കടൽ കടന്ന ഭിത്തി; ലോകത്തിനു മുന്നിൽ കേരളത്തിന്റെ പ്രതീകമാകാൻ ഒരു ഭിത്തിയുടെ യാത്ര
ഒരിടത്തൊരിടത്ത് ഒരു ഭിത്തി ഉണ്ടായിരുന്നു. ആ ഭിത്തി ഒരിക്കലൊരു യാത്ര പോയി. മലകൾ കടന്നു, പുഴകൾ കടന്നു, കടൽ കടന്നു ഒരു യാത്ര...ഇത് ആ യാത്രയുടെ കഥയാണ്. ഒരു ഭിത്തിയും ഒരിക്കലും പോയിട്ടില്ലാത്ത ഒരു യാത്രയുടെ കഥ.
ഒരിടത്തൊരിടത്ത് ഒരു ഭിത്തി ഉണ്ടായിരുന്നു. ആ ഭിത്തി ഒരിക്കലൊരു യാത്ര പോയി. മലകൾ കടന്നു, പുഴകൾ കടന്നു, കടൽ കടന്നു ഒരു യാത്ര...ഇത് ആ യാത്രയുടെ കഥയാണ്. ഒരു ഭിത്തിയും ഒരിക്കലും പോയിട്ടില്ലാത്ത ഒരു യാത്രയുടെ കഥ.
ഒരിടത്തൊരിടത്ത് ഒരു ഭിത്തി ഉണ്ടായിരുന്നു. ആ ഭിത്തി ഒരിക്കലൊരു യാത്ര പോയി. മലകൾ കടന്നു, പുഴകൾ കടന്നു, കടൽ കടന്നു ഒരു യാത്ര...ഇത് ആ യാത്രയുടെ കഥയാണ്. ഒരു ഭിത്തിയും ഒരിക്കലും പോയിട്ടില്ലാത്ത ഒരു യാത്രയുടെ കഥ.
ഒരിടത്തൊരിടത്ത് ഒരു ഭിത്തി ഉണ്ടായിരുന്നു. ആ ഭിത്തി ഒരിക്കലൊരു യാത്ര പോയി. മലകൾ കടന്നു, പുഴകൾ കടന്നു, കടൽ കടന്നു ഒരു യാത്ര...ഇത് ആ യാത്രയുടെ കഥയാണ്. ഒരു ഭിത്തിയും ഒരിക്കലും പോയിട്ടില്ലാത്ത ഒരു യാത്രയുടെ കഥ.
-
Also Read
തിരകൾക്കിപ്പുറം
മലപ്പുറം ജില്ലയിലെ ആനങ്ങാടി കടലുണ്ടി ഗവ. ഫിഷറീസ് എൽപി സ്കൂളിലെ പൊളിക്കാനിട്ട കെട്ടിടത്തിലെ ഭിത്തിയാണ് കപ്പൽ കയറി അബുദാബിയിലേക്കു പോയത്. അബുദാബി വോൾ ഹൗസിൽ ലോകത്തിനു മുന്നിൽ കേരളത്തിന്റെ പ്രതീകമായി ആ ഭിത്തി ഇനി ഉണ്ടാകും. നിറം മങ്ങിയ ഒരു ഓണച്ചിത്രമാണ് 26 വർഷം മാത്രം പഴക്കമുള്ള ഭിത്തിക്കു കടൽ കടക്കാനുള്ള അവസരം നൽകിയത്.
ന്യൂയോർക്ക് സർവകലാശാലയുടെ അബുദാബി ക്യാംപസിലെ ആർട്സ് ആൻഡ് ആർട്സ് ഹിസ്റ്ററി വിസിറ്റിങ് അസിസ്റ്റന്റ് പ്രഫസറും ബെയ്റൂട്ടിൽ ജനിച്ച മുംബൈയിൽ വേരുകളുള്ള വിക്രം ദ്വിവേചയാണ് അദ്ദേഹത്തിന്റെ സ്വപ്നമായ ഭിത്തികളുടെ മ്യൂസിയത്തിലേക്കു ആനങ്ങാടിയിലെ ഭിത്തിയെ കൊണ്ടുപോയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ശേഖരിക്കുന്ന ഭിത്തികളുടെ കൂട്ടത്തിലെ മൂന്നാമത്തേതാണിത്. അബുദാബി, റിയാദ് എന്നിവിടങ്ങളിലേതിനു ശേഷം ഗൾഫിനു പുറത്തുനിന്ന് ശേഖരിക്കുന്ന ആദ്യത്തേതും. ഭിത്തി കൊണ്ടു പോകാനെടുത്ത ഏറെ നാളത്തെ ആസൂത്രണവും യാത്രയിലെ പ്രതിസന്ധികൾ പരിഹരിച്ചതുമൊക്കെ കൗതുകം നിറഞ്ഞ പ്രയത്നത്തിന്റെ കഥ കൂടിയാണ്.
