ഇടവേളകളില്ലാതെ ചിത്രഗീതം
ചെന്നൈയിലെ എവിഎം സ്റ്റുഡിയോയിൽ കെ.എസ്.ചിത്ര പാടുകയാണ്. പിന്നിൽ അച്ഛൻ കൃഷ്ണൻനായർ ഇരിക്കുന്നുണ്ട്. ചിത്ര ഇടയ്ക്കിടെ തിരിഞ്ഞു നോക്കിക്കൊണ്ടിരുന്നു. അർബുദം കൃഷ്ണൻനായരുടെ കവിളിനെ പിടികൂടിയ കാലം. മകൾ പാടാൻ പോകുമ്പോഴെല്ലാം
ചെന്നൈയിലെ എവിഎം സ്റ്റുഡിയോയിൽ കെ.എസ്.ചിത്ര പാടുകയാണ്. പിന്നിൽ അച്ഛൻ കൃഷ്ണൻനായർ ഇരിക്കുന്നുണ്ട്. ചിത്ര ഇടയ്ക്കിടെ തിരിഞ്ഞു നോക്കിക്കൊണ്ടിരുന്നു. അർബുദം കൃഷ്ണൻനായരുടെ കവിളിനെ പിടികൂടിയ കാലം. മകൾ പാടാൻ പോകുമ്പോഴെല്ലാം
ചെന്നൈയിലെ എവിഎം സ്റ്റുഡിയോയിൽ കെ.എസ്.ചിത്ര പാടുകയാണ്. പിന്നിൽ അച്ഛൻ കൃഷ്ണൻനായർ ഇരിക്കുന്നുണ്ട്. ചിത്ര ഇടയ്ക്കിടെ തിരിഞ്ഞു നോക്കിക്കൊണ്ടിരുന്നു. അർബുദം കൃഷ്ണൻനായരുടെ കവിളിനെ പിടികൂടിയ കാലം. മകൾ പാടാൻ പോകുമ്പോഴെല്ലാം
ചെന്നൈയിലെ എവിഎം സ്റ്റുഡിയോയിൽ കെ.എസ്.ചിത്ര പാടുകയാണ്. പിന്നിൽ അച്ഛൻ കൃഷ്ണൻനായർ ഇരിക്കുന്നുണ്ട്. ചിത്ര ഇടയ്ക്കിടെ തിരിഞ്ഞു നോക്കിക്കൊണ്ടിരുന്നു. അർബുദം കൃഷ്ണൻനായരുടെ കവിളിനെ പിടികൂടിയ കാലം. മകൾ പാടാൻ പോകുമ്പോഴെല്ലാം കൃഷ്ണൻ നായരാണു കൂടെ പോയിരുന്നത്. നേരം ൈവകുന്തോറും വേദനസംഹാരിയുടെ ശക്തി കുറഞ്ഞു വരികയാണ്. പാടിത്തീരുമ്പോഴേക്കും വേദന സഹിക്കാനാകാതെ കൃഷ്ണൻ നായർ തലകുനിച്ചിരുന്നു കരയുകയായിരുന്നു.
സ്റ്റുഡിയോയിൽ നിന്നു പുറത്തു വരുമ്പോൾ ചിത്ര പറഞ്ഞു, അച്ഛൻ ഇതുപോലെ വേദനിക്കുമ്പോൾ എനിക്ക് എവിടെയും പോയി പാടേണ്ട. നമുക്കു നാട്ടിലേക്കു തിരികെപ്പോകാം. ചിത്ര അച്ഛനുമായി നാട്ടിലേക്കു പോന്നു. പിന്നീടൊരിക്കലും അച്ഛൻ ചിത്രയ്ക്കൊപ്പം സ്റ്റുഡിയോയിലേക്കോ ഗാനമേളകളിലേക്കോ കൂട്ടിനു പോയിട്ടില്ല. വലിയൊരു യാത്രയുടെ അവസാനമായിരുന്നു അത്. പാട്ടു ക്ലാസുകളിലേക്കും കച്ചേരികളിലേക്കും മക്കളെ സ്കൂട്ടറിൽ കൂട്ടിക്കൊണ്ടുപോയ ഒരച്ഛന്റെ സഹയാത്രയുടെ അവസാനം.
ചെന്നൈ സാലിഗ്രാമിൽ വാടകയ്ക്കെടുത്ത ഒറ്റമുറി ഫ്ലാറ്റിൽ ചിത്ര ഒരു സഹായിയായ സ്ത്രീക്കൊപ്പം താമസിക്കാൻ തുടങ്ങി. ചിത്രയുടെ ചെന്നൈ ജീവിതം തുടങ്ങുന്നത് അങ്ങനെയാണ്. എത്രയോ വലിയവരെ പരിചയമുണ്ടായിട്ടും മക്കൾക്കു കഴിവുണ്ടെങ്കിൽ മാത്രം ഉയരട്ടെ എന്നു കരുതി ഗാനമേളകളുടെയും സംഗീത സദസ്സുകളുടെയും സ്റ്റുഡിയോകളുടെയും തിരക്കില്ലാത്ത പിൻനിരയിൽ മാറിനിന്ന അച്ഛനായിരുന്നു കൃഷ്ണൻനായർ. കെ.എസ്.ചിത്രയ്ക്ക് 60 വയസ്സു തികയുമ്പോൾ അച്ഛൻ കൃഷ്ണൻനായരും അമ്മ ശാന്തകുമാരിയും കൂടെയില്ല. രണ്ടു പേരും ആകാശ നീലിമയിലിരുന്ന് ഈ പാട്ടെല്ലാം കേൾക്കുന്നുണ്ടാകും. 60 തികയുമ്പോൾ ചിത്രയും ചേച്ചി കെ.എസ്. ബീനയും അനുജൻ കെ.എസ്. മഹേഷും ചിത്രയുടെ ജീവിതയാത്ര ഓർക്കുന്നു.
