കേരളത്തിന് എന്താണ് കൊറിയ..? വർഷങ്ങൾക്കു മുൻപു വരെ അത് ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള സംഘർഷങ്ങളുടെയും ഉത്തര കൊറിയൻ ഭരണാധികാരികളുടെ ചില കടുംകൈകളുടെ വാർത്തകളും ആയിരുന്നെങ്കിൽ ഇന്ന് അതല്ല. മലയാളി യുവത്വത്തിന്റെ സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും സൗന്ദര്യസങ്കൽപ്പങ്ങളുടെയുമെല്ലാം അളവുകോൽ നിശ്ചയിക്കുന്നതിൽ ഇന്ന് കൊറിയ ഒരു പ്രധാന ഘടകമാണ്.

കേരളത്തിന് എന്താണ് കൊറിയ..? വർഷങ്ങൾക്കു മുൻപു വരെ അത് ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള സംഘർഷങ്ങളുടെയും ഉത്തര കൊറിയൻ ഭരണാധികാരികളുടെ ചില കടുംകൈകളുടെ വാർത്തകളും ആയിരുന്നെങ്കിൽ ഇന്ന് അതല്ല. മലയാളി യുവത്വത്തിന്റെ സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും സൗന്ദര്യസങ്കൽപ്പങ്ങളുടെയുമെല്ലാം അളവുകോൽ നിശ്ചയിക്കുന്നതിൽ ഇന്ന് കൊറിയ ഒരു പ്രധാന ഘടകമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിന് എന്താണ് കൊറിയ..? വർഷങ്ങൾക്കു മുൻപു വരെ അത് ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള സംഘർഷങ്ങളുടെയും ഉത്തര കൊറിയൻ ഭരണാധികാരികളുടെ ചില കടുംകൈകളുടെ വാർത്തകളും ആയിരുന്നെങ്കിൽ ഇന്ന് അതല്ല. മലയാളി യുവത്വത്തിന്റെ സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും സൗന്ദര്യസങ്കൽപ്പങ്ങളുടെയുമെല്ലാം അളവുകോൽ നിശ്ചയിക്കുന്നതിൽ ഇന്ന് കൊറിയ ഒരു പ്രധാന ഘടകമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിന് എന്താണ് കൊറിയ..? വർഷങ്ങൾക്കു മുൻപു വരെ അത് ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള സംഘർഷങ്ങളുടെയും ഉത്തര കൊറിയൻ ഭരണാധികാരികളുടെ ചില കടുംകൈകളുടെ വാർത്തകളും ആയിരുന്നെങ്കിൽ ഇന്ന് അതല്ല. മലയാളി യുവത്വത്തിന്റെ സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും സൗന്ദര്യസങ്കൽപ്പങ്ങളുടെയുമെല്ലാം അളവുകോൽ നിശ്ചയിക്കുന്നതിൽ ഇന്ന് കൊറിയ ഒരു പ്രധാന ഘടകമാണ്. 

