ലണ്ടൻ∙ ജീവൻരക്ഷാ മരുന്നുകളായ ആന്റിബയോട്ടിക്കുകളുടെ അമിതവും വിവേചനരഹിതവുമായ ഉപയോഗത്തെക്കുറിച്ച് ആശങ്ക കൂട്ടുന്ന കണ്ടെത്തലുമായി ബ്രിട്ടിഷ് സർവകലാശാലയിലെ ഗവേഷകർ. ഇന്ത്യയിൽ വിപണിയിലുള്ള മരുന്നുകളിൽ 64 ശതമാനവും അംഗീകാരമില്ലാത്തവയാണെന്നും ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി കുറയ്ക്കുന്നവയാണെന്നുമാണു മുന്നറിയിപ്പ്.
ലണ്ടനിലെ ക്വീൻ മേരി, ന്യൂകാസിൽ സർവകലാശാലകളിലെ ഗവേഷകരുടെ പഠനം ബ്രിട്ടിഷ് ജേണലായ ക്ലിനിക്കൽ ഫാർമകോളജിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇന്ത്യയിലോ ബ്രിട്ടനിലോ യുഎസിലോ അംഗീകാരം ലഭിച്ചിട്ടില്ലാത്ത ആന്റിബയോട്ടിക് മരുന്നുകളാണ് ഇന്ത്യൻ വിപണികളിൽ സുലഭമായിട്ടുള്ളതെന്നു റിപ്പോർട്ടിൽ പറയുന്നു. 2007 നും 2012 നും ഇടയിൽ വിറ്റഴിഞ്ഞ 118 മരുന്നുകളിൽ 64 ശതമാനവും സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സിഡിഎസ്‌സിഒ) അംഗീകാരമില്ലാത്തവയാണ്. വെറും നാലു ശതമാനത്തിനു മാത്രമാണു യുഎസിലോ ബ്രിട്ടനിലോ അംഗീകാരമുള്ളത്.
അഞ്ഞൂറോളം കമ്പനികളുടെ ആന്റിബയോട്ടിക്കുകളാണ് അംഗീകാരമില്ലാത്തവയെന്നു കണ്ടെത്തിയത്.