ചിത്ര: കുട്ടിക്കാലത്തേ ചേച്ചി ബീന പാട്ടു കമ്പക്കാരിയായിരുന്നു. പാട്ടുപാടി സമ്മാനം കിട്ടിയൊരു റേഡിയോ ഉണ്ടായിരുന്നു. മുഴുവൻ സമയവും അതു കൂടെക്കാണും. രാത്രി ഉറങ്ങുമ്പോൾ അതു തലയണയ്ക്കു സമീപംവച്ചു പാട്ടു കേട്ടു കേട്ടാണ് ചേച്ചി ഉറങ്ങിയിരുന്നത്. വീട്ടിൽ രണ്ടോ മൂന്നോ തലമുറയായി പലരും പാട്ടു പഠിച്ചിട്ടുണ്ട്. ഞങ്ങളുടെ തലമുറയിൽ ചേച്ചിയാണ് ആദ്യം പാട്ടു പഠിക്കാൻ പോയതും. ഹരിഹരൻ സാർ, മാവേലിക്കര പ്രഭാകരവർമ സാർ, ഓമനക്കുട്ടി ടീച്ചർ, സാവിത്രിയമ്മ, എം.ജി. രാധാകൃഷ്ണൻ ചേട്ടൻ എന്നിവരുടെ അടുത്തെല്ലാം ചേച്ചിയും ഞാനും പലപ്പോഴായി പാട്ടു പഠിച്ചു.
വൈകിട്ടു ഹാർമോണിയം വായിച്ചുകൊണ്ടു വീട്ടിൽ നാമം ജപിച്ചു ഭജൻ പാടും. അതായിരുന്നു പാട്ടിലേക്കുള്ള എന്റെ ആദ്യത്തെ വഴി. അച്ഛനും അമ്മയും പാട്ടു പഠിച്ചിട്ടില്ല. എന്നാൽ രണ്ടുപേരും നന്നായി പാടുമായിരുന്നു. അമ്മായിയും അപ്പൂപ്പനുമെല്ലാം പാട്ടു പഠിപ്പിച്ചിട്ടുണ്ട്. ചേച്ചി പഠിച്ചതു കൊണ്ടാണ് എനിക്കും പാട്ടു പരിചിതമായത്. ചേച്ചി ഇന്നും എന്നെക്കാൾ നന്നായി പാടും.
ബീന: എനിക്കു സദസ്സിനെയും ആളുകളെയും കണ്ടാൽ കുട്ടിക്കാലത്തേ പരിഭ്രമമാണ്. വീട്ടിലും ടീച്ചറുടെ അടുത്തുമെല്ലാം നന്നായി പാടും. പുറത്തു വന്നാൽ പേടിയാണ്. എനിക്കാണ് ആദ്യം സിനിമയിൽ പാടാൻ അവസരം കിട്ടിയത്. തകിലുകൊട്ടാമ്പുറം എന്ന സിനിമയിലാണത്. യേശുദാസിന്റെ കൂടെയാണു പാടേണ്ടിയിരുന്നത്. രണ്ടു ദിവസം മുൻപുതന്നെ ഞാൻ ഭക്ഷണം കഴിക്കുന്നതു നിർത്തി. ഉറങ്ങാതെയുമായി. അന്നു സ്റ്റുഡിയോയിൽ പാട്ടു റിക്കോർഡ് ചെയ്യുന്നതു കാണാൻ ചിത്രയും വന്നിരുന്നു. ചിത്ര ആദ്യമായി സ്റ്റുഡിയോയിലെത്തിയത് അന്നാകും. അന്നെനിക്കു തോന്നി, പാട്ട് ഒരു ജോലിയായി എടുക്കാൻ എനിക്കാകില്ലെന്ന്. നാലോ അഞ്ചോ സിനിമയിൽ പാടിയ ശേഷം ഞാൻ വിട്ടു.
ചിത്ര: തിരുവനന്തപുരം കിഴക്കേക്കോട്ട ഒറ്റത്തെരുവു ഗ്രാമത്തിൽ സാവിത്രയമ്മ എന്നൊരു സംഗീതജ്ഞയുണ്ടായിരുന്നു. അവർ പാട്ടു പഠിച്ചിട്ടില്ല. പക്ഷേ, ധാരാളം അപൂർവ രാഗങ്ങളിൽ ഭജൻ പാടും. ഞാനും ചേച്ചിയും അവരുടെ അടുത്തുനിന്നു ധാരാളം ഭജൻ പഠിച്ചിട്ടുണ്ട്. പാടിത്തുടങ്ങിയത് ആ ഭജൻസിലൂടെയാണ്. ഇന്നും ഞാനതു പാടുന്നു.