വടക്കു കിഴക്കൻ ഏഷ്യയിലെ ‘കുഞ്ഞൻ’ ഉപദ്വീപായ കൊറിയയും ദക്ഷിണേഷ്യൻ രാജ്യമായ ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള ‘കുഞ്ഞൻ’ സംസ്ഥാനമായ കേരളവും തമ്മിൽ ചില കാര്യങ്ങളിൽ സാമ്യമുണ്ട്. ഉയർന്ന സാക്ഷരതാ നിരക്ക്, ആരോഗ്യ മേഖലയിലെ മികവ് എന്നിവ കേരളത്തെപ്പോലെ തന്നെ ദക്ഷിണ കൊറിയയുടെയും പ്രത്യേകതകളാണ്. കോവിഡിനു ശേഷം കെ–ഡ്രാമ, കെ–പോപ് എന്നിവയിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊറിയൻ തരംഗം വീശിയടിച്ചപ്പോൾ കേരളത്തിലെ ചെറുപ്പക്കാരും ഇതിനു പിന്നാലെ പോയി.  കെ–ഡ്രാമ, കെ–പോപ് എന്നിവ കേരളത്തിലെ യുവാക്കൾക്കിടയിൽ വൻ പ്രചാരം നേടിയതിനാലാകുമോ ഇവിടെ അടുത്തിടെ കൊണ്ടുവന്ന സർക്കാർ പദ്ധതികൾക്കു  കെ–റെയിൽ, കെ–ഫോൺ എന്നിങ്ങനെ പേരു നൽകിയത് എന്നതു നിഷ്കളങ്കനായ ഒരു ബിടിഎസ് ആരാധകന്റെ സംശയമാണ്. അത്രമാത്രം സ്വാധീനം നമ്മുടെ ചെറുപ്പക്കാരുടെ ഫാഷനിലും ബന്ധങ്ങളിലും അഭിരുചികളിലുമെല്ലാം കൊറിയൻ സ്നേഹം വരുത്തിയിട്ടുണ്ട്.   

ADVERTISEMENT

സൈ വഴി ബിടിഎസിലേക്ക് 

കൊറിയൻ റാപ്പർ സൈ (പാർക് ജി സാങ്) 2012ൽ ഗന്നം സ്റ്റൈലുമായി ലോകത്തെ ഇളക്കിമറിച്ചപ്പോൾ മലയാളികൾ പലരും മൂക്കത്തു വിരൽ വച്ചു ചോദിച്ചു ‘ഇതൊക്കെ ഒരു പാട്ടാണോ’. എന്നാലിന്നു കേരളത്തിലെ കൊച്ചുകുട്ടികൾ പോലും ഏറ്റുപാടുന്നതു ബ്ലാക് പിങ്കിന്റെയും ബിടിഎസിന്റെയും എക്സോയുടെയും പാട്ടുകൾ. മലയാളികൾ കൊറിയൻ ബാൻഡുകളുടെ ഭാഗമാകുന്നതു വരെയായി കാര്യങ്ങൾ. കൊറിയൻ ഭാഷ പഠിക്കണമെന്നു പറയുകയല്ല, പഠിച്ചു നമ്മുടെ മുന്നിൽ പറയുകയുമാണു കുട്ടികൾ.  

ഗന്നം സ്റ്റൈലിൽ  കണ്ടതൊരു സാംപിൾ വെടിക്കെട്ട് മാത്രമായിരുന്നെങ്കിൽ പിന്നാലെ വന്നതൊരു ബിടിഎസ് പൂരമായിരുന്നു. 2010ലാണ് ആരംഭിച്ചതെങ്കിലും 2015ഓടെ ബിടിഎസ് ലോകമെമ്പാടും തരംഗമായി.  ഐ നീഡ് യു (2015), ബ്ലഡ് സ്വെറ്റ് ആൻഡ് ടിയേഴ്സ് (2016) എന്നിവയെല്ലാം വലിയ ഹിറ്റുകളായി മാറി. പിറകേ ബ്ലാക് പിങ്ക്, സ്ട്രേ കിഡ്സ്, ട്വൈസ്, എക്സോ തുടങ്ങിയവരും‘കേറിയങ്ങു കൊളുത്തി’. 

