ടോക്കിയോ ∙ 278 കിലോ തൂക്കമുള്ള ട്യൂണ മൽസ്യത്തിന് ലേലത്തിൽ ലഭിച്ചത് 31 ലക്ഷം ഡോളർ (21 കോടിയിലേറെ രൂപ). പുത്തൻ മീൻചന്തയിൽ നടന്ന പുതുവർഷ ലേലത്തിലാണു കിയോഷ് കിമുറ റസ്റ്ററന്റ് ശൃംഖല ഉടമ ഒരു കിലോയ്ക്ക് ഏതാണ്ട് 7.93 ലക്ഷം രൂപ വില നൽകി മൽസ്യം വാങ്ങിയത്. ‘നല്ല ഒന്നാന്തരം, രുചിയുള്ള ‘സൂപ്പർ ഫ്രഷ്’ ട്യൂണയാണു ഞാൻ വാങ്ങിയത്’– കിമുറ അഭിമാനത്തോടെ പറഞ്ഞു. ‘ട്യൂണ രാജാവ്’ എന്നാണു കിമുറ സ്വയം വിശേഷിപ്പിക്കുന്നത്.
ജപ്പാൻകാർക്കു പ്രിയപ്പെട്ട സുഷി വിഭവങ്ങളിലെ വിലപ്പെട്ട ചേരുവയാണു ട്യൂണ. ടോക്കിയോയിലെ പ്രസിദ്ധമായ സുകുജി മീൻചന്ത കഴിഞ്ഞ ഒക്ടോബറിലാണു ടൊയോസുവിലേക്കു മാറ്റിയത്. ട്യൂണ ലേലത്തിനു പേരുകേട്ട, ലോകത്തെ ഏറ്റവും വലിയ മീൻചന്തയെന്നു വിശേഷിപ്പിക്കപ്പെടുന്നതാണു വിനോദസഞ്ചാരികൾ ഏറെയെത്തുന്ന സുകുജി. ടോക്കിയോ ഗവർണർ യുറികോ കോയികെയും പുതിയ ചന്തയിലെ വാർഷിക ലേലം കാണാനെത്തിയിരുന്നു.