ADVERTISEMENT

ശ്രീനാരായണ ഗുരുവിനൊപ്പം പാലക്കാട്ട് ജൈനമേട്ടിൽ താമസിച്ച കാലത്ത് കുമാരനാശാൻ ‘വീണപൂവ്’ എഴുതിത്തുടങ്ങിയതിനെക്കുറിച്ചുള്ള ഒളപ്പമണ്ണയുടെ കവിതയാണു ജൈനമേട്ടിലെ മുല്ല. സമൂഹത്തിൽ അയിത്തം പ്രസരിപ്പിച്ച ദു‍ർഗന്ധമകറ്റാൻ ചട്ടമ്പിസ്വാമിയുടെ അധ്യക്ഷതയിൽ വള്ളികുന്നത്തു നടത്തിയിരുന്ന അദ്വൈതസഭയെ വള്ളികുന്നത്തെ മുല്ല എന്നു വിശേഷിപ്പിക്കാം. ഈശ്വരസ്മരണയ്ക്കു മറ്റൊന്നും ചെയ്യേണ്ട, വിളക്കുകൊളുത്തി ഒരു വെളുത്ത പുഷ്പം അർച്ചിക്കുക മാത്രം മതി എന്ന ചട്ടമ്പിസ്വാമി വചനം കൂടി കണക്കിലെടുക്കുമ്പോൾ വള്ളികുന്നത്തെ മുല്ല എന്ന വിശേഷണത്തിനു പ്രസക്തിയേറുന്നു.

ചട്ടമ്പിസ്വാമികൾ അവധൂതസന്യാസിയായിരുന്നു. നിരന്തരം സഞ്ചാരിയായി അദ്ദേഹം ജീവിച്ചു. ജീവജാലങ്ങൾ മുഴുവൻ അദ്ദേഹത്തിനു കളിത്തോഴരായിരുന്നു. ഒരു വീട്ടിൽ ചെന്നാൽ സ്വാമി അവിടത്തെ അംഗമാവും. ചരങ്ങളുടെ മാത്രമല്ല, അചരങ്ങളുടെയും ക്ഷേമം സ്വാമി അന്വേഷിക്കും. നമ്മുടെ ഉറുമ്പ് സന്താനങ്ങൾക്ക് സുഖമല്ലേ? നീ ഭക്ഷിക്കുമ്പോൾ അവയ്ക്കും കൊടുക്കുമല്ലോ. എന്റെ അഗസ്ത്യൻ എവിടെ? എനിക്കു കാണണമല്ലോ. സ്വാമി പേരിട്ട മൃദംഗമാണ് അഗസ്ത്യൻ.

ഈ പ്രപഞ്ചത്തിലെ ഒന്നും മറ്റൊന്നിൽ നിന്ന് അന്യമല്ല എന്നു സ്വാമി വിശ്വസിച്ചു. പ്രപഞ്ചമാകെ ഒറ്റമനസ്സാണ്. മനസ്സിനും മനസ്സിനുമിടയ്ക്ക് ശൂന്യതയില്ല എന്ന സ്വാമിയുടെ മഹാവാക്യം ഭാരതീയസമത്വദർശനത്തിന്റെ ലളിതവ്യാഖ്യാനമാണ്. സ്വാമിക്കു പ്രാപഞ്ചികജീവിതം ലീലയായിരുന്നു. ‘ലീലയാ കാലമധികം നീത്വാന്തേ സ മഹാപ്രഭു’ എന്നു ചട്ടമ്പിസ്വാമിസമാധി പദ്യത്തിൽ ശ്രീനാരായണഗുരു എഴുതി. ആ മഹാപ്രഭു വെറും ലീലയായി കാലം കഴിച്ചു എന്നു സാരം. ചട്ടമ്പിസ്വാമിയെ സമാധിയിരുത്തിയ സ്ഥാനത്താണു കുമ്പളത്ത് ശങ്കുപ്പിള്ള പന്മന ആശ്രമം സ്ഥാപിച്ചത്.

ചട്ടമ്പിസ്വാമി സഞ്ചാരത്തിനിടയിൽ പല ഘട്ടങ്ങളിലായി പന്ത്രണ്ടു വർഷം ആലപ്പുഴ ജില്ലയിൽ വള്ളികുന്നത്തെ ആറമ്പിൽ വീട്ടിൽ അതിഥിയായി ശിഷ്യനായ നീലകണ്ഠതീർത്ഥപാദരോടൊപ്പം താമസിച്ചിരുന്നു. നീലകണ്ഠ തീർത്ഥപാദരുടെ പ്രഥമശിഷ്യരിൽ ഒരാളായിരുന്നു ആറമ്പിൽ ഗോവിന്ദൻ ഉണ്ണിത്താൻ. അദ്ദേഹം ബ്രഹ്മനിഷ്ഠനും ധനാഢ്യനും പരോപകാരതൽപരനുമായിരുന്നു. അദ്ദേഹത്തിനു ഗോവിന്ദസ്ഥാനേശ്വരൻ, ഗോവിന്ദബ്രഹ്മാനുഭൂതി എന്നീ സന്യാസനാമങ്ങൾ ഉണ്ടായിരുന്നു.