Delulu is the new solulu

ADVERTISEMENT

കെ–പോപ് പാട്ടുകൾ പോലെ കൊറിയൻ ഡ്രാമകളും (കെ–ഡ്രാമ) ഇപ്പോൾ ട്രെൻഡിങ്ങിലാണ്. മലയാളത്തിലെ മെഗാ സീരിയലുകളിലെപ്പോലെ അമ്മായിയമ്മ–മരുമകൾ പോരുകളോ, കുടുംബങ്ങൾ തമ്മിലുള്ള വഴക്കുകളോ, ‘കലിപ്പന്റെ കാന്താരി’യെന്ന പ്രമേയമോ അല്ല കെ–ഡ്രാമകളിലെ ഉള്ളടക്കം. മറിച്ച്, ആരോഗ്യപരമായ പ്രണയ ബന്ധങ്ങൾ, അതിൽ കഥാപാത്രങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ എന്നിവയൊക്കെയാണ് 16 മുതൽ 24 എപ്പിസോഡുകൾ വരെയുള്ള കെ–ഡ്രാമകളുടെ പ്രമേയം.  പ്രധാന സ്ത്രീ–പുരുഷ കഥാപാത്രങ്ങൾ തമ്മിലുള്ള പരസ്പര ബഹുമാനമാണു ചെറുപ്പക്കാരെ പ്രത്യേകിച്ചു പെൺകുട്ടികളെ ഇതിലേക്ക് ആകർഷിക്കുന്നത്. പുരുഷൻമാർ കരയുന്നതും ഈഗോയില്ലാതെ സ്ത്രീകളെ സഹായിക്കുന്നതും കെ–ഡ്രാമകളിൽ സാധാരണമാണ്. യുവതലമുറ  പ്രണയബന്ധങ്ങളിലോ, വൈവാഹിക ജീവിതത്തിലോ വേണമെന്ന് ആഗ്രഹിക്കുന്ന ആരോഗ്യപരമായ പലകാര്യങ്ങളും കൊറിയൻ കഥാപാത്രങ്ങളിൽ കണ്ടെത്തുന്നു.  യഥാർഥ ജീവിതത്തിൽ ഇത്തരം സങ്കൽപങ്ങൾ നടക്കാൻ സാധ്യത കുറവാണെന്നറിഞ്ഞിട്ടും, അത്തരം കഥകളുടെ പിന്നാലെ പോകുന്നതു സ്വാഭാവികമെന്നേ വിശേഷിപ്പിക്കാനാവൂ. അതുകൊണ്ടാവാം 'delulu is the new solulu' (delusion is the new solution) എന്ന് അവർ പറയുന്നതും. 

ഇഷ്ടപ്പെടാൻ കാരണങ്ങളേറെ

ചുണ്ടിൽ ഒരു മൂളിപ്പാട്ട്. കണ്ണിൽ സൗമ്യത. ഏറ്റവും പുതിയ മോഡൽ വസ്ത്രങ്ങളിലുള്ള അണി‍ഞ്ഞൊരുങ്ങൽ. ഒരു ചെറുപുഞ്ചിരി. ഇത്രയൊക്കെ ആകുമ്പോഴേക്കും കെ–പോപ്പിലെയും കെ–ഡ്രാമയിലെയും കൊറിയൻ യുവാക്കൾ ലോകത്തിന്റെ  പലഭാഗത്തെയും ആരാധികമാരുടെ ഹൃദയങ്ങളിൽ അനുരാഗത്തിന്റെ ‘കൺസേർട്ട്’ നടത്തും. നായികമാർക്കും ഇതുപോലെ തന്നെ ആരാധകരുണ്ട്. ആദ്യ കാഴ്ചയിലെ ക്രഷിൽ ഇത് ഒതുങ്ങില്ല, കൊറിയൻ താരങ്ങളെ ഇഷ്ടപ്പെടാൻ ഒട്ടേറെ കാരണങ്ങളും ആരാധകർക്കു  പറയാനുണ്ട്. സൗന്ദര്യ ബോധം, ശരീര സംരക്ഷണം, വസ്ത്രധാരണരീതി എന്നിവയാണ് ഇതിൽ പ്രധാനം. മുണ്ടു മടക്കിക്കുത്തി മാസ്സ് കാണിച്ചിരുന്ന ക്യാംപസുകളിൽ ഇപ്പോൾ കൊറിയൻ ഡ്രസ് ആണു താരം.

