ഹാരൾഡ് ബ്രൗൺ ഓർമയായി

Harold-Brown
SHARE

വാഷിങ്ടൻ ∙ ആണവശാസ്ത്രജ്ഞനും ആണവായുധ നിയന്ത്രണത്തിനായി നിലകൊണ്ട പ്രതിരോധ സെക്രട്ടറിയുമായിരുന്ന ഹാരൾഡ് ബ്രൗൺ (91) ഓർമയായി. കലിഫോർണിയയിലെ റാഞ്ചോ സാന്റഫെയിലെ വസതിയിലായിരുന്നു അന്ത്യം.

18ാം വയസ്സിൽ ഭൗതികശാസ്ത്രത്തിൽ ബിരുദവും 22–ാം വയസ്സിൽ ഡോക്ടറേറ്റും നേടിയ ബ്രൗൺ പ്രതിരോധ സെക്രട്ടറിയാകുന്ന ആദ്യ ശാസ്ത്രജ്ഞനായിരുന്നു. 1969–77 ൽ കലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ പ്രസിഡന്റായിരുന്നു. യുഎസ് എയർ ഫോഴ്സ് സെക്രട്ടറി, പ്രതിരോധ ഗവേഷണ ഡയറക്ടർ എന്നീ നിലകളിലും പ്രർത്തിച്ചു. സ്റ്റെൽത്ത് മിസൈൽ ഉൾപ്പെടെ നവീന ആയുധങ്ങൾ വികസിപ്പിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു.

ആണവായുധങ്ങളുടെ വിനാശശേഷിയെക്കുറിച്ചു വ്യക്തമായ ധാരണയുണ്ടായിരുന്ന ബ്രൗൺ അവയുടെ നിയന്ത്രണത്തിനായി പരിശ്രമിച്ചു. ജിമ്മി കാർട്ടർ പ്രസിഡന്റായിരുന്നപ്പോൾ 1977 – 81 ൽ പ്രതിരോധ സെക്രട്ടറിയായിരുന്ന ബ്രൗൺ റഷ്യയുമായി ആണവായുധ നിയന്ത്രണ കരാറിന് (സാൾട്ട്–2) ശ്രമിച്ചെങ്കിലും സെനറ്റിന്റെ പിന്തുണ നേടാനായില്ല. ബി–1 ബോംബുകൾ നിർമിക്കുന്നത് തടഞ്ഞ ബ്രൗണിന് സ്വന്തം പാർട്ടിൽ നിന്നു പോലും കടുത്ത പഴി കേൾക്കേണ്ടിവന്നു.

1979 നവംബറിൽ ടെഹ്റാനിലെ യുഎസ് എംബസിയിൽ ബന്ദികളാക്കിയവരെ മോചിപ്പിക്കാനുള്ള യുഎസ് ശ്രമം പരാജയപ്പെട്ടത് ബ്രൗണിന് കനത്ത ആഘാതമായി. തുടർന്ന് സോവിയറ്റ് യൂണിയൻ അഫ്ഗാനിസ്ഥാൻ കീഴടക്കിയതോടെയാണ് സെനറ്റിന്റെ പരിഗണനയിലിരുന്ന സാൾട്ട്–2 കരാർ പിൻവലിക്കാൻ കാർട്ടർ നിർബന്ധിതനായത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
FROM ONMANORAMA