ഒപ്പം, എപ്പോഴും; സിവിൽ സർവീസിന്റെ ഭാരം ഒഴിച്ചു നിർത്തിയാൽ കനമില്ലാത്ത രണ്ടു മനുഷ്യർ
മസൂറി സിവിൽ സർവീസ് അക്കാദമിയിലെ പരിശീലനത്തിനു ശാരദ മുരളീധരൻ തിരുവനന്തപുരത്തുനിന്നും ഡോ.വി.വേണു പാലക്കാട്ടുനിന്നുമാണു ട്രെയിൻ കയറിയത്. ഡെറാഡൂൺ സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ ഇനി ജീവിതത്തിൽ ഒരു സ്റ്റേഷൻ മതിയെന്ന തീരുമാനം ഇരുവരും എടുത്തിരുന്നു. മൂന്നു ദിവസമെടുത്ത മസൂറി യാത്രയിൽ ആകാശത്തിനു കീഴെയുള്ള എല്ലാറ്റിനെക്കുറിച്ചും സംസാരിച്ചു.
മസൂറി സിവിൽ സർവീസ് അക്കാദമിയിലെ പരിശീലനത്തിനു ശാരദ മുരളീധരൻ തിരുവനന്തപുരത്തുനിന്നും ഡോ.വി.വേണു പാലക്കാട്ടുനിന്നുമാണു ട്രെയിൻ കയറിയത്. ഡെറാഡൂൺ സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ ഇനി ജീവിതത്തിൽ ഒരു സ്റ്റേഷൻ മതിയെന്ന തീരുമാനം ഇരുവരും എടുത്തിരുന്നു. മൂന്നു ദിവസമെടുത്ത മസൂറി യാത്രയിൽ ആകാശത്തിനു കീഴെയുള്ള എല്ലാറ്റിനെക്കുറിച്ചും സംസാരിച്ചു.
മസൂറി സിവിൽ സർവീസ് അക്കാദമിയിലെ പരിശീലനത്തിനു ശാരദ മുരളീധരൻ തിരുവനന്തപുരത്തുനിന്നും ഡോ.വി.വേണു പാലക്കാട്ടുനിന്നുമാണു ട്രെയിൻ കയറിയത്. ഡെറാഡൂൺ സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ ഇനി ജീവിതത്തിൽ ഒരു സ്റ്റേഷൻ മതിയെന്ന തീരുമാനം ഇരുവരും എടുത്തിരുന്നു. മൂന്നു ദിവസമെടുത്ത മസൂറി യാത്രയിൽ ആകാശത്തിനു കീഴെയുള്ള എല്ലാറ്റിനെക്കുറിച്ചും സംസാരിച്ചു.
മസൂറി സിവിൽ സർവീസ് അക്കാദമിയിലെ പരിശീലനത്തിനു ശാരദ മുരളീധരൻ തിരുവനന്തപുരത്തുനിന്നും ഡോ.വി.വേണു പാലക്കാട്ടുനിന്നുമാണു ട്രെയിൻ കയറിയത്. ഡെറാഡൂൺ സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ ഇനി ജീവിതത്തിൽ ഒരു സ്റ്റേഷൻ മതിയെന്ന തീരുമാനം ഇരുവരും എടുത്തിരുന്നു. മൂന്നു ദിവസമെടുത്ത മസൂറി യാത്രയിൽ ആകാശത്തിനു കീഴെയുള്ള എല്ലാറ്റിനെക്കുറിച്ചും സംസാരിച്ചു.
