തോറ്റുകൊടുക്കാൻ മനസ്സില്ല...; മുച്ചക്ര വാഹനങ്ങളിൽ യാത്ര തുടങ്ങി ജീവിതം റീചാർജ് ചെയ്യുന്ന ഒരു സംഘം
ശരീരത്തിൽ ചക്രങ്ങളുള്ളവരാണ് ഞങ്ങൾ, ജീവിക്കാനായി ചക്രക്കസേരകളിൽ ഉരുണ്ടുനീങ്ങുന്നവർ. എങ്കിൽപിന്നെ ആ ചക്രങ്ങൾ അൽപം കൂടി ദൂരേക്ക് ഉരുട്ടിയാൽ എന്താണു കുഴപ്പം? ആ ഒരൊറ്റ ചോദ്യത്തിൽ നിന്നാണ് അന്നു ഗുണ്ടൽപ്പേട്ടിലേക്ക് ഇറങ്ങിയത്. ആ യാത്രയിൽ സൂര്യനെക്കണ്ടു, സൂര്യകാന്തിപ്പാടങ്ങൾ കണ്ടു. ഒത്തിരി മനുഷ്യർക്കിടയിൽ ഞങ്ങൾ ഞങ്ങളെത്തന്നെ കണ്ടു, തിരിച്ചറിഞ്ഞു.’

വഴിയോരത്തെ തണൽമരത്തിനു ചുവട്ടിലേക്കു തന്റെ മുച്ചക്ര വാഹനമൊതുക്കി ഈ കഥ പറഞ്ഞുതുടങ്ങുന്ന സാദിഖ് കുഞ്ഞാനിയും അദ്ദേഹത്തിന്റെ കൂട്ടുകാരും മുച്ചക്ര വാഹനങ്ങളിലായി നടത്തിയത് അൻപതിലേറെ യാത്രകൾ. കേരളം, ഗോവ, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലായി താണ്ടിയത് 70,000 കിലോമീറ്ററിലധികം ദൂരം.
വീൽചെയർ കൂട്ട്
സാദിഖ് പറയുന്നു: ‘കുട്ടിക്കാലത്തു പിടിപെട്ട മസ്കുലാർ ഡിസ്ട്രോഫിയാണ് എന്നെ വീൽചെയറിലാക്കിയത്’. കൂട്ടുകാരൻ രാഹുലിനെ ഇരിപ്പിടത്തിൽ ഒതുക്കാൻ നോക്കിയത് വർഷങ്ങൾക്ക് മുൻപ് നട്ടെല്ലിനേറ്റ ക്ഷതം. പെരിന്തൽമണ്ണ നഗരസഭ ഭിന്നശേഷിക്കാർക്കായി നടപ്പിലാക്കുന്ന ‘സാന്ത്വനം’ പദ്ധതിയുടെ ക്യാംപിൽവച്ചാണ് എല്ലാവരും പരിചയപ്പെടുന്നത്. ബദറുസമാൻ, ഭാര്യ മുനീറ, സുജീവ്, വിവേക്, നിഷാദ്, സജി, ജാഫർ, അബൂബക്കർ, ഷാഫി, സലിം അങ്ങനെ എല്ലാവർക്കും ഇത്തരം കഥകളുണ്ട്. വീൽചെയറും സഞ്ചരിക്കാനുപയോഗിക്കുന്ന മുച്ചക്ര വാഹനവും ആ കഥകളെയും മനസ്സുകളെയും കൂട്ടിക്കെട്ടി.
