സിറിയൻ വിമതർക്ക് ആയുധം നൽകി: ഇസ്രയേൽ സേനാ മേധാവി

ജറുസലം ∙ സിറിയൻ പ്രസിഡന്റ് ബഷാർ അസദിന്റെ സർക്കാരിനെതിരെ പോരാടുന്ന വിമതർക്ക് പ്രതിരോധത്തിനായി ലഘുആയുധങ്ങൾ നൽകിയതായി ഇസ്രയേൽ സൈനിക മേധാവി ഗഡി ഐസൻകോട് തുറന്നുപറഞ്ഞു. ഇസ്രയേൽ സർക്കാർ ഇതുവരെ തുറന്നു സമ്മതിക്കാതിരുന്ന കാര്യമാണ് വിരമിക്കുന്നതിനു മുന്നോടിയായി നൽകിയ അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തിയത്.

ഇസ്രയേലിന്റെ അധീനതയിലുള്ള ഗോലാൻ കുന്നുകളിൽ നിന്ന് ഹിസ്ബുല്ലയെയും ഇറാൻ പക്ഷ പോരാളികളെയും അകറ്റിനിർത്തുന്നതിനു പകരമായിരുന്നു ഈ സഹായം. ഭീകരസംഘടനയായ ഐഎസിന്റെ അനുഭാവികളായ 12 വിമത ഗ്രൂപ്പുകൾക്ക് ഇസ്രയേൽ ആയുധങ്ങളും പണവും നൽകിയിരുന്നതായി നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു. 2016 ജൂണിൽ തുടങ്ങി കഴിഞ്ഞ നവംബർ വരെയായിരുന്നു ഈ ഏർപ്പാട്. പരുക്കേൽക്കുന്ന സിറിയൻ വിമതർക്കും കുടുംബങ്ങൾക്കും ചികിത്സ, ഭക്ഷണം, വസ്ത്രം, ഇന്ധനം, മരുന്ന് എന്നിവയും നൽകിയിരുന്നു. വിമതരുമായി ഇസ്രയേൽ പ്രതിരോധമന്ത്രി കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.