ചരിത്രം കുറിച്ച് പലസ്തീൻ ജി77 അധ്യക്ഷ പദവിയിൽ

SHARE

ന്യൂയോർക്ക് ∙ ഐക്യരാഷ്ട്ര സംഘടനയിൽ വികസ്വര രാജ്യങ്ങളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ജി77ന്റെ അധ്യക്ഷ സ്ഥാനത്തേക്ക് പലസ്തീന് ചരിത്രപരമായ കടന്നുവരവ്. പലസ്തീൻ പ്രതിനിധി റിയാദ് മൻസൂർ ഈ വർഷത്തെ ചെയർമാനായി ചുമതലയേറ്റു. അധ്യക്ഷ സ്ഥാനത്തെത്തിയതോടെ യുഎൻ പൊതുസഭയിൽ ജി 77 ന്റെ പേരിൽ ശുപാർശകൾ സമർപ്പിക്കാനും വോട്ടെടുപ്പിൽ ഇടപെടാനും പലസ്തീന് അധികാരം ലഭിക്കും. എന്നാൽ മറ്റു വിഷയങ്ങളിൽ പൊതുസഭയിൽ ‘വോട്ടവകാശമില്ലാത്ത നിരീക്ഷണ രാഷ്ട്ര’മായി തുടരും.

കഴിഞ്ഞ ഒക്ടോബറിൽ വോട്ടെടുപ്പിലൂടെയാണ് അധ്യക്ഷ സ്ഥാനം പലസ്തീനു നൽകാൻ ഐക്യരാഷ്ട്ര സംഘടന തീരുമാനിച്ചത്. യുഎസ്, ഓസ്ട്രേലിയ, ഇസ്രയേൽ എന്നീ രാജ്യങ്ങൾ എതിർക്കുകയും 15 രാജ്യങ്ങൾ വിട്ടുനിൽക്കുകയും ചെയ്ത വോട്ടെടുപ്പിൽ 146 രാജ്യങ്ങളുടെ പിന്തുണ പലസ്തീനു ലഭിച്ചിരുന്നു. അധ്യക്ഷ സ്ഥാനത്തേക്കുള്ള പലസ്തീന്റെ കടന്നുവരവിനെ ചരിത്രപരം എന്നു വിശേഷിപ്പിച്ച യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ലോകം ഇന്നു നേരിടുന്ന വലിയ വെല്ലുവിളികളിൽ പലതിനെയും നേരിട്ടു കൈകാര്യം ചെയ്ത അനുഭവസമ്പത്തുള്ളവരാണു പലസ്തീൻ ജനത എന്നും പറഞ്ഞു. പലസ്തീന്റെ നേട്ടത്തെ ഇന്ത്യയും സ്വാഗതം ചെയ്തു. ഇതുവരെ ഈജിപ്തിനായിരുന്നു ജി 77ന്റെ അധ്യക്ഷ പദവി.

ജി 77 എന്നാൽ

1964 ൽ 77 രാജ്യങ്ങൾ ചേർന്നു രൂപീകരിച്ചു. നിലവിൽ 134 രാജ്യങ്ങൾ അംഗങ്ങളാണ്. ചൈന കൂടി അംഗമായതിനാൽ ദ് ഗ്രൂപ്പ് 77 ആൻഡ് ചൈന എന്നാണ് ഔദ്യോഗിക നാമം. സാമ്പത്തിക വികാസങ്ങൾക്കു പരസ്പര സഹകരണവും സഹായവുമാണു ലക്ഷ്യം. ജി 77 അധ്യക്ഷനാണു കൂട്ടായ്മയുടെ വക്താവായി നിലകൊളളുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
FROM ONMANORAMA