ്രീബുദ്ധന്റെ ജനനം. അതുകൊണ്ട് എല്ലാ കൊല്ലവും വൈശാഖമാസത്തിലെ വെളുത്ത വാവു ദിവസം ബുദ്ധപൂർണിമയായി ആചരിക്കുന്നു. ഇക്കൊല്ലത്തെ ബുദ്ധപൂർണിമ മേയ് 5നു വെള്ളിയാഴ്ചയാണ്.
ശ്രീബുദ്ധൻ ജനിച്ച ദിവസം എന്നതു മാത്രമല്ല ബുദ്ധപൂർണിമയുടെ പ്രാധാന്യം. നേപ്പാളിൽ ലുംബിനിയിലെ കപിലവസ്തുവിൽ പിറന്ന സിദ്ധാർഥ രാജകുമാരനു ബോധോദയമുണ്ടായി ശ്രീബുദ്ധനായതും ഏറ്റവുമൊടുവിൽ മഹാപരിനിർവാണം എന്ന അവസ്ഥയിൽ ലയിച്ചതും ഇതേ ദിവസമാണെന്നാണു വിശ്വാസം.
ബുദ്ധപൂർണിമയോട് അടുത്തുള്ള നാളുകളിൽ സാഞ്ചിയിലേക്കുള്ള യാത്ര തന്നെ സന്തോഷത്തിലേക്കുള്ള യാത്രയാണ്. ഭോപാലിൽ നിന്നു വിദിശ റൂട്ടിൽ ഉത്തരായനരേഖ കുറുകെ കടന്ന് ഝോല ഗ്രാമത്തിലെ വിശാലമായ പാടങ്ങളിലൂടെയായിരുന്നു ആ വിസ്മയയാത്ര. ശ്രീലങ്കയിലെ ബുദ്ധിസ്റ്റ് ഫെഡറേഷൻ ഓഫ് ശ്രീലങ്ക എന്ന സ്ഥാപനത്തിന്റെ കീഴിലുള്ള ബുദ്ധക്ഷേത്രമാണ് സ്തൂപകേന്ദ്രത്തിന്റെ കവാടത്തിൽ എത്തുന്നതിനു മുൻപേ നമ്മെ വരവേൽക്കുക.
കവാടം കടന്നുചെന്നാൽ, ശ്രീബുദ്ധന്റെയും അശോകന്റെയും ജീവിതകാലത്തെ നൂറുകണക്കിനു സംഭവങ്ങൾ സാഞ്ചിയിലെ സ്തൂപങ്ങളിലും മറ്റുമായി വിസ്മയശിൽപങ്ങളായി ഇന്നും കാണാം. ഇവയിൽ പലതും കാലപ്പഴക്കം കൊണ്ടും ശത്രുസൈന്യങ്ങളുടെ ആക്രമണങ്ങൾ കൊണ്ടും തകർന്നിട്ടുണ്ടെന്നു സാഞ്ചി സ്തൂപകേന്ദ്രത്തിലെ ജീവനക്കാരൻ രാകേഷ് ഠാക്കുർ പറഞ്ഞു.
സിദ്ധാർഥരാജകുമാരൻ ശ്രീബുദ്ധനായി
ക്രിസ്തുവിനു മുൻപ് 563നും 483നും ഇടയ്ക്കാണു ശ്രീബുദ്ധന്റെ ജീവിതകാലം എന്നാണു പൊതുവേ കരുതുന്നത്. നേപ്പാളിലെ ലുംബിനിക്കടുത്തു കപിലവസ്തുവിലെ ശുദ്ധോധന മഹാരാജാവിന്റെയും മായാദേവിയുടെയും മകനായി പിറന്ന സിദ്ധാർഥ രാജകുമാരനു രാജകീയ സൗഭാഗ്യങ്ങളോടൊന്നും താൽപര്യമില്ലായിരുന്നു. ചെറുപ്പത്തിൽത്തന്നെ യശോധരയുമായി വിവാഹം നടന്നു. രാഹുൽ എന്ന മകനുണ്ടായി. പക്ഷേ, ലോകത്തുള്ളവരുടെ ദുഃഖം ആ മനസ്സിനെ അലട്ടി. അങ്ങനെ, യുവതിയായ ഭാര്യയെയും മകനെയും അറിയിക്കാതെ രാജകുമാരൻ ലോകത്തെ ദുഃഖത്തിന്റെ കാരണം അന്വേഷിച്ചിറങ്ങുകയാണ്.
