ശ്രീലങ്കയെ രക്ഷിക്കാൻ ഭരണമാറ്റം അനിവാര്യം: മഹിന്ദ രാജപക്ഷെ

കൊളംബോ ∙ സിരിസേന – വിക്രമസിംഗെ ഭരണം ശ്രീലങ്കയെ സാമ്പത്തികമായി തകർത്തെന്നും അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച് രാജ്യത്തെ രക്ഷിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ശ്രീലങ്കയുടെ പ്രതിപക്ഷ നേതാവ് മഹിന്ദ രാജപക്ഷെ. തമിഴ് പുലികളെ തോൽപ്പിച്ച് രാജ്യത്ത് സമാധാനം തിരികെ കൊണ്ടുവന്ന രാജപക്ഷെ 2015 ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ഇപ്പോഴും ഏറ്റവും ജനകീയനായ രാഷ്ട്രീയ നേതാവാണ്. പ്രസിഡന്റ് സിരിസേനയുടെ സഹായത്തോടെ കഴിഞ്ഞ ഒക്ടോബറിൽ അധികാരത്തിൽ തിരിച്ചെത്താനുള്ള അദ്ദേഹത്തിന്റെ ശ്രമം സുപ്രീം കോടതി തടഞ്ഞിരുന്നു. അദ്ദേഹവുമായുള്ള അഭിമുഖത്തിൽ നിന്ന്:

2015 ൽ അധികാരത്തിലെത്തിയ സിരിസേന – വിക്രമസിംഗെ സർക്കാർ രാജ്യത്തെ ശരിയായ രീതിയിൽ നയിച്ചുവെന്ന് കരുതുന്നുവോ?

പൂർണമായി പരാജയപ്പെട്ട സർക്കാരാണിതെന്നതിൽ ആർക്കും സംശയമില്ല. വിക്രമസിംഗെയുടെ പാർട്ടിയായ യുഎൻപിയാണ് എല്ലാം നിയന്ത്രിക്കുന്നത്. വിക്രമസിംഗെ രാജ്യത്തെ വിറ്റുതുലയ്ക്കുന്നതിൽ സഹികെട്ട് പ്രസിഡന്റ് അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. 

യുഎൻപി ഭരണത്തിൽ സമ്പദ് രംഗം തകർന്നതായി താങ്കൾ നംവബർ 15ന് പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ പറയുന്നു. രൂപയുടെ വിലയിടിവിനും വിലക്കയറ്റം രൂക്ഷമാകുന്നതിനും ഇടയാക്കിയത് ഭരണവീഴ്ചയാണോ?

തീർച്ചയായും. 2006 – 14 കാലത്തെ ഞങ്ങളുടെ ഭരണം ജനങ്ങളുടെ പ്രതിശീർഷ വരുമാനം മൂന്നിരട്ടയാക്കിയിരുന്നു. എന്നാൽ, കഴിഞ്ഞ മൂന്നര വർഷം സർക്കാർ കടംവാങ്ങിയത് 20,070 കോടി ഡോളറാണ്. എന്നിട്ടും കടം തിരിച്ചടയ്ക്കാൻ കൂടുതൽ കടം വാങ്ങേണ്ട സ്ഥിതി. 

സിരിസേനയെ വധിക്കാൻ ഇന്ത്യയുടെ ‘റോ’ ഗൂഢാലോചന നടത്തിയെന്ന് അഭ്യൂഹങ്ങളുണ്ടല്ലോ. ശ്രീലങ്കയിലെ രാഷ്ട്രീയ നേതാക്കളുടെ ജീവന് ഭീഷണിയുണ്ടെന്ന് കരുതുന്നുണ്ടോ?

പ്രസിഡന്റിനെയും എന്റെ സഹോദരൻ ഗോതബയയെയും വധിക്കാൻ ഗൂഢാലോചന നടന്നതിന് തെളിവുകളുണ്ട്. എന്നാൽ, റോയ്ക്ക് ഇതിൽ പങ്കുള്ളതായി എനിക്കു വിവരമില്ല. 

ശ്രീലങ്കയുടെ രാഷ്ട്രീയത്തിൽ ഇന്ത്യ ഇടപെടുന്നതായി കരുതുന്നുണ്ടോ?

ഇന്ത്യയുമായി ശ്രീലങ്കയ്ക്ക് എന്നും നല്ല ബന്ധമാണുള്ളത്. മറ്റു രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാതിരിക്കുക എന്ന നയം ഇന്ത്യ നെഹ്റുവിന്റെ കാലം മുതൽ പിന്തുടരുന്നു. 

(അഭിമുഖത്തിന്റെ വിശദാംശങ്ങൾ ഈയാഴ്ചത്തെ ‘ദ് വീക്ക്’ വാരികയിൽ).