മെൽബൺ (ഓസ്ട്രേലിയ) ∙ ഇന്ത്യയുടേതടക്കം 10 വിദേശ നയതന്ത്ര കാര്യാലയങ്ങളിൽ അജ്ഞാത രാസവസ്തു അടങ്ങിയ പൊതികൾ തപാലിൽ ലഭിച്ചത് ആശങ്ക പടർത്തി. പൊലീസും അഗ്നിശമനസേനയും ആംബുലൻസുകളും അടക്കം രംഗത്തെത്തുകയും ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു. രാസവസ്തു വിദഗ്ധരാണ് ഇവ കൈകാര്യം ചെയ്തത്. പൊതിക്കുള്ളിൽ വെള്ള നിറത്തിലുള്ള പൊടിയും ആസ്ബറ്റോസുമാണെന്നാണ് ആദ്യ സൂചന.
ഇന്ത്യയുടെയും യുഎസിന്റെയും കാര്യാലയങ്ങളിൽ നിന്നാണ് ഭീഷണി ആദ്യം പുറത്തുവന്നത്. പൊതി തുറക്കുമ്പോൾ സുരക്ഷാ മുഖംമൂടി ധരിക്കണമെന്ന് മുന്നറിയിപ്പു നൽകുന്ന ഇ മെയിൽ ജീവനക്കാർക്ക് ലഭിച്ചിരുന്നതായി പറയപ്പെടുന്നു. യുകെ, കൊറിയ, ജർമനി, ഇറ്റലി, സ്വിറ്റ്സർലൻഡ്, ന്യൂസീലൻഡ്, പാക്കിസ്ഥാൻ, ഗ്രീസ്, ഇന്തൊനീഷ്യ എന്നീ രാജ്യങ്ങളുടെ കാര്യാലയത്തിലും സമാനമായ പായ്ക്കറ്റുകൾ എത്തിയതായി പറയപ്പെടുന്നു. അധികൃതർ അന്വേഷണം ആരംഭിച്ചു.