പങ്കിടലിന്റെ മത്സരം: സ്കൂൾ കലോത്സവത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ പങ്കിട്ട നാലുപേരുടെ അപൂർവ സൗഹൃദം
ആ പാടവരമ്പിലൂടെ തലയിൽ വെറ്റിലക്കെട്ടുമായി ഒപ്പം നടക്കുമ്പോൾ കൊച്ചു ലാലുവിനോട് അച്ഛൻ പറഞ്ഞു: ‘ നമുക്കൊരു രാഗം മൂളിയാലോ...’ വിശപ്പും നടതത്തിന്റെ ആയാസവും തലയിലെ ഭാരവും മറക്കാൻ അച്ഛൻ പറഞ്ഞ വഴിക്ക് മകൻ പാടി; മോഹനരാഗത്തിൽ ‘രാമനിന്നു നമ്മിന...’ എന്നു തുടങ്ങുന്ന ത്യാഗരാജ കൃതി. ആദിതാളം. ലാലുവിന്റെ ജീവിതത്തിലെ ആദ്യ താളം...
ആ പാടവരമ്പിലൂടെ തലയിൽ വെറ്റിലക്കെട്ടുമായി ഒപ്പം നടക്കുമ്പോൾ കൊച്ചു ലാലുവിനോട് അച്ഛൻ പറഞ്ഞു: ‘ നമുക്കൊരു രാഗം മൂളിയാലോ...’ വിശപ്പും നടതത്തിന്റെ ആയാസവും തലയിലെ ഭാരവും മറക്കാൻ അച്ഛൻ പറഞ്ഞ വഴിക്ക് മകൻ പാടി; മോഹനരാഗത്തിൽ ‘രാമനിന്നു നമ്മിന...’ എന്നു തുടങ്ങുന്ന ത്യാഗരാജ കൃതി. ആദിതാളം. ലാലുവിന്റെ ജീവിതത്തിലെ ആദ്യ താളം...
ആ പാടവരമ്പിലൂടെ തലയിൽ വെറ്റിലക്കെട്ടുമായി ഒപ്പം നടക്കുമ്പോൾ കൊച്ചു ലാലുവിനോട് അച്ഛൻ പറഞ്ഞു: ‘ നമുക്കൊരു രാഗം മൂളിയാലോ...’ വിശപ്പും നടതത്തിന്റെ ആയാസവും തലയിലെ ഭാരവും മറക്കാൻ അച്ഛൻ പറഞ്ഞ വഴിക്ക് മകൻ പാടി; മോഹനരാഗത്തിൽ ‘രാമനിന്നു നമ്മിന...’ എന്നു തുടങ്ങുന്ന ത്യാഗരാജ കൃതി. ആദിതാളം. ലാലുവിന്റെ ജീവിതത്തിലെ ആദ്യ താളം...
ആ പാടവരമ്പിലൂടെ തലയിൽ വെറ്റിലക്കെട്ടുമായി ഒപ്പം നടക്കുമ്പോൾ കൊച്ചു ലാലുവിനോട് അച്ഛൻ പറഞ്ഞു: ‘ നമുക്കൊരു രാഗം മൂളിയാലോ...’ വിശപ്പും നടതത്തിന്റെ ആയാസവും തലയിലെ ഭാരവും മറക്കാൻ അച്ഛൻ പറഞ്ഞ വഴിക്ക് മകൻ പാടി; മോഹനരാഗത്തിൽ ‘രാമനിന്നു നമ്മിന...’ എന്നു തുടങ്ങുന്ന ത്യാഗരാജ കൃതി. ആദിതാളം. ലാലുവിന്റെ ജീവിതത്തിലെ ആദ്യ താളം...
വെള്ളയിൽ കറുത്ത പുള്ളികളുള്ള ഉടുപ്പിട്ട് ആ കൊച്ചുപയ്യനെ പിന്നീട് കണ്ടത് സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ കൊച്ചി ദർബാർ ഹാളിൽ. രാഗമൊന്നു മാറ്റിപ്പിടിച്ചു; കാംബോജി. ‘മാ... ജാനകി ചെട്ട ബട്ടഗ... മഹരാജ വൈതിവി... എന്നു തുടങ്ങുന്ന ത്യാഗരാജ കൃതി... ദർബാർ ഹാളിൽ സൂചി വീണാൽ കേൾക്കുന്ന നിശ്ശബ്ദത... കൊച്ചുപയ്യന്റെ രാഗവിസ്താരം പെരുമഴ പോൽ... നിറഞ്ഞ കയ്യടി... ശാസ്ത്രീയ സംഗീതത്തിൽ ഒന്നാം സ്ഥാനവും കപ്പും.
