പണമല്ല, പ്രതിഭ
പേരും പ്രശസ്തിയും ഗ്ലാമറുമൊന്നുമില്ലാതിരുന്ന ഒരു കുട്ടിക്കാലമുണ്ടായിരുന്നു ചില ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക്. അതികഠിനദിനങ്ങളെ അതിജീവിച്ച് ക്രിക്കറ്റ് ലോകത്ത് പേരെടുത്ത കളിക്കാർ ഏറെ. ക്രിക്കറ്റിലൂടെ ദുരിതക്കയം നീന്തിക്കയറി, സിനിമക്കഥകളെപ്പോലും വെല്ലുന്ന രീതിയിൽ പ്രശസ്തിയുടെ ഉന്നതങ്ങളിലെത്തിയ ഇന്ത്യൻ താരങ്ങളുടെ കഥ.
പേരും പ്രശസ്തിയും ഗ്ലാമറുമൊന്നുമില്ലാതിരുന്ന ഒരു കുട്ടിക്കാലമുണ്ടായിരുന്നു ചില ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക്. അതികഠിനദിനങ്ങളെ അതിജീവിച്ച് ക്രിക്കറ്റ് ലോകത്ത് പേരെടുത്ത കളിക്കാർ ഏറെ. ക്രിക്കറ്റിലൂടെ ദുരിതക്കയം നീന്തിക്കയറി, സിനിമക്കഥകളെപ്പോലും വെല്ലുന്ന രീതിയിൽ പ്രശസ്തിയുടെ ഉന്നതങ്ങളിലെത്തിയ ഇന്ത്യൻ താരങ്ങളുടെ കഥ.
പേരും പ്രശസ്തിയും ഗ്ലാമറുമൊന്നുമില്ലാതിരുന്ന ഒരു കുട്ടിക്കാലമുണ്ടായിരുന്നു ചില ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക്. അതികഠിനദിനങ്ങളെ അതിജീവിച്ച് ക്രിക്കറ്റ് ലോകത്ത് പേരെടുത്ത കളിക്കാർ ഏറെ. ക്രിക്കറ്റിലൂടെ ദുരിതക്കയം നീന്തിക്കയറി, സിനിമക്കഥകളെപ്പോലും വെല്ലുന്ന രീതിയിൽ പ്രശസ്തിയുടെ ഉന്നതങ്ങളിലെത്തിയ ഇന്ത്യൻ താരങ്ങളുടെ കഥ.
കിങ്സ്റ്റണിലെ തെരുവിൽ പഴയ കുപ്പികൾ പെറുക്കി നടന്ന പയ്യൻ പിന്നീടു ലോകക്രിക്കറ്റിലെ ഏറ്റവും പ്രഹരശേഷിയുള്ള ബാറ്റ്സ്മാനായി വളർന്ന കഥയാണ് വെസ്റ്റിൻഡീസിന്റെ ക്രിസ് ഗെയിലിന്റേതെങ്കിൽ ഇതിനു സമാനമായ വെല്ലുവിളികൾ നേരിട്ട ഇന്ത്യൻ താരങ്ങൾ നിരവധി. ഇന്നു ലോകകപ്പ് ഫൈനലിനിറങ്ങുന്ന ടീം ഇന്ത്യയുടെ ഒരു കൂട്ടം താരങ്ങളും അക്കൂട്ടത്തിലുണ്ട്. അവർക്കു മുൻപേ ഇന്ത്യൻ ടീമിലെത്തിയ മറ്റൊരു കൂട്ടരും ഈ സാഹചര്യം നേരിട്ടവരാണ്. പട്ടിണിയും കയ്പേറിയ ജീവിതാനുഭവങ്ങളും കഠിനാധ്വാനത്തിലൂടെ മറികടന്ന് ഇന്ത്യൻ ക്രിക്കറ്റോളം വളർന്ന അവർക്ക് പറയാനുള്ളത് അതിജീവനത്തിന്റെയും തിരിച്ചുവരവിന്റെയും കഥകളാണ്.
ജസ്പ്രീത് ബുമ്ര
‘അച്ഛന്റെ മരണത്തിനുശേഷം ഞാനും അമ്മയും ഒരുപാടു കഷ്ടപ്പെട്ടു. കുടുംബം മുഴുപ്പട്ടിണിയിലായി. എനിക്ക് ഒരു ജോടി ഷൂസും ഒരു ടീ ഷർട്ടും മാത്രമേയുണ്ടായിരുന്നുള്ളൂ. എല്ലാദിവസവും അത് അലക്കി ഉപയോഗിക്കുകയായിരുന്നു’
കുട്ടിക്കാലത്ത് താൻ അനുഭവിച്ച ദാരിദ്ര്യവും വേദനയും ടീം ഇന്ത്യയുടെ കുന്തമുനയായി മാറിയ പേസ് ബോളർ ജസ്പ്രീത് ബുമ്ര വെളിപ്പെടുത്തിയത് 2019 ലോകകപ്പ് കഴിഞ്ഞ് ഏതാനും ആഴ്ചകൾക്കുശേഷമാണ്.