ബീന: കന്യാകുമാരിയിൽ മായിയമ്മ എന്നൊരു അവധൂതയുണ്ടായിരുന്നു. ഞങ്ങളുടെ മുത്തശ്ശിക്ക് അവരുമായി വലിയ അടുപ്പമായിരുന്നു. കടപ്പുറത്ത് അലഞ്ഞു നടക്കുന്നവരായിരുന്നു മായിയമ്മ. ഇടയ്ക്കു തിരകളിലേക്ക് ഇറങ്ങിപ്പോകും. കയ്യിലൊരു വടിയുണ്ടാകും. കൂടെ ധാരാളം പട്ടികളും. ഏതെങ്കിലും കൽമണ്ഡപത്തിലോ പാറയിലോ കിടന്നുറങ്ങും. ആരോടും സംസാരിക്കില്ല. കാര്യമായ വസ്ത്രമൊന്നും ധരിക്കില്ല. തെരുവു നായ്ക്കളുമായി ഭക്ഷണം പങ്കിട്ടു കഴിക്കും. മുത്തശ്ശി ഭക്ഷണവും വസ്ത്രവുമെല്ലാമായി ഞങ്ങളെയും കൂട്ടി അവരെ കാണാൻ പോകും. കുറെ നേരം അന്വേഷിച്ചാലാണു പലപ്പോഴും കണ്ടെത്തുക. ചിത്രയുടെയും മുത്തശ്ശിയുടെയും പിറന്നാൾ അടുത്തടുത്ത ദിവസങ്ങളിലാണ്. ഒരു പിറന്നാളിന് ഞങ്ങൾ മായിയമ്മയെ കാണാൻ പോയി. ഞങ്ങളോടു രണ്ടു പേരോടും മുത്തശ്ശി പാടാൻ പറഞ്ഞു. ഞങ്ങളുടെ അമ്മ എഴുതി ചിട്ടപ്പെടുത്തിയ കീർത്തനമായിരുന്നു അത്. മായിയമ്മ ഒരു കൽമണ്ഡപത്തിലിരുന്ന് അതു കേട്ടു. ചിത്ര ചെറിയ കുട്ടിയാണ്. അവളുടെ പാട്ടു കേട്ടപ്പോൾ കുറെ നേരം മുഖത്തു നോക്കിയിരുന്ന ശേഷം മായിയമ്മ പറഞ്ഞു, ‘ഗീത് കാ റാണി ’എന്ന്. അതിനു മുൻപോ ശേഷമോ മായിയമ്മ സംസാരിച്ചു കേട്ടിട്ടില്ല. പിന്നീടെപ്പോഴോ മായിയമ്മയെ കാണാതായി. എവിടെപ്പോയെന്ന് ആർക്കുമറിയില്ല. ചിത്രയെ പാട്ടുകാരി എന്നാദ്യം വിളിച്ചത് ആ അവധൂതയാണ്. അവരുടെ വാക്കുകൾ സത്യമായി. മായിയമ്മയുടെ തോളിലുണ്ടായിരുന്നൊരു മുണ്ട് മുത്തശ്ശി സൂക്ഷിച്ചിരുന്നു.
ചിത്ര: കുട്ടിക്കാലത്ത് എന്റെയും ചേച്ചിയുടെയും ജീവിതം പാട്ടുകളുടെ പിന്നാലെയായിരുന്നു. സ്കൂൾ, വീട്, ചൈൽഡ് വെൽഫെയർ സെന്റർ, ഉള്ളൂർ സ്മാരക വായനശാല തുടങ്ങിയ സ്ഥലത്തെല്ലാം പതിവായി കവിത ചൊല്ലാനും പഠിക്കാനും പാടാനും പോയിരുന്നു. അച്ഛനാണ് അവിടെയെല്ലാം കൊണ്ടുപോയിരുന്നത്. നെയ്യാറ്റിൻകരയിലേക്ക് ഒരിക്കൽ സ്കൂട്ടറിൽ ഞാനും അച്ഛനും ചേച്ചിയും അനുജനും കൂടി ദാസേട്ടന്റെ (യേശുദാസ്) ഗാനമേള കേൾക്കാൻ പോയത് ഓർമയുണ്ട്. പാട്ട് അച്ഛന് ലഹരിയായിരുന്നു. ഒരിക്കൽ സ്റ്റുഡിയോയിൽ ചേച്ചി പാടാൻ പോയപ്പോൾ ഒരു കുട്ടിയുടുപ്പുമിട്ടു ഞാനും കൂടെപ്പോയി. ഇറങ്ങിവന്ന ദാസേട്ടനോട് ആരോ പറഞ്ഞു, ബീനയുടെ അനുജത്തിയാണെന്ന്. എന്റെ മുടിയിൽ തലോടിക്കൊണ്ടു ദാസേട്ടൻ ചോദിച്ചു, ചേച്ചിയെപ്പോലെ പാടേണ്ട എന്ന്.
