അഫ്ഗാൻ വോട്ടെടുപ്പിനിടെ ചാവേർ ആക്രമണം; 15 മരണം

കാബുൾ∙ അഫ്ഗാനിസ്ഥാനിലെ വടക്കൻ കാബൂളിൽ പാർലമെന്റ് തിരഞ്ഞെടുപ്പിനിടെയുണ്ടായ ചാവേർ ആക്രമണത്തിൽ 5 പൊലീസ് ഉദ്യോഗസ്ഥരടക്കം 15 പേർ കൊല്ലപ്പെട്ടു. 25 പേർക്കു പരുക്കേറ്റു. തിരഞ്ഞെടുപ്പു സമയം തീർന്നെങ്കിലും വരിയിലുള്ളവർക്ക് വോട്ടു ചെയ്യാൻ പോളിങ് സ്റ്റേഷനുകളിൽ അധികസമയം നൽകിയിരുന്നു.

ഈ സമയത്താണ് ചാവേർ ആക്രമണമുണ്ടായത്. ആരും ഉത്തരവാദിത്തമേറ്റെടുത്തിട്ടില്ല. വിദേശത്തുനിന്ന് അടിച്ചേൽപ്പിച്ച തിരഞ്ഞെടുപ്പായതിനാൽ ബഹിഷ്കരിക്കണമെന്ന് താലിബാൻ ആഹ്വാനം ചെയ്തിരുന്നു. തിരഞ്ഞെടുപ്പു കേന്ദ്രങ്ങൾ ആക്രമിക്കുമെന്നു മുന്നറിയിപ്പും നൽകിയിരുന്നു.