ചിണ്ടൻ, നാരായണൻ, സുന്ദരി, ചിടുങ്ങൻ..വിളിക്കാതെ വന്നുകയറിയ പത്മനാഭന്റെ അതിഥികൾ
കൊല്ലങ്ങൾക്കു മുൻപാണ്. ഞാൻ കൊച്ചി എഫ്എസിടിയിൽ ജോലി ചെയ്യുന്ന സമയം. ഭാര്യ ഭാർഗവി കൊച്ചിൻ സർവകലാശാലയിൽ ലൈബ്രേറിയനാണ്. ഒരു രാത്രി. പുറത്തൊരു ശബ്ദം കേട്ടു ചെന്നു നോക്കിയപ്പോൾ വലിയൊരു കാർഡ് ബോർഡ് പെട്ടിയിലായി ആറു പൂച്ചക്കുട്ടികളെ ആരോ വീടിനു മുന്നിൽ ഉപേക്ഷിച്ചു പോയിരിക്കുന്നു. അവറ്റകളുടെ കണ്ണു കീറിയിട്ടു പോലുമുണ്ടായിരുന്നില്ല. ഈ കുട്ടികളെ എന്തു ചെയ്യണമെന്നറിയാതെ ഞങ്ങൾ വിഷമിച്ചു. ഞാൻ ആവശ്യപ്പെടാതെ തന്നെ ഭാർഗവി ഒരാഴ്ച അവധിയെടുത്തു. ഇളംചൂടുപാലിൽ ചെറിയ തിരി മുക്കി അതു പൂച്ചക്കുട്ടികളുടെ വായിൽ വച്ചു കൊടുത്തു. ഒരമ്മ സ്വന്തം മക്കളെ നോക്കുന്ന സ്നേഹത്തോടെയായിരുന്നു അത്.
കൊല്ലങ്ങൾക്കു മുൻപാണ്. ഞാൻ കൊച്ചി എഫ്എസിടിയിൽ ജോലി ചെയ്യുന്ന സമയം. ഭാര്യ ഭാർഗവി കൊച്ചിൻ സർവകലാശാലയിൽ ലൈബ്രേറിയനാണ്. ഒരു രാത്രി. പുറത്തൊരു ശബ്ദം കേട്ടു ചെന്നു നോക്കിയപ്പോൾ വലിയൊരു കാർഡ് ബോർഡ് പെട്ടിയിലായി ആറു പൂച്ചക്കുട്ടികളെ ആരോ വീടിനു മുന്നിൽ ഉപേക്ഷിച്ചു പോയിരിക്കുന്നു. അവറ്റകളുടെ കണ്ണു കീറിയിട്ടു പോലുമുണ്ടായിരുന്നില്ല. ഈ കുട്ടികളെ എന്തു ചെയ്യണമെന്നറിയാതെ ഞങ്ങൾ വിഷമിച്ചു. ഞാൻ ആവശ്യപ്പെടാതെ തന്നെ ഭാർഗവി ഒരാഴ്ച അവധിയെടുത്തു. ഇളംചൂടുപാലിൽ ചെറിയ തിരി മുക്കി അതു പൂച്ചക്കുട്ടികളുടെ വായിൽ വച്ചു കൊടുത്തു. ഒരമ്മ സ്വന്തം മക്കളെ നോക്കുന്ന സ്നേഹത്തോടെയായിരുന്നു അത്.
