ശോഭ വിശ്വനാഥ്: വ്യാജമായി ചമച്ച കഞ്ചാവ് കേസിൽനിന്ന് നിശ്ചയദാർഢ്യം കൊണ്ട് നിരപരാധിത്വം തെളിയിച്ച പോരാട്ടകഥ
വിവാഹാഭ്യർഥന നിരസിച്ചതിന്റെ പേരിലാണ് സാമൂഹിക സംരംഭകയും തിരുവനന്തപുരത്തെ വീവേഴ്സ് വില്ലേജ് എന്ന സംരംഭത്തിന്റെ സ്ഥാപകയുമായ ശോഭ വിശ്വനാഥിനെ കഞ്ചാവ് കേസിൽ കുടുക്കാൻ ശ്രമമുണ്ടായത്. സത്യം തെളിയിച്ച് കുറ്റവിമുക്തയാകാനും യഥാർഥ പ്രതികളെ നിയമത്തിനു മുന്നിലെത്തിക്കാനും ശോഭ സ്വയം മുന്നിട്ടിറങ്ങുകയായിരുന്നു. അതെക്കുറിച്ചു ശോഭ പറയുന്നു:

തുടക്കം
ഗാർഹിക പീഡനം നിറഞ്ഞ വിവാഹ ജീവിതത്തിൽ നിന്നു പുറത്തു കടന്നു ബിസിനസും സാമൂഹിക പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമ്പോഴാണ് കുടുംബ സുഹൃത്തായിരുന്ന ഹരീഷ് ഹരിദാസ് എന്നോടു വിവാഹാഭ്യർഥന നടത്തിയത്. ഹരീഷുമായി അടുത്തു പെരുമാറിയപ്പോൾ അദ്ദേഹം എനിക്കു പറ്റിയ ആളല്ലെന്നു മനസ്സിലായി. വിവാഹാലോചന നിരസിച്ചു.
എന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും വഴി അദ്ദേഹം നിരന്തരം എന്റെ പിന്നാലെ നടന്നെങ്കിലും വഴങ്ങിയില്ല. അജ്ഞാത ഫോൺ കോളുകളും മറ്റും വഴി എന്റെ സ്വസ്ഥത നശിപ്പിക്കാൻ തുടങ്ങിയതോടെ അദ്ദേഹത്തിന്റെ വീട്ടുകാരെ കണ്ടു വിവരം അറിയിച്ചു. സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കണമെന്ന് അഭ്യർഥിച്ചു. അതോടെയാണ് എന്നെ വ്യക്തിഹത്യ നടത്താൻ അയാൾ തുനിഞ്ഞിറങ്ങിയത്.
ആ ദിവസം
2021 ജനുവരിയിൽ കോവളം വെള്ളാറിലെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ ‘ഹാൻഡ്‌ലൂം വില്ലേജ്’ തുറക്കുന്ന തിരക്കിലായിരുന്നു ഞാൻ. ആ സമയം തന്നെ വെള്ളയമ്പലം വീവേഴ്സ് വില്ലേജ് ഷോപ്പ് നവീകരിക്കുകയും ചെയ്തു. വർഷങ്ങളോളം എനിക്കൊപ്പം ജോലി ചെയ്തിരുന്ന ഉഷ എന്ന സ്ത്രീ സാമ്പത്തിക ബുദ്ധിമുട്ടുകൾ പറഞ്ഞ് അവിടെ വീണ്ടും ജോലിക്കു കയറിയ സമയമാണ്.
2021 ജനുവരി 21. വെള്ളാറിലെ ഷോപ്പിൽ നിൽക്കുമ്പോഴാണ് വെള്ളയമ്പലത്തിലെ ഷോപ്പ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമ ഫോണിൽ വിളിച്ചത്. ‘അവിടെ പൊലീസ് വന്ന് എന്തൊക്കെയോ പ്രശ്നം നടക്കുന്നുണ്ട്’ എന്നു പറഞ്ഞു. പിന്നാലെ, വെള്ളാറിലേക്കു മഫ്ടി പൊലീസ് എത്തി, ഒപ്പം വരാൻ നിർദേശിച്ചു. വെള്ളയമ്പലം ഷോപ്പിലെത്തിയപ്പോൾ വലിയ പൊലീസ് സംഘം. പന്തികേട് തോന്നിയപ്പോൾ ‘ഇതു ട്രാപ്പ് ആണ്’ എന്നു ഞാൻ പറഞ്ഞു.
ചുറ്റും പൊലീസ് നിന്നു ചോദ്യം ചെയ്തു. എവിടെ നിന്നൊക്കെയോ കഞ്ചാവ് എടുത്തു കൊണ്ടു വന്നു. റെയ്ഡ് നടക്കുമ്പോൾ ഞാൻ അവിടെയുണ്ടായിരുന്നെന്നും ഞാനാണ് കഞ്ചാവ് എടുത്തു കൊടുത്തതും എന്ന മട്ടിൽ കേസ് റജിസ്റ്റർ ചെയ്തു. സിസിടിവി പരിശോധിക്കണമെന്ന ആവശ്യം പൊലീസ് അംഗീകരിച്ചില്ല. ചോദ്യങ്ങൾക്കെല്ലാം ‘എനിക്ക് അറിയില്ല’ എന്ന ഉത്തരമേ ഉണ്ടായിരുന്നുള്ളൂ. 480 ഗ്രാം കഞ്ചാവ് പിടിച്ചെന്നു പൊലീസ് എഫ്ഐആറിൽ പറയുന്നു.