സ്വകാര്യതയെ മാനിക്കുന്ന, മറ്റൊരാളുടെ കാര്യത്തിൽ ഇടപെടാത്ത, ഉയർന്ന ചിന്താഗതി പുലർത്തുന്നവരാണത്രേ കൊറിയൻ യുവത്വം. കണ്ടുപിടുത്തങ്ങൾ നീളുന്നു. അങ്ങനെ പലർക്കും പലതാണു കൊറിയൻ സംഗീതവും സിനിമയും സീരീസും.

ADVERTISEMENT

ഇങ്ങനെയാവണം സ്നേഹം 

പ്ലസ്ടു വിദ്യാർഥിനിക്ക് ഒരു കൂട്ടുകാരനെ വേണം. പലതരം ഡേറ്റിങ് ആപ്പുകളിലും അല്ലാതെയും മാറി മാറി അന്വേഷിച്ചിട്ടും പെർഫെക്ട് മാച്ച് കിട്ടുന്നില്ല. കുറച്ചു പേരെയൊക്കെ പരിചയപ്പെട്ടു. അതിൽ അവസാനം കണ്ടെത്തിയ പയ്യനുമായി പിരിയാനുണ്ടായ കാരണം, റസ്റ്ററന്റിൽ വച്ച് ഭക്ഷണം കഴിക്കുമ്പോൾ മുഖത്തു പറ്റിപ്പിടിച്ച പൊടി തട്ടിക്കൊടുത്തില്ല എന്നതാണ്. 

  അതിനു മുൻപ് കണ്ടെത്തിയവരൊക്കെയും അനുയോജ്യരല്ല എന്നു തിരിച്ചറിഞ്ഞതിനു കാരണങ്ങൾ പലത്. ഭംഗിയുള്ള താടിയെല്ല് ഇല്ല, മെലിഞ്ഞ് ഒതുങ്ങിയ ശരീരപ്രകൃതി അല്ല. തന്റെ ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധിക്കുന്നില്ല, ഭക്ഷണം വിളമ്പിത്തരുന്നില്ല, പ്രണയപൂർവമായ പരിചരണമില്ല അങ്ങനെ നീണ്ടുപോകുന്നു ലിസ്റ്റ്. കെ ഡ്രാമകൾ മലയാളി  കൗമാരപ്രണയസങ്കൽപങ്ങളിൽ വരുത്തിയ മാറ്റങ്ങളുടെ ഭാഗമാണ് ഈ ലിസ്റ്റും. 

കൊറിയൻ ലുക്ക് 

മെലിഞ്ഞ ശരീരം, തിളങ്ങുന്ന ഗ്ലാസ് സ്കിൻ, സിൽക്ക് പോലെ മിനുത്ത കോലൻ തലമുടി, ചുവപ്പോ പിങ്കോ ലിപ്സ്റ്റിക്, ഓവർ സൈസ് ടീഷർട്ട്, ലൂസ് ട്രൗസർ പിന്നെ സ്നീക്കർ. പൊതുവേ കെ– ഡ്രാമകളിലും കെ– പോപ് താരങ്ങളുടെയും  ഇഷ്ട സ്റ്റൈൽ ഇതാണ്. കേരളത്തിലും കാണാം ഈ കൊറിയൻ സ്റ്റൈൽ. 

കൊറിയൻ ഗ്ലാസ് സ്കിന്നിന്റെ രഹസ്യം പറഞ്ഞുതരാൻ യൂട്യൂബിൽ ആയിരക്കണക്കിനു ചാനലുകളുണ്ട്. കൊറിയൻ സ്കിന്നിനു വേണ്ടി കഞ്ഞിവെള്ളം വരെ മുഖത്തു തേച്ചു പരീക്ഷിക്കുന്നവരും കുറവല്ല. എന്നാൽ അവർ കൊറിയക്കാരും നമ്മൾ ഇന്ത്യക്കാരുമാണ് എന്നോർക്കാൻ കെ–ഫാൻസിനു സമയമില്ല. തോറ്റു മടങ്ങാൻ തയാറാകാത്ത ആരാധകർക്കായി കൊറിയൻ സൗന്ദര്യ ഉൽപന്നങ്ങളും ‌വിപണിയിൽ ധാരാളമുണ്ട്. 