കൊല്ലങ്ങൾക്കു മുൻപാണ്. ഞാൻ കൊച്ചി എഫ്എസിടിയിൽ ജോലി ചെയ്യുന്ന സമയം. ഭാര്യ ഭാർഗവി കൊച്ചിൻ സർവകലാശാലയിൽ ലൈബ്രേറിയനാണ്. ഒരു രാത്രി. പുറത്തൊരു ശബ്ദം കേട്ടു ചെന്നു നോക്കിയപ്പോൾ വലിയൊരു കാർഡ് ബോർഡ് പെട്ടിയിലായി ആറു പൂച്ചക്കുട്ടികളെ ആരോ വീടിനു മുന്നിൽ ഉപേക്ഷിച്ചു പോയിരിക്കുന്നു. അവറ്റകളുടെ കണ്ണു കീറിയിട്ടു പോലുമുണ്ടായിരുന്നില്ല. ഈ കുട്ടികളെ എന്തു ചെയ്യണമെന്നറിയാതെ ഞങ്ങൾ വിഷമിച്ചു. ഞാൻ ആവശ്യപ്പെടാതെ തന്നെ ഭാർഗവി ഒരാഴ്ച അവധിയെടുത്തു. ഇളംചൂടുപാലിൽ ചെറിയ തിരി മുക്കി അതു പൂച്ചക്കുട്ടികളുടെ വായിൽ വച്ചു കൊടുത്തു. ഒരമ്മ സ്വന്തം മക്കളെ നോക്കുന്ന സ്നേഹത്തോടെയായിരുന്നു അത്.
കൊല്ലങ്ങൾക്കു മുൻപാണ്. ഞാൻ കൊച്ചി എഫ്എസിടിയിൽ ജോലി ചെയ്യുന്ന സമയം. ഭാര്യ ഭാർഗവി കൊച്ചിൻ സർവകലാശാലയിൽ ലൈബ്രേറിയനാണ്. ഒരു രാത്രി. പുറത്തൊരു ശബ്ദം കേട്ടു ചെന്നു നോക്കിയപ്പോൾ വലിയൊരു കാർഡ് ബോർഡ് പെട്ടിയിലായി ആറു പൂച്ചക്കുട്ടികളെ ആരോ വീടിനു മുന്നിൽ ഉപേക്ഷിച്ചു പോയിരിക്കുന്നു. അവറ്റകളുടെ കണ്ണു കീറിയിട്ടു പോലുമുണ്ടായിരുന്നില്ല. ഈ കുട്ടികളെ എന്തു ചെയ്യണമെന്നറിയാതെ ഞങ്ങൾ വിഷമിച്ചു. ഞാൻ ആവശ്യപ്പെടാതെ തന്നെ ഭാർഗവി ഒരാഴ്ച അവധിയെടുത്തു. ഇളംചൂടുപാലിൽ ചെറിയ തിരി മുക്കി അതു പൂച്ചക്കുട്ടികളുടെ വായിൽ വച്ചു കൊടുത്തു. ഒരമ്മ സ്വന്തം മക്കളെ നോക്കുന്ന സ്നേഹത്തോടെയായിരുന്നു അത്.
-
Also Read
തിരകൾക്കിപ്പുറം
പശുക്കൾ.. പൂച്ചകൾ.. നായ്ക്കൾ.. കിളികൾ.. റോസാപ്പൂക്കൾ.. ഇതെല്ലാം എന്റെ ജീവിതത്തിൽ പലപ്പോഴായി ഉണ്ടായിരുന്നു. അമ്മ തിണയ്ക്കൽ അമ്മുക്കുട്ടിയമ്മ പശുക്കളെ വളർത്തിയിരുന്നു. എന്റെ ചെറുപ്രായത്തിലേ അച്ഛൻ മരിച്ചതാണ്. അമ്മയുടെ പ്രധാന വരുമാനമാർഗം പശുക്കളുടെ പാലുവിറ്റു കിട്ടുന്ന പണമായിരുന്നു. യശോദ, നന്ദിനി, ശാരദ എന്നിങ്ങനെ ഓരോ സമയത്ത് ഓരോ പശുക്കളുണ്ടായിരുന്നു. കറവ വറ്റിയാലും അമ്മ പശുക്കളെ വിൽക്കില്ല. അമ്മയ്ക്ക് അവരെല്ലാം മക്കളെപ്പോലെയായിരുന്നു. അങ്ങനെയൊരു സഹജീവി സ്നേഹം കണ്ടുകൊണ്ടാണു ഞാനും വളർന്നത്.
