വാഷിങ്ടൻ∙ ഒരു മാസമാകുന്ന ഭാഗിക ഭരണസ്തംഭനം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടു വച്ച ഒത്തുതീർപ്പുപദ്ധതി പ്രതിപക്ഷം തള്ളി. യുഎസ്–മെക്സിക്കോ അതിർത്തിയിൽ 570 കോടി ഡോളറിന്റെ മതിൽ നിർമിക്കുമെന്ന നയത്തിൽ ട്രംപ് ഉറച്ചുനിന്നതോടെയാണു ഒത്തുതീർപ്പു നീക്കം പാളിയത്.
അനധികൃത കുടിയേറ്റക്കാരിലെ കുട്ടികൾക്ക് ( ‘ഡ്രീമേഴ്സ്’ ) സംരക്ഷണം നൽകുന്ന ഡാക്ക പദ്ധതി തുടരുമെന്നതാണ് ട്രംപ് പ്രഖ്യാപിച്ച പ്രധാന ഇളവ്. പക്ഷേ, അതിർത്തിയിൽ അടിയന്തര ചെലവുകൾക്ക് 80 കോടി ഡോളറും ലഹരിമരുന്നുകടത്തു തടയാനുള്ള സാങ്കേതിക സംവിധാനങ്ങളേർപ്പെടുത്താൻ 80.50 കോടി ഡോളറും കൂടി പുതുതായി ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ട്രംപിന്റെ പുതിയ പദ്ധതി വിജയിക്കില്ലെന്നു ജനപ്രതിനിധിസഭ സ്പീക്കർ നാൻസി പെലോസി തീർത്തു പറഞ്ഞു. ഭരണസ്തംഭനം അവസാനിപ്പിക്കാനുള്ള നിയമം ഡെമോക്രാറ്റുകൾ ജനപ്രതിനിധി സഭയിൽ അടുത്തയാഴ്ച പാസാക്കുമെന്നും മതിലിനുളള പണമൊഴിച്ചുള്ള ബില്ലുകളിൽ ഒപ്പിട്ട് പ്രസിഡന്റ് സഹകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
യുഎസിലെ ഏതാനും വകുപ്പുകളിലെ ധനവിനിയോഗം നിശ്ചലമാക്കിയുള്ള ഭരണസ്തംഭനം മൂലം 8 ലക്ഷം ജീവനക്കാരാണു ശമ്പളമില്ലാത്ത അവസ്ഥയിലായത്.