ബീന: എനിക്കോ ചിത്രയ്ക്കോ സിനിമയിൽ സ്ഥിരമായി പാടാനാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. സിനിമ ഞങ്ങൾക്ക് എത്താനാകാത്ത വലിയ ലോകമായാണു കണ്ടിരുന്നത്. അവിടെ പരിചയമുള്ള ആരുമില്ല, പരിചയപ്പെടുത്താനും ആളില്ല. എന്റെ ലക്ഷ്യം സംഗീതം പഠിച്ചൊരു സംഗീതാധ്യാപികയാവുക എന്നതായിരുന്നു. പഠിക്കുന്ന കാലത്തുതന്നെ എനിക്കു പരിഭ്രമമാണ്. പരീക്ഷയുടെ തലേ ദിവസം അച്ഛൻ കണക്കു പഠിച്ചോ എന്നു നോക്കും. ഒരു ചുക്കുമറിയാതെ ഞങ്ങൾ ഇരുന്നു വിയർക്കും. പേടിച്ചാൽ എനിക്കു വിക്ക് വരുമായിരുന്നു. പിന്നെ ഒന്നും ഓർമവരില്ല, ശരിക്കു സംസാരിക്കാനും പറ്റില്ല. പരീക്ഷയുടെ രണ്ടു ദിവസം മുൻപുള്ള അച്ഛന്റെ പഠിപ്പിക്കലിനു വിറച്ചു വിറച്ചാണു പോയിരുന്നത്. അച്ഛൻ ശാന്തമായി വഴക്കു പറയും. മാർക്കു കുറഞ്ഞാൽ അമ്മയുടെ അടി കിട്ടും. മൂന്നു പേർക്കും നന്നായി കിട്ടിയിട്ടുണ്ട്. അധ്യാപകരുടെ കുട്ടികൾ നന്നായി പഠിച്ചില്ലെങ്കിൽ രണ്ടടി കൂടുതലാണ്. പല അധ്യാപകരുടെയും കുട്ടികൾക്കും മെഡിസിനും എൻജിനീയറിങ്ങിനും പ്രവേശനം കിട്ടുമ്പോൾ പലരും ചോദിക്കും ടീച്ചറുടെ കുട്ടികൾ എന്തായി എന്ന്. വെടിമരുന്നിനു തീ കൊളുത്തിപ്പോകുന്നതു പോലെയായിരുന്നു അത്.
ചിത്ര: കുട്ടിക്കാലം എനിക്കും ചേച്ചിക്കും അനുജനും സമ്മാനിച്ച സ്നേഹമാണ് പിന്നീടെല്ലാ പ്രതിസന്ധിയിലും എന്നെ പിടിച്ചു നിർത്തിയത്. അനുജൻ വലിയ വികൃതിയായിരുന്നു. എന്നെയും ചേച്ചിയെയും ഉപദ്രവിക്കും. അവസാനം അടികൂടി ഞങ്ങൾ അവനെ ഉന്തി പുറത്താക്കി വാതിലടയ്ക്കും. മാറാല തട്ടുന്ന ചൂലിന്റെ വലിയ കമ്പു കൊണ്ട് പുറത്തുനിന്നു ജനലിലൂടെ അവൻ ഞങ്ങളെ കുത്തും. ഞങ്ങൾ അലറിക്കരയും. ഞങ്ങളുടെ പ്രിയപ്പെട്ട പട്ടിക്കുട്ടിയെ ഒരിക്കൽ അവൻ ചാണകക്കുഴിയിൽ മുക്കി ഞങ്ങളുടെ അടുത്തേക്കു വിട്ടു. അവനു പാട്ടിലല്ല വികൃതിയിലായിരുന്നു ശ്രദ്ധ. പക്ഷേ പെട്ടെന്ന് അവൻ വളരെ പാവമായി മാറി. ശബ്ദമുയർത്തി സംസാരിക്കുക പോലുമില്ല. ഇപ്പോൾ നൈജീരിയയിലാണ്. ഇവൻ എങ്ങനെ ഇതുപോലെയായി എന്നതു ഞങ്ങൾക്ക് അദ്ഭുതമാണ്. ഞങ്ങളുടെ പ്രയാസങ്ങളിലെല്ലാം പിന്നീടവൻ തണലായി നിന്നു.
മഹേഷ്: എന്നും ഇവർ രണ്ടുപേരും ഒരുമിച്ചാണു നിൽക്കുക. പക്ഷേ, ഞാനുണ്ടാക്കുന്ന എല്ലാ പരിപാടികളിലും ചീത്തയും അടിയും അവർക്കു കിട്ടും. ഒരിക്കൽ സൈക്കിൾ പഠിച്ചു കഴിഞ്ഞ ബീനച്ചേച്ചിയോടു ഞാൻ പറഞ്ഞു, റോഡിൽ ശരിക്കും വളയ്ക്കാൻ പഠിച്ചാലേ പുറത്തു പോകാനാകൂ എന്ന്. ഞാൻ പഠിപ്പിക്കാമെന്നേറ്റു. വീടിനടുത്തുള്ള റോഡിൽ വലിയൊരു കയറ്റമുണ്ട്. ഞാനും രണ്ടു ചേച്ചിമാരും കൂടി അവിടെപ്പോയി പഠിക്കാൻ തീരുമാനിച്ചു. കയറ്റത്തിനു മുകളിലെത്തി ചേച്ചി പിടിച്ചിരിക്കും മുൻപുതന്നെ ഞാൻ സൈക്കിൾ വിട്ടു. ബ്രേക്ക് പിടി, പിടി എന്നു വിളിച്ചു പറഞ്ഞുവെങ്കിലും ചേച്ചി മറന്നെന്നു തോന്നുന്നു. നേരെ പോയി ഒരു പോസ്റ്റിൽ ഇടിച്ചു ചേച്ചി കാനയിലേക്കു തെറിച്ചു വീണു. ശബ്ദം കേട്ട് എല്ലാവരും ഓടിയെത്തി. നോക്കുമ്പോൾ മുഖത്താകെ ചോര. നേരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. ഒരു പല്ല് വീണു പോയിട്ടുണ്ടെന്നും അതെടുത്തു കൊണ്ടു വന്നാൽ ഫിറ്റ് ചെയ്യാമെന്നും ഡോക്ടർ പറഞ്ഞു. രാത്രി ടോർച്ച് വെളിച്ചത്തിൽ ഞങ്ങൾ എല്ലാവരും കൂടി ആ പല്ല് കണ്ടെടുത്തു കൊണ്ടുപോയി. എത്രയോ കാലം ചേച്ചിക്ക് ആ പല്ലാണുണ്ടായിരുന്നത്.