ഞാനും ഭാർഗവിയും അമ്പലമേട്ടിൽ താമസിക്കുന്ന കാലം. അവിടെ പാലുമായി ഒരു സ്ത്രീ വരുമായിരുന്നു. അവരെ കാണുമ്പോൾ എനിക്ക് അമ്മയെ ഓർമ വരും. ഒരു പുൽക്കൊടിയെപ്പോലും നോവിക്കാതെയാണ് അവർ നടന്നു വന്നിരുന്നത്, എന്റെ അമ്മയെപ്പോലെ.
ചിണ്ടൻ എന്ന നായ
ചെറുപ്പത്തിൽ, ഞങ്ങളുടെ വീടിന്റെ രണ്ടു പറമ്പ് അപ്പുറത്ത് വലിയ എണ്ണയാട്ടുന്ന വീടുണ്ടായിരുന്നു. മരച്ചക്കിൽ കാളയെകെട്ടി വെളിച്ചെണ്ണയാട്ടുന്ന ചന്തു എന്നവരുടെ വീട്. അവരുടെ വീട്ടിൽ പട്ടി പ്രസവിച്ചു. മനുഷ്യരുടെ അടുക്കൽനിന്നു രക്ഷകിട്ടാൻ തെങ്ങിൻ കുഴിയാണു പട്ടി പ്രസവിക്കാൻ കണ്ടെത്തിയത്. അഞ്ചു കുട്ടികൾ ഉണ്ട്. ഞാൻ നിത്യവും കാണാൻ പോകും. ഒരുദിവസം വീട്ടുകാരൻ ചന്തു ചോദിച്ചു– ‘‘ പപ്പന് ഈ നായ്ക്കുട്ടികളെ വേണോ?’’
ഞാൻ തലയാട്ടി. അയാൾ സമ്മതിച്ചു. എല്ലാ കുട്ടികളെയുമെടുത്ത് ഞാൻ സന്തോഷത്തോടെ വീട്ടിലേക്കു നടന്നു. എന്തോ കിട്ടിയ പ്രതീതിയായിരുന്നു. വീട്ടിലെത്തിയപ്പോൾ അമ്മ ചീത്ത പറഞ്ഞു. ഒന്നിനെയൊഴികെ ബാക്കിയെല്ലാറ്റിനെയും അവിടെ കൊണ്ടു വയ്ക്കാൻ പറഞ്ഞു.
ചിണ്ടൻ എന്നായിരുന്നു അവനു ഞാനിട്ട പേര്. വളരെക്കാലം ചിണ്ടൻ വീട്ടിലുണ്ടായിരുന്നു. ജീവിതത്തിൽ ഞാൻ കൊണ്ടു വന്നു വളർത്തിയത് ചിണ്ടനെ മാത്രമായിരുന്നു. ബാക്കിയെല്ലാം വന്നവരായിരുന്നു. വരുന്നവർക്കു വീട്ടിൽ ഭക്ഷണമുണ്ടാകും. നമ്മൾ തിന്നിട്ടില്ലെങ്കിലും അവർക്കുണ്ട്. അതിപ്പോഴുമുണ്ട്.
നാരായണൻ എന്ന പൂച്ച
അമ്പലമേട്ടിലെ വീട്ടിൽ ഞങ്ങൾ മീനൊന്നും വാങ്ങില്ല. അന്നു നാരായണൻ എന്ന പേരുള്ള പൂച്ചയുണ്ടായിരുന്നു. ഒരുതവണ അവനെ കാണാതായി. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ, തൊട്ടപ്പുറത്തുള്ള അമ്പലത്തിലെ കാര്യക്കാരൻ വന്നു പറഞ്ഞു– ‘‘ അല്ല, നിങ്ങളുടെ പൂച്ചയിപ്പോൾ അമ്പലത്തിനകത്താണല്ലോ കൂടിയിരിക്കുന്നത്’’.