ഭിത്തിയിലെ മാവേലി
1921ൽ സ്ഥാപിച്ച സ്കൂളിൽ 1998ൽ ലോക്സഭാംഗം ജി.എം.ബനാത്ത്‌വാലയുടെ എംപി ഫണ്ട് ഉപയോഗിച്ചു നിർമിച്ച കെട്ടിടത്തിലായിരുന്നു കടൽ കടന്ന ഭിത്തിയുണ്ടായിരുന്നത്. ക്ലാസിനകത്തു കുട്ടികളുടെ ഇഷ്ടം പിടിക്കാൻ ഭിത്തിയുടെ മുകളിലായി ഒരു ചിത്രം വരച്ചിരുന്നു. വീട്ടുമുറ്റത്ത് പൂക്കളമൊരുക്കുകയും ഊഞ്ഞാലാടുകയും ചെയ്യുന്ന കുട്ടികൾക്കരികിലേക്കു മാവേലിയെത്തുന്നതാണ് ചിത്രം. ജീർണിച്ചു തുടങ്ങിയ കെട്ടിടം അൺഫിറ്റായതു കാരണം പൊളിച്ചുമാറ്റാൻ ഈ അധ്യയന വർഷത്തിന്റെ മുൻപാണ് പിടിഎ തീരുമാനമെടുത്തത്.
കോഴിക്കോട് നടക്കാവ് ഗവ.വിഎച്ച്എസ്എസ് നവീകരിച്ചതിലൂടെ ശ്രദ്ധേയരായ ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷൻ 2 വർഷമായി കടലുണ്ടി സ്കൂളിലെ വിദ്യാഭ്യാസ പുരോഗതി പ്രവർത്തനങ്ങളിലേർപ്പെടുന്നുണ്ട്. പൊളിക്കുന്ന കെട്ടിടങ്ങൾ സംരക്ഷിക്കുന്നതിൽ താൽപര്യമുള്ളയാളെന്ന നിലയിൽ വിക്രമിനോട് ഈ കെട്ടിടത്തിന്റെ കാര്യം ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷൻ ആർട്ട് വിഭാഗം ക്യുറേറ്റർ ചിത്ര സുധാകരനാണ് അറിയിച്ചത്.
ഓണച്ചിത്രമടങ്ങുന്ന ഭിത്തിയുടെ ചിത്രം കണ്ട് ഇഷ്ടപ്പെട്ട വിക്രം ഓഗസ്റ്റ് 20ന് കടലുണ്ടി സ്കൂളിലെത്തി. തുടർന്നാണ് ഭിത്തി അബുദാബിയിലെത്തിക്കാനുള്ള ശ്രമങ്ങളിലേക്കു കടന്നത്. കെട്ടിടം പൊളിച്ചു മാറ്റാൻ സ്കൂളിൽനിന്ന് കരാറെടുത്തയാളുമായി ഇക്കാര്യം ചർച്ച ചെയ്തപ്പോൾ അനുകൂല മറുപടി. ഫൗണ്ടേഷൻ പ്രോജക്ട് മേധാവി നിമ്മി തെരേസയുടെ നേതൃത്വത്തിലായിരുന്നു തുടർ നടപടികൾ.
സൂക്ഷ്മം, ശ്രമകരം
ചിത്രം സംരക്ഷിക്കാൻ ആദ്യം തന്നെ ഭിത്തി പ്ലാസ്റ്റിക് കവർ കൊണ്ട് പൂർണമായും മൂടിയിട്ടു. പിന്നീടു ഭിത്തിക്കു മുൻവശം കുഴിച്ച് അടിവശം തുരന്നു ജാക്കി ഉപയോഗിച്ചു താങ്ങി നിർത്തി. ശേഷം ഉരുക്കു ഫ്രെയിമിലാക്കി. സൂക്ഷ്മമായി ഭിത്തി വേർപ്പെടുത്തുന്ന ജോലികളായിരുന്നു പിന്നീട്. സ്കൂൾ പ്രവൃത്തി ദിവസങ്ങളിൽ രാത്രിയിലായിരുന്നു ജോലികൾ. ഭിത്തി സുരക്ഷിതമായി ഫ്രെയിമിലാക്കാൻ രണ്ടാഴ്ചയെടുത്തതായി ഫൗണ്ടേഷൻ പ്രോജക്ട് കോഓർഡിനേറ്റർ എൻ.വി.അനഘ പറഞ്ഞു.
