മെൽബൺ അക്രമം നടത്തിയത് ഐഎസ് അനുഭാവി: പൊലീസ്

മെൽബൺ ∙ കഴിഞ്ഞദിവസം നഗരമധ്യത്തിൽ വാതക സിലിണ്ടറുകളടങ്ങിയ ട്രക്കിനു തീവയ്ക്കുകയും വഴിയാത്രക്കാരനെ കുത്തിക്കൊല്ലുകയും ചെയ്ത അക്രമി ഭീകരസംഘടനയായ ഐഎസിന്റെ അനുഭാവിയാണെന്നു പൊലീസ് വ്യക്തമാക്കി. ആക്രമണം നടത്തിയ ഓസ്ട്രേലിയൻ പൗരത്വമുള്ള സൊമാലി വംശജൻ ഹസൻ ഖലീഫ് ഷിരെ അലിയെ (30) പൊലീസ് വെടിവച്ചുകൊല്ലുകയായിരുന്നു.

മെൽബൺ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തെങ്കിലും അക്രമിക്കു ഭീകരസംഘടനയുമായി നേരിട്ടു ബന്ധമുണ്ടായിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. ഐഎസ് പ്രചാരണങ്ങളിൽ ആകൃഷ്ടനായി സിറിയയിലേക്കു പോകാൻ പദ്ധതിയിട്ടതോടെ 2015 ൽ ഇയാളുടെ ഓസ്ട്രേലിയൻ പാസ്പോർട്ട് റദ്ദാക്കിയിരുന്നു.