അങ്ങനെ ഇന്നത്തെ ബിഹാറിലെ ബോധ്ഗയയിലെത്തിയ സിദ്ധാർഥന് ആറു വർഷത്തെ മഹാതപസ്സിനു ശേഷം ബോധിവൃക്ഷച്ചുവട്ടിലെ ധ്യാനത്തിനിടെ ബോധോദയമുണ്ടാകുന്നു. അങ്ങനെ സിദ്ധാർഥ രാജകുമാരൻ ശ്രീബുദ്ധനായി. തുടർന്നു സാരനാഥിലെത്തി ബുദ്ധസന്യാസിസംഘം സ്ഥാപിച്ചു. അച്ഛൻ ശുദ്ധോധനരാജാവും പണ്ട് ഉപേക്ഷിച്ചുപോന്ന രാഹുൽ എന്ന മകനുമൊക്കെ പിന്നീട് ബുദ്ധസന്യാസിസംഘത്തിന്റെ ഭാഗമായി.
എൺപത്തൊന്നാംവയസ്സിൽ ഇന്നത്തെ യുപിയിലെ കുശിനഗറിൽ സാലവൃക്ഷച്ചുവട്ടിലിരുന്ന് ബുദ്ധൻ മഹാപരിനിർവാണം എന്ന അവസ്ഥയിൽ ലയിച്ചു എന്നാണു വിശ്വാസം.
അശോകചക്രവർത്തിയും സാഞ്ചിസ്തൂപവും
കുശിനഗറിൽത്തന്നെ ബുദ്ധദേവന്റെ ഭൗതികദേഹം സംസ്കരിച്ചു. എന്നാൽ പിന്നീടു പല രാജാക്കന്മാർ ബുദ്ധദേവന്റെ ഭൗതികാവശിഷ്ടത്തിനായി കലഹം തുടങ്ങി. ഒടുവിൽ മൗര്യവംശത്തിലെ മൂന്നാമത്തെ ചക്രവർത്തിയായ അശോകൻ ബുദ്ധദേവന്റെ ഭൗതികാവശിഷ്ടങ്ങളെല്ലാം ഏറ്റെടുത്ത് തന്റെ സാമ്രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ സംസ്കരിച്ച് ബുദ്ധമതപ്രചാരണത്തിനായി അവിടെയെല്ലാം സ്തൂപങ്ങളുണ്ടാക്കി. ഇന്ത്യയിലും വിദേശത്തുമായി പലയിടത്തും ബുദ്ധസ്തൂപങ്ങൾ ഉണ്ടെങ്കിലും അവയിൽ ഏറ്റവും പഴക്കം ചെന്നതും പ്രാധാന്യമേറിയതുമെന്നു കരുതുന്നതാണു മധ്യപ്രദേശിന്റെ തലസ്ഥാനനഗരമായ ഭോപാലിൽ നിന്ന് 46 കിലോമീറ്റർ അകലെ ബേത്വാ നദിക്കരയിലെ സാഞ്ചിയിലുള്ള സ്തൂപങ്ങൾ.
കലിംഗയുദ്ധത്തിൽ മനസ്സു നൊന്ത്...