ക്യാംപിന്റെ ഭാഗമായി യാത്രകൾ പോകും. ബസിലായിരിക്കും പോകുന്നത്. സീറ്റുകളിൽ നിന്ന് ഉയർന്നു നോക്കാനാകാത്തതിനാൽ പലകാഴ്ചകളും കാണാനാകാതെ മിക്കവരും നിരാശരായി. വളന്റിയർമാരുടെ സഹായത്തോടെ കാഴ്ചകൾ കാണാൻ ശ്രമിക്കുമ്പോൾ സന്തോഷത്തെക്കാൾ, ഞങ്ങൾ രോഗികളാണെന്ന ചിന്ത ഇരച്ചുകയറി. അങ്ങനെ അവരെക്കൂട്ടാതെ യാത്ര പോകാൻ ഞങ്ങൾ തീരുമാനമെടുത്തു. നാട്ടിലൂടെയുള്ള കറക്കങ്ങൾക്ക് മാത്രമുപയോഗിച്ചിരുന്ന മുച്ചക്ര വാഹനങ്ങൾ ഉപയോഗിക്കാമെന്നു ധാരണയായി. അങ്ങനെ 2016 മേയ് 12നു ഞങ്ങൾ നാടുകാണിച്ചുരം കയറി, മുതുമലൈ റിസർവ് ഫോറസ്റ്റിനുള്ളിലൂടെ ബന്ദിപ്പൂർ കടന്നു ഗുണ്ടൽപ്പേട്ടിലെത്തി. വയനാടുവഴി തിരിച്ചിറങ്ങി.
‘വിജ്രംഭിത യാത്ര’യും കൊമ്പനും
മുൻപു ബസിൽ പോയ വഴികൾക്കൊക്കെ ഇത്രയേറെ സൗന്ദര്യമുണ്ടെന്ന് അന്നാണു തിരിച്ചറിഞ്ഞത്. കൂട്ടത്തിൽ ആരെങ്കിലും ക്ഷീണിക്കുമ്പോഴോ, 15–20 കിലോമീറ്റർ തുടർച്ചയായി ഓടിക്കുമ്പോഴോ വാഹനങ്ങൾ നിർത്തും. എല്ലാവരും ഇറങ്ങും. ആളുകളുമായി സംസാരിക്കും. ഭക്ഷണം കഴിക്കും. കാഴ്ചകൾ കാണും. . ബൈക്കിനു പുറകിൽ കെട്ടിവച്ചിരിക്കുന്ന വീൽചെയർ എടുത്ത് നേരത്തേ പ്ലാൻ ചെയ്തുവച്ചിരിക്കുന്ന സ്ഥലങ്ങളിൽ പോകും.
ആദ്യ യാത്രയുടെ ഫോട്ടോകൾ പങ്കുവയ്ക്കാൻ മാത്രമായി തുടങ്ങിയ ഗ്രൂപ്പാണ് ഞങ്ങളുടെ ആദ്യത്തെ ഗ്രൂപ്പ്. ‘ വിജ്രംഭിത യാത്ര’ എന്നായിരുന്നു അതിന്റെ പേര്. ആ യാത്ര എല്ലാവരെയും ഞെട്ടിച്ചുകളഞ്ഞു എന്നതാണു സത്യം. ജീവിതത്തിൽ ആദ്യമായി. അന്നു നേരിൽക്കണ്ട കാട്ടാനയുടെ ഗാംഭീര്യവും കരുത്തും ഞങ്ങളുടെ മനസ്സിൽനിന്നു മാഞ്ഞില്ല. കുറവുകളുള്ളവർ എന്നാണു സമൂഹം ഞങ്ങളെക്കുറിച്ചു പറയുന്നത്. ഞങ്ങളും അങ്ങനെതന്നെ കരുതുന്നതിലാണു പ്രശ്നം. കരുത്തും ഗാംഭീര്യവും മനസ്സിലാണല്ലോ. ഞങ്ങളുടെ ഗ്രൂപ്പിന്റെ പേര് ദിവസങ്ങൾക്കുള്ളിൽ മാറി, ‘കൊമ്പൻ റൈഡേഴ്സ്’.