പൂച്ചകൾക്കു വെളിച്ചെണ്ണ ഇഷ്ടമാണ്. അമ്പലത്തിനകത്ത് അതു ധാരാളം കിട്ടും. അതൊക്കെ കഴിച്ച് അവനവിടെ കൂടിയതാണ്. ഭാർഗവി അമ്പലത്തിൽ പോകും. ഞാൻ പോകാറില്ല. നാരായണനെ അവിടെ കണ്ടു. അവളെ കണ്ടപ്പോൾ നാരായണനു നാണം. പിന്നെ അമ്പലത്തിൽനിന്നു താമസം മാറി. ഞങ്ങളുടെ വീടിന്റെ തൊട്ടപ്പുറത്ത് കമ്പനിയുടെ പഴ്സനേൽ മാനേജർ ടൈറ്റസിന്റെ വീട്ടിലായി താമസം. ഒരുദിവസം അയാളുടെ ഭാര്യയെ കണ്ടപ്പോൾ പറഞ്ഞു– ‘‘നിങ്ങളുടെ നാരായണനിപ്പോൾ ഞങ്ങളുടെ വീട്ടിലാണു താമസം’’.
അവിടെ മീനൊക്കെ കിട്ടും. ഭാർഗവി നാരായണനെ തിരഞ്ഞ് അവിടെപ്പോയി. അവളെ കണ്ടപ്പോൾ നാരായണനു നാണം. അവൾ വീട്ടിലേക്കു വിളിച്ചു. അനുസരണയോടെ നാരായണൻ വന്നു. വരുമ്പോൾ ഭാർഗവി പറയുന്നുണ്ടായിരുന്നു– ‘‘ നിനക്കു മീൻ കഴിക്കാൻ തോന്നിയാൽ അവിടെപ്പോയി കഴിച്ചിട്ട് ഇങ്ങോട്ടു വന്നേക്കണം’’. അതു കേട്ടപ്പോൾ നാരായണൻ നാണത്തോടെ തലതാഴ്ത്തുന്നതു ഞാൻ കണ്ടു.
ഒറ്റക്കാലൻ കാക്കയും അവന്റെ മകനും
അഞ്ചു കൊല്ലം മുൻപാണ്. ഒരു ഒറ്റക്കാലൻ കാക്ക എന്നും രാവിലെയും വൈകിട്ടും ഇവിടെ വരും. പിന്നെ അവന്റെ ഭാഷയിൽ കുറെ ചീത്തപറച്ചിലാണ്. ഭക്ഷണം കിട്ടാനാണ്. അതു കിട്ടുന്നതുവരെ ചീത്ത പറഞ്ഞു കൊണ്ടിരിക്കും. ഭക്ഷണം കിട്ടിയാൽ അവന്റെയൊരു നൃത്തവും സ്നേഹ പ്രകടനവും ഘോഷമാണ്. അങ്ങനെയിരിക്കെ ഒരുദിവസം അവൻ അപ്രത്യക്ഷനായി. ഞങ്ങൾ കുറെ ദിവസം കാത്തുനിന്നു. അവൻ വന്നതേയില്ല. ഒരു ദിവസം സഹായി പത്മാവതി ചോദിച്ചു– ‘‘കാക്ക മരിക്കുമോ?’’ ഉപനിഷത്തൊക്കെ ഉദ്ധരിച്ചു ഞാൻ പറഞ്ഞു– ‘‘ജനിച്ചാൽ ഒരുനാൾ മരണമുണ്ട്. അത് ആനയായാലും കാക്കയായാലും. മരിക്കാതിരിക്കാൻ പറ്റില്ല’’.
പത്മാവതി ചോദിക്കാൻ കാരണമുണ്ടായിരുന്നു. അവന്റെ സാദൃശ്യമുള്ള ഒരു കാക്ക. പക്ഷേ, രണ്ടു കാലുമുണ്ട്. ഒറ്റക്കാലന്റെ അതേ പ്രകൃതം. അവന്റെ മകൻ ആയിരിക്കുമെന്നാണ് പത്മാവതി കരുതുന്നത്. ‘‘ ചിലപ്പോൾ ശരിയായിരിക്കും’’ ഞാനും സമ്മതിച്ചു.
ഈ അച്ഛൻ– മകൻ കാക്കകളെക്കുറിച്ച് ഞാൻ നാലു കഥകളെഴുതിയിട്ടുണ്ട്. പുതുതായി ഇറങ്ങുന്ന കരിപ്പൂർ എന്ന കഥാസമാഹാരത്തിൽ ആ കഥകളുണ്ട്.