ശാസ്ത്രീയ സംഗീത മത്സരത്തിൽ ഇങ്ങനെയൊരു ‘ആക്രമണം’ ആരും പ്രതീക്ഷിച്ചതല്ല. ലാലു സുകുമാരൻ ഒന്നാം സ്ഥാനം പങ്കിട്ടത് മറ്റാരുമായല്ല; കഴിഞ്ഞ വർഷങ്ങളിൽ തുടർച്ചയായി ഒന്നാം സ്ഥാനം കൊണ്ടു പോയ എം.കെ.ശങ്കരൻ നമ്പൂതിരിയുമായി. ശാസ്ത്രീയ സംഗീത മത്സരത്തിൽ ശങ്കരനുണ്ടെങ്കിൽ ഒന്നാമൻ വേറെയില്ലെന്ന കലോത്സവ കാലം. പാടിത്തീർത്തു വേദിക്കു പിന്നിലെത്തിയപ്പോൾ പക്ഷേ, ആദ്യം വന്നു കെട്ടിപ്പിടിച്ചത് അതേ ശങ്കരൻ. ‘ലാലൂ... നിങ്ങള് അസ്സലായി പാടി...’
ഫലം പ്രഖ്യാപിച്ചപ്പോൾ അദ്ഭുതം പിന്നെയും താളമിട്ടു. ഒന്നാം സ്ഥാനം ശങ്കരനും ലാലുവും പങ്കുവച്ചപ്പോൾ രണ്ടാം സ്ഥാനവും രണ്ടു പേർക്ക്– ശ്രീവത്സൻ ജെ. മേനോനും എം. ജയചന്ദ്രനും. ആലാപനത്തിന്റെ സൂക്ഷ്മതകളിൽ ദൈവം നെറുകയിൽ തൊട്ട 4 താരങ്ങൾ അന്നവിടെ പിറന്നു.
പത്താം വയസ്സിൽ സംഗീത പഠനം ആരംഭിച്ച പ്രണവം എം.കെ ശങ്കരൻ നമ്പൂതിരി എന്ന പഴയ ശങ്കരൻ ഇന്നു ലോകമെങ്ങും അറിയപ്പെടുന്ന കർണാടക സംഗീതജ്ഞൻ, സിനിമാ പിന്നണി ഗായകൻ. രാഷ്ട്രപതി ഗ്യാനി സെയിൽ സിങ്ങിന്റെ കയ്യിൽ നിന്നു വരെ സമ്മാനം നേടിയ ഇദ്ദേഹം എംജി സർവകലാശാല മുൻ കലാ പ്രതിഭയാണ്. ദേശാതിർത്തികൾ ഭേദിച്ചു വിവിധ രാജ്യങ്ങളിലായി ആയിരക്കണക്കിനു വേദികളിൽ കച്ചേരി അവതരിപ്പിച്ച ശങ്കരനെത്തേടി ദേശീയ– രാജ്യാന്തര അംഗീകാരങ്ങളും ഏറെയെത്തി.
അഞ്ചാം വയസ്സിൽ സംഗീത പഠനം തുടങ്ങി, മലയാള ചലച്ചിത്ര ഗാനരംഗം കീഴടക്കിയ എം. ജയചന്ദ്രൻ ഇതിനകം മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാർഡ് 9 തവണ നേടി. സംഗീത സംവിധാനത്തിന് ഒരു തവണ ദേശീയ അവാർഡ്. 1987 മുതൽ 90 വരെ േകരള സർവകലാശാല കലോത്സവത്തിൽ ശാസ്ത്രീയ സംഗീതത്തിൽ തുടർച്ചയായി ജേതാവുമായിരുന്നു ഈ ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദധാരി.
ആറാം വയസ്സ് മുതൽ കച്ചേരിയിൽ പാടിത്തുടങ്ങി കർണാടക സംഗീതജ്ഞനായി ആഗോളതലത്തിൽ പ്രശസ്തിയാർജിച്ച ഡോ. ശ്രീവത്സൻ ജെ. മേനോൻ ഒട്ടേറെ മലയാള സിനിമകളിൽ സംഗീതം നൽകി. മണ്ണുത്തി കേരള കാർഷിക സർവകലാശാലയിൽ കാർഷിക ഗവേഷകനും പ്രഫസറുമാണ് ഇപ്പോൾ.