ശ്രമകരം യാത്ര
ഭിത്തി അബുദാബിയിലെത്തിക്കാനുള്ള മാർഗങ്ങൾക്കായും തുടക്കം മുതലേ വിക്രമിന്റെ നേതൃത്വത്തിൽ ആലോചന തുടങ്ങിയിരുന്നു. കയറ്റുമതി വ്യാപാരിയും കേരള എക്സ്പോർട്ടേഴ്സ് ഫോറം സെക്രട്ടറിയുമായ സി.ടി.മുൻഷിദ് അലിയാണ് ഈ ചുമതല ഏറ്റെടുത്തത്. പക്ഷേ വിചാരിച്ച അത്ര ഏളുപ്പമായിരുന്നില്ല ഭിത്തിയുടെ യാത്ര. മുംബൈ അടക്കമുള്ള തുറമുഖങ്ങളിലൂടെ അബുദാബിയിലെത്തിക്കാൻ അന്വേഷിച്ചെങ്കിലും കൊച്ചി വഴിയാണ് സൗകര്യമെന്നു മനസ്സിലാക്കി. ഭിത്തിയും ഫ്രെയിമും ഉൾപ്പെടെ 16 അടി ഉയരമുള്ളതിനാൽ കപ്പലിൽ കൊണ്ടുപോകാൻ ഓപ്പൺ ടോപ്പ് കണ്ടെയ്നർ ഉപയോഗിക്കാൻ തീരുമാനിച്ചു.
ഭിത്തി സുരക്ഷിതമായി കൊച്ചിയിലെത്തിക്കാൻ കോഴിക്കോട്ടെ കുറ്റൂക്കാരൻ ലോറി ഗ്രൂപ്പുമായാണ് ബന്ധപ്പെട്ടത്. ആദ്യം 60,000 രൂപയ്ക്ക് എത്തിച്ചു നൽകാമെന്ന് അവർ അറിയിച്ചെങ്കിലും ആനങ്ങാടിയിലെത്തിയ ഡ്രൈവർ സ്കൂളിന് അരക്കിലോമീറ്റർ അകലെയുള്ള റെയിൽവേ ലവൽ ക്രോസിലെ ഗർഡറിനകത്തു കൂടി ഇത്രയും ഉയരമുള്ള ഫ്രെയിം കൊണ്ടു പോകാനാവില്ലെന്ന് മനസ്സിലാക്കി. വീണ്ടും ലോറി ഗ്രൂപ്പുമായി മുൻഷിദ് ബന്ധപ്പെട്ടപ്പോൾ അവർ സർവേ നടത്തി പുതിയ മാർഗം കണ്ടുപിടിച്ചു. തുക 1.10 ലക്ഷമായി ഉയർന്നു. എന്നാൽ സൂക്ഷിച്ചു കൊണ്ടുപോകേണ്ട വസ്തുവായതിനാൽ എന്തെങ്കിലും അപകടമുണ്ടാകുമോയെന്ന ആശങ്ക ഉയർന്നതോടെ അവർ വീണ്ടും കൈവിട്ടു.
ഗോവയിൽ നിന്ന് ബാർജ് വഴി കടൽമാർഗം കൊച്ചിയിലെത്തിച്ചാലോ എന്ന അന്വേഷണവും ക്രെയിൻ ഉപയോഗിച്ചു റോഡ് മാർഗം കൊണ്ടുപോകാനുള്ള ശ്രമവുമൊക്കെ സാമ്പത്തിക നഷ്ടമേറെയാണെന്ന കാരണത്താൽ ഉപേക്ഷിച്ചു. ഇതിനിടെ ആദ്യം കൊണ്ടു പോകാനിരുന്ന കപ്പൽ പോവുകയും ചെയ്തു.
വീണ്ടും ലോറി ഗ്രൂപ്പുമായി ബന്ധപ്പെട്ടു. തുടർന്നു തെലങ്കാനയിൽനിന്ന് ലോ ബെഡഡ് ട്രെയിലർ (ലോ ഫ്ലോർ മാതൃകയിൽ ടയറിനേക്കാൾ താഴ്ന്ന പ്ലാറ്റ് ഫോം ഉള്ള ട്രെയിലർ) എത്തിച്ച് അതിൽ കൊണ്ടുപോകാൻ തീരുമാനിച്ചതോടെ ഗർഡർ തടസ്സം ഒഴിവായി.