arambil-house-in-alappuzha-2

ആറമ്പി‍ൽ വീട്ടിലെ താമസക്കാലത്ത് 1903 ൽ ചട്ടമ്പിസ്വാമി , നീലകണ്ഠതീർത്ഥപാദർ, ആറമ്പിൽ ഗോവിന്ദൻ ഉണ്ണിത്താൻ എന്നിവരും മറ്റു ചില ഭക്തരും ഉൾപ്പെടുന്ന ചെറുസംഘം വള്ളികുന്നത്തു നിന്നു ശാസ്താംകോട്ടയിലേക്ക് ഒരു പദയാത്ര പോയി. ജാതീയമായ ഉച്ചനീചത്വങ്ങൾ താണ്ഡവമാടുന്ന കാലം. എതിരെ വന്ന ഒരു സാധുവിനെ അയിത്തത്തിന്റെ പേരിൽ വഴിതടഞ്ഞ് ഓടിച്ചുവിടാൻ ശ്രമിക്കുന്ന ഹീനമായ രംഗം ചട്ടമ്പിസ്വാമിയുടെ ശ്രദ്ധയിൽപ്പെട്ടു. ഈ ദുഷ്കൃത്യത്തിനു ശ്രമിച്ചവരെ സ്വാമി ശാസിക്കുകയും യാത്രക്കാരനെ അയാൾക്കു പോകേണ്ടവഴിക്കു യാത്രയാക്കുകയും ചെയ്തു. തന്നെ തടയുന്നതുപോലെയാണ് അപ്പോൾ സ്വാമിക്ക് അനുഭവപ്പെട്ടത്. തിരുവനന്തപുരത്തു വച്ച് ഒരു കാളവണ്ടിക്കാരൻ കയറ്റം കയറാൻ പാടുപെടുന്ന കാളയെ ചാട്ടവാറുകൊണ്ട് അടിച്ചപ്പോൾ വേദനിച്ച് ചട്ടമ്പിസ്വാമി സ്വന്തം തുട തടവിയ കഥ പ്രസിദ്ധമാണ്.

അയിത്തത്തിനെതിരെ ചട്ടമ്പിസ്വാമി നടത്തിയ ഈ പരസ്യപ്രവൃത്തി ശിഷ്യനായ നീലകണ്ഠതീർത്ഥപാദരുടെ ചിന്തയെ മറ്റൊരു തീരുമാനത്തിലേക്കു വഴിതിരിച്ചുവിട്ടു. സന്യാസിമാർ നാമം ജപിച്ചും ഗ്രന്ഥരചന നടത്തിയും കാലം കഴിക്കേണ്ടവരല്ല എന്നും സമൂഹത്തിന്റെ നവോത്ഥാനപ്രക്രിയയിൽ പങ്കാളികളാവേണ്ടവരാണെന്നും നിശ്ചയിച്ചുറപ്പിച്ചു. അതിന്റെ ഭാഗമായി 1907 ൽ ആറമ്പിൽ തറവാട് കേന്ദ്രീകരിച്ച് നീലകണ്ഠതീർത്ഥപാദർ അദ്വൈതസഭ സ്ഥാപിച്ചു. ഇതിനെ ചട്ടമ്പിസ്വാമി അനുഗ്രഹിച്ചു.

എല്ലാ ജീവജാലങ്ങളിലും തുടിക്കുന്നത് ഒരേ പരമാത്മചൈതന്യമാണെന്ന ആധ്യാത്മികജ്ഞാനം പകർന്ന് സമൂഹത്തിലെ അസമത്വങ്ങൾ ഇല്ലാതാക്കുകയായിരുന്നു അദ്വൈതസഭയുടെ ലക്ഷ്യം. ചിന്തകരും പണ്ഡിതരും സഭയിൽ പങ്കെടുത്ത് പ്രഭാഷണങ്ങൾ നടത്തുകയും സദസ്യർക്കു സംവാദങ്ങൾ നടത്താൻ അവസരം ഒരുക്കുകയും ചെയ്തു. ചിലപ്പോഴൊക്കെ ചട്ടമ്പിസ്വാമി അദ്വൈതസഭയുടെ അധ്യക്ഷസ്ഥാനം വഹിച്ചതായി നീലകണ്ഠതീർത്ഥപാദരുടെ ശിഷ്യനായ ശ്രീവർധനത്ത് എൻ.കൃഷ്ണപിള്ള രേഖപ്പെടുത്തിയിട്ടുണ്ട്. തന്റെ ഗുരുനാഥനായ പേട്ടയിൽ രാമൻപിള്ള ആശാൻ 1876 ൽ തിരുവനന്തപുരത്ത് രൂപീകരിച്ച ‘ജ്ഞാനപ്രജാഗരം’ എന്ന പണ്ഡിതസമിതിയിൽ ചട്ടമ്പിസ്വാമി സ്ഥിരം ശ്രോതാവായിരുന്നു.

