ADVERTISEMENT

ഒരു ജാലകം ആത്മാവിനുള്ളിലേക്കും, മറ്റൊരു ജാലകം വിശാലമായ ലോകത്തേക്കും തുറക്കുന്ന ഇടമാണ് ലൈബ്രറികൾ. പുസ്തകത്താളുകൾ മറിക്കുമ്പോൾ മൂക്കിലേക്ക് ഒഴുകിയെത്തുന്ന പഴമയുടെ മണം. താളുകൾ മറിയുന്നതിന്റെ നേരിയൊരു ശബ്ദം മാത്രമുള്ള അകം.

  • Also Read

ചുമരരികിലെവിടെയോ ഒരു ഷെൽഫിൽ ഏതോ പുസ്തകത്തിന്റെ താളുകൾക്കിടയിൽ പ്രിയപ്പെട്ടവർക്കായി ഒരു കാമുകനോ, കാമുകിയോ എഴുതിവച്ചൊരു കുഞ്ഞുകുറിപ്പ്. മഴ പെയ്യുന്നൊരു പകലിൽ പേരറിയാത്തൊരു ലൈബ്രറിയുടെ കോണിൽ നിശ്ശബ്ദനായിരിക്കുക എന്നതായിരിക്കാം ഏതൊരു സാഹിത്യപ്രേമിയുടെയും ഉള്ളിലെ ആഗ്രഹം. 

കാലം മാറിക്കഴിഞ്ഞു. ‘ജെൻ– സീ’ ഭാഷയുടെ വ്യാകരണമാണ് ലോകം ഭരിക്കുന്നത്. ഇവിടെ ലൈബ്രറികൾക്കും കാലത്തിനൊത്ത് മാറാതെ നിർവാഹമില്ല. അടിമുടി മാറ്റങ്ങളുമായി കേരളത്തിലെ തന്നെ ഏറ്റവും വലിയ ആധുനിക ലൈബ്രറികളിലൊന്നായി മുഖം മാറിയ ലൈബ്രറി കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജിലുണ്ട്. എന്തുകൊണ്ടാണ് കോഴിക്കോടിനു യുനെസ്കോയുടെ സാഹിത്യനഗര പദവി കിട്ടിയതെന്നതിന് ഉത്തരം ഇതാണ്. എല്ലാക്കാലത്തും ലൈബ്രറികളിൽ മാറ്റത്തിന്റെ വിപ്ലവം തുടങ്ങിയത് ഈ മണ്ണിലാണ്. 

ഓർമയുണ്ടോ ആ ലൈബ്രറി?

ഗോഡ്ഫാദർ, പിൻഗാമി, സിദ്ധാർഥ തുടങ്ങിയ ഒട്ടേറെ ഹിറ്റ് സിനിമകളിലൂടെ മലയാളികൾക്കു സുപരിചിതമായ കെട്ടിടവും ലൈബ്രറിയുമാണ് ദേവഗിരിയിലുണ്ടായിരുന്നത്. 2023ലാണ് മുഖം മിനുക്കലിനു തീരുമാനിച്ചത്. ലൈബ്രറികളിലെ സ്പെയ്സ് മാനേജ്മെന്റ് എന്ന വിഷയത്തിൽ ഗവേഷണം നടത്തുന്ന ഫാ. ജോൺ നീലങ്കാവിലാണ് പുതിയ ലൈബ്രറി രൂപകൽപന ചെയ്തത്. ഫാ.നീലങ്കാവിലിന്റെ  എൺപതാമത്തെ പ്രോജക്ടായിരുന്നു ദേവഗിരിയിലേത്.

രൂപകൽപനയുടെ വ്യത്യസ്തത

നാലു നിലകളിൽ 42,000 ചതുരശ്ര അടിയിലാണ് ലൈബ്രറി ഒരുക്കിയിരിക്കുന്നത്. വായനയ്ക്കു വെളിച്ചം ഏറ്റവും പ്രധാനമായതിനാൽ അകത്തേക്കു പരമാവധി സൂര്യപ്രകാശം ലഭിക്കത്തക്ക വിധത്തിൽ ഗ്ലാസ് ഭിത്തികളാണ് ഉള്ളത്. വലിയ സ്റ്റെയർകെയ്‌സും ഗ്ലാസിൽത്തന്നെയാണ്. സ്റ്റെയർകേസിന് ഇരുവശത്തുമായി പുരാതന വിജ്ഞാന കേന്ദ്രങ്ങളുടെ പേരുകളിൽ വായന ഇടങ്ങൾ ഉണ്ട്. അലക്സാൻഡ്രിയ, നളന്ദ, പെർഗമൊൺ, കോൺസ്റ്റാൻറിനോപ്പിൾ എന്നീ ഹാളുകളിൽ ഏതു വായനക്കാരനും ഇടം കണ്ടെത്താം.