-
Also Read
കണ്ടെത്തണം; കൊന്നയാളെയും മരിച്ചയാളെയും
വേണുവെന്ന മനുഷ്യസ്നേഹിയെ മനസ്സിലാക്കിയ ദിവസങ്ങളായിരുന്നു അതെന്നു ശാരദ. വേണുവിന്റെ മനസ്സിൽ വളർന്നതത്രയും ശാരദയുടെ വ്യക്തിത്വത്തോടുള്ള മതിപ്പായിരുന്നു. 34 വർഷത്തെ സിവിൽ സർവീസ് തിരക്കുകൾക്കിടയിലും അവരിന്നും നിർത്താതെ പരസ്പരം സംസാരിച്ചുകൊണ്ടേയിരിക്കുന്നു. സമയം കിട്ടുമ്പോൾ പ്രഭാത ഭക്ഷണത്തിനു ശാരദയ്ക്കു നല്ല ദോശ ചുട്ടുകൊടുക്കാറുണ്ട് വേണു. ആ ചൂടൻ ദോശയുടെ ഊഷ്മളതയുണ്ട് ഇരുവർക്കുമിടയിലെ ആത്മബന്ധത്തിന്.
ഒറ്റ ബാച്ച്, ഒരുമിച്ചു ജീവിതം
ശാരദ: ഡോക്ടറാകാൻ പോയ വേണു, ഈ ‘തല തെറിച്ച’ സ്വഭാവം വച്ച് എങ്ങനെയാണ് ഐഎഎസിൽ കയറിയതെന്ന അതിശയമാണ് എന്നെ ആദ്യം ആകർഷിച്ചത്. ഇടയ്ക്കു ധാർഷ്ട്യമുണ്ട്, മുൻകോപവും. എന്നാൽ അതിനു മേലെ നിൽക്കും മനുഷ്യത്വവും അനുഭാവവും. ആരോടും എന്തും ചോദിക്കാനുള്ള ചങ്കൂറ്റം.
പ്രതികരിക്കാൻ കഴിയാത്തവർക്കു വേണ്ടി ഏതറ്റം വരെയും ഫൈറ്റ് ചെയ്യുന്നതു കണ്ടിട്ടുണ്ട്. അടിമുടി ക്രിയേറ്റിവുമാണ്. മസൂറിയിലെ ചില ക്ലാസുകളിൽ ഉറക്കം മാറ്റാൻ ഞാൻ എന്തെങ്കിലും ഫാന്റസി കുറിപ്പെഴുതി വേണുവിനു കൈമാറും. അതിനുള്ള മറുപടി ഞെട്ടിക്കുന്ന ക്രിയേറ്റിവിറ്റി കൊണ്ടാകും. പുസ്തകം, സിനിമ, രാഷ്ട്രീയം ഇതിലെല്ലാം ഞങ്ങളുടെ ഇഷ്ടങ്ങൾ ഏതാണ്ട് ഒരുപോലെയായിരുന്നു.
വേണു: ഒരു വ്യക്തിയെ അടുത്തറിയാൻ രണ്ടോ, മൂന്നോ ദിവസം പോരാ. എങ്കിലും രണ്ടു ദിവസം നിർത്താതെ സംസാരിച്ച ഒരാളുമായി സംസാരം തുടരണമോ, നിർത്തണമോ എന്ന ചോദ്യമാണു മസൂറിയിലെത്തുമ്പോൾ എന്റെ മുൻപിലുണ്ടായിരുന്നത്. തുടരണം എന്നു തന്നെ തീരുമാനമെടുത്തു. എന്റെ ചുറ്റുപാടുമായി ഒരു ബന്ധവുമില്ലാത്തിടത്തുനിന്നാണു ശാരദ വരുന്നത്. എഴുത്ത്, വായന, സാമൂഹിക പ്രവർത്തനം ഇങ്ങനെ ചെറിയ പ്രായത്തിൽ ഒരുപാടു കാര്യങ്ങൾ ചെയ്തയാളെക്കുറിച്ച് അദ്ഭുതമാണ് ആദ്യം തോന്നിയത്.