ആർമി...ബ്ലിങ്ക്...കാരറ്റ്...ബണ്ണീസ്...

ബ്ലാക്ക് പിങ്ക് (Black Pink), സെവന്റീൻ (Seventeen), സ്ട്രേ കിഡ്സ് (Stray Kids), ന്യൂ ജീൻസ് (New Jeans), ടിഎക്സ്ടി (TxT), അറ്റീസ് (Ateez), ബിടിഎസ് (BTS) തുടങ്ങിയ കെ–പോപ് ഗ്രൂപ്പുകൾക്കു ലോകമെമ്പാടും ലക്ഷങ്ങളാണ് ആരാധകർ. ആരാധക സമൂഹത്തിനു (ഫാൻഡം ഗ്രൂപ്പുകൾ) ചില ചെല്ലപ്പേരുകളും ഇവർ നൽകിയിട്ടുണ്ട്. 

ഈ ആരാധകക്കൂട്ടം കേരളത്തിലും സജീവമാണ്. ഓൺലൈനായി കൊറിയൻ പഠിക്കുന്നവർ ഏറെയാണ്. ഭാഷ പഠിക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല ഈ കൊറിയൻ പ്രേമം. അങ്ങോട്ടു ചേക്കേറാൻ കൊതിക്കുന്നവരും ഉണ്ട്. ഇഷ്ടതാരങ്ങളെ കാണാൻ വീട്ടിൽ നിന്നു മോഷ്ടിച്ച 14,000 രൂപയുമായി ദക്ഷിണ കൊറിയയിലേക്കു നാടുവിടാൻ ഇറങ്ങിയ തമിഴ്നാട്ടുകാരായ മൂന്നു പെൺകുട്ടികൾ അടുത്തിടെ വാർത്തയായിരുന്നു. 15 വയസ്സിൽ താഴെയായിരുന്നു ഇവരുടെ പ്രായം. വിശാഖപട്ടണത്തു പോയി അവിടുന്നു കപ്പലിൽ കയറി കൊറിയയിലേക്കു പോകാനായിരുന്നു ആരാധകരുടെ പരിപാടി. 

റോഡിലും വീട്ടിലും കൊറിയ 

കെ–പോപ്പിലും ഡ്രാമയിലും ഒതുങ്ങുന്നതല്ല ഇന്ത്യയിലെ കൊറിയൻ തരംഗം. നമ്മുടെ വാഹന വിപണിയിലുമുണ്ട് ശക്തമായ കൊറിയൻ സാന്നിധ്യം. ഹ്യുണ്ടായിയും കിയയും എത്തുന്നതിനു മുൻപ്  ഇന്ത്യൻ നിരത്തുകളിൽ ശ്രദ്ധ പിടിച്ചു പറ്റിയ ദെയ്‌വു മോട്ടോഴ്സാണ് ഇതിനു തുടക്കമിട്ടത്. പിന്നീടാണ്  മാരുതി  അടക്കി വാണിരുന്ന ഇന്ത്യൻ നിരത്തുകളിലേക്കു ‘ദ് കംപ്ലീറ്റ് ഫാമിലി കാർ’ എന്ന വിശേഷണവുമായി ഹ്യുണ്ടായി സാൻട്രോ എത്തിയത്. സാംസങ്,എൽജി എന്നീ ബ്രാൻഡുകളിലൂടെ നമ്മുടെ ഗൃഹോപകരണ വിപണിയിലും കൊറിയൻ സാന്നിധ്യം ശക്തമാണ്. 

