ലണ്ടൻ ∙ സീറ്റ് ബെൽട്ടില്ലാതെ കാറോടിച്ചതിനു ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ് രാജകുമാരൻ (97) പൊലീസ് ഉപദേശസന്ദേശം നൽകി. കഴിഞ്ഞ വ്യാഴാഴ്ച ലാൻഡ്റോവർ കാർ ഓടിക്കവേ മറ്റൊരു കാറിൽ ഇടിച്ചുമറിഞ്ഞുണ്ടായ അപകടത്തിൽനിന്ന് ഫിലിപ് രാജകുമാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടിരുന്നു. ശനിയാഴ്ച പുതിയ കാറുമായി നിരത്തിലിറങ്ങിയ അദ്ദേഹം സീറ്റ് ബെൽട്ടിടാതെ വണ്ടിയോടിക്കുന്നതിന്റെ ഫോട്ടോ പത്രത്തിൽ വന്നതോടെയാണു പൊലീസ് ഉപദേശിച്ചത്. സീറ്റ്ബെൽറ്റ് ഇടാതെ വാഹനമോടിക്കുന്നത് 500 പൗണ്ട് വരെ പിഴയിടാവുന്ന കുറ്റമാണെങ്കിലും ആദ്യ വട്ടം ഉപദേശിച്ചുവിടുന്നതാണ് പതിവുരീതിയെന്നു പൊലീസ് പറയുന്നു.
നോർഫോക്കിലെ സാൻഡ്രിങ്ങാം കൊട്ടാരത്തിനടുത്തു വച്ചായിരുന്നു വ്യാഴാഴ്ച അപകടമുണ്ടായത്. കണ്ണിൽ സൂര്യപ്രകാശം അടിച്ചാണ് അപകടമുണ്ടായതെന്നാണ് രാജകുമാരൻ പറഞ്ഞെത്. പൊലീസ് അദ്ദേഹത്തിന്റെ കാഴ്ചശക്തി പരിശോധിച്ചു. 65 അടി അകലെയുള്ള വാഹനത്തിന്റെ നമ്പർ പ്ലേറ്റ് വായിപ്പിച്ചായിരുന്നു ഇത്. രാജകുമാരൻ ഈ പരീക്ഷ പാസാവുകയും ചെയ്തു. രാജകുമാരന്റെ കാറിലെ ഹൈടെക് ക്യാമറയിലെ വിഡിയോ പൊലീസ് പരിശോധിക്കുന്നുണ്ട്. അശ്രദ്ധയോടെയാണ് കാറോടിച്ചതെന്നു തെളിഞ്ഞാൽ ലൈസൻസ് തിരിച്ചുനൽകാൻ പൊലീസ് ആവശ്യപ്പെടാം.
യുകെയിൽ ഡ്രൈവിങ് ലൈസൻസിന് ഉയർന്ന പ്രായപരിധിയില്ല. 70 വയസ്സു കഴിഞ്ഞും പുതുക്കിയില്ലെങ്കിൽ ലൈസൻസ് റദ്ദാവുന്നതാണു നിലവിലെ നിയമം.