ലാലുവിന്റെ പാട്ട്
ഭാഗവത പാരായണക്കാരനും ഭജനപ്പാട്ടുകാരനുമായിരുന്ന എസ്. സുകുമാരൻ വീട്ടിലെ കഷ്ടപ്പാടു മാറ്റാൻ ഇടയ്ക്ക് വെറ്റിലക്കൃഷി നടത്തി. ആഴ്ചയിൽ രണ്ടു ദിവസം കൊല്ലം നഗരപ്രാന്തത്തിലെ മുഖത്തല കല്ലുവെട്ടാംകുഴി ചന്തയിൽ വെറ്റില വിൽക്കാൻ കൊണ്ടുപോകുമ്പോൾ കൂട്ട് നാലു മക്കളിൽ ഇളയവൻ ലാലു. ലാലുവിന് കൂട്ട് അച്ഛൻ മൂളുന്ന രാഗങ്ങൾ... വീട്ടിലെ കഷ്ടപ്പാടുകൾ പാട്ടിൽ മറക്കാൻ ലാലു പഠിച്ചത് അങ്ങനെയാണ്.
അച്ഛനും കശുവണ്ടിത്തൊഴിലാളിയായ അമ്മ കമലാക്ഷിയും മക്കളെ പഠിപ്പിക്കാൻ നന്നേ വിയർത്തു. കഷ്ടപ്പാടുകളോടു മല്ലിട്ട് മൂത്ത മകൻ തുളസീധരൻ (പ്രശസ്ത സംഗീതജ്ഞൻ മുഖത്തല തുളസി) സംഗീതം പഠിച്ച് എറണാകുളത്ത് സ്കൂളിൽ സംഗീതാധ്യാപകനായി. അച്ഛൻ മൂളിപ്പഠിപ്പിച്ച രാഗങ്ങളിൽ ചുവടുവച്ച ലാലുവിനെ സംഗീത വഴിയിൽ പിന്നെ ചേട്ടൻ കൈ പിടിച്ചു. 1984 ൽ ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ സംസ്ഥാന സ്കൂൾ കലോത്സവം കോട്ടയത്ത്. ശാസ്ത്രീയ സംഗീതത്തിൽ ഒന്നാം സ്ഥാനം പതിവുപോലെ ശങ്കരന്. ആദ്യമായി സംസ്ഥാന മത്സരത്തിനെത്തിയ ലാലുവിന് രണ്ടാം സ്ഥാനം.
‘തൊട്ടടുത്ത വർഷം ജില്ലയിൽ ഫസ്റ്റ് നേടിയപ്പോൾ ചേട്ടൻ എന്നെ ഒരു ഭാഗവതരുടെ അടുത്ത് പഠിക്കാൻ വിട്ടു. സംസ്ഥാന കലോത്സവത്തിലേക്ക് പുതിയ കീർത്തനം പഠിപ്പിക്കുകയായിരുന്നു ലക്ഷ്യം. പഠിച്ച കീർത്തനം പാടിക്കേൾപ്പിക്കാൻ മത്സരത്തിനു രണ്ടു ദിവസം മുൻപ് ചേട്ടൻ ആവശ്യപ്പെട്ടു. ഞാൻ ചൊല്ലിക്കേൾപ്പിച്ചത് പൊട്ടത്തെറ്റായിരുന്നു. ഭാഗവതർ പഠിപ്പിച്ചത് ഞാൻ നന്നായി പഠിച്ചിരുന്നില്ല. പകരം, പഴയ ‘ മാ... ജാനകി...’ എന്ന കീർത്തനം ചേട്ടൻ ആവർത്തിച്ച് പഠിപ്പിച്ചു. പിറ്റേന്ന് സ്വന്തം വാച്ച് ഊരി എന്റെ കയ്യിൽ കെട്ടിത്തന്ന് അനുഗ്രഹിച്ച് ചേട്ടൻ എന്നെ അച്ഛനോടൊപ്പം എറണാകുളത്തേക്കു യാത്രയാക്കി. ഞാനാകട്ടെ, അവിടെ സെക്കൻഡ് മാത്രമേ പ്രതീക്ഷിച്ചിരുന്നുള്ളൂ. ശങ്കരൻ ഉണ്ടെങ്കിൽപ്പിന്നെ പ്രതീക്ഷിച്ചിട്ടു കാര്യമില്ലല്ലോ...’