ആഗ്രഹങ്ങൾ, ഇഷ്ടങ്ങൾ
ശാരദ: ഇംഗ്ലിഷ് സാഹിത്യത്തോടുള്ള ഇഷ്ടം കൊണ്ടു ടീച്ചറാകാനാണ് ആഗ്രഹിച്ചത്. വീട്ടിൽ സമ്മതിച്ചില്ല. മെഡിസിന് അഡ്മിഷൻ കിട്ടിയെങ്കിലും ഞാൻ താൽപര്യപ്പെട്ടില്ല. പഠനകാലത്ത് എൻസിസിയിൽ ഉണ്ടായിരുന്നപ്പോൾ ഇന്ത്യ–കാനഡ യൂത്ത് എക്സ്ചേഞ്ച് പരിപാടിയിൽ പങ്കെടുത്തിരുന്നു. സാമൂഹിക വിഷയങ്ങളെക്കുറിച്ച് അവിടെ നടന്ന ചൂടൻ സംവാദങ്ങളും ശക്തമായ നിലപാടുകളുമെല്ലാം സ്വാധീനിച്ചു. സാമൂഹിക മാറ്റത്തിന്റെ ഭാഗമാകാൻ കഴിഞ്ഞെങ്കിലെന്ന് അന്ന് ആഗ്രഹിച്ചിരുന്നു. ടീച്ചർ മോഹം നടക്കാതായതോടെ, സിവിൽ സർവീസ് എന്നു തീരുമാനമെടുത്തു. ഇവിടെ എത്തിയില്ലായിരുന്നെങ്കിൽ ഒരു ശാസ്ത്രജ്ഞയായേനെ എന്നും ചിലപ്പോൾ തോന്നിയിട്ടുണ്ട്. പഠനകാലത്തു ശാസ്ത്രത്തിലും കമ്പമുണ്ടായിരുന്നു. മനുഷ്യരെ സഹായിക്കുന്ന കണ്ടുപിടിത്തങ്ങളൊക്കെ നടത്തണമെന്ന് ആഗ്രഹിച്ചിരുന്നു.
വേണു: കോഴിക്കോട് മെഡിക്കൽ കോളജിൽ കൂടെ പഠിച്ചവർക്കു മെഡിക്കൽ ഫീൽഡിനോടുള്ള കഴിവും സമർപ്പണവും കണ്ടപ്പോൾ, അതിന്റെ അടുത്തെങ്ങും എത്താൻ കഴിയില്ലെന്ന് എനിക്കു തോന്നി. (‘ചുമ്മാ’ എന്നു ശാരദ കണ്ണിറുക്കി). പ്രീഡിഗ്രി മാർക്ക് വച്ച് എനിക്കു മെഡിസിൻ സീറ്റ് കിട്ടില്ലായിരുന്നു. പ്രവേശന പരീക്ഷ നടത്തിയശേഷമുള്ള ആദ്യ ബാച്ചായിരുന്നു എന്റേത്. അങ്ങനെ കയറിപ്പറ്റിയതാണ്. ലോകം മുഴുവൻ ചുറ്റിക്കാണണം എന്നായിരുന്നു ആഗ്രഹം. സാമൂഹിക സേവനം നടത്തണമെന്ന ചിന്തയുമുണ്ടായിരുന്നതിനാൽ സിവിൽ സർവീസ് തിരഞ്ഞെടുത്തു. ഇവിടെ എത്തിയില്ലായിരുന്നെങ്കിൽ കമ്യൂണിറ്റി മെഡിസിനും പബ്ലിക് ഹെൽത്തുമൊക്കെ പ്രാക്ടിസ് ചെയ്ത്, എവിടെയെങ്കിലും ക്ലിനിക് നടത്തി ജനങ്ങൾക്കിടയിൽ ജീവിക്കുമായിരുന്നു. (പാപുവ ന്യൂ ഗിനിയയിൽ പോയി പൊതുജനാരോഗ്യരംഗത്തു ജോലി ചെയ്യാനാണു വേണു ആഗ്രഹിച്ചിരുന്നതെന്നു ശാരദ).
