ബ്രെക്സിറ്റ് കരാർ തള്ളിയെങ്കിലും അവിശ്വാസം അതിജീവിച്ച് തെരേസ മേ

Theresa-May-1
SHARE

ലണ്ടൻ ∙ ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയ്ക്കെതിരായ അവിശ്വാസപ്രമേയം പാർലമെന്റ് തള്ളി. 306ന് എതിരെ 325 വോട്ടുകൾക്കാണു പ്രമേയം തള്ളിയത്. ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുന്നതിന്റെ ഭാഗമായി സർക്കാർ അവതരിപ്പിച്ച ബ്രെക്സിറ്റ് കരാർ, പാർലമെന്റ് മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ (432 – 202) തള്ളിയതു മേയുടെ ഭരണത്തുടർച്ച സംബന്ധിച്ച് അനിശ്ചിതത്വം ഉയർത്തിയിരുന്നു. നൂറു വർഷത്തിനിടെ ഒരു ബ്രിട്ടിഷ് പ്രധാനമന്ത്രി പൊതുസഭയിൽ നേരിടുന്ന ഏറ്റവും വലിയ പരാജയമാണിത്. തുടർന്നാണു പ്രതിപക്ഷമായ ലേബർ പാർട്ടിയുടെ നേതാവ് ജെറമി കോർബിൻ അവിശ്വാസപ്രമേയം അവതരിപ്പിച്ചത്. ഇത് അതിജീവിച്ചതോടെ, അടുത്തയാഴ്ച മാറ്റങ്ങളോടെ പുതിയ കരാർ മേ അവതരിപ്പിക്കുമെന്നാണു പ്രതീക്ഷ.

118 ഭരണകക്ഷി കൺസർവേറ്റീവ് എംപിമാർ ബ്രെക്സിറ്റിനെ എതിർത്തു വോട്ട് ചെയ്തെങ്കിലും അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ അവർ പ്രധാനമന്ത്രിയെ പിന്തുണച്ചു. ബ്രെക്സിറ്റ് കരാറിൽ മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും, ലേബർ പാർട്ടി അധികാരത്തിലെത്താതിരിക്കാനായിരുന്നു ഇവർ പിന്തുണ നൽകിയത്. ഇവരുൾപ്പെടെ കൺസർവേറ്റീവ്  പാർട്ടിയിലെ 314 അംഗങ്ങളും വടക്കൻ അയർലൻഡിലെ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടിയുടെ 10 അംഗങ്ങളും ഒരു സ്വതന്ത്രനുമാണു മേയ്ക്ക് അനുകൂമായി വോട്ട് ചെയ്തത്.

യൂറോപ്യൻ യൂണിയൻ വിടാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതു മാർച്ച് 29ന് അകമാണ്. ശേഷിക്കുന്നത് 72 ദിവസം മാത്രം. കരാർപ്രകാരം ബ്രിട്ടൻ ഭീമമായ തുക അങ്ങോട്ടു കൊടുക്കണം. കരാറില്ലാതെ പിന്മാറ്റം വേണമെന്നാണ് ഇവരുടെ ആവശ്യമെങ്കിലും ഇതുണ്ടാക്കുന്ന സങ്കീർണതകൾ കടുത്തതായിരിക്കും. കരാർ തള്ളിയതിൽ നിരാശ പ്രകടിപ്പിച്ച യൂറോപ്യൻ യൂണിയൻ, തങ്ങളുടെ ഭാഗത്തുനിന്ന് ഇളവുകൾക്കുള്ള സൂചന ഇതുവരെ നൽകിയിട്ടില്ല. ചർച്ചകൾക്കു യൂറോപ്യൻ യൂണിയൻ ആസ്ഥാനമായ ബെൽജിയത്തിലെ ബ്രസൽസിലേക്കു തെരേസ മേ ഉടൻ പോകുമെന്നും സൂചനയുണ്ട്. ബ്രിട്ടൻ തങ്ങൾക്കൊപ്പം തുടരുന്നതും പരിഗണിക്കണമെന്ന പരോക്ഷ സൂചന യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ഡോണൾഡ് ടസ്ക് നൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
FROM ONMANORAMA