അഫ്ഗാൻ സന്ദർശനം പരസ്യമാക്കിയ ട്രംപിന്റെ നടപടി സുരക്ഷാചട്ടലംഘനം

വാഷിങ്ടൻ ∙ ഭാഗിക ഭരണസ്തംഭനം തുടരുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും സ്പീക്കർ നാൻസി പെലോസിയും തമ്മിൽ വാക്പോര് രൂക്ഷമായി. അഫ്ഗാനിലെ അമേരിക്കൻ സൈനികരെ സന്ദർശിക്കുന്നതിനു സേനാവിമാനം ട്രംപ് വിട്ടുകൊടുക്കാതിരുന്നതിനാൽ സ്വകാര്യവിമാനത്തിൽ പോകാൻ തീരുമാനിച്ചതാണെന്നും അക്കാര്യം വൈറ്റ്‌ഹൗസ് പരസ്യമാക്കിയതോടെ സുരക്ഷ അപകടത്തിലായതു കൊണ്ടാണ് യാത്ര റദ്ദാക്കേണ്ടി വന്നതെന്നും പെലോസി ആരോപിച്ചു.

യുദ്ധഭൂമിയിലേക്കുള്ള രഹസ്യസന്ദർശനം പുറത്താക്കിയതു ഗുരുതര സുരക്ഷാചട്ട ലംഘനമാണെന്നും അവർ പറഞ്ഞു. ഡെമോക്രാറ്റിക് പാർട്ടി നേതാവ് കൂടിയായ പെലോസിയും സംഘവും പോകേണ്ട സേനാ വിമാനം പറക്കാനൊരുങ്ങി നിൽക്കുമ്പോഴാണു വിമാനം വിട്ടുതരില്ലെന്നും ‘വിനോദയാത്ര’ റദ്ദാക്കിയെന്നും വ്യക്തമാക്കി റിപ്പബ്ലിക്കൻ പാർട്ടിക്കാരനായ പ്രസിഡന്റ് ട്രംപിന്റെ കത്തുവന്നത്. ഭരണസ്തംഭനം തുടരുന്നതിനിടെ, 29 നു നടക്കേണ്ട ട്രംപിന്റെ നയപ്രഖ്യാപന പ്രസംഗം മാറ്റിവയ്ക്കുന്നതിനെക്കുറിച്ചു സൂചിപ്പിച്ചു പെലോസി കത്തെഴുതിയതിനുള്ള മറുപടി പോലെയായി അത്.

ചട്ടലംഘനമൊന്നും നടത്തിയിട്ടില്ലെന്ന നിലപാടിലാണു ട്രംപ്. 8 ലക്ഷം സർക്കാർ ജീവനക്കാർ കഴിഞ്ഞ മാസം 22 മുതൽ ശമ്പളമില്ലാതെ ജോലി ചെയ്യുമ്പോൾ നാൻസിയുടെ യാത്ര വിനോദയാത്ര തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.