വാഷിങ്ടൻ∙ സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴം തന്നെയാണ് ഏറ്റവും പ്രായമേറിയ ഗ്രഹവുമെന്നു കണ്ടെത്തൽ. സൂര്യൻ ഉടലെടുത്തു 40 ലക്ഷം വർഷം കഴിഞ്ഞാണു വ്യാഴം പിറന്നതെന്നു ശാസ്ത്രജ്ഞർ പറയുന്നു. സൗരയൂഥത്തിന്റെ ഉൽപത്തിയും വികാസവും സംബന്ധിച്ച അന്വേഷണത്തിൽ നിർണായകമാണു വ്യാഴത്തിന്റെ പ്രായം കണ്ടെത്തൽ. ആദ്യകാല ഗ്രഹമാണു വ്യാഴമെന്നു നേരത്തേ അനുമാനിച്ചെങ്കിലും പ്രായം കണക്കാക്കിയിരുന്നില്ല. ചൊവ്വയിൽനിന്നും ചന്ദ്രനിൽനിന്നും ശേഖരിച്ചതുപോലെ വ്യാഴത്തിൽ നിന്നുള്ള സാംപിളുകൾ ശാസ്ത്രജ്ഞർക്കു ലഭിച്ചിട്ടില്ല. പകരം ഉൽക്കാശിലകളിൽ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണു പ്രായം അനുമാനിച്ചത്.