ചിത്ര: ചേച്ചിയുടെ ഒരു പാട്ട് റിക്കോർഡ് ചെയ്യുന്ന സമയത്തു ചിത്രാഞ്ജലി സ്റ്റുഡിയോയിലേക്കു ഞാനും പോയി. ഒരു ഗ്രൂപ്പിൽ ഹമ്മിങ് പാടാൻ എന്നെയും വിളിച്ചു. ചേച്ചി നോക്കി നിൽക്കേ പാടിയ ആ ഹമ്മിങ്ങാണ് സ്റ്റുഡിയോയിൽ റിക്കോർഡ് ചെയ്ത എന്റെ ആദ്യ ശബ്ദം. കുമ്മാട്ടി എന്ന സിനിമയ്ക്കു വേണ്ടി വീണ്ടും ഗ്രൂപ്പിൽ പാടാൻ വിളിച്ചു. ആ സിനിമയുടെ പാട്ട് റിക്കോർഡ് ചെയ്തതു ഗുരു ഗോപിനാഥിന്റെ വീട്ടിലെ കളരിയിലാണ്. എം.ജി.രാധാകൃഷ്ണൻ ചേട്ടനാണു സംഗീതം. കിളികളുടെ ശബ്ദമെല്ലാം അവർക്കു സ്വാഭാവികമായി വേണമായിരുന്നു. അട്ടഹാസം എന്ന സിനിമയാണു പിന്നീടു പാടിയത്. ‘ചെല്ലം, ചെല്ലം’ എന്ന പാട്ട്. ആ പാട്ടു പുറത്തുവന്നില്ല.
1982–ൽ ഞാൻ ഏകനാണ് എന്ന സിനിമയിൽ സത്യൻ അന്തിക്കാട് എഴുതിയ പ്രണയ വസന്തം എന്ന പാട്ടുപാടി. രാധാകൃഷ്ണൻ ചേട്ടനായിരുന്നു സംഗീതം. എന്നെ ട്രാക്ക് പാടാൻ കൊണ്ടുപോയതാണ്. സ്റ്റുഡിയോയിൽ നിന്നു തിരിച്ചു കൊണ്ടുവരാൻ അച്ഛൻ വന്നപ്പോൾ നടൻ മധുസാറിനെ അവിടെക്കണ്ടു. അദ്ദേഹമാണ് ആ സിനിമയുടെ നിർമാതാവ്. എന്താ വന്നതെന്നു ചോദിച്ചപ്പോൾ മകളെ കൂട്ടാനാണെന്നു പറഞ്ഞു. കോളജിൽ മധുസാറും അച്ഛനും വലിയ കൂട്ടുകാരായിരുന്നു. അച്ഛന്റെ ജൂനിയറായിരുന്നു മധു സാർ. മകൾ പാടുമെന്ന് അച്ഛൻ അദ്ദേഹത്തോടു പറഞ്ഞിട്ടില്ല. കോളജിൽ അച്ഛൻ അറിയപ്പെടുന്ന പാട്ടുകാരനുമായിരുന്നു. മധു സാർ അപ്പോൾ ഒന്നും പറഞ്ഞില്ല. പിന്നേറ്റു രാവിലെ വീട്ടിലേക്കു വിളിച്ചു പറഞ്ഞു ‘രജനീ പറയൂ...’ എന്ന പാട്ടു ചിത്ര തന്നെയാണു പാടുന്നതെന്ന്. ’ ദാസേട്ടനോടൊപ്പം ‘പ്രണയ വസന്തം ’എന്ന പാട്ടും പാടി. കോളജിൽ പഠിക്കുന്ന കാലമാണത്. സിനിമയിൽ പാടുന്ന കുട്ടി എന്ന നിലയിൽ എന്നെ അതോടെയാണു തിരിച്ചറിയാൻ തുടങ്ങിയത്.
ഞാൻ പാടിയ ആദ്യ 5 സിനിമയും രാധാകൃഷ്ണൻ ചേട്ടൻ സംഗീത സംവിധാനം ചെയ്തതാണ്. ഓമനക്കുട്ടി ടീച്ചറും രാധാകൃഷ്ണൻ ചേട്ടനും എന്നെ ഒരു പാടു പാട്ടു പഠിപ്പിച്ചു. ആദ്യമായി ആകാശവാണിയിൽ എന്നെ എടുത്തു കൊണ്ടുപോയി അഞ്ചാം വയസ്സിൽ രാധാകൃഷ്ണൻ ചേട്ടൻ പാടിച്ചിട്ടുണ്ട്. ഓമനക്കുട്ടി ടീച്ചറും രാധാകൃഷ്ണൻ ചേട്ടനും ആദ്യമായി തിരുവനന്തപുരത്തു കച്ചേരിക്കു വന്നപ്പോൾ താമസിച്ചതു ഞങ്ങളുടെ വീട്ടിലാണ്. അച്ഛനാണ് ആ കച്ചേരി ഏർപ്പാടാക്കിയത്. പിന്നീട് ഞങ്ങൾ ഒരു കുടുംബമായി. എനിക്കു വേണ്ടി ആ കുടുംബത്തെ തിരുവനന്തപുരത്തേക്കു ദൈവം കൊണ്ടു വന്നതാകാം.
