യാങ്കൂൺ ∙ മ്യാൻമറിൽ രോഹിൻഗ്യകൾക്കു നേരെ സൈന്യം നടത്തുന്ന അക്രമങ്ങളെക്കുറിച്ചു വാർത്ത നൽകിയതിന് 7 വർഷം തടവിനു ശിക്ഷിക്കപ്പെട്ട 2 മാധ്യമ പ്രവർത്തകരുടെ അപ്പീൽ ഹൈക്കോടതി തള്ളി. വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്റെ റിപ്പോർട്ടർമാരായ വാ ലോൺ, ക്വാവ സോവു എന്നിവരാണ് 13 മാസമായി ജയിലിൽ കഴിയുന്നത്.
ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചെന്ന കുറ്റത്തിനാണ് ഇരുവരെയും ശിക്ഷിച്ചത്. വിധി ന്യായവും നിയമപരവുമാണെന്നു ഹൈക്കോടതി വ്യക്തമാക്കി. ഈ വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകാം. തുടർന്നു പ്രസിഡന്റിനു ദയാ ഹർജി നൽകാനും വ്യവസ്ഥയുണ്ട്. വിധിയിൽ ഇരുവരുടെയും കുടുംബാംഗങ്ങൾ നിരാശ പ്രകടിപ്പിച്ചു. സത്യം പുറത്തുവരാതിരിക്കാൻ സർക്കാർ ആഗ്രഹിക്കുന്നതുകൊണ്ടാണു മാധ്യമപ്രവർത്തകരെ പുറത്തുവിടാത്തതെന്നു റോയിട്ടേഴ്സ് പ്രതികരിച്ചു.