അഫ്ഗാനിൽ ചാവേർ സ്ഫോടനം: 13 മരണം

കാബുൾ ∙ റമസാൻ പ്രമാണിച്ചു ജീവനക്കാർ നേരത്തെ ഇറങ്ങുന്ന തിരക്കിനിടയിൽ നഗരത്തിലെ പുനരധിവാസ മന്ത്രാലയത്തിന്റെ വാതിൽക്കൽ ചാവേർ സ്ഫോടനം. ജീവനക്കാർ ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടു. സ്ത്രീകളുൾപ്പെടെ 25 പേർക്കു പരുക്കേറ്റു. ഇസ്‌ലാമിക് സ്റ്റേറ്റ് സ്ഫോടനത്തിന്റെ ഉത്തരവാദിത്തമേറ്റു. സർക്കാർ ജീവനക്കാരുടെ കുട്ടികൾക്കായി നഴ്സറി സ്കൂളും ഇതിനോടു ചേർന്നു പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, കുട്ടികൾക്കു പരുക്കേറ്റതായി സൂചനയില്ല.

ഒക്ടോബറിലെ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള തയാറെടുപ്പുകളുടെ ഭാഗമായി നഗരത്തിൽ സൈനികരുടെ എണ്ണത്തിൽ കുറവുണ്ട്. റമസാൻ പ്രമാണിച്ചു സർക്കാർ, ഭീകരർക്കെതിരെ 20 വരെ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഈ അവസരം മുതലെടുത്താണു ഭീകരർ സ്ഫോടനം നടത്തിയത്. താലിബാൻ റമസാൻ പ്രമാണിച്ചു മൂന്നു ദിവസം വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരാഴ്ച മുൻപു മോട്ടോർ സൈക്കിളിലെത്തിയ ഭീകരൻ നടത്തിയ ചാവേർ ആക്രമണത്തിൽ 14 പേരാണു കൊല്ലപ്പെട്ടത്. ഏപ്രിലിൽ രണ്ടു ചാവേർ ആക്രമണങ്ങളിലായി ഒൻപതു പത്രപ്രവർത്തകരുൾപ്പെടെ 26 പേർ കൊല്ലപ്പെട്ടിരുന്നു.