കുറച്ചുകാലം മുൻപ് എനിക്കൊരിക്കൽ ചെറിയ ഹൃദയാഘാതം വന്നു. കണ്ണൂരിലെ ആശുപത്രിയിൽ പത്തുദിവസം കഴിഞ്ഞു. അന്നേരം ഒരു കിളി എപ്പോഴും ജനലിനരികിൽ വന്നിരിക്കും. എന്റെ വിവരം തിരക്കാനെന്നപോലെ. ഈ കിളിയെക്കുറിച്ചും ഞാൻ കഥയെഴുതിയിട്ടുണ്ട്.
സുന്ദരി എന്ന നായ
എഫ്എസിടിയിൽനിന്നു വിരമിച്ചു കണ്ണൂർ പള്ളിക്കുന്നിലെ വീട്ടിലേക്കു വരുമ്പോൾ ഞാനൊരു തീരുമാനമെടുത്തിരുന്നു. വയ്യ, ഇനി എന്തുവന്നാലും ഞാൻ നായയ്ക്കും പൂച്ചയ്ക്കുമൊന്നും ചോറു കൊടുക്കില്ല. ഞാനും ഭാർഗവിയും മാത്രമേയുള്ളൂ. അങ്ങനെയിരിക്കെ, ഒരു ദിവസം ഉച്ചയ്ക്കു ഭക്ഷണം കഴിച്ചു പുറത്തു കൈ കഴുകാൻ പോയതായിരുന്നു. അതിസുന്ദരിയായൊരു നായ. ശരിക്കും ജർമൻ ഷെപ്പേഡ്. അടുക്കളയിലേക്കു നോക്കിയിരിക്കുന്നു. എവിടെയും പോകുന്നില്ല. മൂന്നു ദിവസമായിട്ടും അവിടെത്തന്നെ. എനിക്കു വല്ലാത്ത സങ്കടമായി. ഞാൻ പാത്രത്തിൽ ചോറുകൊടുത്തു. ഭക്ഷണം കഴിക്കാതെ അവൾ സംശയിച്ചു നിന്നു. ഞാൻ സ്നേഹത്തോടെ വിളിച്ചു. പതുക്കെ അവൾ ഇവിടുത്തെ ആളായി. സൗന്ദര്യം കൊണ്ട് അവൾക്കു സുന്ദരിയെന്നു പേരിട്ടു. പിന്നീടു പലപ്പോഴായി കുറെ പേർ വന്നു. സുന്ദരിയുടെ മക്കളും സുന്ദരികളായിരുന്നു.
നവാഗതൻ
കുറച്ചു കൊല്ലങ്ങൾക്കു മുൻപൊരു രാത്രി. മഴ ശക്തമായി പെയ്യുന്നുണ്ടായിരുന്നു. ഇടിയും കാറ്റും. ഉറക്കം വരാതെ ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്നു. കുറച്ചു കഴിഞ്ഞപ്പോൾ പത്മാവതി വന്നു വിളിച്ചു.
‘‘അച്ഛാ, പറമ്പിന്റെ മൂലയ്ക്ക് ഒരു നായ്ക്കുട്ടി കരയുന്നുണ്ട്’’.
‘‘നിനക്കു തോന്നുന്നതായിരിക്കും’’– ഞാൻ പറഞ്ഞു.
‘‘അല്ല, ശരിക്കുമുണ്ട്’’.
‘‘എങ്കിൽ നീ പോയി നോക്കൂ’’ എന്നു പറഞ്ഞ് ടോർച്ച് എടുത്തുകൊടുത്തു. അവൾ വാതിൽ തുറന്നു ടോർച്ചടിച്ചു നോക്കി. ഒന്നും കാണാത്തതുകൊണ്ട് വന്നുകിടന്നു.
നേരം പുലരാൻ നേരത്തു പത്മാവതി വീണ്ടും വന്നു വിളിച്ചു.
