കാണ്ടഹാർ ∙ യുഎസ് – അഫ്ഗാൻ സുരക്ഷാ മേധാവിമാരുടെ ഉന്നതതലയോഗം പിരിഞ്ഞ ഉടൻ അംഗരക്ഷകൻ വെടിയുതിർത്തതിനെ തുടർന്ന് കാണ്ടഹാർ പ്രവിശ്യയിലെ പൊലീസ് മേധാവി അബ്ദുൽ റസീഖ്, സുരക്ഷാ മേധാവി, സർക്കാർ മാധ്യമത്തിനുവേണ്ടി പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകൻ എന്നിവരടക്കം 3 പേർ കൊല്ലപ്പെട്ടു. അക്രമിയെ ഉടൻ വധിച്ചു. അഫ്ഗാനിലെ യുഎസ് സേനാ മേധാവിയും നാറ്റോ കമാൻഡറുമായ ജനറൽ സ്കോട്ട് മില്ലറെയും പൊലീസ് മേധാവി അബ്ദുൽ റസീഖിനെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാൻ ഏറ്റു. മില്ലർക്കു പരുക്കേറ്റില്ല. എന്നാൽ പ്രവിശ്യാ ഗവർണർ, സൈനികൻ ഉൾപ്പെടെ 3 യുഎസ് പൗരന്മാർ, റസീഖിന്റെ 6 അംഗരക്ഷകർ, 2 ഇന്റലിജൻസ് ഓഫിസർമാർ എന്നിവരടക്കം 12 പേർക്കു പരുക്കേറ്റു. താലിബാൻ പിറവിയെടുത്ത കാണ്ടഹാറിൽ അവരെ കിരാതമായ രീതിയിൽ നേരിട്ടുവരുന്ന റസീഖിനു നേരെ മുൻപും പലവട്ടം വധശ്രമം ഉണ്ടായിട്ടുണ്ട്. ആക്രമണത്തെ തുടർന്ന് പ്രവിശ്യാ ഭരണകൂടത്തിലേക്കുള്ള ഇന്നു നടക്കാനിരുന്ന തിരഞ്ഞെടുപ്പ് ഒരാഴ്ച നീട്ടിവച്ചു. ഇതുവരെ 10 സ്ഥാനാർഥികളാണ് കൊല്ലപ്പെട്ടത്.