വെയിലു കൊണ്ടാൽ തടി കുറയുമോ?

ടൊറന്റോ∙ തണുപ്പുകാലത്ത് കൂടുതൽ ആഹാരം കഴിക്കുന്നതുകൊണ്ടു തടികൂടുന്നു എന്നല്ലേ പൊതുധാരണ. തണുപ്പുകാലത്തു തടികൂടാൻ മറ്റൊരു കാരണം കൂടിയുണ്ട്. സൂര്യപ്രകാശം ലഭിക്കാത്തതുകൊണ്ട്. സൂര്യപ്രകാശം നേരിട്ടു പതിക്കുമ്പോൾ ത്വക്കിനു താഴെയുള്ള കൊഴുപ്പുകോശങ്ങൾ ചുരുങ്ങും. ഇതോടെ കൊഴുപ്പു സംഭരിക്കാനുള്ള ശേഷി കുറയും.

എന്നാൽ, ശൈത്യകാലത്തു സൂര്യരശ്മികൾ നേരിട്ടു പതിക്കാത്തതുമൂലം കോശങ്ങൾക്കു കൂടുതൽ കൊഴുപ്പു സംഭരിക്കാൻ കഴിയുന്നു. അതുകൊണ്ടു തടിയും കൂടും. ഇതൊക്കെ നമ്മുടെ നാട്ടിലെ കാര്യമല്ല. കൊടുംതണുപ്പുള്ള യൂറോപ്യൻ രാജ്യങ്ങളിലെ പ്രശ്നങ്ങളാണ്.

നാളെ മുതൽ നന്നായി വെയിൽ കൊള്ളാം, തടി കുറയുമല്ലോ എന്നു വിചാരിക്കേണ്ട. ഗവേഷണം ആദ്യഘട്ടത്തിലാണ്. പൊണ്ണത്തടിയും പ്രമേഹവും കുറയ്ക്കാനുള്ള ചികിൽസാരീതിയായി പ്രകാശ ചികിൽസ വികസിപ്പിക്കാനുള്ള ശ്രമത്തിലാണു ശാസ്ത്രജ്ഞർ.