പോർച്ചുഗലിലും സ്പെയിനിലും കാട്ടുതീ; 39 മരണം

fire.
കാട്ടുതീയിൽ കത്തിനശിച്ച വാഹനങ്ങൾ.

മഡ്രിഡ്, ലിസ്ബൺ∙ പോർച്ചുഗലിലും സ്പെയിനിലും പടർന്നുപിടിക്കുന്ന കാട്ടുതീ വൻനാശം വിതയ്ക്കുന്നു. പോർച്ചുഗലിൽ 36 പേരും സ്പെയിനിൽ മൂന്നുപേരും മരിച്ചു. വനമേഖലയിൽ നിന്നു കൃഷിസ്ഥലങ്ങളിലേക്കു കൂടി തീപടർന്നതോടെ ജനങ്ങൾ വീടൊഴിഞ്ഞു. വീടുകളും വാഹനങ്ങളും വ്യാപകമായി കത്തിനശിച്ചു. കനത്ത പുകമൂലം രക്ഷാപ്രവർത്തനം തടസ്സപ്പെട്ടു. 

90 വർഷത്തിനിടയിലെ കടുത്ത വേനലാണു പോർച്ചുഗലിൽ ഇക്കുറി അനുഭവപ്പെട്ടത്. ഈ വർഷം 3.5 ലക്ഷം ഹെക്ടർ വനം ഇതുവരെ കത്തിനശിച്ചു. ഇന്നലെ മുതൽ പെയ്ത മഴ സ്ഥിതിക്കു ശമനമുണ്ടാക്കുമെന്നാണു കരുതുന്നത്. അതേസമയം, ജൂണിൽ 64 പേരുടെ മരണത്തിനിടയാക്കിയ കാട്ടുതീക്കു ശേഷവും മുൻകരുതൽ നടപടികൾ സ്വീകരിക്കാതിരുന്ന പോർച്ചുഗീസ് സർക്കാരിനെ പ്രതിപക്ഷം വിമർശിച്ചു. സ്പെയിനിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിലാണു കാട്ടുതീ പടർന്നത്.