മിലാൻ∙ ഇറ്റലി തിരയുന്ന മുൻ ഗറില നേതാവ് സെസാറെ ബാറ്റിസ്റ്റി (64) തെക്കേ അമേരിക്കൻ രാജ്യമായ ബൊളീവിയയിൽ അറസ്റ്റിൽ. 1981 ൽ ഇറ്റലിയിൽനിന്നു ജയിൽചാടി പതിറ്റാണ്ടുകളായി ബ്രസീലിൽ ഒളിവിലായിരുന്ന ബാറ്റിസ്റ്റിയെ മടക്കിയയ്ക്കാൻ പുതിയ ബ്രസീൽ പ്രസിഡന്റ് ജൈർ ബൊൽസൊനാരോ നടത്തിയ തന്ത്രപൂർവ നീക്കങ്ങളാണ് അറസ്റ്റിൽ കലാശിച്ചത്. ബൊളീവിയയിൽനിന്ന് ആദ്യം ബ്രസീലിലെത്തിച്ചശേഷം ഇറ്റലിക്കു കൈമാറും. ഇറ്റാലി ബ്രസീലിനു നന്ദി അറിയിച്ചു.
ബാറ്റിസ്റ്റയെ ഇറ്റലിയിലേക്കു തിരിച്ചയയ്ക്കുമെന്നതു ബൊൽസൊനാരോയുടെ തിരഞ്ഞെടുപ്പു വാഗ്ദാനം കൂടിയായിരുന്നു. 1970 കളിൽ നാലു കൊലപാതകക്കേസുകളിലാണ് ‘ആംഡ് പ്രൊലറ്റേറിയൻസ് ഫോർ കമ്യൂണിസം’ എന്ന തീവ്ര ഇടതുസംഘടനയുടെ നേതാവായിരുന്ന ബാറ്റിസ്റ്റ ഇറ്റലിയിൽ ശിക്ഷിക്കപ്പെട്ടത്.
അഭയം നൽകിയ ലുല ജയിലിൽ
തീവ്ര ഇടതു ഗറില നേതാവ് സെസാറെ ബാറ്റിസ്റ്റിക്ക് ബ്രസീലിൽ കഴിയാൻ സാഹചര്യം ഒരുക്കിക്കൊടുത്തത് ഇടതുപക്ഷക്കാരനായ ബ്രസീൽ മുൻ പ്രസിഡന്റ് ലുല ഡ സിൽവ. ജൈർ ബൊൽസൊനാരോ അധികാരത്തിൽ വന്നതോടെ ഒളിത്താവളം നഷ്ടമായി. ഇറ്റലിയിലെ ജയിൽ ചാടിയ ശേഷം കുറേക്കാലം ഫ്രാൻസിലും മെക്സിക്കോയിലുമായി കഴിഞ്ഞു. പിന്നീട് ബ്രസീലിൽ അഭയം തേടി. അധികാരത്തിൽനിന്നു പുറത്തുപോകുന്നതിനു തൊട്ടുമുൻപാണു ലുല, ബാറ്റിസ്റ്റയ്ക്ക് അഭയം നൽകി ഉത്തരവിൽ ഒപ്പിട്ടത്. ലുലയാകട്ടെ ഇപ്പോൾ അഴിമതിക്കേസിൽ ജയിലിലും.