‘ശ്യാമശാസ്ത്രിയുടെ ‘ശങ്കരി ശങ്കുരു ചന്ദ്രമുഖീ...’ എന്ന കീർത്തനം ചൊല്ലി ശങ്കരൻ വിധികർത്താക്കളെ അമ്പരപ്പിച്ചു. പിന്നാലെ എന്റെ ഊഴം. രാഗം ആലപിക്കുന്നതു മാത്രം എനിക്കോർമയുണ്ട്. പിന്നെ കണ്ണടച്ചു. കൃതിയും നിരവലും സ്വരവുമൊക്കെ പിന്നിടുമ്പോൾ കേട്ടത് നിറഞ്ഞ കയ്യടി. കണ്ടത് അഭിനന്ദിക്കാൻ ഓടി വന്ന ശങ്കരനെ, ശ്രീവത്സനെ...’ ഓർമകളിൽ ലാലുവിന്റെ കൺപീലികൾ നനഞ്ഞു.
‘ ലാലു അന്നും ഇന്നും പ്രിയ സുഹൃത്താണ്. അവന്റെ അന്നത്തെ പാട്ട് അക്ഷരാർഥത്തിൽ ഗംഭീരമായിരുന്നു. ഫലം പ്രവചനാതീതമായ മത്സരം. ഇന്നും സംഗീതജ്ഞനെന്ന പൊലിമകളില്ലാതെ ലാലു കഴിയുന്നു’ എറണാകുളം പാലാരിവട്ടത്തെ വീട്ടിലിരുന്നു ശങ്കരൻ നമ്പൂതിരി കുട്ടുകാരന്റെ തോളിൽ കയ്യിട്ടു.
പാട്ടിന്റെ ലഹരി മൂത്തപ്പോൾ ലാലുവിന് പത്താം ക്ലാസ് പരീക്ഷയിൽ വിജയിക്കാനുള്ള മാർക്ക് ലഭിച്ചില്ല. പത്ത് ജയിച്ച് തിരുവനന്തപുരത്ത് സംഗീത കോളജിൽ ചേരണമെന്നായിരുന്നു മോഹം. അതറിഞ്ഞ വിദ്യാഭ്യാസ മന്ത്രി ടി.എം. ജേക്കബ് ജയിക്കാൻ 210 മാർക്കിനു ബാക്കി വേണ്ടത് നൽകാൻ നിർദേശിച്ചു. അങ്ങനെ പത്താം ക്ലാസ് കടന്ന ലാലു സംഗീത കോളജിൽ ചേർന്നു ഗാനഭൂഷണം ഫസ്റ്റ് ക്ലാസോടെ നേടി. ഗാനപ്രവീണിനു ചേർന്നെങ്കിലും അച്ഛനു രോഗം കലശലായതോടെ വീട്ടിലേക്കു മടങ്ങേണ്ടി വന്നു. വീടുകളിൽ ചെന്നു കുട്ടികളെ സംഗീതം പഠിപ്പിച്ചു. 1998ൽ ലാലു മാഹി മലയാള കലാഗ്രാമത്തിൽ സംഗീതാധ്യാപകനായി ചേർന്നു. അധ്യാപനത്തോടൊപ്പം സംഗീതക്കച്ചേരികൾക്കായി നാടു ചുറ്റി. ചെന്നൈയിൽ പ്രശസ്ത സംഗീതജ്ഞൻ മധുര ജി എസ് മണിയുടെ കീഴിൽ കുറച്ചു നാൾ സംഗീതം അഭ്യസിച്ചു. നീണ്ട 20 വർഷത്തിനു ശേഷം കലാഗ്രാമം വിട്ട് നാട്ടിലെത്തി. അപ്പോഴേക്കും ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബവുമായി.
വീണ്ടും തളിർത്തു, രാഗമാലിക
ശങ്കരനും ശ്രീവത്സനും ജയചന്ദ്രനും സംഗീത വഴികളിൽ തിരക്കായി. കലാഗ്രാമം വിട്ട ലാലു കൊല്ലത്ത് സംഗീത ട്യൂഷനും കച്ചേരികളുമൊക്കെയായി ഒതുങ്ങി. ദർബാർ ഹാളിലെ മത്സരത്തിനിടെ ശങ്കരനും ലാലുവും ശ്രീവത്സനും തമ്മിൽ കണ്ടെങ്കിലും ജയചന്ദ്രനെ കാണാൻ കഴിഞ്ഞിരുന്നില്ല. മണിക്കൂറുകളോളം നീളുന്ന മത്സരത്തിൽ ഇടയ്ക്കെപ്പോഴോ വന്നു ജയചന്ദ്രൻ പാടി മടങ്ങി.
