വടക്കൻ അയർലൻഡിൽ സ്ഫോടനം; 2 പേർ പിടിയിൽ

ലണ്ടൻ∙ വടക്കൻ അയർലൻഡിലെ ലണ്ടൻഡെറിയിൽ ശനിയാഴ്ച രാത്രിയുണ്ടായ കാർ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ടു 2 യുവാക്കൾ അറസ്റ്റിലായി. സ്ഫോടനത്തിൽ ആർക്കും പരുക്കില്ല. വാഹനം തട്ടിയെടുത്ത് അതിൽ ബോംബ് സ്ഥാപിക്കുകയായിരുന്നു. സ്ഫോടനമുണ്ടാകുമെന്ന മുന്നറിയിപ്പു പൊലീസിനു ലഭിച്ചിരുന്നതിനാൽ പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു.

1998ലെ സമാധാനക്കരാറോടെയാണു വടക്കൻ അയർലൻഡിലെ ദശകങ്ങൾ നീണ്ട ആഭ്യന്തരകലാപം അവസാനിച്ചത്. അതോടെ തീവ്ര ദേശീയവാദികളായ ഐറിഷ് റിപ്പബ്ലിക്കൻ ആർമി (ഐആർഎ) അംഗങ്ങളിലേറെയും ആയുധം താഴെ വച്ചു കീഴടങ്ങിയിരുന്നു. ന്യൂ ഐആർഎ എന്ന പേരിൽ രൂപം കൊണ്ട പുതിയ സംഘടനയാണോ സ്ഫോടനത്തിനു പിന്നിലെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.