ആയുധം ഉപേക്ഷിച്ച് ബാസ്ക് പ്രക്ഷോഭം

ബയോൻ∙ സ്വതന്ത്ര ബാസ്ക് രാജ്യത്തിനായി അരനൂറ്റാണ്ടു നീണ്ട പ്രക്ഷോഭം അവസാനിച്ചു. ഫ്രാൻസ്–സ്പെയിൻ അതിർത്തിയിലുള്ള സ്വയംഭരണ പ്രദേശമായ ബാസ്കിനു സ്വതന്ത്രരാജ്യ പദവി നൽകണമെന്നാവശ്യപ്പെട്ടു സായുധ പ്രക്ഷോഭം നടത്തിവന്ന ഇടിഎ ആയുധംവച്ചു കീഴടങ്ങി. അക്രമങ്ങൾ അവസാനിപ്പിച്ചെന്നല്ലാതെ സംഘടന പിരിച്ചുവിട്ടിട്ടില്ല. ഇടിഎയുടെ എട്ട് ആയുധപ്പുരകൾ സംബന്ധിച്ച വിവരങ്ങൾ ഫ്രഞ്ച് അധികൃതർക്കു കൈമാറി. ഈ ആയുധങ്ങൾ നിർവീര്യമാക്കുമെന്നു ഫ്രഞ്ച് ആഭ്യന്തര മന്ത്രി മാത്തിയാസ് ഫെക്കൽ വ്യക്തമാക്കി.

എന്നാൽ, ഇടിഎ ആയുധങ്ങൾ മുഴുവൻ കൈമാറുമെന്നു വിശ്വസിക്കുന്നില്ലെന്നാണു സ്പെയിൻ നിലപാട്. പ്രക്ഷോഭകർ നടത്തിയ ബോംബ് സ്ഫോടനങ്ങളിലും വെടിവയ്പിലുമായി ഇതുവരെ കൊല്ലപ്പെട്ടത് 850 പേർ. ആയുധക്കൈമാറ്റത്തിനു ഫ്രഞ്ച്–സ്പെയിൻ സർക്കാരുകളുമായി ആശയവിനിമയം നടത്തുന്ന ഇന്റർനാഷനൽ വെരിഫിക്കേഷൻ കമ്മിഷനിൽ മലയാളിയായ ലഫ്. ജനറൽ സതീഷ് നമ്പ്യാരും അംഗമാണ്.

പ്രക്ഷോഭത്തിനു പിന്നിൽ

സ്പെയിനിലെ പട്ടാള ഏകാധിപതിയായിരുന്ന ജനറൽ ഫ്രാങ്കോയുടെ രാഷ്ട്രീയ, സാംസ്കാരിക അടിച്ചമർത്തലിൽ സഹികെട്ട് 1959ൽ പിറന്ന സംഘടനയാണ് ഇടിഎ. ഫ്രാങ്കോയുടെ അനന്തരാവകാശി ലൂയി കരേറോ ബ്ലാങ്കോ വധിക്കപ്പെട്ടതോടെ, അധികാരഭ്രഷ്ടനാക്കപ്പെട്ട രാജാവ് തിരിച്ചെത്തി ഭരണം വീണ്ടെടുത്തു. അങ്ങനെ സ്പെയിനിൽ ഭരണഘടനാപരമായ രാജവാഴ്ചയായി. 

ബാസ്ക് ഭാഷ, സംസ്കാരം

ബാസ്ക് മേഖലയായ വടക്കൻ സ്പെയിനിലും തെക്കുപടിഞ്ഞാറൻ ഫ്രാൻസിലുമായി ഏകദേശം 660,000 പേർ സംസാരിക്കുന്ന ഭാഷ. 1964ൽ റോയൽ ബാസ്ക് ലാങ്ങ്വേജ് അക്കാദമി പുതിയ ലിപിസമ്പ്രദായം കൊണ്ടുവന്നു. പ്രമുഖ വിനോദസഞ്ചാര മേഖലകളുൾപ്പെടുന്ന ബാസ്ക് മേഖല സാംസ്കാരികത്തനിമയിലും വേറിട്ടു നിൽക്കുന്നു.

ഇടിഎ

സായുധപ്രക്ഷോഭത്തിനു നേതൃത്വം നൽകിവന്ന സായുധസംഘടന. ബാസ്ക് ഭാഷയിൽ Euskadi Ta Askatasuna എന്നതിന്റെ ചുരുക്കപ്പേരാണ് ഇടിഎ. ‘ബാസ്ക് രാജ്യം, സ്വാതന്ത്ര്യം’ എന്ന് അർഥം.