നാലു പേരിൽ രണ്ടും മൂന്നും പേർ പലപ്പോഴായി ഒന്നിച്ചു കണ്ടെങ്കിലും എല്ലാവരും ഒന്നിച്ചു കൂടണമെന്ന മോഹം മൂന്നര പതിറ്റാണ്ടിലേറെക്കാലം ഓരോരുത്തരുടെയും മനസ്സിലിരുന്നതേയുള്ളൂ. ‘രാവിലെ മുതൽ രാത്രി വൈകി വരെ നീണ്ട മത്സരത്തിൽ പരസ്പരം പരിചയപ്പെടുക അസാധ്യമായിരുന്നു. ശങ്കരൻ അന്നേ പ്രശസ്തനായിരുന്നു. പാട്ടു കേട്ട് ഇഷ്ടപ്പെട്ട് രാഷ്ട്രപതി മടിയിൽ പിടിച്ചിരുത്തി സമ്മാനം നൽകിയ കക്ഷിയാണ്. ശ്രീവത്സനെ അന്ന് ആദ്യമായി അവിടെ വച്ചാണ് കാണുന്നത്. ലാലു ആരെന്ന് അന്നെനിക്ക് അറിയില്ലായിരുന്നു. ശങ്കരനും ശ്രീവത്സനും ഞാനും പിന്നീട് പലപ്പോഴും ബന്ധപ്പെട്ടു. ലാലുവിനെക്കുറിച്ചു മാത്രം വിവരമൊന്നും കിട്ടിയില്ല.
വളരെ അടുത്ത കാലത്ത് ശ്രീവത്സൻ പറഞ്ഞാണ്, അന്ന് ഒന്നാം സ്ഥാനം അടിച്ചെടുത്ത ലാലു കൊല്ലത്തുണ്ടെന്ന് അറിയുന്നത്. അങ്ങനെ ഞാനവനെ പിടികൂടി’ തിരുവനന്തപുരം കോട്ടൺഹില്ലിലെ ഫ്ലാറ്റിലിരുന്നു ജയചന്ദ്രൻ പറഞ്ഞു.
‘ എല്ലാവരും ഒരുമിച്ചു വരികയെന്ന സന്തോഷം ഊട്ടിയുറപ്പിച്ച മത്സരഫലമായിരുന്നു അന്ന്. ശങ്കരനും ഞാനും ആകാശവാണി തൃശൂർ നിലയത്തിലെ ബാലമണ്ഡലം പരിപാടിയിലെ സ്ഥിരം അംഗങ്ങളായിരുന്നു. ജയചന്ദ്രനും ഞാനും പല സംഗീത പരിപാടികളിലും ഒരുമിച്ചു കണ്ടിട്ടുണ്ട്. ഒരിടവേളയ്ക്കു ശേഷമാണ് ലാലുവിനെ ഞങ്ങൾക്കു ‘കണ്ടുകിട്ടുന്നത്’. പഴയ അതേ സൗഹൃദം ഞങ്ങൾ ഇപ്പോഴും തുടരുന്നു’– തൃപ്പൂണിത്തുറയിലെ വീട്ടിലിരുന്നു ശ്രീവത്സൻ ലാലുവിനെ ഓർത്തു.
ഒന്നിച്ചു കൂടാനായില്ലെങ്കിലും സഹായിക്കാവുന്നിടത്തൊക്കെ സുഹൃദ് ബന്ധം പരസ്പരം താങ്ങും തുണയുമായി നിന്നു. ലാലുവിനോട് പ്രത്യേക കരുതലും. ലാലു പല ആൽബങ്ങൾ സംഗീതം ചെയ്തു. അതിലൊന്നായ ‘കണ്ണന്റെ മുന്നിൽ’ എന്ന ആൽബത്തിൽ പാടാൻ വിളിച്ചപ്പോൾ ശങ്കരൻ ഓടി വന്നു. പി. ജയചന്ദ്രൻ, കെ.എസ് ചിത്ര തുടങ്ങിയവരായിരുന്നു മറ്റു ഗായകർ. ലാലുവിന്റെ മറ്റൊരു സിഡിയിൽ എം. ജയചന്ദ്രനും പാടാനെത്തി. ശ്രീവത്സൻ സംഗീതം ചെയ്ത സിനിമയിൽ പാടാൻ ആളെ തേടിയപ്പോൾ ഓർമയിൽ ആദ്യം വന്നത് ലാലുവായിരുന്നു. അതിൽ ലാലു പാടി.