തന്റെ അഞ്ചാം വയസ്സിൽ പിതാവിനെ നഷ്ടപ്പെട്ട ബുമ്ര, വെല്ലുവിളികളെ അതിജീവിച്ചാണ് ലോക ക്രിക്കറ്റിൽ ഒന്നാം നമ്പർ ബോളറായി മാറിയത്. അമ്മ ദാൽജിത്ത് ബുമ്രയുടെ കഷ്ടപ്പാടുകളും ശക്തമായ പിന്തുണയുമാണ് കൊച്ചു ബുമ്രയെ ക്രിക്കറ്റിന്റെ ഉന്നതങ്ങളിലെത്താൻ സഹായിച്ചത്.
രോഹിത് ശർമ
മുംബൈ ഡോംബിവ്‌ലിയിലെ ഒരു ട്രാൻസ്പോർട്ട് കമ്പനിയിലെ െകയർ ടേക്കറായിരുന്ന ഗുരുനാഥ് ശർമയുടെ മകനാണ് നിലവിലെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. ഒറ്റ മുറി വീട്ടിൽ കഴിഞ്ഞ കുടുംബത്തിലെ അംഗം. പിതാവിന്റെ ചെറിയ വരുമാനംമൂലം കുടുംബം നട്ടംതിരിഞ്ഞപ്പോൾ മുത്തച്ഛൻ രോഹിത്തിനെ ബോറിവ്‌ലിയിലെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയാണു കളി പഠിപ്പിക്കാൻ അവസരമുണ്ടാക്കിയത്. അമ്മാവൻമാർ മികച്ച പിന്തുണ നൽകി.
മുഹമ്മദ് ഷമി
ഉത്തർപ്രദേശിലെ ഗ്രാമീണകുടുംബത്തിലാണ് മുഹമ്മദ് ഷമിയുടെ ജനനം. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെട്ട കർഷകനായ പിതാവ് തൗസിഫ് അലിയുടെ പ്രോൽസാഹനമാണ് ഷമിയെ ടീം ഇന്ത്യയുടെ ഇപ്പോഴത്തെ ഏറ്റവും മികച്ച ബോളറായി മാറ്റിയത്. കളി മുൻനിർത്തി കൊൽക്കത്തയിലേക്ക് താമസം മാറിയതോടെയാണ് ഷമിയുടെ സമയം തെളിഞ്ഞത്.
മുഹമ്മദ് സിറാജ്
ഹൈദരാബാദിലെ ഓട്ടോറിക്ഷാഡ്രൈവറുടെ മകനായി പിറന്ന മുഹമ്മദ് സിറാജ് ഇന്ന് ഇന്ത്യൻ ബോളിങ്ങിന്റെ പവർഹൗസാണ്. അമ്മ വീട്ടുജോലികൾ ചെയ്താണ് കുടുംബം പോറ്റിയത്. 2020–21ലെ ഓസ്ട്രേലിയൻ പര്യടനവേളയിൽ സ്വന്തം പിതാവ് മരിച്ചിട്ടും സിറാജിന് കോവിഡ് നിയന്ത്രണങ്ങൾമൂലം നാട്ടിലേക്ക് മടങ്ങാനായില്ല. തുടർന്ന് സിഡ്നി ടെസ്റ്റിൽ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയാണ് പിതാവിന് ആദരമർപ്പിച്ചത്.
രമേഷ് പൊവാർ
ശരീരവണ്ണം മൂലം സാധാരണ ക്രിക്കറ്ററുടെ രൂപ ഭാവങ്ങളായിരുന്നില്ല മുംബൈക്കാരനായ സ്‌പിന്നർ രമേഷ് പൊവാറിന്. കിട്ടിയ അവസരങ്ങളിലെല്ലാം സ്വന്തം പ്രതിഭ വിളിച്ചറിയിച്ചെങ്കിലും ഹർഭജൻ സിങ്ങിന്റെ പ്രതിഭയ്ക്കു പിന്നിലായിരുന്നു രമേഷിന്റെ സ്ഥാനം. കുട്ടിക്കാലത്തുതന്നെ അമ്മ മരിച്ചതോടെ ജീവിതം പ്രതിസന്ധിയിലായി.