പിടിച്ചുനിൽക്കണം, അസാധ്യമാകണം
ഞങ്ങളെ അറിയുന്നവരിൽ ഏറെയും ആദ്യയാത്ര മുടക്കാനാണു ശ്രമിച്ചത്. അതു സ്നേഹം കൊണ്ടാണെന്ന് അവരെക്കാൾ നന്നായി ഞങ്ങൾക്കറിയാം. പക്ഷേ ആഗ്രഹം തോന്നിപ്പോയില്ലേ. അസാധ്യമായിട്ടു ജീവിച്ചെങ്കിൽ മാത്രമേ ഈ ലോകത്തു പിടിച്ചുനിൽക്കാനാകൂ. പരസഹായമില്ലാതെ ജീവിക്കാനാകാത്തവർ ഒരുമിച്ചു യാത്ര പോകാനോ എന്ന ചിന്തയായിരുന്നു പലർക്കും. മരുന്നുകൾ, ശരീരവേദന, ദൂരം, സഹായിക്കാനാളില്ല തുടങ്ങിയ വാദങ്ങൾ പലരും ഉയർത്തി.
ആന കുത്താൻ വന്നാൽ നിങ്ങളെന്തുചെയ്യും.. കേട്ടുതഴമ്പിച്ച ചോദ്യമാണ്. അവരെയിപ്പോൾ ബന്ദിപ്പൂർ കാട്ടിൽ, മീറ്ററുകൾക്ക് അപ്പുറം ഞങ്ങൾ കണ്ട കടുവയുടെ ചിത്രം കാണിച്ചുകൊടുക്കും. അന്നു കടുവയെ മുന്നിൽക്കണ്ട് വണ്ടിതിരിച്ച് ഞങ്ങളുടെ അരികിലെത്തിയ ഒരു കാർ ഡ്രൈവർ, കടുവയുടെ കണ്ണിൽപെടാതെ ആ വാഹനത്തെ മറയാക്കി നിർത്തിതന്നു. പിന്നീടുള്ള യാത്രകളിൽ വന്യമൃഗങ്ങളെ കാണുമ്പോഴെല്ലാം അദ്ദേഹത്തയും ഓർക്കും. അദ്ദേഹം കാണിച്ച ദയയുടെ പേരിലല്ല, ആ കാഴ്ച ഞങ്ങളും കാണണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹത്തിന്റെ പേരിൽ.
ആനക്കുഴിയിലെ രാത്രി
ഒരിക്കൽ അട്ടപ്പാടിക്കു സമീപം മുള്ളിയിൽ യാത്ര ചെയ്യുകയാണ്. ഗൂഗിൾ മാപ്പ് നോക്കിയാണ് പോകുന്നത്. രണ്ടുവശവും കാടാണ്. ആനക്കുഴി എന്ന സ്ഥലത്ത് എത്തിയപ്പോൾ മുന്നിൽ ചെറിയൊരു തോടുകണ്ടു. അതിനപ്പുറത്തേക്കു റോഡ് നീളുന്നുണ്ട്. ഇരുട്ടുപടർന്നു തുടങ്ങിയ സമയമാണ്. കൂട്ടത്തിലൊരാളുടെ വണ്ടി തോട്ടിൽ കുടുങ്ങിപ്പോയി. എത്ര ശ്രമിച്ചിട്ടും ഉയർത്തിയെടുക്കാൻ കഴിഞ്ഞില്ല. ഒടുവിൽ എല്ലാവരും വാഹനങ്ങളിൽ നിന്നിറങ്ങി ഒരുമണിക്കൂറോളം പണിപ്പെട്ട് വണ്ടി തള്ളിക്കയറ്റി. വെള്ളംകയറി എൻജിൻ നിന്നുപോയിരുന്നു. കെട്ടിവലിച്ച് അടുത്തുള്ള ഗ്രാമത്തിലെത്തി. ആ സമയത്ത് ആ റോഡിലൂടെ ഞങ്ങളെത്തിയത് കണ്ടു ഗ്രാമവാസികൾ ഞെട്ടി. കാട്ടാനക്കൂട്ടം വെള്ളം കുടിക്കാനെത്തുന്ന തോടാണത്. ഞങ്ങൾ രക്ഷപ്പെട്ടതിലായിരുന്നു അവരുടെ അദ്ഭുതം.
