കയ്റോ ∙ ഈജിപ്തിൽ കോപ്റ്റിക് ഓർത്തഡോക്സ് പള്ളിക്കു സമീപം കാണപ്പെട്ട ബോംബ് നിർവീര്യമാക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ടു. 2 പൊലീസ് ഓഫിസർമാർ, നാട്ടുകാരനായ ഒരാൾ എന്നിവർക്കു പരുക്കേറ്റു. ഇന്ന് കോപ്റ്റിക് ഓർത്തഡോക്സ് ചർച്ച് ക്രിസ്മസ് ആഘോഷിക്കാനിരിക്കെയാണു സ്ഫോടനം.
കയ്റോ നഗരത്തിനു പുറത്തു നാസർസിറ്റിയിൽ പള്ളിക്കു സമീപം ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബ്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഈജിപ്തിലെ ജനസംഖ്യയുടെ 10% വരുന്ന കോപ്റ്റിക് ക്രൈസ്തവരെ ലക്ഷ്യമിട്ടു 2016 നുശേഷം നടന്ന ഭീകരാക്രമണങ്ങളിൽ നൂറിലേറെപ്പേരാണു കൊല്ലപ്പെട്ടത്.