ഈഗോയല്ല, സമീപനത്തിലെ വ്യത്യാസം
ശാരദ: ഈഗോ ഇഷ്ടം പോലെ ഉണ്ടായിട്ടുണ്ട്. (ഒരിക്കലുമുണ്ടായിട്ടില്ലെന്നു വേണു തിരുത്തിയതോടെ, ഔദ്യോഗിക കാര്യങ്ങളിലുണ്ടായിട്ടില്ലെന്നായി ശാരദ). രണ്ടുപേർക്കും രണ്ടു ശൈലിയാണ്. കുറെക്കാലത്തെ ഇടപഴകൽ കൊണ്ട് പരസ്പരമുള്ള ചർച്ചകൾക്കു തെളിമ വന്നിട്ടുണ്ട്. ഫയലിനപ്പുറം സംസാരിക്കാനുള്ള ഇടമുള്ളതു കൊണ്ടു ഭരണപരമായ കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കാൻ കഴിഞ്ഞിട്ടുണ്ട്.
വേണു: ഞാൻ എടുത്തുചാട്ടക്കാരനാണ്. പെട്ടെന്നു നിലപാടെടുത്ത് നടപ്പാക്കാൻ നോക്കും. എടുത്തുചാടി ഒരിടത്തെത്തിയിട്ട് ഇതാണു ശരിയെന്നു പറയുന്ന ദൗർബല്യവുമുണ്ട്. അതു പലപ്പോഴും തർക്കമാകും. ‘എന്നെ സംസാരിക്കാൻ പോലും സമ്മതിക്കാറില്ലെ’ന്നു ശാരദ പരാതിപ്പെടും. ശാരദ എല്ലാം ആലോചിച്ചു ചെയ്യുന്നയാളാണ്. സിവിൽ സർവീസിൽ ഞാൻ ‘നാച്വറൽ’ ആണ്. ആളുകളിൽനിന്ന് ഊർജം കിട്ടുന്നയാൾ. വകുപ്പു വിട്ടു ചാടാൻ മടിയില്ലാത്തയാൾ. ശാരദ കഠിനാധ്വാനിയാണ്. ഏൽപിക്കുന്ന ഉത്തരവാദിത്തം തല പുകച്ചിരുന്നു വിജയകരമായി ചെയ്തുതീർക്കും.
മക്കളെയുറക്കിയ ആനക്കഥകൾ
ശാരദ: വേണു കണ്ണൂരും ഞാൻ തിരുവനന്തപുരത്തും കലക്ടറായിരുന്ന കാലമൊഴിച്ചു കുട്ടികൾക്കൊപ്പമുള്ള സമയം നഷ്ടമാകാതിരിക്കാൻ ശ്രമിച്ചിട്ടുണ്ട്. വേണുവും മക്കളും രാത്രി കഥ പറഞ്ഞാണുറങ്ങുക. മൃഗങ്ങൾ കഥാപാത്രങ്ങളായി വരുന്ന കഥകളെല്ലാം കുട്ടികൾക്കു വേണ്ടി വേണുവിന്റെ ഭാവനയിലുണ്ടാകുന്നതാണ്. കുട്ടികൾ കൂട്ടിച്ചേർക്കുന്നതനുസരിച്ചായിരുന്നു കഥയുടെ പോക്ക്. ഓരോ രാത്രിയിലും തലേരാത്രിയിലെ കഥയുടെ തുടർച്ചയാണ്. ആ കഥ പറച്ചിലൊന്നും റെക്കോർഡ് ചെയ്തു വയ്ക്കാൻ കഴിഞ്ഞില്ലല്ലോ എന്ന വിഷമമുണ്ട്. മകൾ കല്യാണി നർത്തകിയും മകൻ ശബരി ഗ്രാഫിക് ആർട്ടിസ്റ്റുമാണ്. അവരുടെ വഴി അവർ തന്നെ കണ്ടെത്തണമെന്നു ഞങ്ങൾ ആഗ്രഹിച്ചിരുന്നു.