‘‘ ഉണ്ട് അച്ഛാ, ശരിക്കും നായ്ക്കുട്ടിയുണ്ട്’’. ഞാനെഴുന്നേറ്റു കൂടെ ചെന്നു.
പറമ്പിന്റെ മൂലയ്ക്കു തെങ്ങു മുറിച്ചു കഷണമാക്കി കൂട്ടി ഇട്ടിട്ടുണ്ടായിരുന്നു. അതിനിടയ്ക്കു ചെറിയൊരു നായ്ക്കുട്ടി വിറച്ചു നിൽക്കുന്നു. ഞാനുടൻ രാമചന്ദ്രനെ വിളിച്ചു. മരക്കഷണങ്ങളൊക്കെ നീക്കിയിട്ടു വേണം അവനെ പുറത്തെടുക്കാൻ. രാമചന്ദ്രൻ വന്ന് അവനെ പുറത്തെടുത്തു. തണുത്തു വിറയ്ക്കുന്നുണ്ടായിരുന്നു അവൻ. സ്വെറ്റർ കൊണ്ട് അവനെ തോർത്തി അതിൽ കിടത്തി. ചൂടുപാലു കൊടുത്തു. അവൻ മുഴുവൻ കുടിച്ചു. ഘോരമഴയിൽ ആരോ പറമ്പിൽ ഉപേക്ഷിച്ചു പോയതാണ്. അത് ആദ്യത്തെ അനുഭവമായിരുന്നില്ല. എത്രയോ നായ്ക്കുട്ടികളെയും പൂച്ചക്കുട്ടികളെയും ആളുകൾ ഇതുപോലെ ഗേറ്റിനരികിൽ ഉപേക്ഷിച്ചു പോയിട്ടുണ്ട്.
പത്മാവതി അവനെ അപ്പു എന്നാണു വിളിക്കുക. ഞാൻ കറുപ്പൻകുട്ടിയെന്നും. കരിമ്പുലിയെപോലെ കറുപ്പനാണ്. ആരെങ്കിലും കല്ലെടുത്തെറിഞ്ഞാൽ ജീവിതകാലം മുഴുവൻ ശത്രുവായിരിക്കും. സാത്വിക സ്വഭാവമേയില്ല. ജീവിതത്തിൽ ഇന്നുവരെ അവൻ ആരെയും കടിച്ചിട്ടില്ല. പക്ഷേ, അവനെ കണ്ടാൽ, ശബ്ദം കേട്ടാൽ കിടുങ്ങും. അന്തകനെ പോലെയാണ്. സുസ്മേഷ് ചന്ത്രോത്ത് സംവിധാനം ചെയ്ത നളിനകാന്തി എന്ന സിനിമയിൽ ഞാൻ രാമചന്ദ്രന്റെ ഓട്ടോയിൽ കയറുന്ന ഭാഗം ചിത്രീകരിക്കുകയാണ്. ആരുടെ പ്രോംപ്റ്റിങ്ങുമില്ലാതെ അവൻ വന്ന് ഓട്ടോയിൽ കയറുന്നുണ്ട്. അതു മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. നവാഗതൻ എന്ന കഥ അവനെക്കുറിച്ചാണ്. അവനെക്കുറിച്ച് നാലുകഥകളെഴുതിയിട്ടുണ്ട്. കഥകൊണ്ട് അവനെ ഊട്ടുകയാണ് ഞാൻ.
പത്മാവതിയാണ് നായ്ക്കളുടെ കാര്യമൊക്കെ നോക്കുന്നത്. മക്കളെപ്പോലെയാണ് അവൾക്ക്. ലൈസൻസ് പുതുക്കലും കുത്തിവയ്പെടുക്കലുമൊക്കെ അവൾ ചെയ്യും. പത്മാവതി നാട്ടിലേക്കു പോയാൽ ലോകം മുഴുവൻ കേൾക്കുന്ന തരത്തിലുള്ള കരച്ചിലാണ് കറുപ്പൻകുട്ടിക്ക്. സാരിയുടുക്കുന്നതു കണ്ടാൽ അവനറിയാം അവളെങ്ങോ പോകുകയാണെന്ന്. തിരിച്ചെത്തിയാൽ ബഹളമയമാണ്. എന്തേ ഇത്ര വൈകിയെന്നു ചോദിക്കുന്ന രീതിയിലാണു കറുപ്പൻകുട്ടിയുടെ പ്രകടനം.