വേണമെങ്കിൽ നടന്നു കയറിക്കോ
കുലുങ്ങി മറിഞ്ഞാണെങ്കിലും വീൽചെയറിൽ സഞ്ചരിക്കാൻ കഴിയുന്ന സ്ഥലങ്ങളിലേക്കാണു യാത്രകളിൽ ഏറെയും നടത്തിയത്. വാഗമൺ അഡ്വഞ്ചർ പാർക്കും വ്യൂപോയിന്റും കാണണമെന്നതു വലിയ ആഗ്രഹമായിരുന്നു. അവിടെയെത്തിയപ്പോഴാണു വീൽചെയറിലാണെങ്കിൽ പാർക്കിൽ കയറ്റില്ലെന്നു പറഞ്ഞത്. പകരം നടന്നുകയറിക്കോളാൻ പറഞ്ഞു!. സഹായിക്കാൻ ആളുകളെത്തി. വീൽചെയറിലല്ലെങ്കിൽ കയറില്ലെന്നു ഞങ്ങൾ തീരുമാനമെടുത്തു. അവരും വാശിപിടിച്ചു. വീൽചെയർ ഒരു വാഹനമാണെന്നാണ് അവരെല്ലാവരും കരുതിയത്. ഇതേ സംഭവം വാൽപാറ വഴി ഷോളയാർ ഡാമിൽ പോയപ്പോഴും ഉണ്ടായി. ഒടുവിൽ രണ്ടിടത്തും പ്രവേശിക്കാൻ കഴിഞ്ഞു. എന്നാൽ വാഗമണ്ണിലെ വ്യൂ പോയിന്റിലോ തിരുവനന്തപുരം മ്യൂസിയത്തിലോ കയറാനായില്ല.
മ്യൂസിക് ഓൺ വീൽസ്
ഊട്ടി ബൊട്ടാണിക്കൽ ഗാർഡനിൽ ഞങ്ങൾ വട്ടത്തിലിരുന്നു പാട്ടു പാടുകയായിരുന്നു. കുറച്ചുകഴിഞ്ഞപ്പോഴേക്കും കൈകൊട്ടും പാട്ടുമൊക്കെയായി വലിയൊരു സംഘമാളുകൾ ഞങ്ങൾക്കു ചുറ്റുംകൂടി. ആ സംഭവത്തിൽ നിന്നാണ് മ്യൂസിക് ഓൺ വീൽസ് എന്ന മ്യൂസിക് ബാൻഡിനു രൂപം കൊടുക്കുന്നത്. ഞങ്ങളും മലപ്പുറം ജില്ലയിലുള്ള ഭിന്നശേഷിക്കാരായ മറ്റുസഹോദരങ്ങളുമാണ് അതിലുള്ളത്. 250ൽ അധികം വേദികൾ ലഭിച്ചുകഴിഞ്ഞു.
സാന്ത്വനത്തിന്റെ സാങ്കേതിക സഹായത്തോടെ സ്ഥാപിക്കപ്പെട്ട ‘ഫ്രീഡം’ എന്ന സ്റ്റാർട്ടപ്പിന്റെ വീൽചെയർ നിർമാണ യൂണിറ്റ് പെരിന്തൽമണ്ണയിലുണ്ട്. അവിടെയാണു ഞങ്ങളിൽ പലരും ജോലി ചെയ്യുന്നത്. ആ വരുമാനത്തിൽ നിന്നു കരുതിവച്ചാണു യാത്രകൾക്കിറങ്ങുന്നത്. ഇതിനെല്ലാം അർഥം ഒന്നേയുള്ളു; സഹതാപം ഞങ്ങൾക്ക് ആവശ്യമില്ല. എന്തെങ്കിലും ചെയ്യാൻ അനുവദിച്ചാൽ മാത്രം മതി. മനുഷ്യരാണെന്നും ആഗ്രഹങ്ങളുള്ളവരാണെന്നും തിരിച്ചറിഞ്ഞാൽ മതി.