ക്രിസ്തുവിനു മുൻപ് 268 മുതൽ 232 വരെ മൗര്യസാമ്രാജ്യം ഭരിച്ച അശോകചക്രവർത്തി അക്കാലത്താണു സാഞ്ചിയിലെ സ്തൂപങ്ങളുടെ ആദ്യഘട്ടം സ്ഥാപിച്ചത്. കലിംഗ യുദ്ധത്തിൽ ലക്ഷക്കണക്കിനു പേർ മരിച്ചുവീണതു കണ്ടു ഹൃദയംനൊന്ത അശോകചക്രവർത്തി, ഇനി മുതൽ യുദ്ധം ചെയ്യില്ലെന്നും ബുദ്ധമതപ്രചാരണത്തിനായി ശിഷ്ടജീവിതം മാറ്റിവയ്ക്കുമെന്നും പ്രതിജ്ഞ ചെയ്യുകയായിരുന്നു. അങ്ങനെ സാരനാഥിലും സാഞ്ചിയിലുമായി അശോകചക്രവർത്തി സ്ഥാപിച്ച അശോകസ്തംഭവും അശോകചക്രവുമാണ് ഇന്നും ഇന്ത്യയുടെ അഭിമാനസ്തംഭവും ധർമചിഹ്നവും.
അശോകചക്രവർത്തിയുടെ ഭാര്യ ദേവിയുടെ നാടു വിദിശയായിരുന്നു. അതുകൊണ്ടാണത്രേ ബുദ്ധസ്തൂപങ്ങൾ സ്ഥാപിക്കാൻ വിദിശയ്ക്കടുത്തുള്ള സാഞ്ചി തിരഞ്ഞെടുത്തത്.
സിംഹം ശൗര്യമുള്ളതോ ശൗര്യമില്ലാത്തതോ... ?
ന്യൂഡൽഹിയിൽ സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി പുതുതായി നിർമിക്കുന്ന പാർലമെന്റ് മന്ദിരത്തിനു മുകളിൽ സ്ഥാപിക്കാനായി ഉണ്ടാക്കിയ അശോകസ്തംഭത്തിലെ സിംഹങ്ങൾ ദേശീയചിഹ്നത്തിലെ സിംഹങ്ങളെക്കാൾ ശൗര്യം കൂട്ടി ഉണ്ടാക്കിയതായി ഈയിടെ വിവാദം ഉണ്ടായിരുന്നു. സാഞ്ചിയിലെയും സാരനാഥിലെയും അശോകസ്തംഭമാണ് ഇന്ത്യയുടെ ദേശീയചിഹ്നമായി സ്വീകരിച്ചിരിക്കുന്നത്.
കേസ് സുപ്രീം കോടതിയിലുമെത്തി. യഥാർഥ അശോകസ്തംഭത്തിലെ സിംഹത്തിന്റേതു പോലെത്തന്നെയാണു പുതിയ നിർമിതിയിലെ സിംഹവുമെന്നു പ്രഖ്യാപിച്ചു സുപ്രീം കോടതി കേസ് തള്ളുകയായിരുന്നു.
200ന്റെ നോട്ടിലുണ്ട് സാഞ്ചിസ്തൂപം
ഇന്നു പ്രചാരത്തിലുള്ള 200ന്റെ നോട്ടിന്റെ മറുപുറത്തുള്ളത് സാഞ്ചിയിലെ പ്രധാന സ്തൂപത്തിന്റെ കവാടചിത്രമാണ്. ഐക്യരാഷ്ട്രസംഘടനയുടെ കീഴിലുള്ള യുനെസ്കോ ലോകപൈതൃകപദ്ധതിയിൽ ഉൾപ്പെടുത്തി സംരക്ഷിക്കുന്ന സാഞ്ചിയിലെ സ്തൂപങ്ങൾ ഇന്ത്യയുടെ പ്രാചീനകാലചരിത്രം മുഴുവൻ ഉള്ളിലൊതുക്കുന്ന കരകൗശലവിസ്മയങ്ങളുടെ അമൂല്യനിധിയാണ്.
ആരും നോക്കാനില്ലാതെ ആയിരത്തോളം വർഷങ്ങൾ വിസ്മൃതിയിൽ കിടന്ന ഈ സ്തൂപങ്ങൾ വീണ്ടും ലോകത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത് 1818ൽ ജനറൽ ടെയ്‌ലർ എന്ന ബ്രിട്ടിഷുകാരന്റെ നേതൃത്വത്തിൽ നടന്ന പുരാവസ്തു ഗവേഷണ പ്രവർത്തനങ്ങളിലൂടെയാണ്.
