കാബൂൾ ∙അഫ്ഗാനിസ്ഥാനിൽ അനധികൃത സ്വർണ ഖനി ഇടിഞ്ഞുവീണ് 30 പേർ കൊല്ലപ്പെട്ടു. 7 പേർക്കു പരുക്കേറ്റു. വടക്കുകിഴക്കൻ പ്രവിശ്യയായ ബദക്ഷാനിൽ കൊഹിസ്ഥാൻ ജില്ലയിലാണ് അപകടം. തജിക്കിസ്ഥാൻ അതിർത്തിലാണ് ഇടയ്ക്കിടെ ഭൂചലനം ഉണ്ടാകാറുള്ള ഈ പർവതപ്രദേശം. നാട്ടുകാരാണു സ്വർണം തേടി നദീതീരത്ത് 200 അടിയോളം ആഴത്തിൽ കുഴിച്ചത്.
താലിബാൻ ഭീകരരുടെ ഒരു പ്രധാന വരുമാന സ്രോതസ്സാണ് മേഖലയിലെ അനധികൃത സ്വർണഖനനം. ആഭ്യന്തര യുദ്ധം മൂലം രാജ്യത്തെ സമൃദ്ധമായ ധാതുനിക്ഷേപം ഏറെയും പ്രയോജനപ്പെടുത്താനായിട്ടില്ല. രാജ്യാന്തര ഖനന കമ്പനികളും അഫ്ഗാനിൽ പ്രവർത്തിക്കുന്നില്ല.