വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ തേടി വീണ്ടും ആ സ്നേഹസന്ദേശം എത്തി. ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ ‘അതിഗംഭീര’ കത്ത് തനിക്കു ലഭിച്ചെന്ന് ട്രംപ് തന്നെയാണ് വെളിപ്പെടുത്തിയത്. സമീപ ഭാവിയിൽ തങ്ങൾ കൂടിക്കാഴ്ച നടത്തുമെന്നും ട്രംപ് പറഞ്ഞു. ഉത്തര കൊറിയയ്ക്കു മേൽ യുഎസ് ഏർപ്പെടുത്തിയിട്ടുള്ള ഉപരോധം തുടർന്നാൽ ആണവ നിരായുധീകരണ ചർച്ചകളിലെ സമീപനം തിരുത്തുമെന്ന് കിം മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന.
കഴിഞ്ഞ ജൂൺ 12ന് സിംഗപ്പൂരിൽ വച്ച് ട്രംപും കിമ്മും തമ്മിൽ നടത്തിയ കൂടിക്കാഴ്ച ചരിത്ര സംഭവമായിരുന്നു. ഉത്തര കൊറിയയുടെ ആണവ നിരായുധീകരണമെന്ന ലക്ഷ്യം മുൻ നിർത്തിയാണ് ചർച്ചകൾ നടക്കുന്നത്. ഇക്കാര്യത്തിൽ കൃത്യമായ സമയപരിധി വച്ചുള്ള കരാറുകളൊന്നും ഉണ്ടാക്കാനായില്ലെങ്കിലും അന്നത്തെ കൂടിക്കാഴ്ചയെ തുടർന്ന് ഇരു നേതാക്കളും തമ്മിൽ ഹൃദ്യമായ വ്യക്തിബന്ധം നിലനിർത്തുന്നുണ്ട്.