പാലം കടക്കാൻ
ഫ്രെയിം ചെയ്തു പൊതിഞ്ഞുകെട്ടിയ ഭിത്തി മൂന്നാഴ്ച മുൻപാണ് ആഘോഷമായി സ്കൂളിൽനിന്ന് ക്രെയിൻ ഉപയോഗിച്ചു ട്രെയിലറിലേക്കു മാറ്റിയത്. ട്രെയിലറിനു മുന്നിൽ ജീപ്പിൽ ഒരു സംഘം വഴിയിലെ തടസ്സങ്ങൾ മാറ്റാനായി ഉണ്ടായിരുന്നു. പലയിടങ്ങളിലും വൈദ്യുതക്കമ്പികൾ അഴിച്ചു മാറ്റേണ്ട സ്ഥിതി ഉണ്ടായിരുന്നു. യാത്രയുടെ ആദ്യ ദിവസം 12 മണിക്കൂർ കൊണ്ട് വെറും 10 കിലോമീറ്റർ മാത്രമേ പോകാനായുള്ളൂ. തീരദേശ പാതയിലൂടെ താനൂർ, തിരൂർ വഴി കുറ്റിപ്പുറത്തെത്തിയപ്പോഴായിരുന്നു അടുത്ത തടസ്സം. കുറ്റിപ്പുറം പാലത്തിന്റെ ആർച്ച് കടന്നു പോകാനാകില്ല. ഇതോടെ വണ്ടി തിരിച്ചു നേരെ കോഴിക്കോട്ടെത്തിക്കാൻ മുൻഷിദ് നിർദേശിച്ചു.
പിന്നീട് കോഴിക്കോട്ടുനിന്ന് പാലക്കാട്ടേക്കു ദേശീയ പാതയിലെത്തി അവിടെനിന്ന് സേലം–ഇടപ്പള്ളി ദേശീയ പാത വഴി ഭിത്തി കൊച്ചിയിലെത്തിച്ചു. ആനങ്ങാടിയിൽനിന്ന് കൊച്ചിയിലേക്കു 170 കിലോമീറ്റർ ദൂരമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ഭിത്തി എത്തിക്കാൻ 8 ദിവസമാണ് എടുത്തത്. ചെലവ് 1.40 ലക്ഷം രൂപയും. വലിയ യന്ത്രങ്ങളൊക്കെ കൊണ്ടുപോകുന്ന അതേ വെല്ലുവിളിയാണ് ഈ ഭിത്തി കൊച്ചിയിലെത്തിക്കാനുമെടുത്തത്.
കപ്പലിൽ ഗൾഫിലേക്ക്
എസ്എസ്എൽ കാവേരി എന്ന കപ്പലിൽ ഓപ്പൺ ടോപ് (മുകൾ ഭാഗം തുറന്നത്) കണ്ടെയ്നറിൽ ആണ് കൊച്ചിയിൽനിന്ന് ദുബായിലേക്കുള്ള ഭിത്തിയുടെ യാത്ര. അവിടെനിന്ന് അബുദാബിയിലെത്തിക്കും. ആദ്യം ഗോഡൗണിൽ സൂക്ഷിക്കുകയും പിന്നീട് വോൾ ഹൗസിലേക്കു മാറ്റുകയും ചെയ്യും. വിക്രം ദ്വിവേചയുടെ നേതൃത്വത്തിൽ 2022ൽ ആരംഭിച്ച വോൾ ഹൗസിലെ പ്രധാന താരമാകാൻ പോകുകയാണ് ഈ സ്കൂൾ ഭിത്തിയിപ്പോൾ. ‘വർത്തമാനത്തെ ആർക്കൈവ് ചെയ്യുക’ എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെയൊരു പദ്ധതി ആരംഭിച്ചതെന്നും ഭാവിയിൽ ഇതു നമ്മുടെ സാംസ്കാരിക ചരിത്രത്തിന്റെ അംബാസഡറാകുമെന്നും വിക്രം പറയുന്നു.
ഭിത്തിയുടെ യാത്രയിൽ ആനങ്ങാടിക്കാരും വലിയ സന്തോഷത്തിലാണ്. സ്കൂളിന്റെ ഭിത്തി ഗൾഫിലേക്കു കൊണ്ടു പോകുന്നുവെന്നു കേട്ടപ്പോൾ കളിയാക്കി ചിരിച്ചവർ വരെ സംഗതി നടക്കുമെന്നായപ്പോൾ അദ്ഭുതത്തോടെ ഒപ്പം കൂടിയെന്നു പിടിഎ പ്രസിഡന്റ് സത്താർ ആനങ്ങാടി പറഞ്ഞു. ഗൾഫിലുള്ള നാട്ടുകാർ ഇത് എവിടെയാണ് സൂക്ഷിക്കുകയെന്നു അന്വേഷിച്ചു തുടങ്ങിയിട്ടുണ്ടെന്നും ഭാവിയിൽ ഇവിടത്തുകാർ, പഠിച്ച സ്കൂളിന്റെ ഭിത്തി കാണാൻ ചിലപ്പോൾ അബുദാബിയിലേക്കു വിനോദയാത്ര പോകുന്ന കാഴ്ച പോലും ഉണ്ടായേക്കാമെന്നും സത്താർ പറയുന്നു.