ഒരു വനിതാ പൊലീസ് മാത്രമാണ് സ്ത്രീ എന്ന പരിഗണന നൽകിയത്. വിവരം അറിഞ്ഞെത്തിയ എന്റെ സഹോദരനോട് ‘ശോഭ നിരപരാധിയാണ്’ എന്നും അവർ പറഞ്ഞു. റെയ്ഡ് എന്റെ ഫ്ലാറ്റിലേക്കു നീണ്ടു. നഗര മധ്യത്തിലെ ഫ്ലാറ്റിനു മുന്നിൽ വലിയ പൊലീസ് സന്നാഹത്തിൽ ഞാൻ ജീപ്പിൽ നിന്നിറങ്ങി. പൊലീസുകാർ അവിടം ഉഴുതു മറിച്ചിട്ടും ഒന്നും കിട്ടിയില്ല. പിന്നാലെ മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്ക്. അടുത്ത യാത്ര ജയിലിലേക്ക് എന്നു കരുതിയെങ്കിലും ജാമ്യം കിട്ടി.
ഒറ്റയ്ക്കു സത്യം തേടി
ക്രാഫ്റ്റ് വില്ലേജിലെ സിഇഒ ശ്രീപ്രസാദ് നൽകിയ പിന്തുണ വലുതാണ്. എന്നെ പുറത്താക്കണമെന്നു പല ഫോൺ കോളുകളും എത്തിയെങ്കിലും കോടതി കുറ്റവാളിയെന്നു പറയുന്നതു വരെ അവരെ പുറത്താക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. രണ്ടു മാസത്തോളം ഞാൻ പതിവായി മ്യൂസിയം സ്റ്റേഷനിൽ പോയി. സിസിടിവി പരിശോധിക്കാൻ പലവട്ടം ആവശ്യപ്പെട്ടു. ഒടുവിൽ, സ്വയം സിസിടിവി പരിശോധിക്കാൻ അവർ നിർദേശിച്ചു.
അതിൽ കണ്ടത് ഇങ്ങനെ : പൊലീസ് റെയ്ഡ് ചെയ്യുന്നതിന് മുൻപുള്ള ദൃശ്യമാണ്. ഷോപ്പിലെ ജീവനക്കാരി ഉഷ വെപ്രാളത്തോടെ ആരെയോ കാത്തു നിൽക്കുന്നു. ആരോ വരുന്നതു കണ്ട് വേഗം സിസിടിവി ഓഫ് ചെയ്യുന്നു. അൽപം കഴിഞ്ഞ് ഓൺ ചെയ്യുന്നു. ആ ദൃശ്യങ്ങൾ സഹിതം ഡിജിപി ലോക്നാഥ് ബഹ്റയ്ക്കു നേരിട്ടു പരാതി നൽകി. മുഖ്യമന്ത്രിക്കും അയച്ചു. മൂന്നു മാസം കടന്നു പോയിരുന്നു. വൈകാതെ കേസ് ക്രൈംബ്രാഞ്ചിനു കൈമാറി.
ഡിവൈഎസ്പി അമ്മിണിക്കുട്ടനും സംഘവും അന്വേഷണം തുടങ്ങി. എന്റെ മുൻജീവനക്കാരൻ വിവേകിനെ കസ്റ്റഡിയിലെടുത്തു. ഹരീഷും വിവേകുമായി സൗഹൃദമുണ്ടായിരുന്നു. ഇടയ്ക്ക് ഷോപ്പിൽ വച്ച് നഷ്ടമായ എന്റെ ഫോൺ കവർന്നത് വിവേക് ആണെന്നു നേരത്തെ എനിക്കറിയാമായിരുന്നു. ക്രൈംബ്രാഞ്ച് തെളിവെടുപ്പിനെത്തിച്ചപ്പോൾ പൊലീസ് കണ്ടെടുക്കാത്ത ഒരു പൊതി കഞ്ചാവ് വിവേക് ഒളിപ്പിച്ചു വച്ച സ്ഥലത്തു നിന്നെടുത്തതു നിർണായകമായി. ഹരീഷിന്റെ നിർദേശപ്രകാരവും ഉഷയുടെ സഹായത്തോടെയുമാണ് ഈ കൃത്യം ചെയ്തതെന്നു വിവേക് മൊഴി നൽകി.
ഉഷയെയും വിവേകിനെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ക്രൈംബ്രാഞ്ച് എന്നെ കുറ്റമുക്തയാക്കി ക്ലീൻചിറ്റ് നൽകിയ ശേഷമാണ് ഞാൻ മാധ്യമങ്ങളെ കണ്ട് എല്ലാം തുറന്നു പറഞ്ഞത്. ഞാൻ കോടികൾ വാങ്ങി അവർക്ക് എതിരെയുള്ള കേസിൽ നിന്നു പിന്മാറിയെന്നെല്ലാം പ്രതികൾ പ്രചരിപ്പിക്കുന്നുണ്ട്. അവർക്കെതിരെ ഞാൻ അപകീർത്തി കേസ് കൊടുത്തിട്ടുണ്ട്. ഇപ്പോഴും തുടരുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ ഞാൻ സൈബർ സെല്ലിലും ക്രൈംബ്രാഞ്ചിലുമായി പരാതികൾ നൽകിയിട്ടുണ്ട്. ഈ സമയമെല്ലാം അൽപം പോലും എന്നെ സംശയിക്കാതെ ഒപ്പം നിന്ന കുടുംബവും സുഹൃത്തുക്കളുമാണ് എനിക്ക് ആത്മവിശ്വാസം നൽകിയത്.