ബമെൻഡ (കാമറൂൺ) ∙ പശ്ചിമ കാമറൂണിൽ വിഘടനവാദികൾ തട്ടിക്കൊണ്ടുപോയ 79 സ്കൂൾ വിദ്യാർഥികളും ഇന്നലെ മോചിതരായി. എന്നാൽ സ്കൂൾ പ്രിൻസിപ്പലും ഒരു അധ്യാപകനും ഇപ്പോഴും തീവ്രവാദികളുടെ പിടിയിലാണ്. സ്കൂൾ ബസ് ഡ്രൈവറേയും വിട്ടയച്ചു. കാമറൂണിന്റെ ഉത്തര പശ്ചിമ മേഖലയുടെ തലസ്ഥാനമായ ബമെൻഡയിലെ പ്രസ്ബിറ്റേറിയൻ സെക്കൻഡറി സ്കൂളിൽനിന്ന് ആയുധധാരികൾ തിങ്കളാഴ്ചയാണ് ഇവരെ തട്ടിക്കൊണ്ടുപോയത്.
പോൾ ബിയ(85) ഏഴാം വട്ടവും കാമറൂൺ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തതിന്റെ പിറ്റേന്നാണ് കുട്ടികളുടെ വിമോചനത്തിനു വഴി തെളിഞ്ഞത്. പ്രസ്ബിറ്റേറിയൻ സഭാശുശ്രൂഷകൻ സാമുവൽ ഫോങ്കിയാണ് മധ്യസ്ഥനായി നിന്നത്. എന്നാൽ ഒത്തുതീർപ്പു ധാരണകളെപ്പറ്റി അദ്ദേഹം വിശദീകരിച്ചില്ല.
ഇംഗ്ലിഷ് സംസാരിക്കുന്ന ന്യൂനപക്ഷ വിഭാഗത്തിലെ ആംഗളോഫോൺ വിഘടനവാദികളാണ് കുട്ടികളെ തട്ടിക്കൊണ്ടു പോയതെന്ന് സൈന്യം ആരോപിച്ചു. എന്നാൽ വിഘടനവാദികളുടെ വക്താവ് അതു നിഷേധിച്ചു.