മുഹമ്മദ് നബിയുടെ വംശപരമ്പരയിൽ എലിസബത്ത് രാജ്ഞിയും ? കണ്ടെത്തൽ അറബ്–ബ്രിട്ടിഷ് മാധ്യമങ്ങളിൽ

ദുബായ്∙ മുഹമ്മദ് നബിയുടെ പിന്തുടർച്ചക്കാരിലൊരാളാണു ബ്രിട്ടനിലെ എലിസബത്ത് രാജ്‍ഞി എന്നു വിശ്വസിക്കുന്ന ചരിത്രകാരൻമാരുടെ കണ്ടെത്തലുമായി ബ്രിട്ടിഷ്–അറബ് മാധ്യമങ്ങൾ. വംശപരമ്പരയുടെ പൂർണപട്ടിക നൽകി യുഎഇ ദിനപത്രം ഗൾഫ് ന്യൂസും ഇതു റിപ്പോർട്ട് ചെയ്തു.

എലിസബത്ത് രാജ്ഞിയുടെ വംശാവലിയിൽ 43 തലമുറകൾ പിന്നോട്ടു തിരഞ്ഞുപോയിട്ടാണു മുഹമ്മദ് നബിയുടെ പിന്തുടർച്ചയുടെ തെളിവുകൾ കണ്ടെത്തിയതെന്നു റിപ്പോർട്ടിൽ പറയുന്നു. ഇതുപ്രകാരം എലിസബത്ത് രാജ്ഞിയുടെ വംശാവലി പതിനാലാം നൂറ്റാണ്ടിലെ കെംബ്രിജ് പ്രഭുവിലൂടെ (ഏൾ ഓഫ് കേംബ്രിജ്) മധ്യകാല അറബ് സ്പെയിൻ രാജവംശം വഴി പ്രവാചക പുത്രിയായ ഫാത്തിമയിൽ എത്തുന്നു.

1986ൽ ആണു റിപ്പോർട്ട് ആദ്യം പ്രസിദ്ധീകരിച്ചതെങ്കിലും ഈയിടെ ഒരു മൊറോക്കോ ദിനപത്രം ഇതു വീണ്ടും പ്രസിദ്ധീകരിച്ചതോടെ ചർച്ചയായി. ബ്രിട്ടിഷ് രാജവംശാവലിയിൽ ഗവേഷണം നടത്തുന്ന ബർക്‌സ് പീയറിജ് 1986ൽ ആണു വെളിപ്പെടുത്തലുകൾ നടത്തിയത്. പ്രവാചകന്റെ നേരിട്ടുള്ള സന്തതിപരമ്പരയിലുള്ളതാണു എലിസബത്ത് രാജ്ഞിയെന്നും ഇക്കാരണത്താൽ രാജകുടുംബത്തിനു കൂടുതൽ സുരക്ഷ ഉറപ്പാക്കണമെന്നും ബർക്‌സ് പീയറിജ് അന്നത്തെ പ്രധാനമന്ത്രി മാർഗരറ്റ് താച്ചറോട് ആവശ്യപ്പെടുകയും ചെയ്തു.

സ്പെയിൻ ഭരിച്ചിരുന്ന സെവിലിലെ അറബ് രാജാക്കൻമാരിലൂടെയാണു പ്രവാചക പരമ്പരയുടെ പിന്തുടർച്ച ബ്രിട്ടിഷ് രാജകുടുംബത്തിലെത്തുന്നത്. പതിനൊന്നാം നൂറ്റാണ്ടിൽ ക്രിസ്തുമതത്തിലേക്കു പരിവർത്തനം ചെയ്തശേഷം സെവിലിൽനിന്നു നാടുവിട്ട മുസ്‌ലിം രാജകുമാരി സൈദയുടെ വംശപരമ്പരയിലുള്ളതാണു എലിസബത്ത് രാജ്ഞിയെന്നു ബർക്‌സ് പീയറിജ് വാദിക്കുന്നു.

സെവിലിലെ അൽ മുത്താമിദ് ഇബ്ൻ അബ്ബാദിന്റെ നാലാമത്തെ ഭാര്യയായിരുന്നു സൈദ. അബ്ബാദിൽ സൈദയ്ക്കുണ്ടായ മകൻ സാൻചോയുടെ പിന്തുടർച്ചയാണു കേംബ്രിജ് പ്രഭുവിനെ വിവാഹം ചെയ്തത്. ഈ അവകാശവാദങ്ങൾ ഈജിപ്തിലെ പ്രമുഖ മതപണ്ഡിതും മുൻ ഗ്രാന്റ് മുഫ്തിയുമായ അലി ഗോമാ അടക്കമുള്ള ഒരു വിഭാഗം അംഗീകരിക്കുമ്പോൾ, സൈദയുടെ വംശാവലി തർക്കവിഷയമാണെന്നാണ് എതിർവാദം.