ലണ്ടൻ∙ അവിശ്വാസപ്രമേയം അതിജീവിച്ച ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയെ കാത്തിരിക്കുന്നത് അതിലും വലിയ പ്രതിസന്ധികൾ. പരാതികൾ ഒഴിവാക്കി പുതിയ ബ്രെക്സിറ്റ് കരാർ അവതരിപ്പിക്കുകയാണു പ്രധാന വെല്ലുവിളി. ദാവോസിൽ അടുത്തയാഴ്ച നടക്കുന്ന ആഗോള സാമ്പത്തിക ഉച്ചകോടിയിൽ മേ പങ്കെടുക്കില്ല. ബ്രെക്സിറ്റിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനാണു യാത്ര ഒഴിവാക്കുന്നത്.
സമയം പോകുന്നു!
യൂറോപ്യൻ യൂണിയനിൽ(ഇയു)നിന്നുള്ള ബ്രിട്ടിഷ് പിന്മാറ്റം മാർച്ച് 29നു തുടങ്ങി 2020 ജൂലൈ ഒന്നിനകം തീർപ്പാക്കണമെന്നാണു കരാർ. ഈ സമയം ബ്രിട്ടനു തീരെ പോര. ബ്രെക്സിറ്റിനു ശേഷം ഐറിഷ് അതിർത്തിക്ക് എന്തു സംഭവിക്കുമെന്നുള്ളതിനുള്ള ഉത്തരമാണു ‘ബാക്ക്സ്റ്റോപ്’ എന്ന താൽക്കാലിക സംവിധാനം. വടക്കൻ അയർലൻഡ് ബ്രിട്ടന്റെ ഭാഗമായതിനാൽ, ഇയുവിൽ തുടരുന്ന ഐറിഷ് റിപ്പബ്ലിക്കുമായി ബ്രെക്സിറ്റിനു ശേഷം പ്രത്യക്ഷത്തിൽ അതിർത്തി വേണ്ടി വരും. എന്നാൽ, 1998ൽ നിലവിൽവന്ന ഗുഡ് ഫ്രൈഡേ കരാർ പ്രകാരം ഐറിഷ് റിപ്പബ്ലിക്കും വടക്കൻ അയർലൻഡും തമ്മിൽ അതിർത്തി തിരിക്കാൻ പാടില്ല. തുറന്നു തന്നെ വേണം. മറ്റൊരു സംവിധാനമാകും വരെ തുറന്ന അതിർത്തി തുടരട്ടെയെന്ന തീരുമാനത്തിലെത്തുന്നതാണു ബാക്ക്സ്റ്റോപ് പരിഹാരം. കസ്റ്റംസും കേസുകെട്ട്
ഇടക്കാല സംവിധാനത്തിൽ വടക്കൻ അയർലൻഡിലും ബ്രിട്ടന്റെ മറ്റു ഭാഗങ്ങളിലും വെവ്വേറെ കസ്റ്റംസ് ചട്ടങ്ങൾ നിലനിൽക്കും. യൂറോപ്യൻ യൂണിയൻ വിട്ടാലും കസ്റ്റംസ് യൂണിയന്റെ ഭാഗമായി ബ്രിട്ടൻ തൽകാലം തുടരുകയാണു പോംവഴി നിർദേശിച്ചിരിക്കുന്നത്. പക്ഷേ അപ്പോഴും വടക്കൻ അയർലൻഡിനും ബ്രിട്ടന്റെ മറ്റു ഭാഗങ്ങൾക്കുമിടയിലെ വ്യാപാരത്തിനു കൂടുതൽ പരിശോധനകൾ വരും.
സ്കോച്ചിനും ഭീഷണി
ഭൗമസൂചികാ ചട്ടങ്ങൾ ഇനിയെങ്ങനെ എന്നതാണു ഭക്ഷ്യവ്യവസായ മേഖലയുടെ പ്രശ്നം. ഉദാഹരണത്തിനു സ്കോച്ച് വിസ്കിക്കു നിലവിൽ ലോകമെങ്ങും ഇയുവിന്റെ ഭൗമസൂചികാ ചട്ടങ്ങൾ പ്രകാരമുള്ള വ്യാപാര സംരക്ഷണമാണു കിട്ടുന്നത്. ബ്രെക്സിറ്റോടെ ബ്രിട്ടൻ വിവിധ രാജ്യങ്ങളുമായി പുതിയ കരാറുണ്ടാക്കേണ്ടി വരും. ഇടക്കാല സംവിധാനം നീട്ടിക്കൊണ്ടുപോകുന്നതിനോടാണു ഭക്ഷ്യവ്യവസായ മേഖലയ്ക്കു താൽപര്യം.