സഹീർ ഖാൻ
ഇന്ത്യൻ പേസ് ബോളിങ്ങിന്റെ കുന്തമുന ഏറെക്കാലം സഹീർ ഖാനായിരുന്നു. മുംബൈ ക്രിക്കറ്റ് ക്ലബ്ബിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ സ്വന്തം കുടുംബത്തുനിന്ന് അകന്നുകഴിയേണ്ടിവന്നു. ആശുപത്രിയിൽ സഹായിയുടെ ജോലിയുണ്ടായിരുന്ന അമ്മായിക്കൊപ്പമായി ജീവിതം. ആശുപത്രിയിലെ ഒരു മുറിയിൽ അവർക്കൊപ്പം ഒതുങ്ങി ജീവിച്ചു. പണമില്ലാത്തതിനാൽ പലപ്പോഴും ഭക്ഷണംപോലും ഉപേക്ഷിക്കേണ്ടിവന്നു. തലയിണയോ പുതപ്പോ പോലുമില്ലാതെ ഉറങ്ങേണ്ടിവന്ന അവസ്ഥ സഹീർ പിന്നീട് വേദനയോടെ പങ്കിട്ടിട്ടുണ്ട്.
രവീന്ദ്ര ജഡേജ
ഗുജറാത്ത് ജാംനഗറിലെ വാച്ച്മാന്റെ മകനായി പിറന്ന ജഡേജയുടെ മാതാവ് 2005ൽ മരിച്ചതോടെ ജീവിതം കൂടുതൽ ഇരുളടഞ്ഞു. ദിവസം പത്തുരൂപപോലും കൈവശമില്ലാതെ മുന്നോട്ടുനീങ്ങിയ ജഡേജ ക്രിക്കറ്റ് അവസാനിപ്പിക്കാൻ തീരുമാനിച്ചതാണ്. പിതാവും സഹോദരിയുമാണ് താങ്ങായി നിന്നത്. 2008ൽ അണ്ടർ–19 ലോകകപ്പ് നേടിയ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായി.
പഠാൻ സഹോദരൻമാർ
2007ലെ പ്രഥമ ട്വന്റി 20 ലോകകപ്പ് ഇന്ത്യയിലെത്തിച്ചതിന്റെ ക്രെഡിറ്റ് ഇർഫാൻ പഠാൻ– യൂസഫ് പഠാൻ അർധസഹോദരൻമാർക്ക് അവകാശപ്പെട്ടതാണ്. ജുമാമസ്ജിദ് വൃത്തിയാക്കുന്നതടക്കമുള്ള ചെറിയ ജോലികൾ ചെയ്തു ജീവിച്ച വ്യക്തിയാണ് ഇവരുടെ പിതാവ് മെഹമൂദ് ഖാൻ. സ്വന്തമായി വീടില്ലാത്തതിനാൽ പള്ളിയുടെ തണലിലായിരുന്നു അഞ്ചു പേരടങ്ങുന്ന കുടുംബത്തിന്റെ ജീവിതം. 250 രൂപ മാസശമ്പളത്തിൽ ജോലി ചെയ്ത ആ പിതാവിന്റെ മക്കൾ പിന്നീട് ഇന്ത്യൻ ക്രിക്കറ്റിന്റെ തന്നെ ജാതകം തിരുത്തിക്കുറിച്ചു. 2011 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലും യൂസഫ് പഠാനുണ്ടായിരുന്നു.
ഹാർദിക് പാണ്ഡ്യ
ഇന്ത്യയുടെ ബെൻ സ്റ്റോക്സ് എന്ന് ഹാർദിക് പാണ്ഡ്യയെ വിശേഷിപ്പിച്ചത് സാക്ഷാൽ വിരാട് കോലിയാണ്. ചെറിയ ജോലികൾ ചെയ്തുവന്ന പിതാവിനെ രോഗം തളർത്തിയപ്പോൾ കുടുംബം പട്ടിണിയിലായി. ഹാർദിക്കും സഹോദരൻ ക്രുനാലും പ്രാദേശിക ടൂർണമെന്റിൽ കളിച്ച് അതിലൂടെ കിട്ടുന്ന തുച്ഛമായ വരുമാനം കുടുംബത്തിന് താങ്ങും തണലുമായി. ഒരു ദിവസംതന്നെ പല മൽസരങ്ങൾ കളിച്ചാണ് ഇരുവരും വരുമാനം കണ്ടെത്തിയത്.