സാഞ്ചിമലയുടെ നിറുകയിൽ
91 മീറ്റർ ഉയരമുള്ള സാഞ്ചിമലയുടെ ഒത്ത നിറുകയിലാണ് പ്രധാന ബുദ്ധസ്തൂപം. ശ്രീബുദ്ധന്റെ ഭൗതികാവശിഷ്ടങ്ങൾ കൊണ്ടുവന്നു സ്ഥാപിച്ച പ്രധാന സ്തൂപം ഉൾപ്പെടെ 51 സ്തൂപങ്ങൾ ഇവിടെയുണ്ട്.
അശോകചക്രവർത്തിയുടെ കാലത്ത് കളിമണ്ണു കൊണ്ടുള്ള ഇഷ്ടിക ഉപയോഗിച്ചാണു പ്രധാന സ്തൂപം നിർമിച്ചിരുന്നത്. എന്നാൽ പിന്നീട് സുംഗ രാജാക്കന്മാരുടെ കാലത്ത് സ്തൂപം കല്ലു കൊണ്ടുള്ളതാക്കി. അതുകഴിഞ്ഞ് ശതവാഹനരാജാക്കന്മാരുടെ കാലത്ത് നാലു ഭാഗത്തും തോരണം എന്ന പേരിലുള്ള കവാടങ്ങളും വേദികയും മറ്റുമുണ്ടാക്കി. സാഞ്ചിയിലെ പ്രധാന സ്തൂപത്തിന് 16.46 മീറ്റർ ഉയരവും 36.6 മീറ്റർ വ്യാസവുമുണ്ട്. മഹാസ്തൂപത്തിന്റെ വടക്കേ കവാടത്തിൽ ധർമചക്രം കൊത്തിവച്ചിരിക്കുന്നു.
പ്രധാന സ്തൂപം ഒഴികെ മറ്റെല്ലാ സ്തൂപങ്ങളിലുമുള്ളത് ശ്രീബുദ്ധന്റെ ശിഷ്യരായ സന്യാസിമാരുടെ ഭൗതികാവശിഷ്ടമാണ്.
ജീവിതകാലത്തു ശ്രീബുദ്ധൻ ഒരിക്കലും സാഞ്ചിയിൽ എത്തിയിട്ടില്ലെങ്കിലും അശോകചക്രവർത്തിയുടെ ശ്രമഫലമായി ഇവിടം ഇപ്പോൾ പ്രധാന ബുദ്ധമതകേന്ദ്രമാണ്.
അമൂർത്തം ബുദ്ധരൂപം
മകുടാകൃതിയിലുള്ള സ്തൂപങ്ങളുടെ നാലു ഭാഗത്തും തോരണം എന്ന പേരിലുള്ള കവാടങ്ങളുണ്ട്. ഈ കവാടങ്ങളിൽ ശ്രീബുദ്ധന്റെയും അശോകന്റെയും ജീവിതകാലത്തെ വിവിധ സംഭവങ്ങൾ സുന്ദരശിൽപങ്ങളായി കൊത്തിവച്ചിരിക്കുന്നു.
ഈ ശിൽപങ്ങളിൽ ശ്രീബുദ്ധനെ മനുഷ്യരൂപത്തിൽ ചിത്രീകരിക്കുന്നില്ല. ബോധിവൃക്ഷമായും ഛത്രം എന്ന കുടയായും ആനയായും ധർമചക്രമായുമൊക്കെയാണു ശ്രീബുദ്ധനെ അവതരിപ്പിക്കുന്നത്. വളരെ സങ്കീർണമായ സംഭവങ്ങളെയും വ്യക്തമായി അവതരിപ്പിച്ചിരിക്കുന്ന വിസ്മയകരമായ ഈ ശിൽപങ്ങൾ സഹസ്രാബ്ദങ്ങളുടെ കഥ പറയുന്നു.
English Summary : Sunday Special about buddha purnima