ദാസേട്ടനെ കാണുന്നു
ദാസേട്ടനെ ആദ്യം കാണുന്നത് ആറ്റുകാൽ അമ്പലത്തിൽവച്ചാണ്. അവിടെ കച്ചേരിക്കുവന്ന ദാസേട്ടനെ കാണാൻ എന്നെയും ചേച്ചയെയും അച്ഛനെയും എം.ജി.രാധാകൃഷ്ണൻ ചേട്ടൻ കൊണ്ടുപോയി. ഞാൻ ഉടുപ്പിട്ടൊരു കൊച്ചുകുട്ടിയാണ്. മണ്ണിൽ കളിച്ചതിനാൽ രണ്ടു കൈകളിലും നിറയെ മുറിവുകളാണ്. രണ്ടു കൈപ്പത്തിയും തുണിയിൽ കെട്ടിവച്ചാണു പോയത്. വേദിയുടെ മുന്നിൽനിന്നു രാധാകൃഷ്ണേട്ടൻ എടുത്തുയർത്തി കാണിച്ചപ്പോൾ ദാസേട്ടൻ എനിക്ക് ആ തുണിവച്ചു പൊതിഞ്ഞ കൈകളിൽ ഷേക്ക് ഹാൻഡ് തന്നു ചിരിച്ചു.
ഗുരുവായൂരിൽ
ഗുരുവായൂരിൽ കുട്ടിക്കാലത്ത് അച്ഛനും അമ്മയ്ക്കുമൊപ്പമാണ് ആദ്യം പോയത്. പിന്നീട് എത്രയോ തവണ പോയി. എവിടെയോവച്ചു ഗുരുവായൂരപ്പൻ എന്നെ കൂടെക്കൂട്ടി. അമ്മയാകാനാകാതെ വേദനിച്ച നാളുകളിൽ അവിടെ ഇരുന്നു പ്രാർഥിച്ചിട്ടുണ്ട്. മകളെ ഞങ്ങൾക്കു തന്നതു ഭഗവാനാണ്. പിന്നീട് തിരിച്ചുകൊണ്ടുപോയപ്പോഴും ഗുരുവായൂരപ്പൻ എന്നെ ചേർത്തു പിടിച്ചു. എനിക്കു പ്രയാസമുള്ള സമയത്തെല്ലാം വിരലിലെ മോതിരത്തിലെ ഗുരുവായൂരപ്പനെ ഞാൻ തൊട്ടുകൊണ്ടിരിക്കും. വിരൽത്തുമ്പത്തുള്ള ആ സാന്നിധ്യമാണ് എന്റെ ധൈര്യം. സ്ഥിരമായി തൊഴാൻ പോകാറൊന്നുമില്ല. അവിടെയൊരു ചെറിയ ഫ്ലാറ്റുണ്ട്. സമയം കിട്ടുമ്പോൾ അവിടെ പോയി താമസിക്കും.
എസ്പിബി എന്ന ഉത്സവം
എസ്പിബി സാറുമായുള്ള (എസ്.പി.ബാലസുബ്രമണ്യം)ബന്ധം വാക്കുകളിൽ ഒതുങ്ങില്ല. പുന്നകൈ മന്നൻ എന്ന സിനിമയുടെ റിക്കോർഡിങ്ങിനാണ് ആദ്യമായി കാണുന്നത്. അദ്ദേഹം വരുന്നെന്നു രാവിലെ മുതലേ കേട്ടിരുന്നു. വൈകിട്ടാണു വന്നത്. വന്നതും ആകെയൊരു ബഹളമായിരുന്നു. എല്ലാവരുടെയും അടുത്തുപോയി കെട്ടിപ്പിടിക്കുന്നു, തമാശ പറയുന്നു. ഉത്സവം പോലെയാണ് അദ്ദേഹം വന്നത്. മാറി നിൽക്കുകയായിരുന്ന എന്നെയും പരിചയപ്പെട്ടു. വലിയ ബഹുമാനത്തോടെയാണു എന്നോടും ഇടപെട്ടത്.
ഞാൻ ഏറ്റവും കൂടുതൽ പാടിയിട്ടുള്ളത് അദ്ദേഹത്തിനൊപ്പമാണ്. കൂടുതലും തെലുങ്കിൽ. എന്നെ ഗാനമേളകളിൽ അദ്ദേഹം കളിയാക്കുമായിരുന്നു. എല്ലാം മധുരമുള്ള കളിയാക്കലുകൾ. പാട്ടിനിടയ്ക്ക് എന്നെ നോക്കി അഭിനയിക്കുമായിരുന്നു. ഒരു കുട്ടിയെപ്പോലെയാണദ്ദേഹം പെരുമാറിയിട്ടുള്ളത്. അടുത്ത കാലത്തൊന്നും ഒരു വേർപാട് എന്നെ അതുപോലെ വേദനിപ്പിച്ചിട്ടില്ല. അദ്ദേഹം പോയപ്പോൾ ഒരു ഉത്സവമാണ് ഇല്ലാതായത്.