ഹോർത്തൂസിലും  കൊറിയ 

മലയാള മനോരമ നവംബർ 1,2,3 തീയതികളിൽ കോഴിക്കോട്ട് നടത്തുന്ന സാഹിത്യ സാംസ്കാരിക ഉത്സവമായ ഹോർത്തൂസിലും കൊറിയൻ സാന്നിധ്യമുണ്ടാവും. ദക്ഷിണ കൊറിയയിൽ നിന്നുള്ള രണ്ടു എഴുത്തുകാരും ഒരു ഭക്ഷണശാലയുമാണ് ഹോർത്തൂസിൽ ഉണ്ടാവുക.  സിയോളിൽ നിന്നുള്ള ഹെന കിം,  വാനിഷ്ഡ് എന്ന നോവലിലൂടെ പ്രസിദ്ധയായ കിം ദൊ എന്നിവരാണ് കൊറിയൻ സാഹിത്യവും സംസ്കാരവുമെല്ലാം ചർച്ച ചെയ്യാനായി എത്തുന്നത്. കൊറിയൻ റസ്റ്ററന്റായ മുകബങ്ങിൽ നിന്നുള്ള ഷെഫുമാരാണ് ഭക്ഷണശാല ഒരുക്കുന്നത്. റജിസ്ട്രേഷൻ ഹോർത്തൂസ് വെബ്സൈറ്റ് മുഖേന.

ഹെന കിം, കിം ദൊ

കൊറിയയിൽ ഉണ്ട് ഒരു മോഹൻലാൽ 

അങ്ങു കൊറിയയിൽ ഡോൺ ലീയെന്നൊരു നടനുണ്ട്. കേരളത്തിലെ കൊറിയൻ സിനിമാ പ്രേമികൾക്കിടയിൽ ലീ അറിയപ്പെടുന്നത് കൊറിയൻ മോഹൻലാൽ എന്ന പേരിലാണ്. അതെന്താ അങ്ങനെയൊരു പേര് എന്ന സംശയം മാറാൻ ലീയുടെ ഒരു സിനിമ കാണൂ എന്നു ആരാധകർ പറയും. അഭിനയത്തിലുള്ള സ്വാഭാവികത, തമാശ രംഗങ്ങളിലും സങ്കട രംഗങ്ങളിലുമുള്ള തഴക്കം, ആക്‌ഷൻ രംഗങ്ങളിലെ മെയ്‌വഴക്കം, മോഹൻലാലിനെ മലയാളികൾക്കു പ്രിയങ്കരനാക്കിയ ഒട്ടേറെ കാരണങ്ങളിൽ ചിലതാണിവ. ഈ ഗുണങ്ങളെല്ലാം ലീയ്ക്കും ഉണ്ടത്രെ. എങ്കിൽ കൊറിയൻ മോഹൻലാലിന്റെ കുറച്ചു സിനിമകൾ കണ്ടു കളയാം എന്നു കരുതിയാൽ ഇതാ

ഡോൺ ലീ

ദി ഗാങ്സ്റ്റർ, ദി കോപ്, ദി ഡെവിൾ– ആമസോൺ പ്രൈം 

ദി ഔട്‌ലോസ്– ആമസോൺ പ്രൈം 

ദി ബ്രോസ് –നെറ്റ്‌ഫ്ലിക്സ്

ഡീപ് ട്രാപ്– ആമസോൺ പ്രൈം 

ട്രെയിൻ ടൂ ബൂസാൻ–ആമസോൺ പ്രൈം 

തയാറാക്കിയത്:

ഷീന കെ.തോമസ്, ആർ. ജ്യോതിലക്ഷ്മി, 

സി.ശ്വേത, എ.എസ്.അശ്വതി,

എബി ജോർജ് സക്കറിയ,

റൂബൻ യാക്കോബ് സണ്ണി,

മർജാൻ മെഹറൂഫ് , തോമസ് ജേക്കബ്.

English Summary:

Kerala Goes K-razy: The Korean Wave's Impact on Youth Culture

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT