വാഷിങ്ടൻ ∙ സോവിയറ്റ് യൂണിയന്റെ പതനം, ഇറാഖിനെതിരായ ഒന്നാം ഗൾഫ് യുദ്ധം എന്നിവ അടക്കം 20–ാം നൂറ്റാണ്ടിലെ കലുഷിതമായ ചരിത്രസന്ധികളിൽ അമേരിക്കയുടെ പ്രസിഡന്റായിരുന്ന ജോർജ് എച്ച്. ഡബ്ല്യു. ബുഷ് (94) അന്തരിച്ചു. യുഎസിന്റെ 41–ാമതു പ്രസിഡന്റായിരുന്നു. ഹൂസ്റ്റണിലെ വസതിയിൽ ഇന്ത്യൻ സമയം ഇന്നലെ രാവിലെയാണ് അന്ത്യം. കഴിഞ്ഞ ഏപ്രിലിലാണു ഭാര്യ ബാർബറ ബുഷ് (73) അന്തരിച്ചത്. രണ്ടുവട്ടം യുഎസ് പ്രസിഡന്റായ ജോർജ് ഡബ്ല്യു. ബുഷ് അടക്കം 6 മക്കൾ.
രണ്ടാം ലോകയുദ്ധ വീരനായ ജോർജ് ഹെർബർട് വാക്കർ ബുഷ്, 18–ാം വയസിൽ യുദ്ധവിമാനം പറത്തി ഏറ്റവും പ്രായം കുറഞ്ഞ നാവികസേനാ പൈലറ്റായി. യുദ്ധാനന്തരം ടെക്സസിലെ എണ്ണ വ്യവസായ രംഗത്തു ചുവടുറപ്പിച്ചു.1964 ൽ റിപ്പബ്ലിക്കൻ പാർട്ടിയിലൂടെ രാഷ്ട്രീയ പ്രവേശം. യുഎസ് യാഥാസ്ഥിതിക പക്ഷത്തെ മിതവാദിയായി അറിയപ്പെട്ട ബുഷ് സീനിയർ, കോൺഗ്രസ് അംഗം, ചൈനയിലെ യുഎസ് അംബാസഡർ, സിഐഎ മേധാവി തുടങ്ങിയ പദവികളും വഹിച്ചു.
റൊണാൾഡ് റെയ്ഗന്റെ ഭരണകാലത്ത് 2 വട്ടം വൈസ് പ്രസിഡന്റായിരുന്നു. വൈസ് പ്രസിഡന്റ് പദവിയിലിരുന്നശേഷം യുഎസ് പ്രസിഡന്റായ ആദ്യ നേതാവുമാണ്. 1989 ജനുവരി 20ന് യുഎസ് പ്രസിഡന്റായി സ്ഥാനമേറ്റു. 1993 ജനുവരി 20 വരെ തുടർന്നു. സോവിയറ്റ് യൂണിയന്റെ പതനവും ശീതയുദ്ധത്തിന്റെ അന്ത്യവും ബർലിൻ മതിലിന്റെ തകർച്ചയും ഇക്കാലത്തായിരുന്നു.
1990 ഓഗസ്റ്റിൽ കുവൈത്തിനെ ഇറാഖ് പട്ടാളം ആക്രമിച്ചുകീഴടക്കിയപ്പോൾ, ഒന്നാം ഗൾഫ് യുദ്ധത്തിൽ സദ്ദാം ഹുസൈനെതിരെ 32 രാജ്യങ്ങളുടെ സഖ്യകക്ഷി സേനയ്ക്കു രൂപം നൽകി. 1992 ൽ രണ്ടാമതും പ്രസിഡന്റ് സ്ഥാനത്തേക്കു മൽസരിച്ചെങ്കിലും ബിൽ ക്ലിന്റനോടു പരാജയപ്പെട്ടു. അമേരിക്കയിലെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിലെ പരാജയമാണു തിരിച്ചടിയായത്.