രാജാസാറിനൊപ്പം
ഇളയരാജ സാർ പാടാൻ വിളിക്കുമെന്ന് ഒരിക്കലും പ്രതിക്ഷിച്ചതല്ല. സിന്ധുഭൈരവി എന്ന സിനിമയിൽ പാടാൻ വിളിച്ചിട്ടുണ്ടെന്നു പറഞ്ഞതു ഫാസിൽ സാറാണ്. ആദ്യം വിശ്വസിച്ചില്ല. ‘ഞാനൊരു ചിന്ത് ...’ എന്ന പാട്ടാണ് എനിക്കു വേണ്ടി രാജ സാർ പാടാൻ വച്ചിരുന്നത്. പാടി ഇറങ്ങിയപ്പോൾ ചോദിച്ചു, നാളെ വേറെയൊരു പാട്ടുകൂടിയുണ്ട് പാടിയിട്ടു പോയാൽ പോരെ എന്ന്. അടുത്ത ദിവസം എനിക്ക് എംഎ പരീക്ഷയാണ്. അച്ഛനതു പറഞ്ഞപ്പോൾ രാജ സാർ ചോദിച്ചു, പരീക്ഷ ഇനിയും വരില്ലേ. അപ്പോൾ പഠിച്ചെഴുതിയാൽ പോരേ?. ഈ പാട്ടിലൂടെ മകൾ അതിലും മേലെ പോകും’. പരീക്ഷയ്ക്ക് ഒന്നും പഠിക്കാതിരുന്ന എനിക്കതൊരു രക്ഷാമാർഗം കൂടിയായി. ‘പാടറിയേൻ പഠിപ്പറിയേൻ... എന്ന പാട്ടാണ് അടുത്ത ദിവസം പാടിയത്. എനിക്കാദ്യമായി മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചത് ആ പാട്ടിലൂടെയാണ്. ദേവരാജൻ മാസ്റ്റർ, രവീന്ദ്രൻ മാസ്റ്റർ, ജോൺസൺ സാർ അങ്ങനെ എത്രയോ പേരില്ലെങ്കിൽ ഞാനുണ്ടാകില്ലല്ലോ.
അച്ഛനു പല വലിയ ആളുകളെയും അറിയുമായിരുന്നു. പക്ഷേ, എനിക്കോ ചേച്ചിക്കോ വേണ്ടി ആരോടും ഒന്നും ചോദിച്ചില്ല. സ്റ്റുഡിയോയുടെ വാതിൽക്കൽ എന്നെ കാത്തുനിൽക്കുന്ന അച്ഛനെ ഒരിക്കൽ ദേവരാജൻ മാസ്റ്റർ കണ്ടു. ‘എന്താണു കൃഷ്ണൻ നായർ ഇവിടെ, എന്നെ അന്വേഷിച്ചു വന്നതാണോ ’ എന്നു ചോദിച്ച് അടുത്തു വന്നു. മകൾ ചിത്ര പാടുന്നുണ്ടെന്നും കൂട്ടിക്കൊണ്ടുപോകാൻ വന്നതാണെന്നും പറഞ്ഞു. മാഷ് അദ്ഭുതത്തോടെ ചോദിച്ചു, കൃഷ്ണൻ നായരുടെ മകളാണോ, എന്തേ പറയായിരുന്നതെന്ന്. മാസ്റ്ററുടെ പാട്ടാണു ഞാൻ അപ്പോൾ പാടിയിരുന്നത്. അതിനു ശേഷം ദേവരാജൻ മാഷ് എന്നെ കൂടുതൽ വാത്സല്യത്തോടെ കണ്ടതായി തോന്നിയിട്ടുണ്ട്.
കോളജിൽ അച്ഛന്റെ പാട്ടു കേൾക്കാൻ ഞങ്ങൾ ഇടിച്ചുനിന്നിട്ടുണ്ടെന്ന് ഒരിക്കൽ മധുസാർ പറഞ്ഞപ്പോൾ എനിക്കും ചേച്ചിക്കും അത്ഭുതമായി. നാടക ഗാനങ്ങൾ അച്ഛൻ സ്വന്തം ഈണത്തിലേക്കു മാറ്റി പാടുന്നതു കേട്ടിട്ടുണ്ട്. അതിനെല്ലാം പ്രത്യേക മധുരമുണ്ടായിരുന്നു. മണിമുഴക്കം എന്ന കവിത മനോഹരമായി പാടിയിരുന്നതിനാൽ പലരും വിളിച്ചിരുന്നതു മണിമുഴക്കം കൃഷ്ണൻ നായർ എന്നാണ്. എനിക്കാദ്യമായി ദേശീയ പുരസ്കാരം കിട്ടിയപ്പോൾ അതു വാങ്ങുന്നതു കാണാൻ ഡൽഹിയിൽ വരണമെന്ന് അച്ഛനു മോഹമുണ്ടായിരുന്നു. അപ്പോഴേക്കും രോഗം അച്ഛനെ അവശനാക്കിത്തുടങ്ങിയിരുന്നു. വരാനായില്ല. അച്ഛൻ ടിവിയിൽ മിന്നായംപോലെ എന്നെക്കണ്ടു. 58ാം വയസ്സിലാണ് അച്ഛൻ മരിച്ചത്. അച്ഛന്റെ ത്യാഗം കൊണ്ടാണ് എനിക്ക് അർഹിക്കുന്നതിലും കൂടുതൽ ഈശ്വരൻ തന്നത്. ഭഗവാൻ കൈ നിറയെ തരുമ്പോൾ അത് എന്റെ കഴിവല്ല, ആ ത്യാഗമാണെന്ന് ഞാൻ ഓരോ ദിവസവും ഓർക്കും. സ്കൂട്ടറിലും ബസിലും ട്രെയിനിലും എന്നെയുംകൂട്ടി അച്ഛൻ എത്രയോ യാത്ര ചെയ്തു. എത്രയോ മണിക്കൂറുകൾ എനിക്കായി സ്റ്റുഡിയോകളുടെയും പാട്ടു ക്ലാസുകളുടെയും പുറത്തു കാത്തിരുന്നു. അതിനെല്ലാം പിന്നിലും മുന്നിലുമായി അമ്മ നിന്നു. ചിത്രയുടെ ജീവിതം അതിന്റെ ബാക്കി മാത്രമാണ്. ഞാനായി എന്നെ വളർത്തിയുണ്ടാക്കിയതല്ല.