വേണു: കുടുംബശ്രീയിലുള്ളപ്പോൾ ശാരദയ്ക്കു വലിയ തിരക്കായിരുന്നു. ആ സമയത്ത് എനിക്കു കുറച്ചുകൂടി ആയാസം കുറഞ്ഞ ജോലിയാണ്. കുട്ടികൾക്കൊപ്പം ചെലവിടാൻ സമയം കിട്ടുമായിരുന്നു. ഓഫിസിലെ ജോലി വീട്ടിൽ കൊണ്ടുവരുമായിരുന്നെങ്കിലും ഞാൻ അതേക്കുറിച്ചു ചിന്തിച്ചു ടെൻഷൻ അടിക്കുമായിരുന്നില്ല. ശാരദ നേരെ തിരിച്ചാണ്. എന്തെങ്കിലും ഉത്തരവാദിത്തം ഏറ്റെടുത്താൽ വീട്ടിൽ വന്നാലും അതു പൂർത്തിയാക്കാതെ സ്വസ്ഥത വരില്ല. പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ വീട്ടിൽ എത്തിക്കഴിഞ്ഞാൽ ആൾ ‘സ്വിച്ച്ഡ് ഓഫ്’ മോഡിലാണ്. പാട്ടും സിനിമയുമെല്ലാമായി കൂടും. ഞാൻ ഒഴിവു കിട്ടിയാൽ അടുക്കളയിൽ കയറാൻ ഇഷ്ടമുള്ളയാളാണ്. (വേണു ദോശയുടെ ഉസ്താദ് ആണെന്നു ശാരദയുടെ അഭിനന്ദനം)
ഇടതുപക്ഷവും സ്ത്രീപക്ഷവും
ശാരദ: രാഷ്ട്രീയമുണ്ട്. സോഷ്യലിസ്റ്റ് നിലപാടാണ് എല്ലാക്കാലത്തുമുള്ളത്. സ്ത്രീപക്ഷ രാഷ്ട്രീയവും ഉയർത്തിപ്പിടിക്കുന്നു. സ്ത്രീ ശാക്തീകരണത്തിന്റെ കാര്യത്തിൽ കേരളം മുന്നോട്ടു പോകാനുണ്ട്. വീട്ടിലും സമൂഹത്തിലും സൈബറിടത്തിലും സ്ത്രീകളുടെ സുരക്ഷ, സമൂഹത്തിൽ സ്ത്രീകളുടെ സ്ഥാനം എന്നിവയിൽ എത്തേണ്ടിടത്ത് എത്തിയിട്ടില്ല. സ്ത്രീ മാത്രം മാറിയാൽ പോരാ, സ്ത്രീയോടുള്ള കാഴ്ചപ്പാടും മാറണം. മുൻപൊക്കെ മുഖ്യധാരാ സിനിമകളിൽ സ്ത്രീകളെ ചിത്രീകരിച്ചിരിക്കുന്നതു കാണുമ്പോൾ ദേഷ്യം വരും. ഈ ചിത്രങ്ങൾ ഹിറ്റ് ആയത് സ്ത്രീകളെ അത്തരത്തിൽ ചിത്രീകരിച്ചതിനെ സമൂഹവും സ്വാംശീകരിച്ചതുകൊണ്ടാണ്. ഒടിടി പ്ലാറ്റ്ഫോമുകളിൽ ഇപ്പോൾ ഇറങ്ങുന്ന ചിത്രങ്ങളിൽ പുതിയ വീക്ഷണത്തോടെ സ്ത്രീപ്രശ്നങ്ങൾ പറയുന്നതു കാണുമ്പോൾ സന്തോഷമുണ്ട്. ലാപത്ത ലേഡീസ്, ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, ആട്ടം എന്നിങ്ങനെ എത്രയോ ചിത്രങ്ങൾ. പരമ്പരാഗത മലയാളം സീരിയലുകൾ അപ്പോഴും ഒരുവശത്തു തുടരുന്നുണ്ടെന്നതു വേറെ കാര്യം.