അദ്വൈതസഭ രണ്ടുവർഷമേ പ്രവർത്തിച്ചുള്ളൂ. പിൽക്കാലത്ത് കമ്യൂണിസത്തിനു വളക്കൂറായ വള്ളികുന്നത്തെ മണ്ണിൽ വിചാരവിപ്ലവത്തിന് നാന്ദികുറിച്ച അദ്വൈതസഭയ്ക്കു ചരിത്രത്തിൽ വേണ്ടത്ര ഇടംകിട്ടാതെ പോയി. ഗതകാലസ്മൃതിജ്വാലകൾ കെടാതെ സൂക്ഷിച്ച് ആറമ്പിൽ തറവാട് ഇന്നും തലയുയർത്തി നിൽക്കുന്നു.

നീലകണ്ഠതീർത്ഥപാദരുടെ ദേവാർച്ചാപദ്ധതി, ആചാരപദ്ധതി തുടങ്ങിയ പല പുസ്തകങ്ങളുടെയും പ്രസാധകൻ കൂടിയായിരുന്നു ആറമ്പിൽ ഗോവിന്ദൻ ഉണ്ണിത്താൻ. ചട്ടമ്പിസ്വാമിയുടെ നിർദേശം അനുസരിച്ചാണ് നീലകണ്ഠതീർത്ഥപാദർ ദേവാർച്ചാ പദ്ധതി എന്ന പുസ്തകം എഴുതിയത്. ഒരു പൂജാരിക്ക് പറഞ്ഞിട്ടുള്ള ജീവിതക്രമം അനുസരിച്ച് ജീവിക്കുന്ന ഏതൊരാളിനും ജാതിഭേദമെന്യേ പൂജ ചെയ്യാം എന്ന ആശയമാണ് ‘ദേവാർച്ചാ പദ്ധതി’ മുന്നോട്ടുവച്ചത്. ഇത്തരം ഗ്രന്ഥങ്ങൾ അദ്വൈതസഭയിൽ ചർച്ച ചെയ്തശേഷമാണ് അച്ചടിയിലേക്ക് പോയിരുന്നത്. ചട്ടമ്പിസ്വാമിയുടെയും നീലകണ്ഠതീർത്ഥപാദരുടെയും പ്രധാനപുസ്തകങ്ങൾ ഗോവിന്ദൻ ഉണ്ണിത്താൻ സൗജന്യമായി അച്ചടിച്ച് വിതരണം ചെയ്തിരുന്നു.

കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച് മുൻ പ്രിൻസിപ്പൽ ഡോ.ഡി.എം.വാസുദേവൻ പ്രസിഡന്റും പെരുമുറ്റം രാധാകൃഷ്ണൻ സെക്രട്ടറി ജനറലുമായ വിദ്യാധിരാജ ഇന്റർനാഷനൽ എന്ന സംഘടന വള്ളികുന്നത്ത് വിലയ്ക്കു വാങ്ങിയ മൂന്നരയേക്കർ സ്ഥലം ഉൾക്കൊള്ളുന്ന വിദ്യാധിരാജപുരം കേന്ദ്രമാക്കി, ചട്ടമ്പിസ്വാമിയുടെ ആശയധാര പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിപുലമായ പ്രവർത്തനങ്ങൾ നടത്തിവരുന്നു.

തിരുവനന്തപുരത്തെ ചട്ടമ്പിസ്വാമി ആർക്കൈവ്സുമായി സഹകരിച്ച് ചട്ടമ്പിസ്വാമിയുടെ കൃതികളും സ്വാമിയുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ചിരുന്ന സദ്ഗുരു പോലെയുള്ള മാസികകളും ഡിജിറ്റൈസ് ചെയ്യുക എന്നതാണ് അതിലൊന്ന്. ചട്ടമ്പിസ്വാമിയുടെ പേരിൽ ധ്യാനമണ്ഡപം, അതിനു മുകളിൽ ചട്ടമ്പിസ്വാമിയുടെ 25 അടി പൊക്കമുള്ള പ്രതിമ എന്നിവയും അതിൽപ്പെടുന്നു. സമൂഹത്തിലെ ദുർബലവിഭാഗങ്ങളുടെ സംരക്ഷണം, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം, വയോജനസംരക്ഷണം, ആരോഗ്യക്ഷേമം തുടങ്ങിയവ വിദ്യാധിരാജ ഇന്റർനാഷനലിന്റെ പദ്ധതികളിൽപ്പെടുന്നു. 

English Summary:

Sunday Special about Chattambi Swami

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com