ലഹോർ ∙ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ഐഎസ് ഭീകരരെന്നു തെറ്റിദ്ധരിച്ചു മൂന്നംഗ കുടുംബത്തെ വെടിവച്ചു കൊന്ന സംഭവത്തിൽ പാക്ക് ഭീകരവിരുദ്ധവകുപ്പിലെ 16 പേർ അറസ്റ്റിലായി. നിരപരാധികൾ കൊല്ലപ്പെടാനിടയായതിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഖേദം പ്രകടിപ്പിച്ചു. ശനിയാഴ്ച ലഹോറിൽനിന്ന് 200 കിലോമീറ്റർ അകലെ സാഹിവാൽ ജില്ലയിലായിരുന്നു സംഭവം. ഭീകരബന്ധമുള്ള സീഷാൻ തന്റെ കാറിൽ അയൽക്കാരനായ ഖലീലിനും കുടുംബത്തിനും ലിഫ്റ്റ് കൊടുത്തു. വഴിയിൽ ഭീകരവിരുദ്ധസേന വാഹനം തടഞ്ഞു. തുടർന്നുണ്ടായ വെടിവയ്പിൽ സീഷാൻ, ഖലീൽ, ഖലീലിന്റെ ഭാര്യ,13 വയസ്സുള്ള മകൾ എന്നിവർ കൊല്ലപ്പെട്ടു. കാറിലുണ്ടായിരുന്ന ഖലീലിന്റെ മറ്റു 3 കുട്ടികൾ രക്ഷപ്പെട്ടു.
4 ഐഎസ് ഭീകരരെ വെടിവച്ചുകൊന്നുവെന്നാണ് അധികൃതർ ആദ്യം അവകാശപ്പെട്ടതെങ്കിലും പിന്നീട് തെറ്റുപറ്റിയതായി സമ്മതിച്ചു. ഖലീലും കുടുംബവും നിരപരാധികളാണെന്നും സീഷാന്റെ ഭീകരബന്ധം അറിയാതെയാണു അവർ കാറിൽ കയറിയതെന്നും അന്വേഷണത്തിൽ തെളിഞ്ഞതായി പഞ്ചാബ് നിയമമന്ത്രി ബഷറത് രാജ പറഞ്ഞു. സംഭവത്തെ പാക്കിസ്ഥാനിലെ പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം അപലപിച്ചിട്ടുണ്ട്.