വേണു: ഞങ്ങൾ കടുത്ത ഇടതുപക്ഷക്കാരാണ്. അതിനർഥം ഏതെങ്കിലും പാർട്ടിയുടെ പക്ഷമെന്നല്ല. കേരളത്തിലെ ഇടതുരാഷ്ട്രീയത്തിന്റെ നിർബന്ധങ്ങളുള്ളവർ എന്നാണ്. അഴിമതിയോടു മൗലികമായ എതിർപ്പാണ്. അതും രാഷ്ട്രീയത്തിന്റെ ഭാഗമാണ്. ഔദ്യോഗിക ജീവിതത്തിൽ ആ രാഷ്ട്രീയം പിന്തുടർന്നവരാണു ഞങ്ങൾ രണ്ടാളും. സ്ത്രീപക്ഷ രാഷ്ട്രീയത്തിൽ ഞാനും ഉറച്ചുനിൽക്കുന്നു. കാര്യങ്ങൾ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും സ്ത്രീ ശാക്തീകരണത്തിൽ വേഗം പോരാ എന്ന അഭിപ്രായമുണ്ട്.
രാഷ്ട്രീയ നേതാക്കൾ നൂലിൽ കെട്ടിയിറക്കിയവരല്ല
ശാരദ: കേരളത്തിലെ ഭരണരംഗത്തു രാഷ്ട്രീയ അതിപ്രസരം തീരെയില്ലെന്നു പറയാൻ കഴിയില്ല. മസൂറിയിലെ പരിശീലന കാലത്ത് ജോയിന്റ് ഡയറക്ടർ പറഞ്ഞതാണ് ഓർമ വരുന്നത്. സർവീസിൽ കയറുന്ന സമയത്തു രാഷ്ട്രീയക്കാരെ നമുക്കു പുച്ഛമായിരിക്കും. അവർക്കു വിവരമില്ലെന്നും നമ്മളാണ് അറിവുള്ളവരെന്നും കരുതും. കുറെക്കഴിയുമ്പോൾ അവരെ ‘നെസസറി ഈവിൾ’ ആയി കാണും. ഒടുവിൽ, അവർക്കാണു വിവരമെന്നും നമ്മൾ സന്തത സഹചാരികൾ മാത്രമെന്നുമുള്ള തിരിച്ചറിവു വരും. ഇതു ശരിയാണെന്നാണ് എന്റെ അനുഭവം. ഉദ്യോഗസ്ഥർ നിയമം മാത്രം നോക്കുമ്പോൾ, അവർ കാണാത്ത പല തലങ്ങളും മുൻകൂട്ടി കണ്ടാണു രാഷ്ട്രീയ നേതൃത്വം ഒരു കാര്യം നടപ്പാക്കിയെടുക്കുക. നിയമപരമായി വീഴ്ചയില്ലേ എന്നു സംശയിക്കാമെങ്കിലും പ്രശ്നങ്ങൾക്കു പരിഹാരം കൊണ്ടുവരുന്നത് അവരാണ്.