ഇവിടെയിപ്പോൾ അഞ്ച് നായ്ക്കളാണുള്ളത്. കറുപ്പൻകുട്ടിയെ കൂടാതെ ജിമ്മി. അവർ രണ്ടുപേരും ഗേറ്റിനകത്തും മൂന്നുപേർ പുറത്തും. ഭക്ഷണം കഴിക്കാൻ മാത്രമേ അവർ അകത്തേക്കു വരൂ. ഇറച്ചി, പലതരം മീനുകൾ, വിദേശയിനം പാൽപ്പൊടി, ചീസ് എന്നിവയൊക്കെയാണ് ഭക്ഷണം. മാസത്തിൽ വലിയ ചെലവാണ്.
ജിമ്മിക്ക് ബീഗിൾ എന്ന വിദേശയിനം നായയുടെ ചെറിയൊരു ഛായയുണ്ട്. ചെവിക്കു നീളം അൽപം കുറവുണ്ട്. ഒരിക്കൽ മൃഗാശുപത്രിയിൽ കുത്തിവയ്പ് കഴിഞ്ഞു വരുമ്പോൾ രാമചന്ദ്രന്റെ ഓട്ടോ ഒരു ട്രാഫിക് പോയിന്റിൽ നിർത്തി. തൊട്ടപ്പുറത്തെ കാറിൽ നിന്ന് ഒരു ആൺകുട്ടി ജിമ്മിയെ നോക്കി ബീഗിൾ, ബീഗിൾ എന്നു ആർത്തു വിളിച്ചു. സൽസ്വഭാവിയാണ് ജിമ്മിയും.
ഒരിക്കൽ ഞാനും രാമചന്ദ്രനും തിരുവനന്തപുരത്തു പോയി. അവിടെയെത്തിയപ്പോൾ അയൽക്കാരന്റെ ഫോൺ. കാറു കയറി ഒരു നായയുടെ കാലിനു പരുക്കേറ്റിരിക്കുന്നു. ഞാൻ പറഞ്ഞു, ദയവു ചെയ്ത് മൃഗാശുപത്രിയിൽ അറിയിക്കാൻ. അവർ അറിയിച്ചതു പ്രകാരം ഡോക്ടർ വന്നു. പത്മനാഭൻ ഡോക്ടറാണു വന്നത്. പ്രാഥമിക ചികിത്സ നൽകി. വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഞാൻ ഡോക്ടറെ പോയി കണ്ടു. കാലിനു ശസ്ത്രക്രിയ വേണം. സ്റ്റീലിന്റെ പ്ലേറ്റ് ഇടണമെന്നു പറഞ്ഞു. സർക്കാർ ആശുപത്രിയിൽ കിട്ടില്ല. പരിയാരം മെഡിക്കൽ കോളജിനു സമീപത്തുള്ള കടയുടെ പേരു പറഞ്ഞു തന്നു. ഉടൻ തന്നെ രാമചന്ദ്രൻ പോയി രണ്ട് പ്ലേറ്റ് വാങ്ങി വന്നു. നാലായിരം രൂപയാണു ചെലവ്. ശസ്ത്രക്രിയ വിജയം. മൂന്നുവർഷം അവൻ പിന്നെയും ജീവിച്ചു. കോവിഡ് കാലത്താണ് അവൻ പോയത്.
