ബാങ്കോക്ക് ∙ കുടുംബത്തിൽ നിന്നുണ്ടായ ദുരനുഭവത്തെ തുടർന്ന് രാജ്യംവിട്ട് തായ്ലൻഡിലെത്തിയ സൗദി യുവതി റഹാഫ് മുഹമ്മദ് അൽ ക്വനൂനിന് (18) അഭയം നൽകാൻ ഓസ്ട്രേലിയയ്ക്കു പുറമേ കാനഡയുമായും ചർച്ച നടക്കുന്നതായി തായ് പൊലീസ് അറിയിച്ചു. അഭയാർഥികൾക്കായുള്ള യുഎൻ സമിതി ചർച്ച തുടരുകയാണ്. ഇതേസമയം, വധഭീഷണിയെ തുടർന്ന് പെൺകുട്ടി ട്വിറ്റർ അക്കൗണ്ട് നിർജീവമാക്കി.
കുവൈത്തിൽ നിന്ന് ഓസ്ട്രേലിയയിലേക്കു പോകുന്നതിനിടെ ബാങ്കോക്ക് വിമാനത്താവളത്തിൽ ഇമിഗ്രേഷൻ പൊലീസ് തടഞ്ഞുവച്ചതോടെ സമൂഹ മാധ്യമങ്ങളിലൂടെയാണ് റഹാഫ് ലോകശ്രദ്ധ നേടിയത്. അവളെ പിന്തുണച്ച് ആയിരങ്ങൾ എത്തി. തിരിച്ച് സൗദിയിലേക്കു വിടാൻ തീരുമാനിച്ചിരുന്ന തായ് പൊലീസിന് ഇതോടെ പിൻവാങ്ങേണ്ടിവന്നു.
പൊലീസ് തിരിച്ചയയ്ക്കുമെന്ന ഭീതിയിൽ, ഹോട്ടൽ മുറിയിൽ പുറത്തുനിന്നാരും കയറാതിരിക്കാൻ കട്ടിലും മേശയും വാതിലിനു പിന്നിൽ നിരത്തി പ്രതിരോധം തീർത്ത പെൺകുട്ടിയുടെ ചിത്രം ട്വിറ്ററിൽ വ്യാപകമായി പ്രചരിച്ചിരുന്നു. യുഎൻ ഉദ്യോഗസ്ഥരുടെ താൽക്കാലിക സംരക്ഷണത്തിൽ ഹോട്ടലിൽ കഴിയുകയാണ് റഹാഫ്.