പിന്നീട് എന്റെ നേട്ടങ്ങൾക്കു പിന്നിൽ നിന്നത് വിജയ് ശങ്കർ എന്ന എന്റെ ഭർത്താവാണ്.
കല്യാണം കഴിക്കുമ്പോൾ വിജയൻ ചേട്ടൻ അലിൻഡ് എന്ന സ്ഥാപനത്തിൽ എൻജിനീയറാണ്. അച്ഛന്റെ രോഗം കൂടുതൽ മോശമായി വരുന്ന കാലമായിരുന്നു അത്. എന്റെ കല്യാണം അച്ഛന്റെ സ്വപ്നമായിരുന്നു. വിജയൻ ചേട്ടനുമായുള്ള കല്യാണം ഉറപ്പിച്ച് അഞ്ചാം ദിവസം അച്ഛൻ മരിച്ചു. അതുവരെ എന്നെ കൈ പിടിച്ചു നടത്തിയ അച്ഛൻ എന്നെ അദ്ദേഹത്തെ ഏൽപിച്ചു യാത്രയായതുപോലെ. പിന്നീട് വിജയൻ ചേട്ടനാണ് എന്നെ കൈ പിടിച്ചു നടത്തിയത്. അദ്ദേഹം ജോലി ഉപേക്ഷിച്ചു കൂടെ നിന്നു. സന്തോഷവും വേദനയുമെല്ലാം ഞങ്ങൾ ഒരുമിച്ചു പങ്കിട്ടു. ചിത്രയ്ക്കുവേണ്ടിയൊരു സ്റ്റുഡിയോ തുടങ്ങണമെന്നു പറഞ്ഞത് അദ്ദേഹമാണ്. മദ്രാസിൽ ഒരു സ്റ്റുഡിയോ എന്നതു സ്വപ്നത്തിൽ പോലുമില്ലായിരുന്നു. വിജയൻ ചേട്ടൻ ഇല്ലെങ്കിൽ ഞാൻ ഈ പടവുകളൊന്നും കയറില്ല എന്നെനിക്കുറപ്പാണ്. നിഴലായല്ല, എന്റെ കൂടെയാണു ഇന്നുവരെയും അദ്ദേഹം നടന്നത്. ജീവിതത്തിലും പാട്ടിലും.
60 വയസ്സാകുമ്പോൾ എന്തു തോന്നുന്നു
ഒരു പാട്ടു ടീച്ചറായി ജീവിക്കാൻ മാത്രമാണു മോഹിച്ചത്. തിരുവനന്തപുരത്തിന് അപ്പുറത്തേക്കൊരു ജീവിതം ഞാൻ മോഹിച്ചിട്ടില്ല. എന്റെ ചേച്ചി വലിയ പാട്ടുകാരിയാകുമെന്നു ഞാൻ കരുതിയിരുന്നു. ചുറ്റുമുള്ളവർ ഇല്ലെങ്കിൽ ചിത്രയില്ല. പാടുന്ന കൊച്ചു കുട്ടികളെ കാണുമ്പോൾ ഞാൻ പ്രാർഥിക്കാറുണ്ട്, ഈ മനോഹര ശബ്ദം ആ കുട്ടികളുടെ ജീവിതത്തിൽ എന്നും ഉണ്ടാകണേ എന്ന്.
കെ.എസ്. ചിത്രയുടെ 60ാം പിറന്നാളിനോട് അനുബന്ധിച്ച്, ചിത്ര ആലപിച്ച ഗാനങ്ങൾ മാത്രം കോർത്തിണക്കി ഫെഡറൽ ബാങ്ക് മുഖ്യ പ്രായോജകരായി മലയാള മനോരമ സംഘടിപ്പിക്കുന്ന ‘ചിത്രപൂർണിമ–60 പാട്ടു വർഷങ്ങൾ’ കൊച്ചി, കാക്കനാട് , രാജഗിരി കോളജ് ഓഡിറ്റോറിയത്തിൽ ഓഗസ്റ്റ് 19 ന് വൈകിട്ട് 5 മണിക്ക്. ചിത്രയ്ക്ക് ആശംസകൾ അറിയിക്കുവാൻ സാംസ്കാരിക രംഗത്തെ പ്രമുഖർ അവിടെ ഒത്തുചേരും. കെ.എസ്. ഹരിശങ്കർ, ശ്വേത മോഹൻ, മധു ബാലകൃഷ്ണൻ, ശരത്ത്, നിത്യ മാമ്മൻ, മഞ്ജരി, കെ.കെ.നിഷാദ്, അഫ്സൽ ഇസ്മയിൽ, രാജലക്ഷ്മി, റാൽഫിൻ സ്റ്റീഫൻ തുടങ്ങിയവർ ചിത്രയ്ക്കൊപ്പം സംഗീതോത്സവത്തിന്റെ ഭാഗമാകും.
English Summary : 60th Birthday of KS Chithra