മെക്സിക്കോ സിറ്റി∙ പെരുമഴയത്തു പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിൽ തകർന്നുവീണ വിമാനത്തിലെ 103 യാത്രക്കാരും അദ്ഭുതകരമായി രക്ഷപ്പെട്ടു. മിക്കവർക്കും പരുക്കേറ്റെങ്കിലും ആരുടെയും നില ഗുരുതരമല്ല. മെക്സിക്കോയിലെ ഡെറംഗോയിൽനിന്നു മെക്സിക്കോ സിറ്റിയിലേക്കു ചൊവ്വാഴ്ച പുലർച്ചെ പറന്നുയർന്ന ഏറോമെക്സിക്കോ വിമാനമാണു കൊടുങ്കാറ്റിൽപ്പെട്ടു റൺവേയ്ക്കു സമീപം തന്നെ നിലംപതിച്ചത്.
കാറ്റിൽ നിയന്ത്രണം നഷ്ടപ്പെട്ട വിമാനത്തിന്റെ ഇടതു ചിറകാണ് ആദ്യം നിലത്തിടിച്ചത്. പിന്നാലെ രണ്ട് എൻജിനുകൾ വേർപെട്ടു, വിമാനം പല കഷണങ്ങളായി പിളർന്നു. ഈ വിടവുകളിൽക്കൂടിയും അടിയന്തര വാതിൽ വഴിയും യാത്രക്കാർ ഓടിരക്ഷപ്പെടുന്നതിനിടെ വിമാനം തീഗോളമായി മാറി. പൈലറ്റ് ഉൾപ്പെടെ രണ്ടുപേർക്കു സാരമായി പൊള്ളലേറ്റു.