എല്ലായിടത്തും പച്ചപ്പാണ് സെൻട്രലൈസ്ഡ് എയർകണ്ടിഷൻ ചെയ്ത കെട്ടിടത്തിന്റെ മറ്റൊരു പ്രത്യേകത.  സിറ്റിങ് സ്റ്റെപ്പുകൾ, വായനാമേശകൾ, സോഫകൾ തുടങ്ങി പല രീതിയിലിരുന്നു വായിക്കാം. പുസ്തകങ്ങൾ ചേർത്തുണ്ടാക്കിയ ‘ബുക്ക് ടവർ’ ആണ് മറ്റൊരു പ്രത്യേകത. കാപ്പിക്കും ചായയ്ക്കും വെള്ളത്തിനുമായി പുറത്തേക്ക് ഇറങ്ങേണ്ട. എല്ലാ നിലകളിലും അതു ലഭ്യമാണ്. സാധാരണ ശുചിമുറികൾക്കൊപ്പം ശാരീരികവെല്ലുവിളി നേരിടുന്നവർക്കുള്ള ശുചിമുറികളും ജെൻഡർ ന്യൂട്രൽ ശുചിമുറികളും ഇവിടെയുണ്ട്. ഇന്നലെയായിരുന്നു ലൈബ്രറിയുടെ ഔദ്യോഗിക ഉദ്ഘാടനം. എന്നാൽ അതിനു മുൻപു തന്നെ സമൂഹമാധ്യമങ്ങളിലെ താരമായി ഈ ന്യൂജെൻ ലൈബ്രറി മാറിക്കഴിഞ്ഞിരുന്നു. 

പുസ്തകങ്ങൾ കൈയെത്തിപ്പിടിക്കാം

കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജിലെ നവീകരിച്ച  
ലൈബ്രറിയുടെ ഉൾവശം.
കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജിലെ നവീകരിച്ച ലൈബ്രറിയുടെ ഉൾവശം.

ഓപ്പൺ ആക്സസ് സിസ്റ്റത്തിലാണ് ലൈബ്രറിയുടെ പ്രവർത്തനം.  പുസ്‌തകങ്ങൾ തനിയെ തിരഞ്ഞെടുക്കാനും തിരിച്ചേൽപ്പിക്കാനും കഴിയും. 72,000  പുസ്തകങ്ങളാണ്  ഉള്ളത്. വെബ് ഒപാക് വഴി ആവശ്യക്കാർക്കു സ്വയം പുസ്തക ലഭ്യത പരിശോധിക്കാം. എൻ ലിസ്റ്റ്, പിയേഴ്സൻ ഇ–ലൈബ്രറി, സെയ്‌ജ് പബ്ലിക്കേഷൻസ് തുടങ്ങി ഒട്ടേറെ ഇ–റിസോഴ്സുകളുണ്ട്. ബിബിസി, സിഎൻഎൻ തുടങ്ങിയ ന്യൂസ് ചാനലുകളും ഇ പേപ്പറുകളും ഉൾപ്പെടെയുള്ള ന്യൂസ് കോർണറും ഗവേഷണ വിദ്യാർഥികൾക്കായി ബയോമെട്രിക് പ്രവേശന സംവിധാനമുള്ള ഫ്ലോറുകളുമുണ്ട്. 

ഗാന്ധിജി മുതൽ ചാവറയച്ചൻ വരെ

ദേവഗിരിയിലെ മുൻകാല അധ്യാപകരായ സുകുമാർ അഴീക്കോടിന്റെയും സി.എ.ഷെപ്പേഡിന്റെയും പേരുകളിലാണ് ലൈബ്രറിയിലെ രണ്ടു കോൺഫറൻസ് ഹാളുകൾ.  പിഎച്ച്ഡി ഓപ്പൺ ഡിഫൻസ് നടത്താനായി ഒരു ഡിഫൻസ് ഹാളുമുണ്ട്. എഴുത്തുകാരും ചിന്തകരുമടക്കം കോളജിൽ എത്തുന്ന പ്രമുഖരുമായി കുട്ടികൾക്കു സംവദിക്കാൻ  ഹ്യുമൻ ലൈബ്രറി കോർണർ എന്ന പേരിൽ ഒരിടം  ഒരുക്കിയിട്ടുണ്ട്. ഗാന്ധിജിയുമായി ബന്ധപ്പെട്ട പുസ്തകങ്ങളുള്ള  ഗാന്ധി സ്ക്വയർ, ചാവറയച്ചനുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ ഒരുക്കിയ ചാവറ സ്ക്വയർ, എഴുത്തിടം, ഇൻക്യുബേഷൻ കോർണർ എന്നിവയും ഇവിടെയുണ്ട്.

കോളജിലെ സെൽഫ് ഫിനാൻസിങ് കോഴ്‌സുകളുടെ ഡയറക്ടറായ ഫാ. സുനിൽ എം.ആന്റണിയാണ് നവീകരണത്തിനു നേതൃത്വം വഹിച്ചത്.  കോഴിക്കോട്ടെ എലാൻസ ഡിസൈൻ സ്റ്റുഡിയോയിലെ കരൺ ജെ. ഫ്രാൻസിസ്, ജയ്‌സി ഫ്രാൻസിസ്, ടി.ഡി.ഫ്രാൻസിസ് എന്നിവരാണ് ആർക്കിടെക്ടുമാർ.

പുരസ്കാരനിറവ് 

മികച്ച കെട്ടിടനിർമിതിക്കുള്ള സ്റ്റീൽ സ്ട്രക്ചർ ആൻഡ് മെറ്റൽ ബിൽഡിങ് (എസ്എസ്എംബി) പുരസ്കാരം പുതിയ ലൈബ്രറിക്കു കഴിഞ്ഞ ദിവസം ലഭിച്ചു.  രാജ്യത്തെ വലിയ കെട്ടിട നിർമാതാക്കളുടെ കെട്ടിടങ്ങളോടു മത്സരിച്ചായിരുന്നു പുരസ്കാര നേട്ടം.  സ്റ്റീൽ നിർമിതിയിലെ ഡിസൈൻ, എൻജിനീയറിങ്, നിർമാണരീതി എന്നിവയാണ് പരിഗണിച്ചത്. 

English Summary:

Sunday special about Devagiri St. Joseph's College library

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com