ആദ്യകാലത്തു വന്നവരൊക്കെ സൽസ്വഭാവികളായിരുന്നു. പിന്നീടു വന്നവർക്കൊന്നും നല്ല സ്വഭാവമായിരുന്നില്ല. ഒരു സന്ദർഭത്തിൽ പതിനേഴു നായ്ക്കൾ ഇവിടെയുണ്ടായിരുന്നു. അതിൽ കുറെ പേരെ പാലക്കാട്ട് ഷെൽട്ടർ എന്ന തെരുവുനായ സംരക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. അവർക്കു പൈസ വേണ്ട. പക്ഷേ, എന്റെ മനസ്സിന്റെ സന്തോഷത്തിനായി ഒരു ചെക്ക് നൽകി.
കേരള വെറ്ററിനറി ഡോക്ടേഴ്സ് അസോസിയേഷൻ മൂന്നു ദിവസത്തെ വാർഷികം കണ്ണൂരിൽ നടന്നപ്പോൾ അതിന്റെ തലപ്പത്തുള്ള കുറെ ഡോക്ടർമാർ കാണാൻ വന്നിരുന്നു. എനിക്കു മൃഗങ്ങളോടുള്ള സ്നേഹം അവർക്കറിയാം. പാലക്കാട്ടുനിന്നു വന്നവരോട് ഷെൽട്ടറിനെക്കുറിച്ചു ചോദിച്ചു. നന്നായി പരിചരിക്കുന്നവരാണെന്നു പറഞ്ഞപ്പോഴാണ് എനിക്കു സമാധാനമായത്.
ഇപ്പോൾ പൂച്ചകളില്ല. എല്ലാറ്റിനെയും പുറത്തുനിന്നെത്തുന്ന നായ്ക്കൾ കൊന്നൊടുക്കി. ഒരാൾ വീടിന്റെ ടെറസിൽ കുറെക്കാലം പേടിച്ചു കഴിഞ്ഞിരുന്നു. പത്മാവതി ഭക്ഷണത്തിനു വിളിക്കുമ്പോൾ പേടിച്ചു താഴെ വന്നു കഴിക്കും. വീണ്ടും ടെറസിലേക്കു പോകും. അവൾ പ്രായമായാണു മരിച്ചത്.
ചിടുങ്ങന്റെ ദയാവധം
എഫ്എസിടിയിൽ ഉള്ളപ്പോൾ ചിടുങ്ങൻ എന്നൊരു പൂച്ചയുണ്ടായിരുന്നു. ഞാൻ ചെടികളൊക്കെ നനയ്ക്കുമ്പോൾ ഹോസ് പിടിച്ച് അവൻ കളിക്കുമായിരുന്നു. ഒരു ദിവസം അവന് എന്തോ അസുഖം വന്നു. വിഷാംശമുള്ള എന്തോ കഴിച്ചതായിരുന്നു.അവൻ വട്ടത്തിലങ്ങനെ നിർത്താതെ കറങ്ങുന്നു.
ഉടൻ ജില്ലാ മൃഗാശുപത്രിയിൽ കൊണ്ടുപോയി. ഡോക്ടർമാർ കൈമലർത്തി. രക്ഷപ്പെടുത്താൻ സാധ്യതയില്ലെന്നു പറഞ്ഞു. ഡോക്ടർമാർ പറഞ്ഞു– ‘‘ദയാവധം മാത്രമേ പറ്റൂ. എന്താ ചെയ്യേണ്ടത്?’’
ഞാൻ അനുമതി നൽകി. അവന്റെ മൃതദേഹവുമായി ഞാൻ വീട്ടിലെത്തി. റോസാച്ചെടിയൊക്കെ അവന് വലിയ ഇഷ്ടമായിരുന്നു. പറമ്പിൽ കുഴി കുത്തി അതിൽ റോസാദളങ്ങൾ ഇട്ടു. ടർക്കിഷ് ടവലിൽ അവനെ കിടത്തി അതിൽ വച്ചു. മീതെ റോസാപ്പൂക്കളിട്ടു മണ്ണിട്ടുമൂടി. അന്നു ഞാൻ ഉറങ്ങിയില്ല. ഇതൊന്നും ഒരാളും അറിയാനും കാണാനുമല്ല. ഞാനും അവരും ഒന്നാണ് എന്ന ബോധ്യമുണ്ട്. ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം ഇതൊക്കെ ഉണ്ടാകും...