ഉമേഷ് യാദവ്
കൽക്കരി ഖനിയിൽ പണിയെടുത്ത് കുടുംബം പോറ്റേണ്ടിവന്ന പിതാവിന്റെ മകനായി പിറന്ന ഉമേഷ് യാദവിന്റെ വിജയകഥയ്ക്ക് പത്തരമാറ്റുണ്ട്. ഖനനപ്രദേശത്തെ ഒരു കോളനിയിൽ ജീവിച്ച ഉമേഷ് യാദവിന്റെ പഠനം 12–ാം തലത്തിൽ അവസാനിച്ചു. പട്ടാളത്തിലോ പൊലീസിലോ ജോലി നേടണമെന്ന പിതാവിന്റെ ആഗ്രഹം ഉമേഷിന് സഫലമാക്കാനായില്ല. ജോലിക്കായുള്ള പരീക്ഷകളിൽ തള്ളപ്പെട്ടുപോയ ഉമേഷ് 19–ാം വയസ്സിൽ മാത്രമാണ് ക്രിക്കറ്റിലേക്ക് ശ്രദ്ധ തിരിക്കുന്നത്. ടെന്നിസ് പന്തുകൊണ്ട് വേഗമാർന്ന പന്തുകൾ എറിയാൻ പഠിച്ച ഉമേഷ് വിദർഭ ജിംഖാന ക്ലബ്ബിൽ ചേർന്നു. തുടർന്ന് വിദർഭ ടീമിലെത്തി. ദുലീപ് ട്രോഫിയിൽ രാഹുൽ ദ്രാവിഡിന്റെയും വിവിഎസ്. ലക്ഷ്മണിന്റെയും വിക്കറ്റുകൾ പിഴുതതോടെ കൂടുതൽ ശ്രദ്ധനേടി. 2010ൽ ഇന്ത്യൻ ടീമിലെത്തി.
മുനാഫ് പട്ടേൽ
ഗുജറാത്തിന്റെ പ്രാന്തപ്രദേശത്ത് കൂലിപ്പണിയെടുത്ത് ജീവിച്ച പിതാവിന്റെ തണലിലായിരുന്നു മുനാഫ് പട്ടേലിന്റെ ജീവിതം. കുട്ടിയായിരിക്കുമ്പോൾത്തന്നെ കടുത്ത ദാരിദ്ര്യമൂലം 35 രൂപ ദിവസവേതനത്തിൽ ടൈൽ ഫാക്ടറിയിൽ ജോലിയെടുത്തിട്ടുണ്ട്. ക്രിക്കറ്റിൽ താൽപര്യം ജനിക്കുമ്പോൾ സ്വന്തമായി ഷൂ വാങ്ങാൻപോലും പണമുണ്ടായിരുന്നില്ല. ബറോഡ ക്ലബ്ബിൽ അംഗമായതോടെ ഭാഗ്യം തെളിഞ്ഞു. പിന്നാലെ എംആർഎഫ് പേസ് അക്കാദമിയിൽ പ്രവേശനം. തുടർന്ന് ഇന്ത്യൻ ടീമിൽ സ്ഥാനം. ഇന്ത്യ ലോകകപ്പ് നേടിയ 2011ൽ ടീമിൽ അംഗം.
ടി. നടരാജൻ
തമിഴ്നാട്ടിലെ സേലത്തുനിന്ന് ഏതാണ്ട് 370 കി. മീ. അപ്പുറമുള്ള ചിന്നപ്പംപട്ടി എന്ന ഗ്രാമത്തിലെ നെയ്ത്ത് കുടുംബത്തിൽപെട്ട തങ്കരസുവും ശാന്തയും രാവിലെ കുലത്തൊഴിലും വൈകുന്നേരങ്ങളിൽ തട്ടുകട നടത്തിയുമാണ് തങ്ങളുടെ 5 മക്കളെയും വളർത്തിയത്. മൂത്തമകൻ ടി. നടരാജന്റെ ആഗ്രഹം സാധിക്കുക എന്നതായിരുന്നു അവരുടെ ജീവിതലക്ഷ്യം. ഈ ഇടതുകൈയൻ പേസ് ബോളർ തന്റെ നാട്ടുകാർക്കായി ക്രിക്കറ്റ് അക്കാദമി തന്നെ സ്ഥാപിച്ചാണ് നാടിനോടുള്ള കൂറ് പ്രഖ്യാപിച്ചത്. ക്രിക്കറ്റിൽനിന്ന് തനിക്ക് ലഭിച്ച സമ്പത്തുകൊണ്ട് നാലര ഏക്കറിൽ നടരാജൻ ക്രിക്കറ്റ് ഗ്രൗണ്ട് പടുത്തുയർത്തി.