വേണു: നമ്മുടെ രാഷ്ട്രീയ നേതാക്കളാരും നൂലിൽ കെട്ടിയിറക്കിയവരല്ല. ജനങ്ങൾക്കിടയിലൂടെ വളർന്നു വന്നതിന്റെ ഗുണമുണ്ട്. മണ്ഡലത്തിലെ ചെറിയ കാര്യങ്ങളിലൊക്കെ ചിലപ്പോൾ നിർബന്ധവും ഇടപെടലും കാണും. അഴിമതിയോ, തെറ്റോ അല്ല ചെയ്യേണ്ടിവരിക. ചില മുൻഗണനകൾ കൊടുക്കേണ്ടി വരുമെന്നു മാത്രം. അതു ജീവിക്കുന്ന യാഥാർഥ്യമാണ്. കൈകാര്യം ചെയ്യാൻ അറിയില്ലെങ്കിൽ ഈ ജോലിക്കു വരാതിരിക്കുകയാണു നല്ലത്. ഓരോന്നിലും കയറി ഉദ്യോഗസ്ഥർ ഗുസ്തി പിടിക്കാൻ പോകരുത്. പറയുന്നതു മാത്രം ചെയ്താൽ മതിയെന്നു കേരളത്തിൽ ഒരു മന്ത്രിയോ, നേതാവോ പറയില്ല. എനിക്ക് അങ്ങനെയൊരനുഭവം ഇല്ല.
∙ അരങ്ങ് അവിടെയുണ്ട്
വിരമിച്ചശേഷം സർവീസ് സ്റ്റോറി എഴുതാൻ താൽപര്യമില്ല. ഇന്നലെ നടന്നതു പോലും ഓർമിച്ചുവയ്ക്കാത്തയാളാണു ഞാൻ. ടൂറിസവും പ്രകൃതിദുരന്തങ്ങളോടുള്ള പ്രതിരോധവും പോലെ വിഷയാധിഷ്ഠിതമായി ചിലപ്പോൾ എഴുതിയേക്കാം. വിരമിച്ച ശേഷം ശമ്പളമുള്ള പദവി സ്വീകരിക്കില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. സേവനം ആവശ്യമെങ്കിൽ സർക്കാരിനു നൽകും. ഒരിക്കൽ വഴിയിലുപേക്ഷിക്കേണ്ടിവന്ന നാടകത്തെ തിരിച്ചുപിടിക്കാനായാൽ സന്തോഷം. സ്കൂൾ കാലം മുതൽ കൂടെക്കൂടിയതാണു നാടകപ്രവർത്തനം. അഭിനയവും സംഘാടനവുമെല്ലാം നിർവഹിച്ചു. രണ്ടാമത്തെ ഡൽഹി ജീവിതം കഴിഞ്ഞു തിരിച്ചുവന്നപ്പോഴേക്കും ഉത്തരവാദിത്തങ്ങൾ വലുതായി. നാടകസംഘം ശിഥിലമായി. - ഡോ.വി.വേണു
∙ മുൻഗണന വയനാടിന്
മാലിന്യമുക്ത നവകേരളത്തിനായുള്ള പരിശ്രമം തുടരേണ്ടതുണ്ട്. സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ കേരളം ഒന്നാമതാണെങ്കിലും റാങ്കിങ്ങിന് അപ്പുറം മെച്ചപ്പെടുത്തേണ്ട പല മേഖലകളുമുണ്ടെന്നു കരുതുന്നു. അതിനു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. പുതിയ തൊഴിലവസരങ്ങൾ കൊണ്ടുവരണം. എവിജിസി നയം വന്ന പശ്ചാത്തലത്തിൽ അനിമേഷൻ, ഗെയിമിങ് ഉൾപ്പെടെയുള്ള മേഖലകൾ സൺറൈസ് വ്യവസായമാക്കി മാറ്റാനുള്ള സാധ്യത പരിശോധിക്കും. ലഹരിക്കും ജീവിതശൈലീ രോഗങ്ങൾക്കും എതിരെയുള്ള പ്രതിരോധം എന്ന നിലയ്ക്കു കായികമേഖലയിൽ പ്രത്യേക താൽപര്യമെടുക്കും. എന്നാൽ വയനാട് പുനരധിവാസമാണ് മുൻപിലുള്ള ആദ്യ ഉത്തരവാദിത്തം. - ശാരദ മുരളീധരൻ.