1985 ൽ കൊച്ചി ദർബാർ ഹാളിലെ വേദിയിൽ കേട്ട നാലു ശബ്ദങ്ങളും സംഗീതക്കച്ചേരിയിൽ ഒന്നിക്കണമെന്ന ആശയം പെട്ടെന്നൊരു ദിവസം മുന്നോട്ടുവച്ചത് ജയചന്ദ്രനാണ്. ബഹ്റൈനിൽ കേരളീയ സമാജത്തിന്റെ പ്രോഗ്രാമായി അത് തീരുമാനിക്കുകയും ചെയ്തു. ഒരുക്കങ്ങൾ ഏതാണ്ട് പൂർത്തിയായപ്പോഴും കോവിഡ് വില്ലനായി, പരിപാടി മാറ്റി.
ആ ദിവസങ്ങളിൽ ജയചന്ദ്രൻ ‘ എംജെ മ്യൂസിക് സോൺ’ എന്ന ഓൺലൈൻ സംഗീത പഠനകേന്ദ്രം തുറന്നു. അവിടെ അധ്യാപകനായി ജയചന്ദ്രൻ ആദ്യം കൊണ്ടുപോയത് ലാലുവിനെ ! ലാലു ഇന്നും അവിടെ അധ്യാപകനാണ്.
ബഹ്റൈൻ പരിപാടി മുടങ്ങിയെങ്കിലും ജയചന്ദ്രൻ വിട്ടില്ല. അച്ഛന്റെയും അമ്മയുടെയും ഓർമയ്ക്കായി, തിരുവനന്തപുരത്ത് സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായി നാൽവർ സംഘത്തിന്റെ കച്ചേരി നിശ്ചയിച്ചു– രണ്ടു വർഷം മുൻപ്. മൂന്നര പതിറ്റാണ്ടിനു ശേഷം നാലു പേരും ഒന്നിച്ച് ഒരു വേദിയിലെത്തിയ മുഹൂർത്തം. തലേന്ന് തലസ്ഥാന നഗരിയിലെ ഹോട്ടലിൽ പഴയ കലോത്സവ താരങ്ങൾ ഒത്തുകൂടി. ഓർമകൾ താളവാദ്യങ്ങളായ രാത്രി. രാവേറെ ചെല്ലുവോളം പാട്ടും കഥകളുമായി അവർ ഉറക്കമിളച്ചു. കേട്ടത് കാലമെത്ര കഴിഞ്ഞാലും ഈണം തെറ്റാത്ത ആത്മബന്ധത്തിന്റെ ശീലുകൾ. മുടങ്ങിപ്പോയ കച്ചേരി പിന്നീട് ഇക്കഴിഞ്ഞ വർഷം ബഹ്റൈനിലും നടത്തി. വേദിയൊരുങ്ങിയാൽ ഇനിയും ഒന്നിക്കാൻ തയാർ.
സംസ്ഥാന സ്കൂൾ കലോത്സവത്തിനു ദിവസങ്ങൾക്കകം കൊല്ലത്ത് തിരശീല ഉയരുമ്പോൾ നാലു പേരും ഉള്ളിൽ വച്ചിരിക്കുന്നൊരു മോഹമുണ്ട്; സമയം അനുവദിക്കുമെങ്കിൽ പ്രിയ കൂട്ടുകാരൻ ലാലുവിന്റെ നാട്ടിലെ കലോത്സവ വേദിയിലൊന്നു വരണം. പഴയ കുട്ടികളായിരുന്ന് ആവോളം പാട്ടു കേൾക്കണം. ഒന്നിച്ചിരുന്നു പിന്നെ കുറെ പാടണം...
തംബുരുവിന്റെ നാലു കമ്പികളെപ്പോലെ...
സുഖദമായൊരു പാതിരാമഴ പോലെ...
അത്രമേൽ ഇഷ്ടമുള്ളവരുടെ പാട്ട്...